പെരിയ ഇരട്ടക്കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് അനേഷണം ഇന്നു മുതല്‍ ആരംഭിക്കും
പെരിയ ഇരട്ടക്കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് അനേഷണം ഇന്നു മുതല്‍ ആരംഭിക്കും. ഐ ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. ഇതുവരെയുള്ള രേഖകളും ഫയലുകളും നിലവവിലെ അന്വേഷണ സംഘം ക്രൈംബ്രാഞ്ചിന് കൈമാറും.
പിടിയിലായിരിക്കുന്ന പ്രതികളെ ചോദ്യം ചെയ്തുകൊണ്ടായിരിക്കും ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം ആരംഭിക്കുക എന്നറിയിരുന്നു. പ്രതികളെയെല്ലാം കസ്റ്റഡിയില്‍ വാങ്ങുകയാണ് ആദ്യം ലക്ഷം. ഒന്നാം പ്രതി പീതംബരന്റെയും രണ്ടാം പ്രതി സജി ജോര്‍ജിന്റെയും കസ്റ്റഡി കാലാവധിയും ഇന്നു തീരുകയാണ്. ഇരുവരെയും മറ്റ് അഞ്ച് പ്രതികള്‍ക്കൊപ്പം കസ്റ്റിഡിയില്‍ കിട്ടുന്നതിന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെടുമെന്നാണ് വിവരം.
ശരത്ത് ലാല്‍, കൃപേഷ് എന്നീ യൂത്ത് കോണ്‍ഗ്രസുകാര്‍ കൊല്ലപ്പെട്ട് ഒരാഴ്ച്ച തികയുമ്പോഴാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നത്. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം പീതാംബരന്‍ അടക്കം ഏഴു പ്രതികളെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ഒരാള്‍ക്ക് കൂടി കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. എന്നാല്‍ ഇയാളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
തന്നെ മര്‍ദ്ദിച്ചതിന്റെ വൈരാഗ്യമാണ് ശരത്തിനെയും കൃപേഷിനെയും കൊന്നതിനു പിന്നില്‍ എന്നാണ് പിതാംബരന്‍ മൊഴി നല്‍കിയിരിക്കുന്നതെങ്കിലും രണ്ടു കൊലപാതകങ്ങള്‍ക്കു പിന്നിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നാരോപണം ക്രൈംബ്രാഞ്ചിന് അന്വേഷിക്കേണ്ടി വരും. സിപിഎം ജില്ല നേതൃത്വങ്ങളുടെയും ഉദുമ എംഎല്‍എയുടെയും നേര്‍ക്ക് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കേവലം വ്യക്തിവൈരാഗ്യമല്ല കൊലപാതകങ്ങള്‍ക്ക് കാരണമെന്നും പാര്‍ട്ടിയുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതകങ്ങളാണിതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.
അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ അടക്കം അതൃപ്തി പറയുന്നുണ്ട്. ഇരട്ടക്കൊലപാതക കേസുകള്‍ സിബിഐ അന്വേഷിക്കണമെന്നണ് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്നും രണ്ടു കുടുംബങ്ങളും പറഞ്ഞിരുന്നു. നേരത്തെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും പ്രതിപക്ഷ നേതാവും ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരേ രംഗത്തു വന്നിരുന്നു. നീതിപൂര്‍വമായ അന്വേഷണം ക്രൈംബ്രാഞ്ച് നടത്തില്ലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമാണ് ഇങ്ങനെയൊരു അന്വേഷണ സംഘത്തെ നിയോഗിച്ചതെന്നുമാണ് വിമര്‍ശനം. ഐ ജി ശ്രീജിത്തിനെതിരേയും ആക്ഷേപങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിക്കാന്‍ സിപിഎമ്മിനെ സഹായിച്ചിട്ടുണ്ടെന്നാണ് ശ്രീജിത്തിനെതിരേയുള്ള ആക്ഷേപം. കൊലപാതകങ്ങള്‍ക്കു പിന്നില്‍ സിപിഎം ഉന്നതന്മാര്‍ ഉണ്ടെന്നും അവരിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം വിട്ടുകൊടുത്തിരിക്കുന്നതെന്നുമാണ് കോണ്‍ഗ്രസ് ആരോപണം. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അട്ടിമറി നടത്തി സിപിഎമ്മിനെ സഹായിച്ച ശ്രീജിത്തിനെ തന്നെ പെരിയ ഇരട്ടക്കൊലപാതക കേസും നല്‍കിയത് സിപിഎം നേതാക്കളെ രക്ഷിക്കാനാണെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കം ആരോപിച്ചിരുന്നത്. ഇത്തരത്തില്‍ വിമര്‍ശനങ്ങളും എതിര്‍പ്പുകളും ശക്തമായി നിലനില്‍ക്കുന്നതിനിടിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നത്.