UPDATES

ട്രെന്‍ഡിങ്ങ്

ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ലാത്ത എം എം ലോറന്‍സിന്റെ കൊച്ചുമകനില്‍ നിന്നും ബിജെപി പഠിക്കുന്ന രാഷ്ട്രീയം

സിപിഎം നേതാക്കളോട് ഒരു വാക്ക്. നിങ്ങളുടെയൊക്കെ കൊച്ചുമക്കളെ ഒന്ന് ശ്രദ്ധിച്ചേക്കണം. പിള്ളേരെ പിടുത്തക്കാരെ മാത്രമല്ല, ഇപ്പോള്‍ ബിജെപി നേതാക്കളെയും സൂക്ഷിക്കേണ്ട കാലമാണ്

പടവലം കേവലമൊരു പച്ചക്കറി മാത്രമല്ല. അതിലുപരി ഒരാളുടെ വളര്‍ച്ച എങ്ങനെയാകരുതെന്ന് പറഞ്ഞുകൊടുക്കാന്‍ ചൂണ്ടിക്കാട്ടുന്ന ഉദാഹരണം കൂടിയാണ്. വളര്‍ച്ച പടവലം പോലെയെന്ന് പറഞ്ഞാല്‍ താഴേക്കാണെന്ന് അര്‍ത്ഥം. കേരളത്തിലെ ബിജെപിയുടെ നിലവാരത്തെയും പടവലത്തിന്റെ വളര്‍ച്ചയെയും ഇപ്പോള്‍ കൂട്ടിയിണക്കാമെന്ന് തോന്നുന്നു.

ശബരിമല സ്ത്രീപ്രവേശന വിധിയെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യം രാഷ്ട്രീയമായി മുതലെടുക്കാനാണ് അവര്‍ ഒരുങ്ങുന്നത്. അതില്‍ തെറ്റ് പറയുന്നില്ല. സാമുദായിക ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്തുകയെന്നത് ബിജെപിയുടെ പതിവാണ് എന്നത് തന്നെ കാരണം. ദേശീയ തലത്തില്‍ പല സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തില്‍ വരുമ്പോഴും എന്നെങ്കിലും ഭരണം കിട്ടുമെന്ന മനപ്പായസവുമായാണ് ബിജെപി നേതാക്കള്‍ ഇവിടെ ഇപ്പോഴും കഴിയുന്നത്. നേമത്തെ രാജഗോപാലിന്റെ ഒറ്റതിരിഞ്ഞ വിജയം പോലും അവര്‍ ആഘോഷിക്കുന്നത് കാറ്റ് മാറി വീശുന്നുവെന്ന മൂഢ വിശ്വാസത്തിലാണ്. കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തില്‍ ആകെ മടുത്തിരുന്ന കാലത്ത് ഒട്ടനവധി വ്യാജ വാഗ്ദാനങ്ങളും നുണകളും നിരത്തി നരേന്ദ്ര മോദി ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച തരംഗമാണ് ബിജെപിയ്ക്ക് കേരളത്തിലും ഉണര്‍വുണ്ടാക്കിയത്. മോദി ഇപ്പോള്‍ മലമറിയ്ക്കുമെന്ന് പ്രതീക്ഷിച്ചവരെല്ലാം അഞ്ച് വര്‍ഷം കഴിയാറാകുമ്പോള്‍ നിരാശയിലാണ്. അതിനാല്‍ തന്നെ പ്രചരണത്തിനും ആളെക്കൂട്ടാനും പുതിയ വഴികള്‍ തേടുകയാണ് ബിജെപി.

മിസ്ഡ് കോള്‍ മെമ്പര്‍ഷിപ്പായിരുന്നു മോദിയും അമിത്ഷായും ചേര്‍ന്ന് വിഭാവനം ചെയ്തത്. എന്നാല്‍ അത് വിലപ്പോകുന്നില്ലെന്ന് കണ്ടതോടെ കോണ്‍ഗ്രസിന്റെയും മറ്റ് പാര്‍ട്ടികളുടെയും പ്രമുഖ നേതാക്കളെ അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ കാട്ടി പാര്‍ട്ടിയിലെടുകയായിരുന്നു. അവര്‍ക്കൊപ്പമുള്ള അണികളും പാര്‍ട്ടിയിലേക്കെത്തുമെന്നതാണ് ഈ നീക്കത്തിന്റെ വിജയരഹസ്യം. കേരളത്തിലും സ്ഥിതി മോശമൊന്നുമായിരുന്നില്ല. അടുത്തിടെ തന്നെ കോണ്‍ഗ്രസ് നേതാക്കളായ രാമന്‍ നായര്‍, പ്രമീള ദേവി എന്നിവര്‍ ബിജെപി അംഗത്വമെടുത്തതെല്ലാം ഇതിന്റെ ഭാഗമാണ്. കേന്ദ്രത്തില്‍ മറ്റ് പാര്‍ട്ടികളിലെ നേതാക്കളുടെ മക്കളെയും മരുമക്കളെയുമൊക്കെ ബിജെപിയിലെത്തിക്കുന്ന പതിവുമുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള തന്നെ മുമ്പ് കോണ്‍ഗ്രസ് നേതാവ് പി ടി ചാക്കോയുടെ മകന്‍ പി സി തോമസിനെ എന്‍ഡിഎയിലെത്തിച്ച് പാര്‍ലമെന്റംഗമാക്കിയതാണ്. എന്നാല്‍ ഒരുപടി കൂടി കടന്ന് നേതാക്കളുടെ കൊച്ചുമക്കളെ തങ്ങളുടെ പാളയത്തിലെത്തിക്കുകയാണ് ഇപ്പോള്‍ പിള്ളയുടെ ലക്ഷ്യമെന്ന് തോന്നുന്നു. അടുത്ത തലമുറയിലും സിപിഎമ്മിനെ തകര്‍ക്കാന്‍ പറ്റില്ലെന്ന് തോന്നിയപ്പോള്‍ അതിനടുത്ത തലമുറയിലൂടെ അത് നടപ്പാക്കാനാകുമോയെന്നാണ് അവര്‍ നോക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ശബരിമല സ്ത്രീപ്രവേശനം നടപ്പാക്കുന്നതിനെതിരെ ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ പ്രധാന വേദിയായ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തിന് മുന്നില്‍ ബിജെപി അണികള്‍ നിധി കിട്ടിയ സന്തോഷത്തിലായിരുന്നു. മുതിര്‍ന്ന സിപിഎം നേതാവിന്റെ കൊച്ചുമകന്‍ സമരപ്പന്തലിലെന്ന് കേട്ടപ്പോള്‍ ആദ്യമെല്ലാവരും സിപിഎമ്മിനെ പൊളിച്ചടുക്കുന്ന ഒരു പ്രസംഗമൊക്കെ പ്രതീക്ഷിക്കുകയും ചെയ്തു. പക്ഷെ എംഎം ലോറന്‍സ് എന്ന ആ നേതാവിന്റെ കൊച്ചുമകന്‍ ഇമ്മാനുവല്‍ മിലനെ കണ്ടതോടെയാണ് വാ പൊളിച്ചു പോയത്. മിലനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ ശ്രീധരന്‍ പിള്ളയുടെ മുഖത്തും ഒരു അശ്വമേധം ജയിച്ച ഭാവമുണ്ടായിരുന്നുവെന്ന് കണ്ടെത്താന്‍ ആ മുദ്ര ശ്രദ്ധിച്ചാല്‍ മതി. പിള്ളയുടെ തൊട്ടടുത്ത് തന്നെ സീറ്റ് നല്‍കി മിലനെന്ന പ്ലസ് ടുക്കാരനെ ബിജെപി നേതാക്കളും അണികളും സ്വാഗതം ചെയ്യുകയും ചെയ്തു. തനിക്ക് തന്റെ രാഷ്ട്രീയമുണ്ടെന്നൊക്കെ പറയാനുള്ള രാഷ്ട്രീയ ബോധമുള്ള ഒരു കുട്ടിയാണ് മിലന്‍. ടിപി ചന്ദ്രശേഖരനെ സിപിഎം വെട്ടിക്കൊലപ്പെടുത്തിയപ്പോള്‍ മകന്‍ അഭിനന്ദും ഒരു പ്ലസ് ടുക്കാരനായിരുന്നു. പക്ഷെ അവന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് ഒരു മൂര്‍ച്ചയുണ്ടായിരുന്നു. താനെന്തുകൊണ്ട് സിപിഎമ്മിനെ എതിര്‍ക്കുന്നുവെന്ന് പറയാന്‍ അവന് സാധിക്കുന്നുണ്ടായിരുന്നു. പക്ഷെ മിലന്റെ മുഖത്ത് വലിയൊരു ആള്‍ക്കൂട്ടത്തെയും മാധ്യമങ്ങളെയും കണ്ടതിന്റെ കൗതുകം മാത്രമാണുണ്ടായിരുന്നത്.

തന്റെ അമ്മയാണ് ഇവിടെ കൊണ്ടുവിട്ടതെന്ന് മിലന്‍ പറയുന്നു. ശ്രീധരന്‍ പിള്ള ഇത് ശരിവയ്ക്കുന്നുമുണ്ട്. കൂടാതെ മിലന്റെ അമ്മ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിളിച്ചുവെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥയായതിനാല്‍ നേരിട്ടെത്തിയില്ലെന്നും പിള്ള അവകാശപ്പെടുന്നുണ്ട്. രാഷ്ട്രീയ മോഹങ്ങളുണ്ടെന്ന് പറയുന്ന മിലന് രാഷ്ട്രീയമായി യാതൊന്നും സംസാരിക്കാനാകുന്നില്ല. പകരം ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് ആ കുട്ടി പറയുന്നത്. രാഷ്ട്രീയ നിലപാടുകൊണ്ടാണ് ഇവിടെയെത്തിയതെങ്കില്‍ തീര്‍ച്ചയായും മിലന്‍ തന്റെ രാഷ്ട്രീയ നിലപാട് തന്നെയായിരിക്കും പറയുക. അതിനുള്ള പ്രായം ഈ കുട്ടിയ്ക്ക് ആയില്ലെന്ന ന്യായീകരണം ഇവിടെ പറയാനാകില്ല. കാരണം ഈ കുട്ടിയെ ബിജെപി നേതാക്കള്‍ ഇവിടെ സ്വീകരിച്ചത് സാക്ഷാല്‍ എംഎം ലോറന്‍സിനെ തന്നെ കയ്യില്‍ കിട്ടിയെന്ന ഭാവത്തിലാണ്.

ഇനി ശ്രീധരന്‍ പിള്ള വ്യക്തമാക്കേണ്ട ചില കാര്യങ്ങളുണ്ട്. മിലനെ ഈ സമരപ്പന്തലില്‍ വരെയെത്തിക്കാന്‍ എത്ര ചോക്ലേറ്റും ഐസ്‌ക്രീമും ചെലവായി? ഇത്തരത്തില്‍ സിപിഎം നേതാക്കളുടെ മീശമുളയ്ക്കാത്ത കൊച്ചുമക്കളെ ആകര്‍ഷിച്ച് ആ പാര്‍ട്ടിയുടെ അടിത്തറയിളക്കാമെന്ന് ആരാണ് നിങ്ങള്‍ക്ക് പറഞ്ഞു തന്നത്? എന്ത് രാഷ്ട്രീയ സന്ദേശമാണ് ഇതിലൂടെ നിങ്ങള്‍ നല്‍കുന്നത്? 1987ലെ ഇകെ നയനാര്‍ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന അമ്പാടി വിശ്വം എന്ന വി വിശ്വനാഥ മേനോനെ സിപിഎമ്മില്‍ നിന്നും ബിജെപിയിലെത്തിക്കാന്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചത് ഇതേ ശ്രീധരന്‍ പിള്ള തന്നെയായിരുന്നു. ആ രാഷ്ട്രീയ നീക്കത്തിന് ഒരു നിലവാരമൊക്കെയുണ്ടായിരുന്നുവെന്ന് സിപിഎമ്മുകാര്‍ക്ക് പോലും സമ്മതിക്കേണ്ടി വരും. എന്നാല്‍ ഇത് കുറച്ച് കടുത്തുപോയെന്ന് പറയാതെ വയ്യ. മിസ്ഡ് കോള്‍ രാഷ്ട്രീയത്തില്‍ നിന്നും മഞ്ച് രാഷ്ട്രീയത്തിലേക്കുള്ള ബിജെപിയുടെ നിലവാര വളര്‍ച്ച നന്നാകുന്നുണ്ട്. പടവലം താഴേക്കാണെന്ന് മാത്രം.

ഇനി സിപിഎം നേതാക്കളോട് ഒരു വാക്ക്. നിങ്ങളുടെയൊക്കെ കൊച്ചുമക്കളെ ഒന്ന് ശ്രദ്ധിച്ചേക്കണം. പിള്ളേരെ പിടുത്തക്കാരെ മാത്രമല്ല, ഇപ്പോള്‍ ബിജെപി നേതാക്കളെയും സൂക്ഷിക്കേണ്ട കാലമാണ്.

അടിക്കുറിപ്പ്: ചെറുക്കന്‍ അമ്മയുടെ ഫോണ്‍ എടുത്ത് ഏതോ ഒരു നമ്പരിലേക്ക് മിസ് കോള്‍ അടിച്ചതാണ്. നോക്കുമ്പോള്‍ മുറ്റത്തൊരാള്‍. പിള്ള മാമനാ വാടാ മക്കളെ.. (സോഷ്യല്‍ മീഡിയയില്‍ കേട്ടത്)

കേരള നേതാക്കളുടെ അഭിപ്രായമല്ല എന്റേത്, സ്ത്രീകൾക്ക് ശബരിമലയിൽ പോകാം: രാഹുല്‍ ഗാന്ധി

ശബരിമലാനന്തര കേരളത്തില്‍ മുസ്ലീം ലീഗ് ആ കോണി ഇനി എങ്ങോട്ട് തിരിച്ചുവെക്കും?

സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ കൊച്ചുമകന്‍ ബിജെപിയുടെ ഉപവാസ വേദിയില്‍

ഈഴവരുടെ പ്രതിസന്ധികള്‍; ശബരിമലയില്‍ എസ്എന്‍ഡിപി പിണറായിക്കൊപ്പമോ അമിത് ഷായ്ക്കൊപ്പമോ?

രാമന്‍ നായരും പ്രമീള ദേവിയും ഒരു കൂട്ടക്കൊഴിഞ്ഞു പോക്കിന്റെ തുടക്കമോ? അന്തംവിട്ട്‌ കോണ്‍ഗ്രസ് അണികള്‍

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍