UPDATES

36 വർഷം വോട്ട് ചെയ്തു, പക്ഷേ ഇത്തവണ വോട്ടർ പട്ടികയിൽ പേരില്ല; പ്രതിഷേധവുമായി പ്രശസ്ത ആർക്കിടെക്റ്റ് പത്മശ്രീ ജി ശങ്കർ

ഇത്തവണ വോട്ട് രേഖപ്പെടുത്താൻ സാധിക്കില്ലെന്ന് ഉറപ്പായെങ്കിലും നിയമ നടപടികളുമായി മുന്നോട്ട് പോവും. വോട്ടെടുപ്പിന് ശേഷം വിഷയം പരിശോധിക്കുമെന്നാണ് അധികൃതർ അറിയിച്ചതെന്നും ശങ്കർ പറയുന്നു.

പത്മശ്രീ പുരസ്കാര ജേതാവും പ്രശസ്ത ആർക്കിടെക്ടുമായ ഹാബിറ്റാറ്റ് ഫൗണ്ടറുമായ ജി ശങ്കറിനെയും കുടുംബത്തെയും വോട്ടർ പട്ടികയിൽ നിന്നം നീക്കിയതായി പരാതി. പൂജപ്പുരയിലെ ഗൗരീ ശങ്കറെന്ന് വിലാസത്തിൽ കഴിഞ്ഞ 36 വർഷമായി വോട്ട് ചെയ്ത് വന്നിരുന്ന ശങ്കറിന്റെയും കുടുംബാംഗങ്ങളുടെയും പേരുകളാണ് ഇത്തവണ പട്ടികയിൽ നിന്നും നീക്കം ചെയ്തിരിക്കുന്നത്. വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യേണ്ട അവസാന ദിനത്തിലും ഇതുമായി രാഷ്ട്രീയ പാർട്ടികളൊന്നും സമീപിക്കാതിരുന്നതോടെയാണ് ഇക്കാര്യം പരിശോധിച്ചത്. എന്നാൽ രണ്ട് വർഷം മുൻപ്തന്നെ ശങ്കറിന്റെയും ഭാര്യയുടെയും മകന്റെയും പേരുകൾ നീക്കം ചെയ്തതായി അറിയുന്നതെന്നും അദ്ദേഹം അഴിമുഖത്തോട് പ്രതികരിച്ചു.

കേരളത്തിലെ പ്രമുഖ ആർക്കിടെക്ടായാണ് ഗോപാലൻ നായർ ശങ്കർ ജിശങ്കര്‍ അറിയപ്പെടുന്നത്. പ്രകൃതിദത്തവും, ഈടുനിൽപ്പുമുള്ളതും, ചെലവുകുറഞ്ഞതുമായ അസംസൃത വസ്തുക്കളിലൂടെ നിർമ്മാണങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്താനായത്. 1985-ൽ ഹാബിറ്ററ്റ് എന്ന സംഘടനയുണ്ടാക്കി. ഹാബിറ്ററ്റിന്റെ ചീഫ് ആർക്കിടെക്റ്റാണ് ഇദ്ദേഹം. 2011-ൽ ഇന്ത്യ പദ്മ ശ്രീ പുരസ്കാരം നൽകി ആദരിച്ച വ്യക്തികൂടിയാണ് ജി ശങ്കർ.

വിഷയത്തിൽ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ. നേമം നിയോജക മണ്ഡലത്തിലെ വോട്ടറായ  താൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുൾപ്പെടെ വോട്ട് ചെയ്തിരുന്നു. വോട്ടർ പട്ടികയിലെ അഡ്രസുള്ള കുടുംബവീട്ടിൽ സ്ഥിരമായി താമസിക്കാറില്ല. എന്നാൽ ഇതിന് സമീപത്ത് തന്നെയാണ് ഇക്കാലയളവിൽ എല്ലാം താമസിച്ച് വന്നിരുന്നത്. ഹാബിറ്റാറ്റിന്റെ ഓഫീസും ഈ വീടിന് സമീപത്താണ്. നാട്ടുകാർക്കും താൻ ചിരപരിചിതനാണ്, എന്നാൽ ഒരുതരത്തിലും ഉള്ള അന്വേഷണവും നടത്താതെയാണ് പേര് നീക്കിയതെന്നും ജി ശങ്കര്‍ പറയുന്നു. പേര് നീക്കം ചെയ്യുന്നതിന് മുമ്പ് താനുമായി ബുത്ത് ലെവൽ ഓഫീസർ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ജനാധിപത്യത്തിൽ വിശ്വസിക്കുന്നതും, അതിന്റെ ഭാഗമാവുകയും ചെയ്യുന്ന ആളാണ് താൻ. 36 വർഷത്തിനിടെ ഒരു വോട്ടെടുപ്പിൽ പോലും പങ്കെടുക്കാതിരുന്നിട്ടില്ല. രണ്ട് മാസം മുൻപാണ് തന്റെ പാസ്പോർട്ട് പുതുക്കിയത്. എല്ലാ രേഖകളിലെയും സ്ഥിര വിലാസവും ഇത് തന്നെയാണ്. എന്നിട്ടും പട്ടികയിൽ നിന്നും പേര് നീക്കപ്പെട്ടിരിക്കുന്നതിനാൽ തങ്ങളുടെ പൗരാവകാശമാണ് ഹനിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

വിഷയം ശ്രദ്ധയിൽപെട്ടപ്പോൾ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ പട്ടികയിൽ പേരുചേർക്കാനുള്ള സമയം അതിക്രമിച്ചതിനാൽ ഇനി അതിന് സാധിക്കില്ലെന്നായിരുന്നു മറുപടി. ഇതോടെയാണ് വിഷയത്തിൽ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇത്തവണ വോട്ട് രേഖപ്പെടുത്താൻ സാധിക്കില്ലെന്ന് ഉറപ്പായെങ്കിലും വിഷയം വോട്ടെടുപ്പിന് ശേഷം ഇത് പരിശോധിക്കുമെന്നാണ് അറിയിച്ചതെന്നും ശങ്കർ പറയുന്നു. വിഷയത്തിൽ നടപടിയുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറയുന്നു.

വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്ത സംഭവം വിഎൽഒ തങ്ങളെ അറിയിച്ചിട്ടില്ല. പേര് നീക്കം ചെയ്തിട്ടുണ്ടെങ്കിൽ മറ്റെവിടെയെങ്കിലും ഇത് ചേർത്തിരിക്കണം ഇത്തരം ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ ബുത്ത് ലെവൽ ഓഫീസറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് അധിതർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരാൾ മരിക്കുമ്പോഴാണ് വോട്ടർ പട്ടികയിൽ നിന്നം പേര് നിക്കം ചെയ്യുന്നത്. അല്ലെങ്കിൽ വ്യക്തി സ്വയമേ ആവശ്യപ്പെടണം ഈ രണ്ട് സാഹചര്യവും ഇവിടെയില്ല. ഇതിന് പുറമെ ഒരോ പ്രദേശത്തും വോട്ടർ പട്ടികയിൽ വിഐപി ലിസ്റ്റ് ഉണ്ട്. ഇത്തരം ലിസ്റ്റില്‍ ഉൾപ്പെട്ട വ്യക്തിയാണ് താൻ. എന്നിട്ട് പോലും തനിക്കെതിരെ ഇത്തരം ഒരു നീക്കം ഉണ്ടായതിൽ സങ്കടവും അമർഷവും രേഖപ്പെടത്തുകയാണെന്നും അദ്ദേഹം പറയുന്നു. വിഷയത്തിൽ ഒരുപക്ഷേ വിഎൽഒ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കാനാണ് സാധ്യത. താനിവിടെ സ്ഥിരതാമസക്കാരന്‍ അല്ലെന്ന് ആരെങ്കിലും അറിയിച്ചിരിക്കാം ഇതായിരിക്കാം നടപടിക്ക് പിന്നിലെന്ന് കരുതുന്നു. മറ്റ് ആരോപണങ്ങള്‍ക്ക് മുതിരുന്നില്ലെന്നും ജി ശങ്കർ പറയുന്നു.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍