UPDATES

ട്രെന്‍ഡിങ്ങ്

പി സി ജോര്‍ജ്ജ് ഇനി ബിജെപിയോടൊപ്പം; സന്തോഷത്തോടെ സ്വീകരിച്ചാലും

ആര്‍ക്കൊപ്പവും നില്‍ക്കില്ലെന്ന് പ്രഖ്യാപിച്ച് നിയമസഭയിലെത്തിയ പി സി ജോര്‍ജ്ജ്‌ ഇത്രനാളും ഒറ്റയ്ക്കാണ് ഇരുന്നിരുന്നത്

പൂഞ്ഞാര്‍ എംഎല്‍എയായ പി സി ജോര്‍ജ്ജ് എന്നു വാ തുറന്നാല്‍ വാര്‍ത്തയാണ്. വിവാദങ്ങള്‍ സൃഷ്ടിക്കുകയും അല്ലെങ്കില്‍ വിവാദങ്ങള്‍ ഏറ്റുപിടിക്കുകയും ചെയ്ത് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാന്‍ പി സി ജോര്‍ജ്ജ് എന്നും ശ്രദ്ധിച്ചിട്ടുണ്ട്. ഇനി മുതല്‍ ബിജെപിയ്‌ക്കൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് പി സി ജോര്‍ജ്ജ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ബിജെപിയില്‍ ചേരുന്നില്ലെങ്കിലും ജനപക്ഷമായി തന്നെ നിന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാലിനൊപ്പം നിയമസഭയില്‍ ഇരിക്കുമെന്നാണ് പിസി വ്യക്തമാക്കിയിരിക്കുന്നത്. മുന്നണികള്‍ മാറിമാറി നിന്ന ചരിത്രമാണ് തുടര്‍ച്ചയായി 22 വര്‍ഷം പൂഞ്ഞാറിന്റെ എംഎല്‍എയായിരിക്കുന്ന ജോര്‍ജ്ജിന്റേത്. 1996 മുതല്‍ ജോര്‍ജ്ജ് ആണ് പൂഞ്ഞാര്‍ ഭരിക്കുന്നത്. അതിന് മുമ്പ് 1980ലും 82ലും ജോര്‍ജ്ജ് നിയമസഭയിലുണ്ടായിരുന്നു.

കേരള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ എന്ന സ്ഥാനത്തിരിക്കുമ്പോഴാണ് 2003ല്‍ കേരള കോണ്‍ഗ്രസ് സെക്കുലര്‍ എന്ന പാര്‍ട്ടി രൂപീകരിച്ച് മാറിയത്. അതിന് മുമ്പ് കേരള കോണ്‍ഗ്രസില്‍ ജോസഫ് വിഭാഗത്തിനൊപ്പം നിന്ന ജോര്‍ജ്ജ് മാണിയുടെ കടുത്ത വിമര്‍ശകനുമായിരുന്നു. ജോസഫുമായി തെറ്റിയാണ് സെക്കുലര്‍ രൂപീകരിച്ചത്. എല്‍ഡിഎഫിന്റെ ഭാഗമായിരുന്നെങ്കിലും വിമാനപീഡനക്കേസില്‍ പിജെ ജോസഫ് ആരോപണ വിധേയനായപ്പോള്‍ ജോസഫിനെതിരെ കത്തിനിന്നത് പി സിയാണ്. എല്‍ഡിഎഫിനൊപ്പമുണ്ടെങ്കിലും എല്‍ഡിഎഫിനെന്നും തലവേദനയായിരുന്നു അക്കാലത്ത് പി സി ജോര്‍ജ്ജ്. പിണറായി വിജയനുള്‍പ്പെടെ സിപിഎമ്മിലെ നേതാക്കളെയെല്ലാം തലങ്ങും വിലങ്ങും ആക്രമിച്ച പി സി വിഎസ് അച്യുതാനന്ദനോട് മാത്രമാണ് അക്കാലത്ത് അല്‍പം മര്യാദ കാണിച്ചിരുന്നത്. മതികെട്ടാനിലെയും മറ്റും കയ്യേറ്റങ്ങള്‍ കാണിച്ചുകൊടുത്ത് താന്‍ വിഎസിന്റെ ആളാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമം നടത്തിയിരുന്നു. എന്നാല്‍ പി സി ഒളിഞ്ഞും തെളിഞ്ഞും മുന്നണിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടിയായി. ഈ ആക്രമണങ്ങള്‍ കൊണ്ട് തന്നെ എല്‍ഡിഎഫില്‍ പിസിയുടെ സ്ഥാനവും അനിശ്ചിതത്വത്തിലായിരുന്നു.

അപ്പോഴാണ് 2010ല്‍ സെക്കുലര്‍ പാര്‍ട്ടി കെ എം മാണിയുടെ കേരള കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്. അത്രയും നാള്‍ ചീത്ത വിളിച്ചു നടന്നിരുന്ന മാണി സാര്‍ അതോടെ പിസിക്ക് തലതൊട്ടപ്പനായി. സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ മന്ത്രിസ്ഥാനമൊന്നും കിട്ടിയില്ലെങ്കിലും ചീഫ് വിപ്പ് എന്ന പദവി രൂപീകരിച്ച് ആ സ്ഥാനത്ത് പിസിയെ ഇരുത്തി. പിസിയിലെ രാഷ്ട്രീയ ചാണക്യനെയാണ് പിന്നീട് കണ്ടത്. ഉമ്മന്‍ ചാണ്ടിയ്ക്ക് വേണ്ടി പിസി നടത്തിയ ചരടുവലികള്‍ നിരവധിയാണ്. അതിലൊന്നായിരുന്നു സെല്‍വരാജ് എന്ന നെയ്യാറ്റിന്‍കരയിലെ സിപിഎം എംഎല്‍എയെ രാജിവയ്പ്പിച്ച് കോണ്‍ഗ്രസിലെത്തിച്ച നടപടി. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സെല്‍വരാജ് വിജയിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് സെല്‍വരാജിനെക്കുറിച്ച് യാതൊരു വിവരവുമില്ല.

ആദ്യം സോളാര്‍ കേസും പിന്നീട് ബാര്‍ കോഴക്കേസും പുറത്തുവന്നപ്പോള്‍ പി സി ജോര്‍ജ്ജ് യുഡിഎഫിന്റെ കടുത്തവിമര്‍ശകനായി മാറി. അതോടെ പ്രതിപക്ഷത്തേക്കാള്‍ തലവേദന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ചീഫ് വിപ്പിനെക്കൊണ്ടായി. ഒടുവില്‍ ചീഫ് വിപ്പ് സ്ഥാനവും തെറിച്ചു കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ നിന്നും തെറിച്ചു. അതോടെയാണ് ഇപ്പോഴത്തെ ജനപക്ഷം എന്ന പാര്‍ട്ടി രൂപീകരിച്ചത്. 2016ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രത്യേകിച്ചും കോണ്‍ഗ്രസ് തകര്‍ന്ന് നാമവശേഷമാകാന്‍ കാരണം പി സി ജോര്‍ജ്ജിന്റെ പരസ്യ പ്രതികരണങ്ങള്‍ക്ക് നിസാര പങ്കല്ല ഉള്ളത്. എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് മത്സരിക്കുമെന്നൊക്കെ വാര്‍ത്ത പ്രചരിച്ചെങ്കിലും ഒറ്റയ്ക്ക് മത്സരിക്കാനായിരുന്നു പിസിയുടെ തീരുമാനം. പൂഞ്ഞാറില്‍ പി സി തോല്‍ക്കുമെന്ന് ഉറപ്പിക്കാന്‍ സാക്ഷാല്‍ പിണറായി വിജയന്‍ മണ്ഡലം സന്ദര്‍ശിച്ചത് രണ്ട് തവണയാണ്. എന്നിട്ടും നാളിതുവരെ മത്സരിച്ച ഏഴ് തെരഞ്ഞെടുപ്പുകളില്‍ ലഭിച്ചതിനേക്കാള്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ തന്നെ പിസിയ്ക്ക് ഇത്തവണ ലഭിച്ചു.

ആര്‍ക്കൊപ്പവും നില്‍ക്കില്ലെന്ന് പ്രഖ്യാപിച്ച് നിയമസഭയിലെത്തിയ പി സി ജോര്‍ജ്ജ്‌ ഇത്രനാളും ഒറ്റയ്ക്കാണ് ഇരുന്നിരുന്നത്. എല്‍ഡിഎഫില്‍ ചേരുമെന്ന് ഇടയ്ക്ക് വാര്‍ത്ത പ്രചരിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. അപ്പോഴാണ് ശബരിമല പ്രശ്‌നം ഉയര്‍ന്നു വന്നത്. താന്‍ ഭക്തര്‍ക്കൊപ്പമാണെന്ന് പിസി ജോര്‍ജ്ജ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ബിജെപിയോട് അടുക്കുന്നുവെന്ന പ്രതീതി ഉയര്‍ന്നതാണ്. പിന്നീട് സര്‍വകക്ഷി യോഗത്തില്‍ പി എസ് ശ്രീധരന്‍ പിള്ളയ്‌ക്കൊപ്പം പി സി ജോര്‍ജ്ജ് പങ്കെടുക്കുക കൂടി ചെയ്തതോടെ ബിജെപി പ്രവേശനം ഉറപ്പായെന്ന് വാര്‍ത്ത പരന്നു. അതിനാല്‍ തന്നെ ഇപ്പോള്‍ ബിജെപിയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്ന പിന്തുണ അപ്രതീക്ഷിതമല്ലെന്ന് പറയാം. പക്ഷെ എല്‍ഡിഎഫും യുഡിഎഫും ഒപ്പമുണ്ടായിരുന്ന ബിജെപി കാരണം എത്രമാത്രം കഷ്ടപ്പെട്ടിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. ഇനി ആ യോഗം ബിജെപിക്കാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിനെ എംഎല്‍എയാക്കാന്‍ സാധിച്ചെങ്കിലും അതിന് പിന്നിലെ രാഷ്ട്രീയ കളികള്‍ വേറെയാണെന്ന് എല്ലാവര്‍ക്കും അറിയാം. കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ പെടാപ്പാടുപെടുന്ന ബിജെപിയില്‍ ഇനി എന്തും സംഭവിക്കാം.

ആരാണ് പി.സി ജോര്‍ജ്? ഭാഗം 1

ആരാണ് പി.സി ജോര്‍ജ്? ഭാഗം – 2

വീണ്ടും ‘ജോര്‍ജ്ജേട്ടന്‍സ്’ പൂരം

പി.സി ജോര്‍ജ് ഒരു വലിയ കള്ളത്തരമാണെങ്കില്‍ അത് തകര്‍ക്കപ്പെടുക തന്നെ വേണം

ഷോണ്‍ ജോര്‍ജ്ജ് തെളിയിക്കുകയാണ്; അപ്പന്റെ പ്രതീക്ഷകള്‍ക്കൊത്തു വളരുന്ന മകനാണ് താനെന്ന്

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍