UPDATES

ട്രെന്‍ഡിങ്ങ്

റോമാ നഗരം കത്തിയെരിയുമ്പോള്‍ മാസ്ക് ധരിച്ചെത്തുന്നവര്‍; പാറക്കല്‍ അബ്ദുള്ളയോടാണ്, അഭിനവ നീറോ ആകരുത്

ഏതെങ്കിലും തരത്തിൽ ഉള്ള വീഴ്ചകൾ സർക്കാരിനോ, ആരോഗ്യ വകുപ്പിനോ സംഭവിച്ചിട്ടുണ്ട് എന്ന് തന്നെ കരുതുക. അത്തരം കണക്കെടുപ്പുകൾക്കു അനുയോജ്യമായ സമയം ആണോ ഇത്?

നാദാപുരത്തും, കുറ്റ്യാടിയിലും രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന സമയം, പ്രദേശത്തു സമാധാനാന്തരീക്ഷം തിരിച്ചു പിടിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ തുടരുന്നു. സർവകക്ഷി യോഗങ്ങൾ, പോലീസിന്റെ ഇടപെടൽ, വിവിധ നേതാക്കളുടെ സമാധാന ആഹ്വാനങ്ങൾ അങ്ങനെ സംഘർഷ സ്ഥലങ്ങൾ സാവധാനം സാധാരണ രീതിയിലേക്ക് തിരിച്ചു വരുന്ന വേളയിൽ കെഎംസിസി ദുബായ് വേദിയില്‍ പാറക്കല്‍ അബ്ദുള്ള എംഎല്‍എ ഒരു പ്രസംഗം നടത്തുന്നു. “നാദാപുരത്തു കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ അസ്ലമിന്‍റെ കാപാലികരെ മാത്രം കൊന്നാല്‍ പോരാ ലീഗ് പ്രവര്‍ത്തകരെ കൊന്ന എസ്ഡിപിഐക്കാരേയും വകവരുത്താന്‍ ലീഗിന് കഴിയാഞ്ഞിട്ടല്ല, നാട്ടില്‍ സമാധാനം പുലരേണ്ടതിനാല്‍ ഇതിന് മുതിരുന്നില്ലെ”ന്നാണ് പ്രസംഗത്തില്‍ പറയുന്നത്. വീണ വായിക്കുന്നത് ഒരു മോശം ഏർപ്പാട് ആയതുകൊണ്ടല്ല നീറോ വിമർശിക്കപ്പെട്ടത്, റോമാ രാജ്യം കത്തിയെരിയുമ്പോൾ തന്നെ വേണോ എന്നുള്ളതാണ് ചോദ്യം?

ഇന്ന് നിയമസഭയിൽ മാസ്‌കും കൈയ്യുറയും ധരിച്ച് ആണ് എംഎല്‍എ പാറക്കല്‍ അബ്ദുള്ള എത്തിയത്. കുറ്റ്യാടി, പേരാമ്പ്ര മേഖലയില്‍ തുടരുന്ന നിപാ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിലാണ് എംഎല്‍എ മാസ്‌കും ഗ്ലൗസും ധരിച്ച് സഭയിലെത്തിയത്. ചോദ്യത്തരവേളയ്ക്കിടെയായിരുന്നു എംഎല്‍എയുടെ നടപടി. ഒന്നാമതായി സഭയിൽ ഇത്തരം നടപടികൾക്ക് മുന്നോടിയായി സ്പീക്കറുടെ അനുമതി നേടുക എന്നതൊരു പ്രോട്ടോക്കോളിന്റെ ഭാഗമാണ്. ഒരു വ്യവസായി ആയതുകൊണ്ട് അബ്ദുള്ളയ്ക്ക് പ്രത്യേകിച്ച് ഒരു പ്രിവിലേജും സഭയ്ക്കകത്ത് ലഭിക്കില്ല എന്ന് കൂടി മനസ്സിലാക്കണം. ചിലപ്പോള്‍ വലിയ പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ പ്രതിപക്ഷം ഇത്തരം കടന്ന കൈ പ്രവര്‍ത്തിക്കാറുണ്ട്. എന്നാല്‍ നിപ ഉണ്ടാക്കിയിരിക്കുന്ന ദുരന്ത സാഹചര്യം അങ്ങനെയുള്ള ഒന്നാണോ?

നിപ എന്ന് ശാസ്ത്രലോകം വിളിക്കുന്ന ഒരു ആരോഗ്യ ദുരന്തം നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുകയാണ്. അതൊരു വേദനയാർന്ന യാഥാർഥ്യമാണ്. മുൻകൂട്ടി പ്രവചിക്കാനോ, ഉടനടി പരിഹാരം കണ്ടെത്താനോ സാധ്യമല്ലാത്ത ഒന്നാണ് ഇത്. ഓരോ ദുരന്തവും ബാധിക്കപ്പെട്ട മേഖലയിലാകെ ഭയവും ആശങ്കയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കും. ശ്രീ പാറക്കൽ അബ്ദുള്ള നിപ ബാധിത പ്രദേശം ഉൾകൊള്ളുന്ന പ്രദേശത്തെ ജനപ്രതിനിധി ആണ്. ഒരു പത്ര പ്രസ്താവന കൊണ്ട് പോലും ഇത് വരെ നിപ വൈറസ് വിപത്തിനെ കുറിച്ച് ഒരക്ഷരം ആ മനുഷ്യൻ മിണ്ടുന്നതു കേരളം സമൂഹം കേട്ടിട്ടില്ല. ഏതെങ്കിലും തരത്തിൽ ഉള്ള ഇടപെടൽ നടത്തിയതായും അറിവില്ല. അല്ലെങ്കില്‍ സാധാരണ എല്ലാ ജനപ്രതിനിധികളും ചെയ്തിട്ടുള്ള കാര്യങ്ങള്‍ അദ്ദേഹവും ചെയ്തിട്ടുണ്ടാകാം. എന്നാല്‍ പ്രതീകാത്മകം എന്ന് പറഞ്ഞുകൊണ്ട് സഭയിൽ മാസ്കും ഗ്ലൌസും ധരിച്ചു കൊണ്ടെത്തിയത് മുഖ്യമന്ത്രിയുടെ ഭാഷ കടമെടുത്താല്‍ അപഹാസ്യം തന്നെ. കേവലം രാഷ്ട്രീയ പ്രേരിതമായ ആക്രമണത്തിന് ഒരു മഹാവിപത്തിനെ സിംബോളിക് ആയി ഉപയോഗിക്കുന്നതിലെ അശ്ലീലത പ്രതിപക്ഷ നേതാവ് എങ്കിലും തിരിച്ചറിയേണ്ടതുണ്ടായിരുന്നു.

നിപ വൈറസ് ഇതിനു മുൻപ്, ലോകത്ത് അപൂർവം സ്ഥലങ്ങളിൽ മാത്രം ഏതാനും ചില സമയങ്ങളിൽ മാത്രം സംഭവിച്ച ഒരു അസുഖമാണ്. ഈ അസുഖത്തിനു വാക്സിനേഷനോ 100 ശതമാനം രോഗ ശമനം ഉറപ്പു പറയാവുന്ന ആൻ്റി വൈറൽ മെഡിസിനോ ഇല്ല. ഇത്തരമൊരു രോഗം പൊട്ടിപ്പുറപ്പെടുന്നത് തീർത്തും അപ്രവചനീയമായാണ്. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ അതു കൂടുതൽ ആളുകളിലേയ്ക്ക് പകരാതെ തടഞ്ഞു നിർത്തുക എന്നതാണ് ചെയ്യാൻ സാധിക്കുന്നത്. അതുപോലെ രോഗം ബാധിച്ചവർക്ക് ഏറ്റവും മികച്ച പരിപാലനം നൽകി അവരെ രക്ഷിക്കാൻ ശ്രമിക്കുക എന്നതും. എന്നിട്ടും മറ്റെവിടെയൊക്കെ ഇതു പൊട്ടിപ്പുറപ്പെട്ടോ, അവിടങ്ങളിലൊക്കെ ഉള്ളതിനേക്കാൾ കാര്യക്ഷമമായ രീതിയിൽ ഇതു തടഞ്ഞു നിർത്താൻ നമുക്ക് സാധിച്ചിട്ടുണ്ട് എന്നത് ഇവിടത്തെ ആരോഗ്യസംവിധാനത്തിൻ്റെ നേട്ടമാണ്. നിപ മുതൽ ഓഖി വരെയുള്ള ദുരന്തങ്ങളെ നേരിടുന്നതിൽ കേരള സർക്കാരിനെ ഇതര സംസ്ഥാന മാധ്യമങ്ങൾ വരെ അഭിനന്ദിക്കുന്നുണ്ട് എന്നതും ശ്രദ്ധിയ്ക്കുക.

ഇനി ഏതെങ്കിലും തരത്തിൽ ഉള്ള വീഴ്ചകൾ സർക്കാരിനോ, ആരോഗ്യ വകുപ്പിനോ സംഭവിച്ചിട്ടുണ്ട് എന്ന് തന്നെ കരുതുക. അത്തരം കണക്കെടുപ്പുകൾക്കു അനുയോജ്യമായ സമയം ആണോ ഇത്? കാറ്റുള്ളപ്പോൾ തൂറ്റാം, പക്ഷെ ഇത് കാറ്റല്ല പതിനെട്ടു മനുഷ്യരുടെ ജീവനെടുത്ത മഹാകാലനാണ്. ആരോഗ്യ വകുപ്പിന്റെ ഇന്നലെ പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ ആരോഗ്യകരമായ ഒരു സമൂഹം എന്നതിൽ ആരോഗ്യകരമായ മാധ്യമപ്രവർത്തനവും ഉൾപ്പെടുന്നുണ്ട് എന്ന ഒര്‍മ്മപ്പെടുത്തലുണ്ട്. ഭരണപ്രതിപക്ഷ ഭേദമന്യേ ആരോഗ്യകരമായ ഒരു സമൂഹത്തിനു ആരോഗ്യകരമായ രാഷ്ട്രീയ ഇടപെടൽ കൂടി ആവശ്യമാണെന്ന് കൂടി ഓർക്കേണ്ടതുണ്ട്.

ആമുഖത്തിലേക്കു തിരിച്ചു വന്നാൽ സംഘർഷബാധിത പ്രദേശത്തു ചെന്നാൽ പ്രവർത്തകരെ അനുനയിപ്പിക്കുക, സമാധാനം തിരിച്ചു പിടിക്കുക എന്നതായിരിക്കണം ലക്‌ഷ്യം. വയലൻസ് നിറഞ്ഞ മാസ്സ് ഡയലോഗുകൾ പറയാൻ വേറെയും സന്ദര്‍ഭങ്ങളും വേദികളും കിട്ടും. ഇനി ഒരു മനുഷ്യ ജീവൻ പോലും നഷ്ടപ്പെടാതെ ആ വിപത്തിനെ തടഞ്ഞ ശേഷം നിപ വൈറസ് ബാധ തടയുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച ചോദ്യംചെയ്യുന്നതിനും വേണ്ട പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനും പ്രതീകാത്മകമായി പ്രതിഷേധിക്കാൻ ഇനിയും സമയം ഉണ്ട്. കേരളത്തിന്റെ നീറോമാർ ആയി മാറാതിരിക്കാൻ പ്രതിപക്ഷ നേതാവും അനുയായികളും ശ്രദ്ധിക്കുക. നിപയെ കേരളം അതിജീവിക്കുന്ന ദിവസം ഒരുപക്ഷെ നിങ്ങളുടെ സ്ഥാനം ചവറ്റു കുട്ടയിലായിരിക്കും. നിലപാടുകൾക്ക് ചരിത്രത്തിൽ ഏറെ പ്രാധാന്യം ഉണ്ട്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ദുരന്തങ്ങളോടുള്ള മലയാള മാധ്യമങ്ങളുടെ സമീപനമെന്ത്‌? മാധ്യമ ധാർമികതയെ വെല്ലുവിളിക്കുന്ന കൗണ്ടർ പോയിൻ്റുകൾ

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍