UPDATES

ട്രെന്‍ഡിങ്ങ്

ബിജെപി നേതാവ് ആംബുലന്‍സ് തടഞ്ഞു; ചികിത്സ വൈകി രോഗി മരിച്ചു

തന്റെ കാറില്‍ മുട്ടിയെന്നാരോപിച്ചായിരുന്നു ബിജെപി നേതാവ് അത്യാസന്ന നിലയിലുള്ള രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് തടഞ്ഞത്

ഹരിയാനയില്‍ ബിജെപി നേതാവ് ആംബുലന്‍സ് തടഞ്ഞുനിര്‍ത്തിയതിനെ തുടര്‍ന്ന് ചികിത്സ വൈകിയ രോഗി മരിച്ചതായി വാര്‍ത്തകള്‍. കഴിഞ്ഞ ശനിയാഴ്ച ഫത്തേബാദില്‍ ആയിരുന്നു സംഭവം. തന്റെ കാറില്‍ മുട്ടിയെന്നാരോപിച്ചാണ് ബിജെപി നേതാവും ഫത്തേബാദ് കൗണ്‍സിലറുമായ ദര്‍ശന്‍ നാഗ്പാല്‍ പിന്തുടര്‍ന്നു വന്ന് ആംബുലന്‍സ് തടഞ്ഞത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. തന്റെ കാറില്‍ ആംബുലന്‍സ് മുട്ടിയെന്നാരോപിച്ച് ഇയാള്‍ ആംബുലന്‍സ് ഡ്രൈവറുടെ കൈയില്‍ നിന്നും വാഹനത്തിന്റെ കീ തട്ടിയെടുത്തതയാണ് ആരോപണം. ഇയാള്‍ ഒരുപാട് സമയം ഡ്രൈവറോടും രോഗിയുടെ കുടുംബംഗങ്ങളോടും തര്‍ക്കിച്ചതായും ബന്ധുക്കളുടെ പരാതിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സമയമത്രയും പാഴായത് ഒടുവില്‍ രോഗിയുടെ മരണത്തിനു കാരണമാവുകയായിരുന്നു. സംഭവത്തില്‍ ദര്‍ശന്‍ നാഗ്പാലിനെതിരേ കേസ് എടുത്തിട്ടുണ്ട്.

ചണ്ഡീഗഡില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ ഫത്തേബാദില്‍വച്ച് കാറില്‍ പിന്തുടര്‍ന്നെത്തി ദര്‍ശന്‍ തങ്ങള്‍ സഞ്ചരിച്ചിരുന്ന ആംബുലന്‍സ് തടയുകയായിരുന്നുവെന്നു മരിച്ച നവീന്‍ സോണിയുടെ ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഇയാള്‍ തര്‍ക്കമുണ്ടാക്കിയത്. ഇയാളില്‍ നിന്നും രക്ഷപ്പെട്ട് ഒടുവില്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും 42 കാരനായ നവീന്‍ സോണി മരണപ്പെട്ടിരുന്നതായും ബന്ധുക്കള്‍ പറയുന്നു. 15 മിനിട്ട് മുമ്പെങ്കിലും എത്തിക്കാനായിരുന്നെങ്കില്‍ രോഗിയെ രക്ഷിക്കാമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ തങ്ങളോടു പറഞ്ഞതെന്ന് ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ താന്‍ ആംബുലന്‍സ് തടഞ്ഞുവെന്ന വാര്‍ത്ത നിഷേധിക്കുകയാണ് ദര്‍ശന്‍ നാഗ്പാല്‍. ആംബുലന്‍സ് തന്റെ കാറില്‍ മുട്ടിയെന്നും എന്നാല്‍ താന്‍ വാഹനം തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചില്ലെന്നും രോഗിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകാനാണ് പറഞ്ഞതെന്നും നാഗ്പാല്‍ മാധ്യമങ്ങളോടു പറയുന്നു. ആ സ്ഥലത്ത് അവിടെയുണ്ടായിരുന്ന ആരോടു തന്നെ ചോദിച്ചാലും സത്യം മനസിലാകുമെന്നും ബിജെപി നേതാവ് പറയുന്നു. ജനസേവനത്തില്‍ വിശ്വസിക്കുന്ന തനിക്കെങ്ങനെ രോഗിയുമായി പോകുന്ന ആംബുലന്‍സിനെ തടയാന്‍ കഴിയുമെന്നാണ് നാഗ്പാല്‍ ചോദിക്കുന്നത്. ആംബുലന്‍സ് ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും ദര്‍ശന്‍ നാഗ്പാല്‍ കുറ്റപ്പെടുത്തി.

ബിജെപി നേതാവിനെതിരേ പരാതി കിട്ടിയിട്ടുണ്ടെന്നും രണ്ടുഭാഗവും കേട്ടുകൊണ്ട് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ജഗദീഷ് ചന്ദ്ര പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍