UPDATES

വിപണി/സാമ്പത്തികം

പെട്രോള്‍, ഡീസല്‍ കൊള്ള വില; ജനജീവിതം കട്ടപ്പുറത്ത്

എണ്ണക്കമ്പനികള്‍ വിലയിടുന്നതിന്റെ മാനദണ്ഡമെന്താണെന്നത് പൊതുജനങ്ങള്‍ക്ക് ഇന്നും വ്യക്തമല്ല

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ നിരക്കിലാണ് ഇപ്പോള്‍ കേരളത്തിലെ ഇന്ധനവില. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് പെട്രോള്‍ വില 78.65 രൂപയാണ് mypetrolprice.com പറയുന്നു. ഇന്നലത്തെ വിലയേക്കാള്‍ 13 പൈസയുടെ വര്‍ദ്ധനവാണ് ഇത്. ഡീസല്‍ വിലയും ഇന്നലത്തേതിനെ അപേക്ഷിച്ച 27 പൈസ വര്‍ദ്ധിച്ച് 71.56 രൂപയായിട്ടുണ്ട്. ഇന്നലെ തന്നെ സര്‍വകാല റെക്കോര്‍ഡിലെത്തിയ ഇന്ധന വിലയാണ് ജനങ്ങളുടെ നെഞ്ചില്‍ തീ കോരിയിട്ട് ഇന്നും കുതിക്കുന്നത്.

കണ്ണൂരില്‍ പെട്രോളിന് 77.64 രൂപയും ഡീസലിന് 70.63 രൂപയും കൊച്ചിയില്‍ ഇത് യഥാക്രമം 78.61, 71.52 എന്നിങ്ങനെയാണെന്നും വരുമ്പോള്‍ കേരളത്തിലെ മറ്റ് ജില്ലകളുടെ അവസ്ഥയും പരിതാപകരമാണെന്ന് വ്യക്തമാകും. അതേസമയം ബംഗളൂരു, ചെന്നൈ, പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹി എന്നിവിടങ്ങളില്‍ കേരളത്തെ അപേക്ഷിച്ച് ഇന്ധനവില കുറവാണ്. കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിലാകട്ടെ പെട്രോളിന് കേവലം 64.39ഉം ഡീസലിന് 61.86ഉം രൂപ മാത്രമാണ് വിലയുള്ളത്. അഞ്ച് വര്‍ഷമായി ഇന്ധനവിലയില്‍ ഈ അസാമാന്യമായ കുതിപ്പ് തുടരുന്നുണ്ടെങ്കിലും 2018 ആരംഭിച്ചതിന് ശേഷമാണ് നിയന്ത്രണാധീതമായതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈവര്‍ഷം ജനുവരി 1ന് 73.77 രൂപയായിരുന്നു പെട്രോളിന്റെ വില. ഇതാണ് ഇന്ന് 4.88 രൂപ വര്‍ദ്ധിച്ച് 78.65ല്‍ എത്തിനില്‍ക്കുന്നത്. ഫെബ്രുവരി മാസം ഒന്നാം തിയതി 76.97 രൂപയായിരുന്ന പെട്രോള്‍ വില മാര്‍ച്ച് 1ന് 75.43 ആയി കുറഞ്ഞിരുന്നു. എന്നാല്‍ ഏപ്രിലില്‍ എല്ലാ നിയന്ത്രണവും വിട്ട് കുതിക്കുന്ന പെട്രോള്‍ വിലയാണ് നാം കണ്ടത്. ഇന്ന് 71.56ല്‍ എത്തിനില്‍ക്കുന്ന ഡീസല്‍ വില ഏപ്രില്‍ 24ന് 69.15 രൂപയായിരുന്നു. ഒരുവര്‍ഷം മുമ്പാകട്ടെ 62.75ഉം. മാര്‍ച്ച് 26ന് പെട്രോള്‍ വില 76.76 രൂപയായിരുന്നു. ഒരു വര്‍ഷം മുമ്പ് 72.47 രൂപയും.

രാജ്യാന്തര തലത്തിലെ ക്രൂഡോയിലിന്റെ വിലവര്‍ദ്ധനവാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. എന്നാല്‍ ഇന്ധനവില ഇതിന് മുമ്പ് ഉയര്‍ന്നു നിന്ന 2013-14 കാലത്തെ ക്രൂഡോയിലിന്റെ വിലയുടെ പകുതി മാത്രമേ ഇപ്പോഴുള്ളൂവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യ ഇപ്പോള്‍ സംസ്‌കരിച്ച പെട്രോളിയം ഇറക്കുമതി ചെയ്യുന്നില്ല. പകരം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുകയും അത് പൊതുമേഖല, സ്വകാര്യ മേഖലകളിലെ റിഫൈനറികളില്‍ സംസ്‌കരിച്ച് പെട്രോളിയം ഉല്‍പ്പന്നമാക്കുകയുമാണ് ചെയ്യുന്നത്. അന്താരാഷ്ട്ര കമ്പോളമാണ് ക്രൂഡോയിലിന്റെ വില നിശ്ചയിക്കുന്നതെങ്കിലും ഇറക്കുമതി തീരുവ കൂടി ചേരുന്നതോടെ ഇവിടെയെത്തുമ്പോള്‍ വില വര്‍ദ്ധിക്കും. കൂടാതെ സംസ്‌കരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില റിഫൈനറികളാണ് നിശ്ചയിക്കുന്നത്. അതിനാല്‍ തന്നെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനാകാത്ത സാഹചര്യമാണ് ഉള്ളത്. എന്നാല്‍ എണ്ണക്കമ്പനികള്‍ വിലയിടുന്നതിന്റെ മാനദണ്ഡമെന്താണെന്നത് പൊതുജനങ്ങള്‍ക്ക് ഇന്നും വ്യക്തമല്ല.

ഇന്ധന വില; പോക്കറ്റടിക്കാര്‍ നാണിക്കുന്ന കൊള്ള

തൊണ്ണൂറുകളുടെ അവസാനം ഇടവിട്ട് ആരംഭിച്ച ഇന്ധനവില വര്‍ദ്ധനവാണ് ഇന്ന് ഒരു ദൈനംദിന പ്രക്രിയയായി മാറിയിരിക്കുന്നത്. അതേസമയം 1994 മുതലുള്ള പതിനഞ്ച് വര്‍ഷമായി ക്രൂഡോയിലിന്റെ വിലയില്‍ വലിയ വ്യതിയാനം സംഭവിച്ചിട്ടില്ലെന്ന് ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓണ്‍ ഇന്ത്യന്‍ എക്കണോമി, ആര്‍ബിഐ പുറത്തുവിട്ട 2011ല്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പെട്രോളിയം വിലയില്‍ കുത്തനെയുള്ള വര്‍ദ്ധനവാണ് ഇക്കാലയളവില്‍ ഇന്ത്യയില്‍ സംഭവിച്ചിട്ടുള്ളതെന്നും ഇതേ കണക്കുകളില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ പെട്രോളിയം വിലവര്‍ദ്ധനവിനെ ന്യായീകരിക്കാന്‍ സര്‍ക്കാരും എണ്ണക്കമ്പനികളും അന്താരാഷ്ട്ര വില സൂചികകളെ പഴിചാരുന്നത് ഒരു വലിയ കബളിപ്പിക്കലാണെന്ന് ഇതില്‍ നിന്നും വ്യക്തമാകും.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള തീരുവയായാണ് നാം പെട്രോളിനും ഡീസലിനും മുടക്കുന്ന തുകയുടെ പകുതിയോളം പോകുന്നത്. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് കേന്ദ്രപെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിട്ടും ധനകാര്യമന്ത്രാലയം അതിന് തയ്യാറായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ തീരുവ കുറയ്ക്കട്ടെയെന്നാണ് കേരള ധനമന്ത്രി തോമസ് ഐസക് നിലപാടെടുത്തിരിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തീരുവ കുറയ്ക്കാന്‍ ഇനിയും തയ്യാറായില്ലെങ്കില്‍ ഈവര്‍ഷം പതുകിയാകുന്നതിന് മുമ്പ് തന്നെ പെട്രോള്‍ വില 80 കടക്കുമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

ഒരു ഇടയില്‍ നില്‍ക്കുന്ന ഉല്‍പ്പന്നം (interimediate input) എന്ന നിലയില്‍ സുപ്രധാനമായ പങ്കാണ് പെട്രോളിയം ഉള്‍പ്പന്നങ്ങള്‍ക്ക് ലോകസാമ്പത്തിക രംഗത്തുള്ളത്. പെട്രോള്‍ വില വര്‍ദ്ധിക്കുമ്പോള്‍ യാത്രാ ചെലവ് മാത്രമല്ല ദൈനംദിന ജീവിതച്ചെലവ് കൂടിയാണ് വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇന്ധനവിലയില്‍ ഏതാനും രൂപയുടെ വര്‍ദ്ധനവുണ്ടായപ്പോള്‍ ജനങ്ങളുടെ ജീവിതച്ചെലവിലുണ്ടായ വര്‍ദ്ധനവ് വളരെ വലുതാണ്. ഭക്ഷ്യവസ്തുക്കള്‍ക്കും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും ഒരു വര്‍ഷത്തിനിടെയുണ്ടായ വര്‍ദ്ധനവ് ശ്രദ്ധിച്ചാല്‍ തന്നെ ഇക്കാര്യം മനസിലാകും. ജനങ്ങളുടെ ജീവിതച്ചെലവിനൊപ്പം പണപ്പെരുപ്പ നിരക്ക് കൂടിയാണ് വര്‍ദ്ധിക്കുന്നത്. ഇത് നമ്മുടെ സാമ്പത്തിക രംഗത്തെയും ജനജീവിതത്തെയും താറുമാറാക്കും.

ഇന്ധനവില: സര്‍ക്കാര്‍ പറയുന്നതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? ഇതാ കണക്കുകള്‍

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍