മോദിയെ പാർലമെന്റിൽ നേരിടാൻ ശക്തരായ നേതാക്കൾ പ്രതിപക്ഷത്ത് വേണമായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ അക്കാര്യം സംശയമാണ്.
17ാം ലോക്സഭയിലേക്ക് വൻ വിജയം തേടി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നു. എന്നാൽ ഇപ്പോൾ ഉയരുന്ന ചോദ്യം പ്രതിപക്ഷ നേതാവ് പദവി കോണ്‍ഗ്രസ്സിന് ലഭിക്കുമോ എന്നതാണ്. ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്ത് ലോക്സഭയില്‍ പ്രതിപക്ഷ നേതാവാവെന്ന ഔദ്യോഗിക സ്ഥാനം ഉണ്ടായിരുന്നില്ല. ലോക്സഭയിൽ പത്ത് ശതമാനം അംഗങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് കോണ്‍ഗ്രസിന് സ്ഥാനം നിഷേധിച്ചത്. 44 സീറ്റുകളായിരുന്നു കോൺഗ്രസിന് സഭയിൽ ഉണ്ടായിരുന്നത്.
എന്നാൽ ഇത്തവണയും സാഹചര്യങ്ങളിൽ വലിയ വ്യത്യാസമില്ല, 52 സീറ്റുകളാണ് രാജ്യത്ത് ആകെ കോൺഗ്രസ് നേടിയത്. അപ്പോഴും പത്ത് ശതമാനം എന്ന കണക്കിൽ എത്തുന്നില്ല. അതേസമയം, ബിജെപി കഴിഞ്ഞ തവണത്തേക്കാൾ ശക്തരാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസിന് പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം ഇത്തവണയും അപ്രാപ്യമാവുമെന്നാണ് വിലയിരുത്തൽ.
എന്നാൽ ശതമാനക്കണക്കുകളുടെ പേരിൽ പ്രതിപക്ഷ പാര്‍ട്ടികൾക്ക് നിയമ നിർമ്മാണ സഭയിൽ ഭരണ ഘടനാ ചുമതലയായ പ്രതിപക്ഷ നേതാവ് സ്ഥാനം അനുവദിക്കാതിരിക്കുന്നത് നിയമ വിരുദ്ധമാണെന്നാണ് മുൻ ലോക്സഭാ സെക്രട്ടറി ജനറലായ പിഡിടി ആചാരിയുടെ നിലപാട്. നിയമം മുലം സ്ഥാപിതമായതാണ് പ്രതിപക്ഷ നേതാവ് സ്ഥാനം. അത് നിഷേധിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇന്ത്യൻ ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ റോൾ പ്രധാനമാണ്. പാർലമെന്റിന്റെ ശബ്ദം എന്ന പറയുന്നത് പ്രതിപക്ഷമാണ്, ജനങ്ങളുടെ ശബ്ദമാണ് അവർ. പ്രതിപക്ഷം ശക്തമായിരിക്കണം. ഇന്ത്യൻ രാഷ്ട്രീയത്തില്‍ വരും ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായേക്കാവുന്ന ഈ വിഷയത്തില്‍ അഴിമുഖത്തോട് സംസാരിക്കുകയായിരുന്നു പി ഡി ടി ആചാരി. 14, 15 ലോക്സഭകളിൽ അഞ്ച് വർഷത്തോളമായിരുന്നു പിഡിടി ആചാരി ലോക്സഭ സെക്രട്ടറി ജനറൽ സ്ഥാനത്ത് ഉണ്ടായിരുന്നത്.
പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് നിയമ നിർമാണ സഭയിൽ 10 ശതമാനം അംഗങ്ങൾ വേണമെന്ന് നിബന്ധനയുടെ അടിസ്ഥാനം എന്താണ്?
പത്ത് ശതമാനം പ്രതിനിധികളുള്ള പാർട്ടിക്ക് മാത്രമേ പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് അർഹതയുള്ളു എന്നതരത്തിലുള്ള വാദം തെറ്റായ ധാരണയാണ്. പ്രതിപക്ഷ നേതാവ്, അതൊരു സ്റ്റാട്യൂട്ടറി സ്ഥാനമാണ്. അതായത് നിയമം മുലം സ്ഥാപിക്കപ്പെട്ടിട്ടുള്ള സ്ഥാനം. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലൂടെ രൂപം കൊണ്ടതാണിത്. അതിൽ പ്രതിപക്ഷ നേതാവ് ആര്, എങ്ങനെ തിരഞ്ഞെടുക്കപ്പെടും എന്ന് വ്യക്തമായി പറയുന്നുണ്ട്. അതനുസരിച്ച് ലോക്സഭയിൽ പ്രതിപക്ഷത്തുള്ള ഏറ്റവും വലിയ അംഗ സംഖ്യയുള്ള പാർട്ടിയുടെ നേതാവിനെ സ്പീക്കർ പ്രതിപക്ഷ നേതാവായി നിയമിക്കുന്നു. ഇതാണ് രീതി.
ലോക്സഭയിൽ ഏറ്റവും അധികം അംഗസംഖ്യയുള്ള പാർട്ടി, അവർ ചൂണ്ടിക്കാട്ടുന്ന നേതാവ്, ഇതാണ് ലീഡർ ഓഫ് ഓപ്പോസിഷൻ അഥവാ പ്രതിക്ഷ നേതാവ്. അടിസ്ഥാന മാനദണ്ഡം ഇതാണ്. ഇത്തരത്തിൽ ഉയർത്തിക്കാട്ടപ്പെടുന്ന നേതാവിനെ സ്പീക്കർ പ്രതിപക്ഷ നേതാവായി നിയമിക്കും എന്നാണ് നിയമത്തില്‍ പറയുന്നത്.
എന്നാൽ അവിടെ ഒന്നും അംഗങ്ങളുടെ ശതമാനക്കണക്കിനെ കുറിച്ച് പറയുന്നില്ല. ആ നിയമം അനുസരിച്ച് നോക്കുമ്പോള്‍ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം 17ാം ലോക്സഭയിലേക്ക് 52 സീറ്റുകൾ നേടിയിട്ടുള്ള കോൺഗ്രസിന് പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് നിയമപരമായി അർഹതയുണ്ട്. അത് സ്ഥാപിച്ചെടുക്കേണ്ടത് കോൺഗ്രസ് എന്ന പാര്‍ട്ടിയാണ്. അവർ സ്പീക്കറോട് ആവശ്യപ്പെടണം. അതാണ് നിയമം. അതിന് അർഹതയുണ്ടെന്ന് വ്യക്തമാക്കണം.
പത്ത് ശതമാനം അംഗങ്ങൾ എന്ന ആശയക്കുഴപ്പത്തിന്റെ തുടക്കം?
1955 ലോ മറ്റോ സ്പീക്കർ പാർട്ടികളെ ഒന്ന് തരം തിരിച്ചു. സഭയ്ക്ക് അകത്തുള്ളതും, സഭയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും വേണ്ടിയായിരുന്ന പാർട്ടികളെ രണ്ടായി തരം തിരിച്ചത്. പാർട്ടികൾ, ഗ്രൂപ്പുകൾ എന്നിങ്ങനെയാണിത്. അതു പ്രകാരം സഭയ്ക്കുള്ളിൽ പാർട്ടിയായി അംഗീകരിക്കണമെങ്കിൽ ആ പാർട്ടിക്ക് കുറഞ്ഞത് ക്വാറത്തിനുള്ള അംഗങ്ങളുണ്ടായിരിക്കണം. ആ ക്വാറം ആണ് 10 ശതമാനം. അത്തരത്തിലുള്ള പാർട്ടികളെ സഭയ്ക്കുള്ളിൽ പാർട്ടി ആയി അംഗീകരിക്കാം. പത്ത് ശതമാനത്തിൽ കുറഞ്ഞ അംഗങ്ങളുള്ളവരെ ഒരു ഗ്രുപ്പായി മാത്രമേ അംഗീകരിക്കുകയുള്ളു. എന്നാൽ അതിന് സഭയ്ക്ക് അകത്ത് മാത്രമാണ് അതിന് സാധുതയുള്ളത്. പുറത്ത് അത്തരം പരിഗണനയോ നിയന്ത്രണങ്ങളോ ഇല്ല.
സഭയ്ക്കുള്ളിൽ അംഗങ്ങള്‍ക്ക് സമയം നൽകുക, മുറികൾ അനുവദിക്കുക എന്നിവയ്ക്ക് മുൻഗണന നൽകുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിന് വേണ്ടി മാത്രമായിരുന്നു ആ തീരുമാനം. എന്നാൽ അത് സ്പീക്കറുടെ നിർദേശം മാത്രമാണ്, റൂൾ പോലുമല്ല. അതിലൊന്നും പ്രതിക്ഷ നേതാവ് എന്നതിന് കുറിച്ച് പറയുന്നില്ല.
അതേസമയം, പത്ത് ശതമാനം അംഗങ്ങൾ ഉള്ളതാണ് പാർട്ടി. അതിനാൽ അവരുടെ നേതാവാണ് പ്രതിപക്ഷ നേതാവ് എന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ഇതിലൂടെയാണ് ആ തരത്തിലുള്ള വാദം ഉയർന്നുവന്നത്. എന്നാൽ, നിയമം ഉണ്ടാക്കിക്കഴിഞ്ഞാൽ അതിനൊന്നും പ്രാധാന്യമില്ല. നിയമമാണ് ശരി.
ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്ത് കോൺഗ്രസിന് പ്രതിപക്ഷ സ്ഥാനം നൽകിയിരുന്നില്ല
അത്, തെറ്റായ തീരുമാനം ആയിരുന്നു. എന്നാൽ അതിനെതിരെ കോൺഗ്രസ് നിയമ നടപടി സ്വീകരിച്ചിരുന്നില്ല. അവർ കോടതിയെ സമീപിക്കണമായിരുന്നു. നിയമ പോരാട്ടം തുടരണമായിരുന്നു. മോദി സർക്കാർ സ്ഥാനം അനുവദിക്കാതിരുന്നതിന് രാഷ്ട്രീയ പരമായ കാര്യങ്ങൾ ഉണ്ടായിരുന്നു.
ചരിത്രത്തിലെ മുൻ അനുഭവങ്ങൾ, രാജീവ് ഗാന്ധിയുടെ നിലപാട് തിരിച്ചടിയായിരുന്നോ
ഇന്ദിരാ ഗാന്ധിയുടെ മരണശേഷം 410 സീറ്റുകളിൽ വിജയിച്ച് രാജീവ് ഗാന്ധി അധികാരത്തിൽ വന്ന സമയം. അന്ന് പ്രതിപക്ഷം ശുഷ്കമായിരുന്നു. പിടിച്ച് നിന്ന എൻ ടി രാമ റാവുവിന്റ തെലുങ്ക് ദേശമായിരുന്നു വലിയ പാര്‍ട്ടി. അവരായിരുന്ന പ്രതിപക്ഷം. അന്ന് പക്ഷേ സ്ഥാനം നൽകാൻ സ്പീക്കറോ സർക്കാറോ തയ്യാറായില്ല. പ്രാദേശിക പാർട്ടിക്ക് സ്ഥാനം നൽകുന്നതിലെ വിമുഖതയായിരുന്നിരിക്കണം ഇതിന് പിന്നിൽ.
അന്ന് കോൺഗ്രസ് നൽകിയില്ല, പിന്നെ ഇപ്പോൾ എന്തിന് ഞങ്ങൾ നൽകണം എന്ന് ചിന്തിച്ചുകാണണം ബിജെപി കഴിഞ്ഞ തവണ. പക്ഷേ കോടതിയെ സമീച്ചിരുന്നെങ്കിൽ സ്ഥാനം ലഭിക്കുമായിരുന്നു. കാരണം നിയമം അതാണ്.
എന്നാൽ കോൺഗ്രസിന് പ്രതിപക്ഷ സ്ഥാനം നൽകാതിരുന്ന ബിജെപി ഡൽഹിയിൽ പ്രതിപക്ഷ സ്ഥാനം ഏറ്റെടുത്തു. 70 സീറ്റിൽ നാലു സീറ്റില്‍ മാത്രമാണ് ബിജെപി ജയിച്ചത്. എന്നിട്ടുപോലും അവർക്ക് സ്ഥാനം ലഭിച്ചിട്ടുണ്ട്. അത് ഈ നിയമം അനുസരിച്ചാണ്. നിയമപരമായി കോൺഗ്രസിന് അവകാശമുണ്ടെന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
മോദിയുടെ രണ്ടാം വരവ്, എങ്ങനെ വിലയിരുത്തുന്നു
മോദിയുടെ രണ്ടാം വരവിനെ അത്ഭുതമെന്ന് തന്നെ പറയേണ്ടിവരും. മോശം പ്രകടനം കാഴ്ചവച്ച ഒരു സർക്കാർ മുൻവർഷത്തേക്കാൾ കൂടുതൽ സീറ്റുൾ നേടുക എന്നത് അവരെ സംബന്ധിച്ച് വലിയ നേട്ടമാണ്.
ദുർബലതകളെ, ദേശീയത ഉയർത്തി പിടിച്ച് മറികടന്നുള്ള വിജയം അതായിരുന്നോ സംഭവിച്ചത്?
മോദി മികച്ച ആശയ വിനിമയ ശേഷിയുള്ള വ്യക്തിയാണ്, ജനങ്ങൾക്ക് മുന്നിൽ അവർക്ക് മനസിലാകുന്ന ഭാഷയിൽ കാര്യങ്ങൾ തറപ്പിച്ച് പറയുന്ന നേതാവാണ്. അദ്ദേഹത്തിന് കാര്യങ്ങൾ അവതരിപ്പിക്കാൻ പ്രത്യേകം ശൈലി തന്നെയുണ്ട്. ദേശീയത എന്നത് വടക്കേ ഇന്ത്യയിൽ എന്നും ഒരു വിഷയം തന്നെയാണ്. പാകിസ്താൻ അവിടെ ഉള്ളതിനാൽ ഈ ദേശീയത ഉയർത്തിക്കാട്ടാന്‍ എളുപ്പമാണ്. അത്തരം ഒരു ശ്രമം നടന്നിട്ടുണ്ടെങ്കിൽ അത് തികച്ചും ബോധപൂർവമാണ്.
എന്താണ് പ്രതിപക്ഷത്തിന്റെ റോൾ
പാർലമെന്റിന്റെ ശബ്ദം എന്ന പറയുന്നത് പ്രതിപക്ഷമാണ്, ജനങ്ങളുടെ ശബ്ദമാണ് അവർ. പ്രതിപക്ഷം ശക്തമായിരിക്കണം. ശക്തരായ നേതാക്കൾ പാർലമെന്റിലെത്തണം. ഇത് ഉറപ്പാക്കേണ്ടത് പാർട്ടികളുടെ ഉത്തര വാദിത്വമാണ്. ഭാഷാ പ്രാവീണ്യം ഉള്ള നേതാക്കളെ സഭയിലെത്തിലെക്കിക്കാൻ പാർട്ടികൾ ശ്രദ്ധിക്കണം.
വൻ ഭുരിപക്ഷത്തോടെയാണ് മോദി സർക്കാർ അധികാരത്തിലെത്തിയത്. മോദിയെ പാർലമെന്റിൽ നേരിടാൻ ശക്തരായ നേതാക്കൾ പ്രതിപക്ഷത്ത് വേണമായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ അക്കാര്യം സംശയമാണ്. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ കാലത്ത് പ്രതിപക്ഷം വളരെ ശുഷ്കമായിരുന്നു. എന്നാൽ ഭരണ പക്ഷത്തെ ശീർഷാസനത്തിൽ നിർത്താൻ അവർക്ക് കഴിയുമായിരുന്നു. അതിന് പോന്ന അംഗങ്ങൾ അന്ന് സഭയിൽ ഉണ്ടായിരുന്നു.
ഇത്തരത്തിൽ ആരോഗ്യകരമായ ചർച്ചകളും മറ്റു നടക്കുമ്പോഴാണ് പാർലമെന്റിന്റെ പ്രവർത്തനം കാര്യക്ഷമാവുന്നത്. ശക്തരായ നേതാക്കളില്ലെങ്കിൽ, മോദിയെ എതിരിടാന്‍ പോന്ന പ്രതിഭകളില്ലെങ്കിൽ പ്രതിപക്ഷം നിഷ്പ്രഭരാകും. അത്തരം നേതാക്കളെ സഭയിലെത്തിക്കേണ്ടത് പാർട്ടികൾ ശ്രദ്ധേക്കേണ്ടതായിരുന്നു.
ഇടത് പക്ഷത്തിന്റെ ഇന്നത്തെ അവസ്ഥ
ഒരു കാലത്ത് പ്രതിപക്ഷത്തിന്റെ ശക്തമായ റോൾ മികച്ച രീതിയിൽ നടപ്പാക്കിയത് ഇടത് പക്ഷമാണ്. ബംഗാളിൽ നിന്നുള്ള ഗ്രൂപ്പ് ശക്തമായിരുന്നു. സോമനാഥ് ചാറ്റർജി, ഇന്ദ്രജിത്ത് ഗുപ്ത തുടങ്ങിയവർ പാർലമെന്റിനെ കോരിത്തരിപ്പിച്ച നേതാക്കളായിരുന്നു. ശക്തമായിരുന്ന ശബ്ദമായിന്നു അവർ. വലിയ വാഗ്മികൾ. ഇടതിന്റെ ശബ്ദം വളരെ ശക്തവും നിർണായകവുമായിരുന്നു അന്ന്. ഇടതിന്റെ ശബ്ദം കുറഞ്ഞതോടെ പാർലമെന്റിന്റെ ആകെയുള്ള ശക്തിപോലും കുറഞ്ഞെന്നാണ് അഭിപ്രായം.
ഇത്തവണയും വനിതാ പ്രതിനിധ്യം ലോക്സഭയില്‍ തുച്ഛമാണ്. വനിതാ സംവരണ ബില്ലിന് എന്താണ് സംഭവിച്ചത്?
വനിതാ സംവരണ ബില്ലിന്റെ തുടക്കം മുതലുള്ള ചർച്ചകളിൽ അറിഞ്ഞിരുന്ന വ്യക്തിയാണ് ഞാൻ. ബില്ല് സംബന്ധിച്ച ചർച്ചകളിൽ തുടക്കം മുതൽ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച വ്യക്തികളായിരുന്നു മുലായം സിങ്ങ് യാദവും, ലാലു പ്രസാദ് യാദവും. ബില്ല് ചർച്ചക്കെടുത്തപ്പോൾ പോലും അതിനെതിരെ ഇവർ സംസാരിച്ചിരുന്നു. എന്നാല്‍ പാസ്സായ ദിവസം ബില്ലിനെ അനുകൂലിച്ച ഭരണ പക്ഷത്തെ പ്രമുഖർ പോലും ഈ നേതാക്കളെ അനുമോദിക്കുന്നതാണ് കണ്ടത്.
തങ്ങൾക്ക് പറയാൻ കഴിയാത്തത് അവർ പറഞ്ഞെന്ന വികാരമായിരുന്നു അവിടെ പ്രതിഫലിച്ചത്. ഇതൊരു വിഷയമാക്കി കൊണ്ടു നടക്കുകയാണ് പാർട്ടികളുടെ ലക്ഷ്യം. പ്രമുഖ പാർട്ടികളിലെ വനിതകൾക്ക് പോലും ഇതിൽ താൽപര്യമില്ലെന്ന് കരുതേണ്ടിവരും.
പിഡിടി ആചാരി/ അഭിമുഖം വീഡിയോ കാണാം..