UPDATES

ട്രെന്‍ഡിങ്ങ്

‘വിധി കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ നമുക്ക് ചെയ്യാമല്ലോ?’ ശശികലയുടെ ഈ ചോദ്യത്തിലുണ്ട് സര്‍ക്കാരിനെ കാത്തുനില്‍ക്കുന്ന അഗ്നിപരീക്ഷയുടെ സൂചനകള്‍

യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന് കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ ഈ മണ്ഡലക്കാലത്തെങ്കിലും പ്രവേശിക്കാന്‍ യുവതികളെത്താനുള്ള സാധ്യത കൂടുതലാണ്

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി ഉത്തരവിന്മേലുള്ള പുനഃപരിശോധനാ ഹര്‍ജി ജനുവരി 22ന് തുറന്ന കോടതിയില്‍ പരിശോധിക്കാമെന്നാണ് ഇന്ന് ഹര്‍ജി പരിഗണിച്ച അടച്ച കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സെപ്തംബര്‍ 28ന്റെ വിധി റദ്ദാക്കിയെന്ന തരത്തിലാണ് വിധി പുറത്തു വന്നതിന്റെ ആദ്യ നിമിഷങ്ങളില്‍ തൊട്ട് പ്രചരിക്കുന്നത്. എന്നാല്‍ വിധി റദ്ദാക്കിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് വ്യക്തമായി പറഞ്ഞിരിക്കുന്നു. സ്റ്റേ ഇല്ലാത്ത സാഹചര്യത്തില്‍ ശബരിമലയില്‍ കയറാനുള്ള കോടതി വിധി ഇപ്പോഴും നിലനില്‍ക്കുകയാണ്.

ഭരണഘടനാപരമായ അവകാശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചത്. കോടതി വിധി അനുസരിച്ചേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകൂവെന്നും കോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിട്ടുള്ളത്. സുപ്രിംകോടതിയുടെ സെപ്തംബര്‍ 28ന്റെ വിധിക്ക് സ്റ്റേ ഇല്ലാത്തതിനാല്‍ തന്നെ ശബരിമല ചവിട്ടാനെത്തുന്ന യുവതികള്‍ക്കും അവിടെ പ്രവേശനം നല്‍കേണ്ടതുണ്ട്. അതിനുള്ള സുരക്ഷ ഒരുക്കാനുള്ള ഉത്തരവാദിത്വവും സര്‍ക്കാരിനുണ്ട്. സുരക്ഷ ഒരുക്കിയിട്ട് തന്നെ ഇവിടെയുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ തുലാ മാസ പൂജയ്ക്കായി ക്ഷേത്രം തുറന്ന അഞ്ച് ദിവസങ്ങളില്‍ നാം കണ്ടതാണ്.

യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന് കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ ഈ മണ്ഡലക്കാലത്തെങ്കിലും പ്രവേശിക്കാന്‍ യുവതികളെത്താനുള്ള സാധ്യത കൂടുതലാണ്. കാരണം 550ലേറെ പേരാണ് ഈ സീസണില്‍ ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിരിക്കുന്നത്. തൃപ്തി ദേശായിയെ പോലുള്ളവര്‍ മണ്ഡലക്കാലത്ത് ശബരിമലയിലെത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇവര്‍ക്ക് സുരക്ഷ നല്‍കാതിരിക്കുകയോ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ അത് കോടതി അലക്ഷ്യമാകും. ഇനി ഇത്തവണത്തേക്ക് കൂടി പഴയ അവസ്ഥ തുടരട്ടെയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചാലും ആരെങ്കിലും സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ കേസ് കൊടുത്താലും സര്‍ക്കാര്‍ കുരുക്കിലാകും.

ഇനി കോടതി വിധിയെ മാനിക്കാമെന്ന് കരുതിയാലും സര്‍ക്കാര്‍ വലിയ തലവേദന ഏറ്റെടുക്കേണ്ടി വരും. അഞ്ച് ദിവസങ്ങളില്‍ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാതിരിക്കാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ തെരുവില്‍ നടന്ന പ്രക്ഷോഭങ്ങള്‍ നാം കണ്ടതാണ്. സംയമനം പാലിച്ചിട്ടും പോലീസിന് ലാത്തി വീശേണ്ടിയും വന്നു. അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ പോലും ആക്രമിക്കപ്പെട്ടു. പലരും തങ്ങളുടെ പ്രായം ഇവര്‍ക്ക് മുന്നില്‍ തെളിയിക്കേണ്ട ഗതികേടിലായിരുന്നു. മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥകളുമെല്ലാം ആക്രമിക്കപ്പെട്ടു. ബിജെപിയാകട്ടെ ഈയവസരത്തെ കണ്ടിരിക്കുന്നത് ബാലികേറാമലയായിരുന്ന കേരളത്തില്‍ ഒന്നു വേര് പിടിക്കാനാണ്.

‘വിധി കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ നമുക്ക് ചെയ്യാമല്ലോ?’ എന്നാണ് ഹിന്ദു ഐക്യവേദി നേതാവും അയ്യപ്പ കര്‍മ്മ സമിതി വര്‍ക്കിങ് പ്രസിഡന്റുമായ കെ പി ശശികല വിധിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ പ്രതികരിച്ചത്. കോടതി വിധി സ്റ്റേ ചെയ്തിട്ടില്ല. പക്ഷെ ജനുവരി 22 വരെ സ്റ്റേ ചെയ്യാന്‍ ഞങ്ങള്‍ക്കറിയാം. അതിനുള്ള എല്ലാ ആസൂത്രണങ്ങളും പൂര്‍ത്തിയായി. ഈ തീരുമാനം പ്രതീക്ഷിച്ചുകൊണ്ട് തന്നെ ഞങ്ങള്‍ എല്ലാം ആസൂത്രണം ചെയ്തുകഴിഞ്ഞു. എത്ര ദിവസം എന്നത് പ്രശ്നമല്ല. ഇത്രയും ജനങ്ങളില്ലേ? എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളെ സംബന്ധിച്ച് അത് പാടുള്ള കാര്യമല്ല’ എന്നൊക്കെയാണ് ശശികലയുടെ അപകട സൂചനകളേറെയുള്ള വാക്കുകള്‍. സേവ് അയ്യപ്പ ഫോറം നേതാവ് രാഹുല്‍ ഈശ്വറിന്റെ വാക്കുകളിലും ഇത്തരം ദുസൂചന തന്നെയാണ് നിറഞ്ഞിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയും സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും.

ചുരുക്കത്തില്‍ ഇന്നത്തെ കോടതി പ്രഖ്യാപനം കൊണ്ട് നിലപാട് മാറ്റേണ്ട ബാധ്യത സര്‍ക്കാരിനെല്ല. അതേസമയം നാട്ടില്‍ കലാപമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വവുമുണ്ട്. എന്നാല്‍ കോടതി നടപ്പാക്കിയില്ലെങ്കില്‍ ഇത്രയും കാലം പറഞ്ഞ നിലപാടില്‍ നിന്ന് പിന്നോട്ട് പോകേണ്ടി വരും കൂടാതെ കോടതിയലക്ഷ്യമെന്ന വലിയൊരു കീറാമുട്ടിയും. ചുരുക്കത്തില്‍ ഈ മണ്ഡലകാലത്ത് സര്‍ക്കാരിനെ കാത്തിരിക്കുന്നത് വലിയൊരു അഗ്നിപരീക്ഷ തന്നെയാണ്.

ശബരിമല LIVE; വിധിക്ക് സ്റ്റേ ഇല്ല; പുനപ്പരിശോധനാ ഹരജികൾ ജനുവരി 22ന് തുറന്ന കോടതിയിൽ വാദം കേൾക്കും

‘ജയിച്ചാല്‍ നവംബര്‍ 16ന്, തോറ്റാല്‍ 15 ന് ശബരിമലയില്‍ എത്തണം’; പുനഃപരിശോധന ഹര്‍ജികള്‍ തള്ളിയാലുള്ള പ്ലാനുകള്‍ തയ്യാര്‍

ശബരിമല: പുനഃപരിശോധനയിലേക്ക് നയിച്ചത് വിധിയില്‍ ഇന്ദു മൽഹോത്ര എഴുതിയ വിയോജന കുറിപ്പ്

ശബരിമല സ്ത്രീ പ്രവേശനം; സ്‌റ്റേ അല്ല, തുറന്ന കോടതിയില്‍ വാദം; തീരുമാനം മണ്ഡല-മകരവിളക്ക് കാലത്തിനു ശേഷം

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍