UPDATES

വൈറല്‍

കര്‍ണാടകയിലും സംഘപരിവാര്‍ കളിച്ചത് ഫോട്ടോഷോപ്പ് തട്ടിപ്പ്: ലിങ്കായത്ത് കത്തോലിക്ക പള്ളിയെന്ന് പ്രചരണം

ലിങ്കായത്ത് വിഷയത്തില്‍ ഏറെ നാളായി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളുടെ കൂട്ടത്തിലുള്ളതാണ് ഇതെന്നും തെളിഞ്ഞു

‘കന്നഡിഗരേ ഇതാണ് കര്‍ണാടകത്തില്‍ മിഷനറിമാര്‍ നടത്തുന്ന ആത്യന്തികമായ ജോലി. അതാണ് ലിങ്കായത്ത് കത്തോലിക. ഈ ദുഷ്ടന്മാരായ മിഷനറിമാര്‍ പാവം ഹിന്ദുക്കളെ വിഡ്ഢികളാക്കുകയാണ്. കുറച്ച് പണത്തിന് വേണ്ടി അവര്‍ ആ കുരുക്കില്‍ വീഴുന്നു. ഇവര്‍ക്ക് ഇനിയെങ്കിലും സുഷമ സ്വരാജ് വിസ അനുവദിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു’ ഡോ. ശ്രദ്ധ16 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റ് ആണിത്. ലിംഗായത്ത് കത്തോലിക് ചര്‍ച്ച് എന്ന പേരുള്ള ഒരു ക്രിസ്ത്യന്‍ പള്ളിയുടെ ചിത്രം ഉള്‍പ്പെടെയാണ് ഈ ട്വീറ്റ് പ്രചരിക്കുന്നത്. 2018 കര്‍ണാടകയിലെ ബംഗളൂരുവില്‍ 2018 ഏപ്രില്‍ 16ന് ആരംഭിച്ചുവെന്നാണ് പള്ളിയുടെ പേരിന്റെ അടിയില്‍ എഴുതി വച്ചിരിക്കുന്നത്. ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ഈ ചിത്രങ്ങള്‍ വന്‍തോതിലാണ് പ്രചരിക്കുന്നത്. ഏകദേശം നാലര ലക്ഷത്തോളം പേര്‍ പിന്തുടരുന്ന സന്‍സ്‌ക്രിതി എന്ന പേജിലൂടെയാണ് ഫേസ്ബുക്കില്‍ ഇത് പ്രചരിക്കുന്നത്. ‘ഇപ്പോള്‍ ഇതില്‍ എന്ത് അത്ഭുതം’ എന്ന ക്യാപ്ഷനുമായാണ് ചിത്രം പ്രചരിപ്പിക്കുന്നത്.

ലിങ്കായത്തുകളെ മതന്യൂനപക്ഷമായി കണക്കാക്കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ തീരുമാനം ഏറെ വിവാദമായിരുന്നു. സമീപ കാലത്ത് ജയിനന്മാരെയും മതന്യൂനപക്ഷമായി ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നു. അതേസമയം ഒരു മത കത്തോലിക്ക വിഭാഗത്തില്‍ ചേര്‍ന്നാല്‍ അവയെ പിന്നീട് ന്യൂനപക്ഷ വിഭാഗമായി കണക്കാക്കാന്‍ സാധിക്കില്ല. ലിങ്കായത്ത് കത്തോലിക്ക പള്ളിയെന്ന് അവകാശപ്പെട്ട് പ്രചരിച്ച ചിത്രങ്ങളെക്കുറിച്ച് അതിനാല്‍ തന്നെ ആള്‍ട് ന്യൂസ് അന്വേഷണം നടത്തിയിരുന്നു.

ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സര്‍ച്ച് എന്ന സംവിധാനം വഴിയായിരുന്നു അവര്‍ അന്വേഷണം നടത്തിയത്. മഹാരാഷ്ട്രയിലെ ദാഹനുവില്‍ സ്ഥിതി ചെയ്യുന്ന ഔര്‍ ലേഡി ഓഫ് ഡോളോഴ്‌സ് പള്ളിയുടെ ചിത്രവുമായി മാത്രമാണ് ഈ ചിത്രത്തിന് സാമ്യമുള്ളതെന്ന് ആള്‍ട് ന്യൂസ് പുറത്തുവിട്ട സ്‌ക്രീന്‍ ഷോട്ടില്‍ പറയുന്നു. താനെ ജില്ലയിലെ ഒരു തീരദേശ പ്രദേശമാണ് ദാഹനു. ദാഹനു സന്ദര്‍ശിച്ച ഒരു ബ്ലോഗര്‍ ആണ് ഈ ചിത്രങ്ങള്‍ പകര്‍ത്തി ബ്ലോഗില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ 2012 ഏപ്രില്‍ 14ന് ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നു.

ഈ പള്ളിയുടെ ചിത്രത്തില്‍ ഫോട്ടോഷോപ്പ് ചെയ്താണ് ബംഗളൂരുവില്‍ നിര്‍മ്മിച്ച പുതിയ പള്ളിയാണിതെന്ന് ചിത്രീകരിച്ചത്. ലിങ്കായത്ത് വിഷയത്തില്‍ ഏറെ നാളായി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളുടെ കൂട്ടത്തിലുള്ളതാണ് ഇതെന്നും ആള്‍ട്ട് ന്യൂസ് പറയുന്നു. അടുത്തിടെ ലിങ്കായത്ത് വിഷയം ഗ്ലോബല്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍, വേള്‍ഡ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ എന്നിവയുടെ പ്രോത്സാഹനത്തോടെയാണ് നടക്കുന്നതെന്ന് കാണിച്ച് കര്‍ണാടക മന്ത്രി എംപി പാടില്‍ സോണിയ ഗാന്ധിയ്ക്ക് അയച്ച് കത്തെന്ന പേരില്‍ പ്രചരിച്ച കത്തും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

ലിങ്കായത്ത് പ്രശ്‌നത്തില്‍ പള്ളിയുടെ ഇടപെടല്‍ ചൂണ്ടിക്കാണിക്കുന്ന ഒരു വ്യാജ മെയില്‍ നേരത്തെ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയും ഷെയര്‍ ചെയ്തിരുന്നു. കോണ്‍ഗ്രസും രാജ്യത്തെ ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളുമാണ് ലിങ്കായത്ത് പ്രശ്‌നങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് തീവ്രവലതുപക്ഷ വിഭാഗങ്ങളാണ് പ്രചരിപ്പിക്കുന്നത്.

ഇത്തരം ആസൂത്രണങ്ങളാണ് ബിജെപിയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിക്കുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ ജെ ജേക്കബ് നിരീക്ഷിക്കുന്നു. ‘മൈക്രോ ലെവല്‍-വേണമെങ്കില്‍ നാനോ ലെവലില്‍ എന്നും പറയാം, നടത്തുന്ന ആസൂത്രണങ്ങളാണ് ആ പാര്‍ട്ടിയുടെ വിജയത്തിന് കാരണം. പ്രോഗ്രാം ചെയ്യുന്നത് വോട്ടെണ്ണല്‍ യന്ത്രങ്ങളെയല്ല, പ്രചാരണത്തെയാണ്. ജയിക്കുന്നത് തിരഞ്ഞെടുപ്പല്ല, സീറ്റുകളാണ്. പറയുന്നത് രാഷ്ട്രീയമല്ല, വോട്ടര്‍ക്ക് കേള്‍ക്കാനിഷ്ടമുള്ള കാര്യങ്ങളാണ്. അടിസ്ഥാനപരമായി വെറുപ്പ് ഉല്‍പാദിപ്പിക്കാനുള്ള നുറുങ്ങുകള്‍’. എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍