UPDATES

ട്രെന്‍ഡിങ്ങ്

ബിജെപി രാഷ്ട്രീയത്തിന് പിടികൊടുക്കാതെ പന്തളം കൊട്ടാരം; ലോംഗ് മാര്‍ച്ച് തലസ്ഥാനത്തെത്തുമ്പോള്‍ ആരൊക്കെ കാണും?

സമരത്തിന്റെ തുടക്കത്തില്‍ സിപിഎം സഹയാത്രികനായ ശശികുമാര വര്‍മ്മ ആര്‍എസ്എസിനൊപ്പം കൈകോര്‍ക്കുന്നതിനെ അദ്ദേഹത്തിന്റെ രാഷ്ട്രീയമറിയാവുന്ന ചിലരെങ്കിലും ആകാംഷയോടെയാണ് നോക്കിക്കണ്ടത്

ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ നടക്കുന്ന സമരത്തില്‍ നിന്നും പന്തളം രാജകൊട്ടാരം പിന്‍വാങ്ങിയിരിക്കുകയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിക്ക് കീഴില്‍ സമരം ചെയ്യാനില്ലെന്നാണ് ഇപ്പോള്‍ പന്തളം കൊട്ടാരത്തിന്റെ പ്രതിനിധി ശശികുമാര വര്‍മ്മ പറഞ്ഞിരിക്കുന്നത്. ഈ വിഷയത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ നടത്തുന്ന ലോംഗ് മാര്‍ച്ച് നടക്കുന്നതിനിടെയുള്ള കൊട്ടാരത്തിന്റെ ഈ പിന്മാറ്റം ബിജെപി നടത്തിയ മുതലെടുപ്പ് രാഷ്ട്രീയത്തിന് കിട്ടിയ തിരിച്ചടിയായാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ശശികുമാര വര്‍മ്മ തന്നെ ആരോപിക്കുന്നുമുണ്ട്.

അതേസമയം ദേവസ്വം ബോര്‍ഡിന്റെ വൈകി വന്ന വിവേകമാണ് ഈ സമരത്തില്‍ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്നാണ് രാജകുടുംബം പറയുന്നത്. ശബരിമലയില്‍ വരുന്ന അയ്യപ്പന്മാര്‍ക്കെല്ലാം ഭീഷണി ഉയര്‍ത്തുന്നത് പോലെ പതിനെട്ടാംപടിയില്‍ പോലീസ് കാവല്‍ നില്‍ക്കും വരുന്നവരെയൊക്കെ കൈകാര്യം ചെയ്യും എന്നൊക്കെയുള്ള ഭീഷണിയുടെ വര്‍ത്തമാനം മാറി. ഇതൊരു നല്ലരീതിയിലേക്ക് നീങ്ങുന്നുവെന്ന ഒരു തോന്നലാണ് ഇതില്‍ നിന്നുണ്ടായതെന്നും അതിനാല്‍ സമരത്തില്‍ നിന്നും പിന്മാറുന്നുവെന്നുമാണ് ശശികുമാര വര്‍മ്മ പറയുന്നത്. ശബരിമല തീര്‍ത്ഥാടന കേന്ദ്രം ഒരു യുദ്ധക്കളമാക്കാതിരിക്കുകയെന്നതാണ് പന്തളം കൊട്ടാരത്തിന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും അദ്ദേഹം പറയുന്നുണ്ട്.

കൂടാതെ ഒരു കൊടിയുടെ കീഴില്‍ പോയാല്‍ പിന്നെ തങ്ങള്‍ പന്തളം കൊട്ടാരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആ കൊടിയുടെ കീഴില്‍ മാത്രമായി പോകും. നമുക്കെല്ലാം രാഷ്ട്രീയവും കാര്യങ്ങളുമൊക്കെയുള്ളതാണ്. അതിനൊപ്പം നില്‍ക്കുകയും ചെയ്യും. പക്ഷെ ഇതുപോലുള്ള കാര്യങ്ങളില്‍ ഞങ്ങള്‍ കൊടിയുടെ കീഴില്‍ പോകില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ തന്ത്രികുടുംബത്തെയും പന്തളം രാജകുടുംബത്തെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ അതിന് അവര്‍ അതിന് തയ്യാറായിരുന്നില്ല. ഒരുപക്ഷെ അന്ന് ഈ ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നെങ്കില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഇപ്പോള്‍ അവര്‍ സ്വാഗതം ചെയ്യുന്ന തീരുമാനം തന്നെ എടുത്തേനെ. അങ്ങനെയെങ്കില്‍ ശബരിമലയിലെ വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് തെരുവിലിറക്കുന്നത് ഒഴിവാക്കാനും സാധിക്കുമായിരുന്നു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. എന്‍എസ്എസുമായി ചേര്‍ന്ന് ഇവര്‍ ജനങ്ങളെ സംഘടിപ്പിച്ച് തെരുവിലിറക്കിയപ്പോള്‍ അതിലെ രാഷ്ട്രീയ മുതലെടുപ്പ് കണ്ടാണ് ആര്‍എസ്എസും ബിജെപിയും എത്തിയത്. അവര്‍ ആ മുതലെടുപ്പില്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. അതാണല്ലോ പിന്നീട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുവായതിന്റെ പേരില്‍ ജനങ്ങള്‍ സംഘടിച്ചത്.

സ്ത്രീപ്രവേശനത്തിനായി ശബരിമലയില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കില്ലെന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയത്. ഇതിനായി പ്രത്യേക സുരക്ഷ സേനയെയും നിയോഗിക്കില്ലെന്നും പറഞ്ഞതിലൂടെ തങ്ങളുടെ നീക്കം ഫലം കണ്ടതായാണ് രാജകുടുംബം കണക്കാക്കുന്നത്. സമരത്തിനെതിരാണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. എന്‍എസ്എസും ആര്‍എസ്എസും ഹിന്ദുവിന്റെ വക്താവാകാന്‍ നോക്കേണ്ടതില്ലെന്ന പറഞ്ഞ വെള്ളാപ്പള്ളി എസ്എന്‍ഡിപിയുടെ ബാനറില്‍ ആരും ഈ സമരത്തിനിറങ്ങേണ്ടെന്നും വ്യക്തമാക്കിയിരുന്നു. പന്തളത്തു നിന്നും ലോംഗ് മാര്‍ച്ച് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വെള്ളാപ്പള്ളിയുടെ ഇത്തരമൊരു പ്രസ്താവന പുറത്തു വന്നത് ബിജെപിക്ക് തിരിച്ചടിയാകുകയും ചെയ്തു. എന്നാല്‍ ഈ നിലപാടിന് ഇന്നലെ അദ്ദേഹം അയവു വരുത്തിയിട്ടുണ്ട്. വിശ്വാസികളായ ഈഴവര്‍ക്ക് വേണമെങ്കില്‍ സമരത്തില്‍ പങ്കെടുക്കാമെന്നും എന്നാല്‍ തന്നോട് ചോദിക്കുന്നവരോട് വേണ്ടെന്നേ താന്‍ പറയൂ എന്നാണ് അദ്ദേഹത്തിന്റെ പുതിയ നിലപാട്.

എന്‍ ഡി എയുടെ ലോംഗ് മാര്‍ച്ചില്‍ നിന്നും വിട്ടു നിന്നത് മനഃപൂര്‍വ്വമാണ് എന്ന് സി കെ ജാനു ഇന്നലെ അഴിമുഖത്തോട് പറഞ്ഞിരുന്നു. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നു എന്ന് പ്രസ്താവിച്ച ജാനു എന്‍ ഡി എ വിടുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്.

സമരത്തിന്റെ തുടക്കത്തില്‍ സിപിഎം സഹയാത്രികനായ ശശികുമാര വര്‍മ്മ ആര്‍എസ്എസിനൊപ്പം കൈകോര്‍ക്കുന്നതിനെ അദ്ദേഹത്തിന്റെ രാഷ്ട്രീയമറിയാവുന്ന ചിലരെങ്കിലും ആകാംഷയോടെയാണ് നോക്കിക്കണ്ടത്. ആര്‍എസ്എസിന് ഇനിയൊരു അഞ്ച് വര്‍ഷം കൂടി കേന്ദ്രഭരണം കിട്ടിയാലും സാധിച്ചെടുക്കാനാകാത്തത് തന്ത്രികുടുംബവും രാജകുടുംബവും ഒറ്റയടിക്ക് നേടിയെടുക്കുമോയെന്നായിരുന്നു ആ ആശങ്ക. വിശ്വാസത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടെയിലുണ്ടായ ഭിന്നിപ്പ് ബിജെപിയ്ക്ക് ആളെക്കൂട്ടുന്ന മുന്നേറ്റമാകുമോയെന്ന ആ ആശങ്ക ശക്തമായപ്പോഴാണ് ശശികുമാര വര്‍മ്മ തന്നെ ഈ സമരത്തില്‍ നിന്നും തങ്ങള്‍ പിന്മാറുന്നതായി വ്യക്തമാക്കിയത്.

സംസ്ഥാന സര്‍ക്കാര്‍ കോടതി വിധി നടപ്പാക്കാന്‍ തന്നെ തീരുമാനിച്ചാല്‍ രാജകുടുംബം കൂടെയുണ്ടെന്നതായിരുന്നു ആര്‍എസ്എസിന്റെ പ്രതീക്ഷ. എന്നാല്‍ കൊണ്ടുപിടിച്ച് തിരുവനന്തപുരത്തേക്ക് മാര്‍ച്ച് നടത്തുന്നതിനിടയില്‍ തന്നെ ആ അടവുതന്ത്രം പൊളിഞ്ഞിരിക്കുന്നു. 15ന് സമരം തലസ്ഥാനത്തെത്തുമ്പോള്‍ എന്‍ എസ് എസ് അല്ലാതെ മറ്റാരുടെയൊക്കെ പിന്തുണ കാണുമെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. റിവ്യൂ ഹര്‍ജി കൊണ്ട് യാതൊരു പ്രയോജനവുമുണ്ടാകില്ലെന്ന് നിയമവിദഗ്ധര്‍ തന്നെ പറയുന്നു. ഈ സാഹചര്യത്തില്‍ കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുണ്ട്. സമരത്തിലെ സംഘപരിവാര്‍ രാഷ്ട്രീയം തിരിച്ചറിഞ്ഞ രാജകുടുംബം കോടതി വിധി നടപ്പാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ആ രാഷ്ട്രീയത്തിന് ആയുധമാകാന്‍ വീണ്ടും നില്‍ക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

ശബരിമലയില്‍ അവകാശമുണ്ടായിരുന്ന ഈഴവ കുടുംബത്തിന് സംഭവിച്ചത് ഇതാണ്; വിശ്വാസ സംരക്ഷകര്‍ ഓര്‍ക്കേണ്ട ചരിത്രം

ശബരിമലയുടെ പേരില്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്ന ഈഴവരോടാണ്; ആരാണ് ലളിത എന്നറിയാമോ?

ശബരിമലയില്‍ ആദിവാസികള്‍ ആചരിക്കുന്ന തേനഭിഷേകം നിര്‍ത്തിയതെന്തിന്? സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സി കെ ജാനു

ഇല്ലെങ്കില്‍ ഏതെങ്കിലും ഇല്ലമുറ്റത്ത് അച്ചികളായി കഴിഞ്ഞുകൂടിയേനെ; നായർ സമുദായാഭിമാനികളോട് ചില ചോദ്യങ്ങൾ-ജെ ദേവിക എഴുതുന്നു

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍