UPDATES

ട്രെന്‍ഡിങ്ങ്

തന്തമാര്‍ക്ക് ഹാലിളകുമ്പോള്‍

മലപ്പുറത്ത് ഫ്ലാഷ് മോബിനിറങ്ങിയ പെൺകുട്ടികൾ ഒരു പ്രതീകമാണ്

മലപ്പുറത്ത് ഫ്ലാഷ് മോബിനിറങ്ങിയ പെൺകുട്ടികൾ ഒരു പ്രതീകമാണ്. എല്ലാ വിധ തന്തമാർക്കെതിരായുമുള്ള നിരന്തര പോരാട്ടത്തിലേർപ്പെട്ട കേരള മുസ്ലിം പെണ്ണുങ്ങളുടെ പ്രതീകം. അതിനെതിരെ ഹാലിളകി രംഗത്തിറങ്ങിയ ഫേസ് ബുക്ക് ആങ്ങളമാരും താലിബാനിസ്റ്റുകളും ഈ തന്തമാരുടെ പ്രതീകമാണ്.

മുസ്ലിം സ്ത്രീ വളരെ പണ്ട് തൊട്ടേ പൊതു ഇടങ്ങളിൽ സജീവമായിരുന്നു. കേരളത്തിലെ ഓരോ നാട്ടിൻ പുറത്തും മുസ്ലിം പെണ്ണുങ്ങൾ നടത്തിയിരുന്ന ചായക്കടയോ പലചരക്ക് കടയോ ഒക്കെ ഉണ്ടായിരുന്നു. അവരുടെ സ്വാതന്ത്രത്തിന് കൂച്ചു വിലങ്ങിടാൻ നോക്കിയ ചരിത്രമാണ് 916 “പരമ്പരാഗത മുസ്ലിങ്ങൾ ” തൊട്ട് ഏകശിലാരൂപത്തിലുള്ള സൗദി ബ്രാന്റഡ് ഇസ്ലാമിന്റെ വക്താക്കൾ വരെ ആയ വിവിധ മുസ്ലിം പൌരോഹിത്യ കൂട്ടായ്മകളുടെ നാളിത് വരെയുള്ള ചരിത്രം. ആൺകോയ്മയിലധിഷ്ഠിതമായ അവരുടെ പൌരോഹിത്യ ചൂഷണ വ്യവസ്ഥിതിയെ സംരക്ഷിക്കാനായിരുന്നു അവരുടെ നല്ലൊരു ഭാഗം ‘ക്ലാസു’കളും ‘ഫത്വ’കളും. വിദ്യാഭ്യാസ, മത, സാമൂഹിക മേഖലകളിലെ ഇടപെടലുകളെ ചെറുക്കാൻ നോക്കിയ ഇവരുടെ ദയനീയ ശ്രമങ്ങൾ ഒന്നൊന്നായി പരാജയപ്പെടുത്തിയ ഐതിഹാസിക പോരാട്ടമാണ് കേരളത്തിലെ മുസ്ലിം സ്ത്രീയെ അടയാളപ്പെടുത്തേണ്ടത്.

അവർക്ക് അക്ഷരം നിഷേധിക്കാൻ നടത്തിയ ശ്രമങ്ങളുടെ പരാജയത്തിന്റെ സാക്ഷ്യപത്രമാണ് കേരളത്തിലെ ഏതൊരു കോളേജുകളിലും കാണുന്ന മുസ്ലിം പെണ്ണുങ്ങളുടെ വമ്പിച്ച സാന്നിധ്യം. മത വ്യവഹാരങ്ങളിൽ നിന്ന് അവരെ മാറ്റി നിർത്താനും അതുവഴി രണ്ടാംകിട പൗരന്മാരാക്കി ചിത്രീകരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു പള്ളികളിൽ അവർക്ക് പ്രവേശനം നിഷേധിച്ചത്. ഇന്ന് പള്ളികളിൽ സജീവ സാന്നിധ്യമാണ് മുസ്ലിം സ്ത്രീകൾ. പള്ളികളെ നിയന്ത്രിക്കുന്ന കമ്മിറ്റികളിൽ വരെ അവരുടെ സാന്നിധ്യം വന്നുതുടങ്ങി. ഇന്നല്ലെങ്കിൽ നാളെ ബാക്കിയുള്ള മേഖലകളിലും അവരെത്തും.

ഗൾഫ് കുടിയേറ്റം അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ പല ആശയങ്ങൾക്കും ഇവിടെ വേരോട്ടമുണ്ടാക്കാൻ കാരണമായിട്ടുണ്ടെന്നത് യാഥാർത്ഥ്യം. പക്ഷേ അതേ കുടിയേറ്റം തന്നെ മുസ്ലിം പെണ്ണിനെ സ്വതന്ത്രയും കാര്യ പ്രാപ്തിയുള്ളതുമാക്കാൻ സഹായിച്ചിട്ടുണ്ടെന്നത് മറ്റൊരു കാര്യം. സങ്കീർണമായ ഏതൊരു പ്രക്രിയയും ഇങ്ങനെ വ്യത്യസ്ത മാനങ്ങളുള്ളതായിരിക്കും. ആഗോളവൽക്കരണമായാലും അതിന്റെ സുപ്രധാന കണ്ണിയായ കുടിയേറ്റമായാലും. സാക്കിർ നായിക്കിനെ മാത്രമല്ല, ആമിനാ വദൂദിനെയും മെർനീസ്സിയെയും പരിചയപ്പെടുത്താൻ ഇന്റർനെറ്റ് കാരണമായിട്ടുണ്ട്.

കൈവെട്ട് ന്യായീകരണക്കാരോട്; പ്രവാചകനിന്ദ ആരോപിക്കും മുമ്പ് ഹദീസുകളും ഖുറാനും വായിക്കാവുന്നതാണ്

എല്ലാവിധ അധികാരവും അഹങ്കാരവും കൈമുതലാക്കിയ ഈ പൌരോഹിത്യ കൂട്ടായ്മകളേയും ആൺകോയ്മയെയും അതി ജീവിക്കാൻ മുസ്ലിം പെണ്ണിന് സാധിക്കുന്നതെങ്ങനെയാണ്? സമുദായത്തിനകത്തും പുറത്തുമുള്ള രക്ഷാകർത്താക്കളെന്ത് കൊണ്ട് നിരന്തരം പരാജയപ്പെടുന്നു? നിരവധി കാരണങ്ങളുണ്ട്. തീർച്ചയായും അവരുടെ വിശ്വാസം അവർക്ക് കരുത്താണ് നൽകുന്നത്. ആഗോളവൽക്കരണത്തെ തുടർന്നുണ്ടായ സവിശേഷമായ സാമൂഹിക, സാമ്പത്തിക ചുറ്റുപാടുകൾ പാർശ്വവൽക്കരിക്കപ്പെട്ട വലിയൊരു വിഭാഗത്തിന് ചെറുതല്ലാത്ത സാധ്യതകൾ നൽകിയിട്ടുണ്ട് (കൂടുതൽ പാർശ്വവൽക്കരിക്കപ്പെട്ട പല വിഭാഗങ്ങളുമുണ്ടെന്ന യാഥാർത്ഥ്യം മറ്റൊരു കാര്യം). ഗൾഫ് കുടിയേറ്റത്തെ തുടർന്ന് വലിയൊരു വിഭാഗം വീടുകളിൽ “ഗൃഹനാഥൻ” ഇല്ലാതാവുകയും പെണ്ണുങ്ങൾ കാര്യങ്ങൾ നോക്കി നടത്തുകയും ചെയ്യേണ്ട സാഹചര്യമുണ്ടാക്കുകയും ചെയ്തു. ആണുങ്ങൾ സ്ഥലത്തില്ലാത്ത വീടുകളിലെ സകല കാര്യങ്ങളും നോക്കി നടത്തിയത് ഈ പെണ്ണുങ്ങളായിരുന്നു. അതിൽ സാമ്പത്തികം തൊട്ട് കുട്ടികളുടെ വിദ്യാഭ്യാസം വരെ പെടും. എൺപതുകൾക്ക് ശേഷമുള്ള ഏത് ടൗണിന്റെയും ദൃശ്യങ്ങളിൽ മുസ്ലിം പെണ്ണുങ്ങളുടെ വർദ്ധിച്ച സാന്നിധ്യം പ്രകടമാണ്. മാർക്കറ്റിലും ഷോപ്പിംഗ് മാളുകളിലും മാത്രമല്ല സർക്കാർ ആപ്പീസുകളിലെ സേവനം പറ്റാൻ വരുന്നവരിൽ വരെ ഇവരുടെ സാന്നിധ്യം നന്നായുണ്ട്. പി ടി എ യോഗത്തിൽ പോലും മുസ്ലിം ആണുങ്ങളേക്കാൾ കൂടുതൽ കാണുന്നത് പെണ്ണുങ്ങളെയായിരിക്കും. ഈ പെണ്ണുങ്ങളുടെ അടുത്ത തലമുറയിലെ പെൺകുട്ടികൾ കണ്ട് വളർന്നത് അടുക്കളയിലും ബെഡ് റൂമിലുമായി ആയുസ് തീർത്ത പെണ്ണിനെയല്ല. സകല കാര്യങ്ങളും സ്വന്തമായി ചെയ്ത എല്ലായിടത്തും നേരിട്ടിടപഴകുന്ന പെണ്ണിനെയാണ്.

കാലം വീണ്ടും മുന്നോട്ട് കുതിച്ചു. ഇന്റർനെറ്റും സോഷ്യൽ മീഡിയയും രണ്ട് പതിറ്റാണ്ട് കൊണ്ട് വന്ന മാറ്റം അതിന് മുമ്പുള്ള രണ്ട് നൂറ്റാണ്ട് കൊണ്ട് മാത്രം സാധ്യമാവുന്നത്ര വിപ്ലവകരമായിരുന്നു. ലോകം വിരൽ തുമ്പിലെന്ന് പറയുമ്പോൾ അതിലെല്ലാം പെടും. കല, ശാസ്ത്രം, രാഷ്ട്രീയം, മതം….. അങ്ങനെ എല്ലാം. ആണുങ്ങൾ ആണുങ്ങൾക്കായി പടച്ചു വിടുന്നതിനപ്പുറമുള്ള മതവും രാഷ്ട്രീയവുമെല്ലാം അവർ കണ്ടെത്തുന്നു. കുടുംബശ്രീ, വനിതാ സംവരണം … എല്ലാ സാധ്യതകളും അവരുപയോഗപ്പെടുത്തി മുന്നേറി. മുനിസിപ്പാലിറ്റിയും പഞ്ചായത്തുമൊക്കെ അവരും ഭരിച്ചു തുടങ്ങി. മൊബൈൽ ഫോണും ഹോണ്ട ആക്റ്റീവയുമൊക്കെ മനസ്സ് പറയുന്നിടത്തേക്ക് അവരെ എത്തിച്ചു. അവരിൽ തട്ടമിട്ടവരുണ്ട്, ഇടാത്തവരുണ്ട്. പക്ഷേ എല്ലാവരും അവരവരുടെ വിശ്വാസത്തിനും ഏജൻസിക്കുമനുസരിച്ച് ജീവിക്കുന്നവരാണ്. കർതൃത്വം മറ്റൊരാൾക്ക് തീറെഴുതാൻ തയ്യാറല്ല.

ഖവാലിയെ പേടിക്കുന്നതെന്തിന്? ഫാറൂഖ് കോളേജിലെ സംഗീത പരിപാടി റദ്ദാക്കിയ സംഘാടകരോട് ഗായകന്‍ സമീര്‍ ബിന്‍സി

ഇതേ പെണ്ണാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനും എയ്ഡ്സ് വിരുദ്ധ പ്രചാരണത്തിനുമൊക്കെ തെരുവിലിറങ്ങുന്നത്. സ്വാഭാവികമായും തന്തമാർക്ക് ഹാലിളകിയിട്ടുണ്ട്. പതിവ് പോലെ വിഷം തുപ്പുന്നുണ്ട്. ഇന്നലെ വരെ വ്യക്തി സ്വാതന്ത്രവും പെണ്ണുങ്ങളുടെ ഏജൻസിയുമൊക്കെ പറഞ്ഞ ചിലരും കളം മാറ്റി ചവിട്ടിയിട്ടുണ്ട്. അത് സ്വാഭാവികം – കാരണം അവരുടെ കൂറ് ഇപ്പറയുന്ന മൂല്യങ്ങളോടല്ല, അതിന്റെ ഗുണഭോക്താവാൻ സാധ്യതയുള്ള ആൺകോയ്മയുടെ മനസ്സിനോടാണ്. മൂക്കിന് താഴെയുള്ള കട്ടിരോമം കഴിഞ്ഞാൽ ഇവർ സ്വന്തമായി കരുതുന്നത് തെരുവുകളാണ്. അവിടേക്ക് പെണ്ണുങ്ങൾ കടന്ന് വരുന്നത് സഹിക്കാവുന്നതിലപ്പുറമാണ്. അതും വെറുതെ വന്ന് നിന്നതല്ല, ഡാൻസ് കളിച്ചതാണ്. പോരെങ്കിൽ തട്ടമിട്ട മുസ്ലിം പെണ്ണുങ്ങളുമാണ്. ചിന്തകളിലും രീതികളിലുമെല്ലാം കാലത്തിനനുസരിച്ച് നിരന്തരം മാറുന്ന പെണ്ണുങ്ങളെ ഒരു നിലക്കും അംഗീകരിക്കാൻ ഒരു രീതിയിലും മാറാത്ത ചിലർക്ക് പറ്റുന്നില്ല. സ്വാഭാവികമായും ഈറ മുഴുവൻ വാക്കുകളിലൂടെ ഒഴുകി നടക്കുന്നുണ്ട്. ഹദീസും ആയത്തും നബിയുടെ ഗുണ ഗണങ്ങളുമൊക്കെ എഴുതി വിട്ട അതേ വാളിലൂടെ തെറിയഭിഷേകം നിർഗളിക്കുന്നുണ്ട്. ഫ്ലാഷ് മോബും ആട്ടവുമൊക്കെയായി തെരുവിലിറങ്ങുന്ന ഈ പെണ്ണുങ്ങൾ അവരോട് പറയാതെ പറയുന്നതും ആ രണ്ടക്ഷരമുള്ള തെറി തന്നെയാണ്, അവരുടെ പ്രവർത്തനത്തിലൂടെയാണെന്ന് മാത്രം!

എയിഡ്സ് ബോധവത്കരണ ഫ്ലാഷ് മോബ്: മലപ്പുറത്ത് പെണ്‍കുട്ടികളുടെ ജിമിക്കി കമ്മല്‍ ഡാന്‍സ് (വീഡിയോ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍

നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍

സാമൂഹിക നിരീക്ഷകന്‍, സോഫ്റ്റ്‌വേര്‍ മേഖലയില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍