UPDATES

ആചാരങ്ങൾ മാറേണ്ടവയാണ്; പുത്തരിക്കണ്ടത്തെ ഒരു മണിക്കൂർ പ്രസംഗത്തിൽ നിലപാട് പറഞ്ഞ്‌ പിണറായി/ പ്രസംഗത്തിന്റെ പൂര്‍ണരൂപം

കോണ്‍ഗ്രസിനുള്ളില്‍ ആര്‍എസ്എസ് മനോഭാവം രൂപംകൊണ്ടിരിക്കുന്നു
മുസ്ലിം ലീഗിന് വിശ്വാസമാണ് പ്രധാനമെങ്കില്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ അംഗീകരിക്കണം

കോണ്‍ഗ്രസിനുള്ളില്‍ ആര്‍എസ്എസ് മനോഭാവമുണ്ടായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ പ്രത്യേകം വിളിച്ചുചേര്‍ത്ത എല്‍ഡിഎഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് ഒരു പ്രത്യേക സാഹചര്യം രൂപപ്പെട്ടിരിക്കുന്നുവെന്നും ഈ സാഹചര്യത്തിലാണ് ഈ സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

നമ്മുടെ രാജ്യം ഒരു മതനിരപേക്ഷ രാഷ്ട്രമാണ്. മതനിരപേക്ഷതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്ന നിലപാടാണ് നമ്മുടെ സംസ്ഥാനം എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ഇന്നത്തെ രാജ്യത്തെ സാഹചര്യത്തില്‍ മതനിരപേക്ഷത ദുര്‍ബലപ്പെടുത്താനുള്ള ഒട്ടേറെ നീക്കങ്ങള്‍ പലകോണുകളില്‍ നിന്നുമുണ്ടായപ്പോള്‍- പ്രത്യേകിച്ച് രാജ്യം ഭരിക്കുന്നതിന് നേതൃത്വം കൊടുക്കുന്ന ആളുകളില്‍ നിന്ന് തന്നെ അത്തരത്തിലുള്ള നീക്കങ്ങളുണ്ടായപ്പോള്‍ അതിനെതിരെ ഉറച്ച ശബ്ദം നമ്മുടെ രാജ്യത്താകെ ഉയര്‍ന്നിട്ടുണ്ട്. കേരളം എല്ലാക്കാലത്തും അതിന്റെ മുന്‍പന്തിയില്‍ നിന്നിട്ടുണ്ട്. മതനിരുപേക്ഷതയുടെ കാവലാളുകളായി നമ്മുടെ നാടിനെ എല്ലാക്കാലത്തും കാണാന്‍ നമുക്ക് കഴിയും. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലുള്ളത് കൊണ്ട് മാത്രമല്ല നേരത്തെ മുതല്‍ക്കെ കേരളീയ മനസ് മതനിരപേക്ഷ തലം ശക്തിപ്പെടുത്തുന്നതിന് വേണ്ടി നിലകൊണ്ടതാണ്. ഇത് ദുര്‍ബലപ്പെടുത്താന്‍ പല നീക്കങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്. കേരളത്തിന്റെ മതനിരപേക്ഷ മനസിനെ ഉലക്കാനാകുമോയെന്ന് വര്‍ഗ്ഗീയശക്തികള്‍ പലപ്പോഴും നോക്കിയിട്ടുണ്ട്. മതനിരപേക്ഷതയ്‌ക്കെതിരെ രാജ്യത്താകെ യുദ്ധം പ്രഖ്യാപിച്ച് നടക്കുന്ന ആര്‍എസ്എസും സംഘപരിവാറും കേരളത്തിന്റെ മതനിരപേക്ഷ മനസ് ദുര്‍ബലപ്പെടണം എന്ന് ആഗ്രഹിച്ചവരാണ്. അതിന് ചില കര്‍മ്മപരിപാടികളും അവരിവിടെ സ്വീകരിച്ചിരുന്നു.

എന്നാല്‍ അതൊന്നും കേരളത്തില്‍ വിലപ്പോയില്ല എന്ന് നമുക്കറിയാം. ഇപ്പോള്‍ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ഒരു വിധി പുറപ്പെടുവിച്ചപ്പോള്‍ അതിന്റെ മേലെ വിശ്വാസികളായവരെ അണിനിരത്തി കേരളത്തിന്റെ നേരത്തെ പറഞ്ഞ മതനിരപേക്ഷ മനസ് ദുര്‍ബലപ്പെടുത്താനാകുമോ എന്നുള്ള ശ്രമമാണ് ബോധപൂര്‍വം നടന്നുകൊണ്ടിരിക്കുന്നത്. സ്വാഭാവികമായും അതിന്റെ മുന്നില്‍ ആര്‍എസ്എസും ബിജെപിയുമുണ്ടാകുമെന്ന് ഈ നാടിന്റെ ചരിത്രം അറിയാവുന്നവര്‍ക്ക് മനസിലാകുന്ന കാര്യമാണ്. എന്നാല്‍ അവര് മാത്രമല്ല, അവരോടൊപ്പം ഞങ്ങള്‍ മതനിരപേക്ഷമാണെന്ന് പറയുന്ന ചിലരും അണിനിരക്കുന്നതാണ് ഇവിടുത്തെ പ്രത്യേകത. ഇവര് നമ്മുടെ നാടിന്റെ വിശ്വാസ സമൂഹത്തിനിടയില്‍ വലിയ തെറ്റിദ്ധാരണ പടര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നത്. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഇടുതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരും എന്തോ മഹാ അപരാധം ചെയ്തിരിക്കുന്നു എന്ന് വിശ്വസിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.

മാത്രമല്ല, വിശ്വാസികള്‍ക്കിടയില്‍ എല്‍ഡിഎഫിനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും ഒറ്റപ്പെടുത്താനും വലിയ രീതിയില്‍ ശ്രമം നടക്കുകയാണ്. ഇക്കാര്യത്തില്‍ വിശ്വാസികളുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ വിശ്വാസവുമായി ബന്ധപ്പെട്ട എല്‍ഡിഎഫും സര്‍ക്കാരും ഇതേവരെ സ്വീകരിച്ചിട്ടുള്ള സമീപനം നമ്മുടെ നാടിന് വ്യക്തമായി അറിയാവുന്നതാണ്. മതനിരപേക്ഷത എന്ന് പറയുന്നത് ഏതൊരാള്‍ക്കും അയാളുടെ വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവകാശമാണ്. ഏത് മതത്തിലും വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും മതനിരപേക്ഷത അവകാശം നല്‍കുകയാണ്. കേരളത്തിലെ ഇടതുപക്ഷം അധികാരത്തില്‍ വന്ന എല്ലാഘട്ടങ്ങളിലും നമ്മുടെ സംസ്ഥാനത്ത് വിശ്വാസികള്‍ക്കോ വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കോ ഏതെങ്കിലും തരത്തിലുള്ള പോറലേല്‍പ്പിക്കുന്ന ഒരു നടപടിയും ഉണ്ടായില്ലെന്നത് ചരിത്ര യാഥാര്‍ത്ഥ്യമാണ്. ഏത് വിശ്വാസിക്കും തന്റെ വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്ന് കരുതുന്നവരാണ് ഞങ്ങള്‍. അതല്ലാത്ത നില ഏതെങ്കിലും ഘട്ടത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ടോ ആ ഘട്ടങ്ങളിലെല്ലാം തെറ്റായ നിലപാടിനെതിരെ ശക്തമായ നില സ്വീകരിച്ച് മതനിരപേക്ഷതയുടെ സംരക്ഷണത്തിന് നിലകൊണ്ടവരാണ് ഞങ്ങള്‍. ഇതൊന്നും നമ്മുടെ നാടിന് അറിയാത്ത കാര്യങ്ങളല്ല.

നമ്മുടെ നാട്ടില്‍ ഒരു സംശയവുമില്ല നമ്മുടെ സമൂഹത്തില്‍ വിശ്വാസികളാണ് കൂടുതല്‍. ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ അണിനിരന്നിട്ടുള്ളവരിലും വിശ്വാസികള്‍ തന്നെയാണ് കൂടുതല്‍. ഈ വിശ്വാസികളായിട്ടുള്ളവര്‍ അവരവരുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാനും ഇതിലൊന്നിലും വിശ്വസിക്കാത്തവര്‍ക്ക് ആ ധാരണ അനുസരിച്ച് ജീവിക്കാനും ഇവിടെ അവകാശമുണ്ട് എന്നതാണ് നാം അടിവരയിട്ട് കാണേണ്ടത്. അതിന് വേണ്ടിയാണ് എല്ലാക്കാലത്തും എല്‍ഡിഎഫും എല്‍ഡിഎഫ് സര്‍ക്കാരും നിലകൊണ്ടിട്ടുള്ളത്. ശബരിമലയുടെ കാര്യത്തിലും ഇതേ സമീപനം തന്നെയാണ്. ശബരിമലയില്‍ ഇപ്പോള്‍ ഉയര്‍ന്ന് വന്ന പ്രശ്‌നം ആപ്രശ്‌നത്തിന്റെ സത്തയിലേക്ക് നാം കടക്കുക. പത്ത് വയസ്സിനും അമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിന് പോകാന്‍ പാടുണ്ടോയെന്നതാണ് പ്രശ്‌നം. ഇത് ഇപ്പോള്‍ ഉയര്‍ന്നു വന്നതല്ല. നേരത്തെ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന ഒരു പ്രശ്‌നമാണ്. ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രത്യേക നിലപാടെടുത്തില്ല. എന്ന് പറഞ്ഞാല്‍ പത്ത് വയസിനും അമ്പത് വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിന് വേണ്ട്ി സര്‍ക്കാര്‍ എന്ന നിലയ്ക്ക് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

കേസുകളുടെ ചരിത്രമെടുത്താല്‍ ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പിന്നെ സര്‍ക്കാര്‍ ചെയ്യേണ്ടത് സാധാരണ നിലയില്‍ നിര്‍മ്മാണം നടത്തലാണ്. പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കേണ്ടതാണെന്ന് പറഞ്ഞുകൊണ്ട് ഒരു നിയമനിര്‍മ്മാണം നടത്താനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഒരു സര്‍ക്കാര്‍ ഉത്തരവും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് എങ്ങനെയാണ് ഒരു പ്രശ്‌നമായി ഉയര്‍ന്നുവന്നത്. ഒരു എസ് മഹേന്ദ്രന്‍ ഒരു കത്ത് ഹൈക്കോടതിയുടെ ജഡ്ജിക്ക് അയയ്ക്കുന്നു. ആ കത്ത് ഒരു പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിക്കാന്‍ ഹൈക്കോടതി തയ്യാറാകുന്നു. കത്തില്‍ മഹേന്ദ്രന്‍ ഉന്നയിച്ച പ്രശ്‌നങ്ങളുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ കയറുകയാണ്, അവിടെ വിഐപികളുടെ ഭാര്യമാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നു. അക്കാലത്ത് ഒരു മുന്‍ദേവസ്വം കമ്മിഷണര്‍ ചന്ദ്രിക ഉണ്ടായിരുന്നു. ചന്ദ്രികയുടെ പേരക്കുട്ടിക്ക് ചോറൂണ് ശബരിമലയില്‍ വച്ചാണ് നല്‍കിയത്. ഈ ചോറൂണ് നല്‍കുമ്പോള്‍ ചന്ദ്രികയോടൊപ്പം മകളും മറ്റ് വിവിധ പ്രായത്തിലുള്ള സ്ത്രീകളും ഉണ്ടായിരുന്നു. ഇതിന്റെ ചിത്രം ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു. അത് കോടതിയുടെ മുമ്പാകെ വരികയുണ്ടായി. കോടതിയില്‍ ഇക്കാര്യങ്ങളെല്ലാം എത്തിയതിന്റെ ഭാഗമായി കോടതി വിശദമായ പരിശോധനയിലേക്ക് കടന്നു.

പരിശോധന ആരംഭിച്ചപ്പോഴാണ് ചില കാര്യങ്ങള്‍ പുറത്തുവന്നത്. അത് കൊല്ലവര്‍ഷം 1115ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ശബരിമല ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു ആഘട്ടത്തില്‍ രാജാവിനോടൊപ്പം മഹാറാണിയുമുണ്ടായിരുന്നു. ദിവാനും ഉണ്ടായിരുന്നു. അപ്പോള്‍ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചിരുന്നോ എന്നതിന്റെ തെളിവായിട്ടാണ് ഈ കാര്യങ്ങള്‍ വന്നത്. മാത്രമല്ല, നിരവധി ഭക്തര്‍ കുട്ടികളുടെ ചോറൂണ് ശബരിമലയില്‍ വച്ച് നടത്തിയിട്ടുണ്ട്. അത് സ്ത്രീകളോടൊപ്പമാണ് ഇതും കോടതിയുടെ മുമ്പാകെ വരികയുണ്ടായി. കോടതിയുടെ മുമ്പാകെ വന്ന മറ്റൊരു കാര്യം പ്രതിമാസ പൂജകള്‍ക്കായി അമ്പലം തുറക്കുമ്പോള്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ ശബരിമലയില്‍ വരാറുണ്ട്. എന്നാല്‍ ആ ഘട്ടത്തില്‍ മണ്ഡലം, മകരവിളക്ക്, വിഷുക്കാലം ഈ ഘട്ടങ്ങളില്‍ അനുമതിയില്ലായിരുന്നു. അക്കാലത്തെ ഹിന്ദുമുന്നണിയുടെ സെക്രട്ടറി ശബരിമലയുടെ തന്ത്രി മഹേശ്വരര്‍ക്ക് അയച്ച കത്ത് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആ കത്തയച്ചത് ഇപ്പോള്‍ ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്ന നേരത്തെ ഈ കേരളത്തിലെ ബിജെപിയുടെ പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനാണ്. അതില്‍ അദ്ദേഹം പറഞ്ഞത് ശബരിമലയിലെ വിവാഹ ചടങ്ങ് നടക്കുന്നു, വനിതകളുടെ ഡാന്‍സ് നടക്കുന്നു, സിനിമാ ഷൂട്ടിംഗ് നടക്കുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് കുമ്മനം തന്ത്രിക്ക് കത്തയച്ചത്. ഈ കത്തിന് തന്ത്രി അയച്ച മറുപടി കോടതിയുടെ പരിശോധനയിലേക്ക് വന്നു. ഇതെല്ലാം പരിശോധിച്ച ശേഷം 1991 ഏപ്രില്‍ 5ന് ഹൈക്കോടതി വിധി പ്രഖ്യാപിച്ചു. ആ വിധിയില്‍ ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനാനുമതിയില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്.

അപ്പോള്‍ നേരത്തെയുണ്ടായിരുന്ന സ്ത്രീപ്രവേശനത്തിന് ഹൈക്കോടതി അറുതി വരുത്തുകയാണ് ചെയ്തത്. 91ന് ശേഷം ഇവിടെ അധികാരത്തില്‍ വന്ന എല്ലാ സര്‍ക്കാരുകളും ഈ വിധിയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നടത്തുകയാണ് ചെയ്തത്. അതിന്റെ ഭാഗമായി നമ്മുടെ സംസ്ഥാനത്ത് സ്ത്രീപ്രവേശനമുണ്ടായിരുന്ന ഒരു ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഇതാണ് സ്ത്രീപ്രവേശന നിഷേധത്തിന്റെ ചരിത്രം. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സുപ്രിംകോടതിയുടെ വിധി ഇക്കഴിഞ്ഞ സെപ്തംബര്‍ 28നാണ് ഉണ്ടായത്. സുപ്രിംകോടതി വിധി ഒരുദിവസം പെട്ടെന്ന് ഉണ്ടായതല്ല. 91ല്‍ ആരംഭിച്ച ഈ സമ്പ്രദായത്തിനെതിരെ 2006ല്‍ സുപ്രിംകോടതിയിലേക്ക് റിട്ട് പെറ്റീഷനുമായി ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് സെക്രട്ടറി ഭക്തി പ്രസീജ സേത്തി പോയി. ഇവര്‍ ആര്‍എസ്എസ് ബന്ധമുള്ളവരാണെന്ന് എല്ലാവര്‍ക്കും അറിയാം. 12 വര്‍ഷം ഇതുമായി ബന്ധപ്പെട്ട് കേസ് നടക്കുകയായിരുന്നു. ഈ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ അവര്‍ എതിര്‍കക്ഷിയാക്കി. അതുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് സത്യവാങ്മൂലം നല്‍കേണ്ട ബാധ്യതയുണ്ടായി. 2007ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ആ സത്യവാങ്മൂലം കോടതിയുടെ മുന്നില്‍ നില്‍ക്കുകയായിരുന്നു. 2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. 2016 വരെ അവര്‍ നേരത്തെയുള്ള സത്യവാങ്മൂലത്തില്‍ മാറ്റമൊന്നും വരുത്താന്‍ തയ്യാറായില്ല.

2016ല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരിക്കണം ആളുകളെ സ്വാധീനിക്കാന്‍ നല്ലൊരു മാര്‍ഗം ഇതാണെന്ന് കണ്ട് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം ഞങ്ങള്‍ ഉപേക്ഷിക്കുകയാണെന്ന് തീരുമാനിച്ചു. എന്ന് പറഞ്ഞാല്‍ അടിസ്ഥാനപരമായ പ്രശ്‌നം പുരുഷനും സ്ത്രീക്കും തുല്യഅവകാശമുണ്ടോയെന്നതാണ്. ഒരുകാര്യത്തിലും സ്ത്രീയുടെ നേരെ വിവേചനം പാടില്ല. പുരുഷനുള്ള എല്ലാ അവകാശവും സ്ത്രീക്കുമുണ്ടാകണം. ഇതാണ് എല്‍ഡിഎഫിന്റെ സമീപനം. യുഡിഎഫ് ആ സമീപനത്തില്‍ നിന്നും മാറി ഇവിടെ സ്ത്രീ പ്രവേശനം പാടില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. അത്തരമൊരു സത്യവാങ്മുലമാണ് യുഡിഎഫ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്. എല്ലാവര്‍ക്കും അറിയാം 2016ലെ തെരഞ്ഞെടുപ്പിലെന്ത് സംഭവിച്ചുവെന്ന്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. അതിന് ശേഷം ഈ സത്യവാങ്മൂലത്തിന്റെ കാര്യം ശ്രദ്ധയില്‍പ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രിംകോടതിയുടെ മുമ്പാകെ പറഞ്ഞു ഞങ്ങള്‍ ഈ പുതിയ സത്യവാങ്മൂലം അംഗീകരിക്കുന്നില്ല. നേരത്തെ 2007ല്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഉറച്ചുനില്‍ക്കുന്നതെന്ന്. അങ്ങനെ ആ സത്യവാങ്മൂലം തന്നെ സുപ്രിംകോടതിയുടെ മുന്നില്‍ വന്നു.

അപ്പോള്‍ എന്താണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. സ്ത്രീപ്രവേശനത്തിന് സര്‍ക്കാര്‍ എതിരല്ല. മാത്രമല്ല, ഈ ക്ഷേത്രത്തില്‍ മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മാത്രമല്ല പ്രായവ്യത്യാസമില്ലാതെ നേരത്തെ സ്ത്രീകള്‍ അവിടെ പോയതാണ് അത് അനുവദിക്കേണ്ടതാണ്. ഇതാണ് സര്‍ക്കാരിന്റെ അഭിപ്രായമെങ്കിലും സര്‍ക്കാരിപ്പോള്‍ നടപ്പാക്കുന്നത് ഹൈക്കോടതി വിധിയാണ്. ഹൈക്കോടതി വിധി സ്ത്രീകള്‍ ശബരിമലയില്‍ പോകരുതെന്നുള്ളതാണ്. അപ്പോള്‍ ശബരിമലയില്‍ സ്ത്രീകളെ അനുവദിക്കാത്ത നിലപാടാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊള്ളുന്നത്. ഇത്രയും വ്യക്തമാക്കിയ ശേഷം മറ്റൊരു കാര്യം കൂടി ആ സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഇത് വിശ്വാസത്തിന്റെ പ്രശ്‌നമാണ്. അതിനാല്‍ തന്നെ ഹിന്ദു ധര്‍മ്മശാസ്ത്ര പണ്ഡതരും സാമൂഹിക പരിഷ്‌കര്‍ത്താക്കളും അത്തരമാളുകളെ ഉള്‍ക്കൊള്ളുന്ന ഒരു കമ്മിഷനെ കോടതി നിയോഗിച്ച് അവരില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം തേടുന്നത് ഉചിതമാകും എന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഇത് വിശ്വാസത്തിന്റെ പ്രശ്‌നമായതുകൊണ്ട് തന്നെയാണ് അങ്ങനെയൊരു നിലപാട് പറഞ്ഞത്.

അതോടൊപ്പം നാം കാണേണ്ട ഒരു കാര്യം നേരത്തെ പറഞ്ഞത് പോലെ ഹൈക്കോടതി വിധിയാണ് നടപ്പാക്കുന്നത് പത്തിനും അമ്പതിനും ഇടയിലുള്ളവരെ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന ഹൈക്കോടതി വിധിയാണ് നടപ്പാക്കുന്നത്. അത് പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ മറ്റൊരു കാര്യം പറഞ്ഞു, ഈ വിഷയത്തില്‍ ഒരു നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അവസാനം സര്‍ക്കാര്‍ ഒരു കാര്യം അസന്നിഗ്ധമായി പറഞ്ഞു. എല്ലാം പരിശോധിച്ച് സുപ്രിംകോടതി നല്‍കുന്ന വിധി എന്താണോ ആ വിധി സര്‍ക്കാര്‍ നടപ്പാക്കും. ഇത് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമാണ്. ഇക്കാര്യത്തില്‍ കാണേണ്ട മറ്റൊരു പ്രത്യേകത ഈഘട്ടത്തില്‍ ദേവസ്വം ബോര്‍ഡ് നിലവിലുള്ള സ്ഥിതിയെ അനുകൂലിച്ച് കൊണ്ടാണ് വാദിച്ചിരുന്നത്. അതോടൊപ്പം വിവിധ കൂട്ടര്‍ കക്ഷി ചേര്‍ന്നു. പന്തളം കൊട്ടാരം, തന്ത്രിമാര്‍, എന്‍എസ്എസ്, അയ്യപ്പസേവാ സംഘങ്ങള്‍ അങ്ങനെ പലരും കക്ഷി ചേര്‍ന്നു. എന്നാല്‍ കക്ഷി ചേരാത്ത രണ്ട് കൂട്ടരുണ്ട്. അതിലൊന്ന് ബിജെപിയായിരുന്നു. അവര്‍ കക്ഷി ചേര്‍ന്നിട്ടില്ല. ഇപ്പോള്‍ ബിജെപിയോടൊപ്പം നിലപാടെടുത്തുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസും കക്ഷി ചേര്‍ന്നില്ല. പക്ഷെ നാം കാണേണ്ട വസ്തുക ഈ രണ്ട് കൂട്ടരും ബിജെപി ആയാലും കോണ്‍ഗ്രസ് ആയാലും കോടതിക്ക് പുറത്ത് ഒരു നിലപാട് പരസ്യമായി എടുത്തു. അത് സ്ത്രീകള്‍ക്ക് പ്രവേശനം അനുവക്കണം എന്നുള്ളതാണ്.

ഇവിടെ ഈ കോടതി വിധിയുടെ പ്രത്യേകത നാം ശ്രദ്ധിക്കണം. സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയുടെ ആറ്റിക്കുറുക്കിയ സത്ത ശബരിമലയില്‍ പത്തിനും അമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ തടയുന്ന ചട്ടം ഭരണഘടനാ വിരുദ്ധം എന്നതാണ്. ഇത് വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. മാത്രമല്ല, അയ്യപ്പഭക്തന്മാര്‍ ഒരു പ്രത്യേക മതവിഭാഗമല്ലെന്നും സുപ്രിംകോടതിയുടെ നിരീക്ഷണമുണ്ട്. എല്ലാ മതവിഭാഗക്കാര്‍ക്കും പോകാവുന്ന ആരാധനാലയമാണ് ശബരിമല ക്ഷേത്രം. അതെല്ലാം പരിശോധിച്ചുകൊണ്ടാണ് അയ്യപ്പഭക്തന്മാര്‍ ഒരു പ്രത്യേക മതവിഭാഗമല്ലെന്ന് കോടതി സൂചിപ്പിച്ചത്. മാത്രമല്ല, പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമല്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. അതോടൊപ്പം ആരാധനാസ്വാതന്ത്ര്യത്തെക്കുറിച്ചും കോടതി പറഞ്ഞു. ഭരണഘടന എല്ലാവര്‍ക്കും തുല്യമായ ആരാധനാസ്വാതന്ത്ര്യമാണ് അനുവദിക്കുന്നത് എന്നാണ് കോടതി വിധിച്ചത്. എല്ലാവര്‍ക്കും തുല്യമായ ആരാധനാ സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കി കൊണ്ടാണ് സ്ത്രീകളെ തടയുന്ന ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിച്ചത്. അങ്ങനെയാണ് ആ ചട്ടം റദ്ദാക്കിയത്.

കാണേണ്ട ഒരു കാര്യം ഈ വിധി മറ്റൊരു ഓര്‍ഡിനന്‍സുകൊണ്ടോ നിയമനിര്‍മ്മാണം കൊണ്ടോ മറികടക്കാനാകില്ല. നിയമവൈദഗ്ധ്യമില്ലാത്തവര്‍ക്ക് തന്നെ അറിയാം ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരായിട്ടുള്ള നിലപാട് നിയമത്തിലൂടെ സ്വീകരിക്കാനാകില്ലെന്ന്. ഭരണഘടനാനുസൃതമാകണം നിയമം. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി കഴിഞ്ഞു. ഭരണഘടനയുടെ മൗലിക തത്വങ്ങള്‍ക്ക് വിരുദ്ധമായ ഒന്നാണെന്ന് കണ്ടുകൊണ്ടാണ് റദ്ദു ചെയ്യുന്നത്. അങ്ങനെ സുപ്രിംകോടതി റദ്ദ് ചെയ്ത് കഴിഞ്ഞാല്‍ ഭരണഘടനാ വിരുദ്ധമായ ഒന്ന് പുനഃസ്ഥാപിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ സാധാരണ നിലയ്ക്ക് കഴിയില്ല. ഇതാണ് ഇതില്‍ വ്യക്തമാകേണ്ട ഒരു കാര്യം. ഇവിടെ ചിലര്‍ ചോദിക്കുന്ന ഒരു കാര്യമുണ്ട് സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് പുനഃപരിശോധന ഹര്‍ജി നല്‍കുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രിംകോടതിയുടെ മുമ്പാകെ സര്‍ക്കാര്‍ പറഞ്ഞ കാര്യം. എല്ലാക്കാര്യങ്ങളും പറഞ്ഞതിന് ശേഷം അവസാനം പറഞ്ഞത് സുപ്രിംകോടതി വിധി എന്താണോ അത് സര്‍ക്കാര്‍ നടപ്പാക്കുമെന്നാണ്. എന്നുപറഞ്ഞാല്‍ സുപ്രിംകോടതി ഹൈക്കോടതി പറഞ്ഞതാണ് ശരിയെന്ന് പറഞ്ഞാല്‍ ഹൈക്കോടതി വിധി നടപ്പാക്കാന്‍ ചെയ്ത കാര്യങ്ങളെന്താണോ അത് തുടരും. എല്ലാകാര്യങ്ങളും പരിശോധിച്ച് ഹൈക്കോടതി വിധി തെറ്റായിരുന്നു സ്ത്രീകള്‍ക്ക് പ്രവേശനാനുമതിയുണ്ട് എന്ന് പറഞ്ഞാല്‍ അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ നില്‍ക്കും. ഇക്കാര്യത്തില്‍ തുല്യാവകാശത്തിന്റെ പ്രശ്‌നത്തില്‍ സ്ത്രീക്ക് പുരുഷനെപ്പോലെ തന്നെ ആരാധനാ സ്വാതന്ത്ര്യമുണ്ട് എന്ന് തന്നെയാണ് സര്‍ക്കാര്‍ കാണുന്നത്. ഇതും നേരത്തെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. അതുകൊണ്ടാണ് പുനഃപരിശോധനാ ഹര്‍ജിക്ക് സര്‍ക്കാര്‍ പോകുന്നില്ലെന്ന നിലപാടെടുത്തത്. അത് ആലോചിച്ചാല്‍ ആര്‍ക്കും മനസിലാകും നിയമവാഴ്ചയുള്ള ഒരു രാജ്യത്ത് ഒരു സര്‍ക്കാരിന് ഈയൊരു നിലപാട് മാത്രമേ സ്വീകരിക്കാനാകൂ. സുപ്രിംകോടതി രാജ്യത്തെല്ലാവര്‍ക്കും ബാധകമായിട്ടുള്ള കാര്യമാണ്. സര്‍ക്കാരിന് സംബന്ധിച്ച് കോടതി വിധി പൂര്‍ണമായും നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.

സര്‍ക്കാരിനെ തെറി പറഞ്ഞതുകൊണ്ടോ സര്‍ക്കാരിനെ കുറ്റം പറഞ്ഞതുകൊണ്ടോ തെറിവിളിച്ചതുകൊണ്ടോ മറ്റേതെങ്കിലും തരത്തില്‍ വികാരം ഇളക്കിവിടാന്‍ ശ്രമിച്ചതുകൊണ്ടോ സര്‍ക്കാരിന് വേറൊരു നിലപാടെടുക്കാന്‍ കഴിയില്ല. കാരണം നിയമാധിഷ്ടിതമായി മാത്രമേ സര്‍ക്കാരിന് പോകാന്‍ സാധിക്കൂ. നിയമാധിഷ്ടിതമായ നിലപാട് നോക്കുമ്പോള്‍ ഈ വഴി മാത്രമേ സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയൂ. ഇങ്ങനെയാണെങ്കിലും സര്‍ക്കാര്‍ ഒരു കാര്യം ചെയ്തു. ഇതുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താമെന്ന് കരുതി. അതിന്റെ ഭാഗമായാണ് ശബരിമലയിലെ തന്ത്രിമാരെയും പന്തളം കൊട്ടാരത്തിന്റെ പ്രതിനിധികളെയും മുഖ്യമന്ത്രി എന്ന നിലയ്ക്ക് വിളിച്ചത്. അവര്‍ ആ ചര്‍ച്ചയ്ക്ക് തയ്യാറായില്ല. എന്തുകൊണ്ടാണ് അങ്ങനെയൊരു നിലപാടെടുത്തതെന്ന് മനസിലാക്കാന്‍ കഴിയാത്ത ഒരു കാര്യമാണ്. ഏതായാലും അത് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുവെന്നത് കൊണ്ട് മാത്രം ആരും പോകണമെന്നില്ല. പക്ഷെ ഇത്തരം കാര്യങ്ങളില്‍ സാധാരണ സ്വീകരിക്കുന്ന ഒരു സമ്പ്രദായമുണ്ട്. സര്‍ക്കാരിന്റെ മുന്നില്‍ പറയാനുള്ള കാര്യങ്ങള്‍ പറയാന്‍ തയ്യാറാകുക. അതല്ല, അവര്‍ സ്വീകരിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമാക്കാനുള്ളത്- അതോടൊപ്പം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വ്യക്തമാക്കാനുള്ളത്. ഞങ്ങള്‍ വിശ്വാസികളുമായി ഏറ്റുമുട്ടാന്‍ തയ്യാറുള്ളവരല്ല.

ഇവിടെ ഏത് വിശ്വാസിക്കും തങ്ങളുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കാന്‍ ഉറച്ച നിലപാടാണ് എല്ലാഘട്ടത്തിലും ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ സര്‍ക്കാരുള്ളത് കൊണ്ട് സ്വാഭാവികമായും സര്‍ക്കാര്‍ ആ നിലപാട് സ്വീകരിക്കും സര്‍ക്കാര്‍ ഇല്ലാത്ത ഘട്ടത്തിലും എല്‍ഡിഎഫ് നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. മാത്രമല്ല, തങ്ങളുടെ വിശ്വാസം അനുസരിച്ച് മാത്രമേ ഇവിടെ കാര്യങ്ങള്‍ നടക്കാന്‍ പാടുള്ളൂ നിന്റെയൊന്നും വിശ്വാസം ശരിയല്ല അതുകൊണ്ട് നിന്റെ വിശ്വാസമനുസരിച്ച് കാര്യങ്ങള്‍ നടത്താന്‍ പാടില്ല എന്ന് പറഞ്ഞുകൊണ്ട് ഒരു പ്രത്യേക വിശ്വാസക്കാരുടെ നേരെ ആക്രമണത്തിന് പുറപ്പെട്ട ഘട്ടത്തില്‍ ഞങ്ങള്‍ അറച്ച് നിന്നിട്ടില്ല. ആ ആക്രമണ വിധേയരാകുന്നവരെ സംരക്ഷിക്കാന്‍, ആ അക്രമികളെ തടയാന്‍ ഞങ്ങള്‍ മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നുവെന്നത് ഈ നാട്ടിലെ വിശ്വാസ ലോകം കണ്ടതാണ്. വിശ്വാസികള്‍ക്ക് ഞങ്ങളെ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണയുണ്ടാകുമെന്ന് കരുതുന്നില്ല. ഇവിടെ ഒരു സര്‍ക്കാരെന്ന് പറയുമ്പോള്‍ സര്‍ക്കാരിന് ഭരണഘടനാ ഉത്തരവാദിത്വമുണ്ട്. ആ ഭരണഘടനാ ഉത്തരവാദിത്വത്തില്‍ പെടുന്നതാണ് സുപ്രിംകോടതി വിധി നടപ്പാക്കല്‍. ആ വിധി നടപ്പാക്കുന്നതില്‍ നിന്നും ഒരു തരത്തിലും ഒഴിഞ്ഞുമാറി പോകാന്‍ സര്‍ക്കാരിനാകില്ല. ഇതാണ് വ്യക്തമാകേണ്ട കാര്യം.

ഇവിടെ വിധി വന്നപ്പോള്‍ സര്‍ക്കാരിനും എല്‍ഡിഎഫിനും നേരത്തെ വമ്പിച്ച പ്രചാര വേലയാണ് ബിജെപിയും യുഡിഎഫും അഴിച്ചുവിട്ടത്. ഇക്കാര്യത്തില്‍ പല സംഘടനകളെയും ഒന്നിച്ചു ചേര്‍ത്തുകൊണ്ടാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ഒരുപാട് വികാരം ഇളക്കിവിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇവിടെ ഓര്‍ക്കേണ്ട കാര്യം നേരത്തെ വിധി വന്ന ഉടനെ ആര്‍എസ്എസിന്റെ അഖിലേന്ത്യ തലപ്പത്തിരിക്കുന്ന ഭയ്യാ ജോഷിയെ പോലുള്ളവര്‍ ഇതിനെ അനുകൂലിച്ചാണ് പരസ്യമായി പറഞ്ഞത്. ബിജെപി വക്താക്കള്‍ വിധിയെ തള്ളാത്ത നിലയാണ് ആദ്യം സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ കാര്യം. കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതൃത്വം ഈ വിധി ഒരു ചരിത്രപരമായ വിധിയാണെന്നാണ് രേഖപ്പെടുത്തിയത്. അവരുടെ പ്രസ്താവനയാണ് അത്. ഇവിടെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ വിധിയനുസരിച്ച് കാര്യങ്ങള്‍ നടത്തുകയാണ് വേണ്ടത്. നേരത്തെ ഞങ്ങള്‍ കൊടുത്ത സത്യവാങ്മൂലത്തെക്കുറിച്ചൊന്നും ആലോചിച്ചിട്ട് കാര്യമില്ല, ഇതാണ് നടപ്പാകേണ്ട കാര്യം. ഇതൊക്കെ പറഞ്ഞവരായിരുന്നു ഇവര്‍.

പക്ഷെ ഇവരെല്ലാം പെട്ടന്നങ്ങോട്ട് മാറുകയാണുണ്ടായത്. ആ മാറ്റം ആരാ ആദ്യം തുടങ്ങിയത്? ഇവരില്‍ തമ്മില്‍ തര്‍ക്കമുണ്ട്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കമുണ്ട്. കോണ്‍ഗ്രസിന്റെ നേതാക്കന്മാര്‍ പറയുന്നത് ഞങ്ങളാണ് ഈ നിലപാട് ആദ്യമെടുത്തതെന്നാണ്. പക്ഷെ നാടാകെ കണ്ടൊരു യാഥാര്‍ത്ഥ്യമുണ്ട്. ആര്‍എസ്എസ് ഈ ഘട്ടത്തില്‍ ആര്‍എസ്എസിന്റെ പ്രഖ്യാപിത നിലപാട് മാറ്റി ഇവിടെയുള്ള വിശ്വാസ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് തങ്ങളോടൊപ്പം നിര്‍ത്തി അതിന്റെ കൂടെ ചേര്‍ന്നു നിന്ന് തങ്ങള്‍ക്ക് സംഭവിച്ചിട്ടുള്ള ദൗര്‍ബല്യം ക്ഷീണം പരിഹരിക്കാനാകുമോയെന്ന ശ്രമമാണ് നടത്തിയത്. ആര്‍എസ്എസ് എല്ലാം മറന്നുകൊണ്ട് രംഗത്തുവന്നു. അതിശക്തമായ നടപടികളിലേക്ക് നീങ്ങി. അത്യന്തം പ്രകോപനപരമായ പ്രസ്താവനകളിലേക്ക് നടന്നു. നമ്മുടെ നാട്ടില്‍ സാധാരണ ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്ന് കേള്‍ക്കാത്ത ഒട്ടേറെ പ്രഖ്യാപനങ്ങള്‍ വന്നു. ഭരണഘടനയ്‌ക്കെതിരെ നേരത്തെ അവര്‍ പറയുന്ന കാര്യങ്ങളാണ്. ഇവിടെ സ്ത്രീയെ ചവിട്ടിക്കീറി രണ്ട് കഷണമാക്കി വലിച്ചെറിയും. എന്തെല്ലാമാണ് പറഞ്ഞത്. മാത്രമല്ല, സ്ത്രീയുടെ അവകാശത്തിന് വേണ്ടി നിലകൊള്ളുന്ന ആദരണീയരായ വ്യക്തികളെ പ്രത്യേകിച്ചും മഹിളാ നേതാക്കളെ പുലഭ്യം പറയുന്ന സ്ഥിതി. അങ്ങേയറ്റം അധിക്ഷേപിക്കുന്ന സ്ഥിതി. സംസ്‌കാരഹീനരായ ഒരു സംഘം ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വന്നു. കോണ്‍ഗ്രസ് അതിന്റെ എല്ലാത്തിന്റെയും കൂടെ നില്‍ക്കുന്ന നില വന്നു.

കോണ്‍ഗ്രസ് സ്വീകരിച്ച സമീപനം കോണ്‍ഗ്രസുകാരാകെ ഇതിന്റെ കൂടെ ചേരണമെന്നായിരുന്നു. നാമോര്‍ക്കേണ്ടത് നമ്മുടെ രാജ്യത്ത് ഒരു ദേശീയ പ്രസ്താനമെന്ന നിലയ്ക്ക് കോണ്‍ഗ്രസിനൊരു പാരമ്പര്യമുണ്ടല്ലോ? ഞാനതിന്റെ ചരിത്രത്തിലേക്കൊന്നും ഇപ്പോള്‍ പോകുന്നില്ല. പക്ഷെ എല്ലാം കളഞ്ഞുകുളിച്ച നിലപാടാണല്ലോ സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ഒരു പ്രത്യേക ശ്രദ്ധ വേണം. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണത്. കോണ്‍ഗ്രസിന്റെ മനസെങ്ങനെ രൂപപ്പെട്ടു വന്നുവെന്നതാണ് അത്. കോണ്‍ഗ്രസിന് ആര്‍എസ്എസ് മനസുണ്ടാകാന്‍ പാടില്ലല്ലോ? പക്ഷെ ഈ സംഭവത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ആരുടെയെങ്കിലും വ്യത്യസ്ഥമായ ഒരു സ്വരം ആര്‍ക്കെങ്കിലും കേള്‍ക്കാന്‍ കഴിഞ്ഞോ? എന്തുകൊണ്ടാണ് അത്? എല്ലാവരും സ്ത്രീപ്രവേശനത്തിനെതിരെ എല്ലാവരും ആര്‍എസ്എസ് പ്രക്ഷോഭത്തോടൊപ്പം. ആര്‍എസ്എസ് പ്രക്ഷോഭത്തിന്റെ കൂടെ. എന്തുകൊണ്ട് വന്നു അത്. കോണ്‍ഗ്രസിനുള്ളില്‍ എത്ര രൂഢമൂഢമായി ആര്‍എസ്എസ് മനസ് രൂപംകൊണ്ടിരിക്കുന്നുവെന്നാണ് അത് കാണിക്കുന്നത്. നാം ശ്രദ്ധിക്കേണ്ട കാര്യമാണ് അത്. അതേസമയം നാം സഹതപിക്കുകയും ചെയ്യണം കോണ്‍ഗ്രസിനോട്. കോണ്‍ഗ്രസ് ഇത്തരത്തില്‍ അധഃപതിച്ചുവെന്ന സഹതാപം സ്വാഭാവികമായും നമുക്കേവര്‍ക്കുമുണ്ടാകാം. ഇത്തരത്തില്‍ വികാരപരമായ നിലപാട് ഉയര്‍ന്നു വന്നപ്പോള്‍ അതില്‍ നിന്നും വ്യത്യസ്ഥമായ നിലപാട് ഉല്‍പ്പതിഷ്ണുക്കളായവര്‍ സ്വീകരിച്ചിട്ടുണ്ട ധാരാളം മഹിളാ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരില്‍ പലരും ശരിയായ നിലപാട് സ്വീകരിച്ച് രംഗത്തു വന്നു. സംഘടനകളെന്ന നിലയ്ക്ക് എസ്എന്‍ഡിപി, കെപിഎംഎസ്, ആദിവാസി ഗോത്രമഹാസഭ എന്നീ സംഘടനകള്‍ ശരിയായ നിലപാട് സ്വീകരിച്ച് രംഗത്ത് വരാന്‍ തയ്യാറായിട്ടുണ്ട്.

എന്നാല്‍ അതോടൊപ്പം എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും ആക്രമിക്കാന്‍ പുറപ്പെട്ടവരുടെ പ്രചാരവേലകളില്‍ യാഥാര്‍ത്ഥ്യമറിയാതെ കുടുങ്ങിപ്പോയ ചിലരുണ്ടെന്നതും നാം കാണണം. അവര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടവരാണ്. ആ തെറ്റിദ്ധാരണ സ്വാഭാവികമായും നീങ്ങുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇവിടെ നമുക്കൊരു പാരമ്പര്യമുണ്ട്. ആ പാരമ്പര്യം അതിമഹത്തായ പാരമ്പര്യമാണ്. അത് നവോത്ഥാന പാരമ്പര്യമാണ്. അതില്‍ അധിഷ്ടിതമായ സമൂഹമാണ് നമ്മുടേത്. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും മറ്റും നേതൃത്വം കൊടുത്ത് ഇവിടെ ഉയര്‍ന്നു വന്ന നവോത്ഥാന പ്രസ്ഥാനം. അതിന്റെ ഭാഗമായാണ് ഇതൊരു ഭ്രാന്താലയമാണ് എന്ന് സ്വാമി വിവേകാനന്ദന്‍ ആക്ഷേപിച്ചിരുന്ന ഈ നാട് നമ്മുടെ രാജ്യത്തിനാകെ മാതൃകയാകുന്ന മതനിരപേക്ഷ, ജാതി നിരപേക്ഷ സമൂഹമായി ഉയര്‍ന്ന് വന്നത് എന്നത് നാമോര്‍ക്കണം. ഇവിടെ നമ്മുടെ രാജ്യത്തിന്റെ ചരിത്രമെടുത്താല്‍ ഏതെങ്കിലും ഘട്ടങ്ങളില്‍ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടോ ആ ഘട്ടങ്ങളിലെല്ലാം അതിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. ആ വിഭാഗം യാഥാസ്ഥിതികര്‍ മാത്രമായിരുന്നില്ല. സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ ഭാഗമായി അവകാശം ലഭിക്കേണ്ട, ആനുകൂല്യം ലഭി്‌ക്കേണ്ട, അതിന്റെ ഗുണഭോക്താക്കളെ അന്നത്തെ വിശ്വാസത്തിന്റെ ആചാരത്തിന്റെ ശക്തിവച്ച് അതിനെതിരെ അണിനിരത്താന്‍ കഴിഞ്ഞിരുന്നു.

നമ്മുടെ രാജ്യം കണ്ട ഏറ്റവും ക്രൂരമായ ആചാരം സതി ആയിരുന്നു. ഭര്‍ത്താവ് മരിച്ചു പോയാല്‍ ഭാര്യയെ ആ ചിതയിലേക്ക് തള്ളിവിടുന്ന ആചാരം. ആ സതിക്കെതിരെ സാമൂഹിക പരിഷ്‌കരണത്തിന്റെ ഭാഗമായി നിയമ നിര്‍മ്മാണം വന്നു. 1813നും 1829നും ഇടയില്‍ 8135 സ്ത്രീകള്‍ ഇത്തരത്തില്‍ ചിതയില്‍ ചാടി ജീവനൊടുക്കിയിരുന്നു. അത് തുടര്‍ന്നിരുന്നെങ്കില്‍ ഇത് എത്ര ലക്ഷമായി മാറുമായിരുന്നുവെന്ന് കണക്കു കൂട്ടി നോക്കിയാല്‍ മതി. പക്ഷെ ഈ ചിതയില്‍ ചാടാന്‍ തയ്യാറായ സ്ത്രീകള്‍ ഈ വിശ്വാസത്തിന്റെ ആചാരത്തിന്റെ ഭാഗമായി ചിലര്‍ നിയമം വന്ന ശേഷവും ചിതയില്‍ ചാടി. അതിനെതിരെ വലിയതോതില്‍ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വന്നു. ഇവിടെ ഇഎംഎസും വിടിയും എംആര്‍ബിയും പ്രേംജിയുമൊക്കെ അന്നത്തെ ബ്രാഹ്മണ സമുദായത്തിലുണ്ടായിരുന്ന തെറ്റായ സമ്പ്രദായങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിലേക്ക് നീങ്ങി. അതിന്റെ ഭാഗമായി വിധവാ വിവാഹം സാധ്യമാകുന്ന നിലയിലേക്ക് വന്നു. അതിന്റെ മുമ്പ് അന്നത്തെ സമൂഹത്തിലെ പ്രത്യേകത അനുസരിച്ച് ചെറുപ്പക്കാരികളെ അതായത് ഋതുമതിയാകുന്നതിന് മുമ്പ് തന്നെ മഹാകെളവന് കല്യാണം കഴിച്ചുകൊടുക്കുമായിരുന്നു. കുട്ടി ഋതുമതിയാകുമ്പോഴേക്കും അയാളുടെ കഥ കഴിയും. പിന്നെ ഈ കുട്ടി തല മൊട്ടയടിച്ച് ഇരുട്ടത്തിരിക്കണം. ഇങ്ങനെയുള്ള ദുരാചാരങ്ങള്‍ നമ്മുടെ നാട്ടിലുണ്ടായിരുന്നു.

അതിനെ പ്രക്ഷോഭം നടത്താന്‍ പോയവര്‍ അവര്‍ക്കെതിരെ ഭ്രഷ്ട് ഭീഷണിയുണ്ടായി. യാഥാസ്ഥിതികരുടെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. നമ്മുടെ രാജ്യത്ത് ചിലയിട മനുഷ്യ ബലിയുണ്ടായിരുന്നു. പിന്നെയാണ് അത് മൃഗബലിയായി മാറിയത്. മൃഗബലിയും പാടില്ലെന്ന് വന്നപ്പോഴാണ് മഞ്ഞളും ചുണ്ണാമ്പുമെല്ലാം കലക്കി രക്തം പോലൊരു ദ്രാവകമുണ്ടാക്കി ഒരു പ്രതീക ബലിയിലേക്ക് എത്തിയത്. ഇതെല്ലാം ആചാരങ്ങളുടെ മാറ്റമാണ്. നമ്മുടെ നാട്ടില്‍ ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങള്‍. ആചാരമെന്ന് പറഞ്ഞാല്‍ പരമ്പരാഗതമായ ഒരു ചര്യയാണ്. അത് കാലാകാലം മാറും. ഒരു കാലത്തുണ്ടായിരുന്നത് തന്നെ പിന്നത്തെ കാലത്ത് ഉണ്ടാകണമെന്നില്ല. നേരത്തെ അമ്പലത്തില്‍ കയറുന്നത് അമ്പലക്കുളത്തില്‍ കുളിച്ച് ഈറനോടെയായിരുന്നു. ഇപ്പോള്‍ അങ്ങനെയാണോ? നേരത്തെ സ്ത്രീകളുടെ മാസമുറയ്ക്ക് എന്തൊക്കെ വ്യവസ്ഥകളായിരുന്നു നാട്ടിലുണ്ടായിരുന്നത്. ഇപ്പോള്‍ അതൊക്കെയുണ്ടോ? പ്രസവം നടന്നാല്‍ വാലായ്മ, മരണം നടന്നാല്‍ പുല. ഇപ്പോള്‍ അതൊക്കെയുണ്ടോ? ഇപ്പോള്‍ മരണം കഴിഞ്ഞ് ശവദാഹം കഴിഞ്ഞ് ഏതെങ്കിലുമൊരാള്‍ എല്ലാ കാര്യങ്ങളും അവസാനിച്ചു ഇനി പിരിഞ്ഞുപോകേണ്ടവര്‍ക്ക് പോകാമെന്ന് പറഞ്ഞാല്‍ എല്ലാവരും പോകുകയാണ്. മാറ്റങ്ങളില്‍ വന്ന പോക്ക് നാം കാണേണ്ടതാണ്. ഇത്തരം മാറ്റങ്ങള്‍ നേരത്തെ പറഞ്ഞ നവോത്ഥാന നായകരുടെ ഇടപെടലിന്റെ ഫലമായി വന്നതല്ലേ? പണ്ട് മാറ് മറയ്ക്കാന്‍ അധികാരമുണ്ടായിരുന്നില്ല. അതിനെതിരെ സമരം നടന്നിട്ടില്ലേ? അങ്ങനെ മാറ് മറച്ചുകൊണ്ട് അമ്പലത്തിലടക്കം കയറാന്‍ അവകാശം കൊടുത്തപ്പോള്‍ അതിനെതിരെ പ്രക്ഷോഭം നടന്നിട്ടില്ലേ ഇവിടെ. സ്ത്രീകള്‍ തന്നെ രംഗത്ത് വന്നിരുന്നു. മാറ് മറച്ചവരുടെ വസ്ത്രം കീറിക്കളയാന്‍ മാറ് മറയ്ക്കാത്ത സ്ത്രീകള്‍ അന്ന് തയ്യാറായിരുന്നു. ഞങ്ങള്‍ക്ക് മാറ് മറയ്‌ക്കേണ്ടെന്ന് പറഞ്ഞവരുടെ കൂടെയാണോ കാലം നിന്നത്? കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ആചാരങ്ങള്‍ മാറില്ലേ?

ഇവിടെ സ്ത്രീകള്‍ക്ക് നേരത്തെ സ്വത്തവകാശമുണ്ടായിരുന്നില്ല. ആ സ്വത്തവകാശം അനുവദിച്ചത് വലിയൊരു മാറ്റമായിരുന്നില്ലേ? നമ്മുടെ സമൂഹത്തിലെ വരേണ്യവര്‍ഗ്ഗം അതിനെ അംഗീകരിച്ചിരുന്നോ? യാഥാസ്ഥിതിക വിഭാഗം അതിന് എതിരായിരുന്നില്ലേ? ചുരുക്കത്തില്‍ കാണേണ്ടത് ഏതൊക്കെ സാമൂഹിക പരിഷ്‌കരണ നടപടികളുണ്ടായിട്ടുണ്ടോ അതിനെല്ലാമെതിരെ ശക്തമായ പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. എന്തായിരുന്നു നേരത്തെയുള്ള അവസ്ഥ. ബ്രാഹ്മണരില്‍ നിന്നും 64 അടി അകലെ പറയ സമുദായക്കാര്‍ നില്‍ക്കണം. പുലയ സമുദായത്തില്‍ പെട്ടവര്‍ 54 അടി അകലെ നില്‍ക്കണം. ഈഴവ സമുദായത്തില്‍ പെട്ടവര്‍ 36 അടി അകലെ നില്‍ക്കണം. ഈഴവനുമുണ്ടായിരുന്നു അയിത്തം. ഈഴവന്റെ അടുത്തു നിന്നും 30 അടി അകലെയാണ് പുലയന്‍ നില്‍ക്കേണ്ടത്. എന്തെല്ലാം തെറ്റായ സമ്പ്രദായങ്ങളാണ് നമ്മുടെ നാട്ടിലുണ്ടായിരുന്നത്. ഈ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഫലമായല്ലേ അതെല്ലാം മാറിപ്പോയത്. അതിന് ശക്തമായ തുടര്‍ച്ച ഇവിടെയുണ്ടായി. നമ്മുടെ നാട്ടില്‍ ഉയര്‍ന്ന് വന്ന വിവിധ പ്രസ്ഥാനങ്ങള്‍. കര്‍ഷകന്റെ പ്രസ്ഥാനം, തൊഴിലാളികളുടെ പ്രസ്ഥാനം, ഇടതുപക്ഷ പ്രസ്ഥാനം. ഇതിന്റെയെല്ലാം ഇടപെടല്‍ ഈ നവോത്ഥാന ധാരയാകെ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ട് നീങ്ങുകയായിരുന്നു. അതല്ലേ നാടിനെ മാറ്റിയത്.

ഇവിടെ ഇത്തരത്തിലുള്ള നാടിന്റെ മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരവസ്ഥ ഇപ്പോഴുമുണ്ടെന്നാണ് കാണേണ്ടത്. ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും അയ്യങ്കാളിയുടെയും കൂടെ പെടുന്നവരാണ് അയ്യാ വൈകുണ്ഠനും പൊയ്കയില്‍ കുമാരഗുരുദേവനും എല്ലാം. അവരെല്ലാം ഈ നാട്ടില്‍ നിലനിന്നിരുന്ന ദുരാചാരങ്ങളെ നീക്കിയ വെളിച്ചമാണ് കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. നാം കാണേണ്ടത് ആചാര ലംഘനത്തിനാണ് ഇവരെല്ലാം നിന്നിട്ടുള്ളത്. ഇപ്പോള്‍ ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത് ആചാര ലംഘനമല്ലേ. അപ്പോള്‍ ഗുരു പറഞ്ഞത് നാം പ്രതിഷ്ഠിച്ചത് ബ്രാഹ്മണ ശിവനെയല്ല നമ്മുടെ ശിവനെയാണെന്നാണ്. അവിടെ ആചാരലംഘനമാണ്. എന്നാല്‍ അതേ ഗുരു പിന്നീട് പറഞ്ഞു ഇനി വേണ്ടത് ക്ഷേത്ര നിര്‍മ്മാണമല്ല വിദ്യാലയ നിര്‍മ്മാണമാണെന്നാണ്. അപ്പോള്‍ ആചാരങ്ങളില്‍ ചിലത് ലംഘിക്കാന്‍ കൂടിയുള്ളതാണെന്നാണ് അവരെല്ലാം നമ്മെ പഠിപ്പിച്ചത്.

അയ്യങ്കാളിയുടെ വില്ലുവണ്ടി സമരം നോക്കൂ. പൊട്ടുകുത്തി, പട്ട് തലപ്പാവ് വച്ച്, കോട്ടിട്ട്. അന്ന് അതിനെല്ലാം അവകാശമുണ്ടോ? അപ്പോള്‍ അവകാശമില്ലെന്ന് പറഞ്ഞവരുടെ നീതിയോടൊപ്പമല്ല നിന്നത്. ആ അവകാശം സ്ഥാപിക്കാനാണ് നിന്നത്. നമ്മുടെ നാട്ടില്‍ നടന്ന വിവിധ സമരങ്ങളുണ്ട്. അതിലൂടെയാണ് ഇന്നത്തെ കേരളം രൂപംകൊണ്ടത്. അടയാളത്തിന് വേണ്ടി ധരിപ്പിച്ചിരുന്ന കല്ലുമാല പൊട്ടിച്ചെറിയാന്‍ നടത്തിയ സമരം, ഒപ്പമിരുന്ന് പഠിക്കാന്‍ നടത്തിയ സമരം. പഠിച്ച് ജോലി നേടാന്‍ നടത്തിയ സമരം. വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ സമരം. ക്ഷേത്രത്തില്‍ കയറി ആരാധിക്കാന്‍ നടത്തിയ സമരം. ഇങ്ങനെയുള്ള വിവിധ സമരങ്ങളിലൂടെയാണ് ഇന്ന് കാണുന്ന കേരളം രൂപപ്പെട്ടത്.

ഇവിടെ രാജ്യംഭരിക്കുന്ന ബിജെപിയുടെ നിലപാട് പരിശോധിക്കാം. മഹാരാഷ്ട്രയില്‍ ശനിക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ലായിരുന്നു. ഹൈക്കോടതി അതിനെതിരെ വിധി പുറപ്പെടുവിച്ചു. അന്ന് ആ വിധി നടപ്പാക്കുകയാണ് അവിടുത്തെ ബിജെപി സര്‍ക്കാര്‍ ചെയ്തത്. ഇപ്പോള്‍ അവിടെ സ്ത്രീകള്‍ പ്രവേശിക്കുന്നുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് കോടതി വിധി നടപ്പാക്കാം ബിജെപി ഭരിക്കാത്ത സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരിക്കുന്ന സംസ്ഥാനത്ത് കോടതി വിധി നടപ്പാക്കാന്‍ പാടില്ലെന്ന് ഇതെന്തൊരു ഇരട്ടത്താപ്പാണ്.

അതുപോലെ സുപ്രിംകോടതിയുടെ ഒരു വിധിയാണ് മുംബൈയ്ക്കടുത്ത് ഹാജി അലിദര്‍ഗ. അവിടെ സ്ത്രീകള്‍ കടക്കണമെന്ന് പറഞ്ഞ് പരാതി പോയി. സുപ്രിംകോടതി അനുവദിച്ചു. അവിടെയിപ്പോള്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം. പിന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ നവോത്ഥാന പാരമ്പര്യങ്ങള്‍ക്കനുസരിച്ചുള്ള നിലപാടുകളാണ് എടുത്തിട്ടുള്ളത്. ഇവിടെ അബ്രാഹ്മണര്‍ക്ക് പൂജാരിമാരാകാം. നമ്മുടെ രാജ്യം തന്നെ വലിയ തോതില്‍ അംഗീകരിച്ച കാര്യമാണ് അത്. സാധാരണഗതിയില്‍ പൂജാരിയാകരുതെന്ന് സവര്‍ണ മേധാവിത്വം വിധിയെഴുതിയവര്‍ എല്ലാ തന്ത്ര വിദ്യകളും പഠിച്ച് പൂജാരിയാകാമെന്ന് പറഞ്ഞപ്പോള്‍ അംഗീകരിക്കപ്പെട്ടു. അതുപോലെ ദേവസ്വം റിക്രൂട്ട്‌മെന്റില്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക വിഭാഗങ്ങളുടെ സംവരണ തോത് വര്‍ദ്ധിപ്പിച്ചു. മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ദേവസ്വം നിയമനങ്ങളില്‍ പ്രത്യേകമായി സംവരണം ഏര്‍പ്പെടുത്തുന്ന ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുകയുണ്ടായി.

ഇവിടെ കോണ്‍ഗ്രാസുകാര്‍ ആലോചിക്കേണ്ട കാര്യം കൊടിയില്ലാതെ ബിജെപി നടത്തുന്ന സമരത്തില്‍ കോണ്‍ഗ്രസുകാര്‍ പോയാല്‍ കോണ്‍ഗ്രസ് അല്ലാതാകുമോ? ആകും നാളെയവര്‍ ആര്‍എസ്എസ് ആകും എന്ന് കണ്ടോളണം. കോണ്‍ഗ്രസിനോടൊപ്പമുള്ളവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഭരണഘടനയോടുള്ള ആര്‍എസ്എസ് സമീപനമാണ്. ഭരണഘടന തകര്‍ക്കണമെന്നാണ് ആര്‍എസ്എസ് കരുതുന്നത്. അവരത് പരസ്യമായി പറയുന്നുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു വാദഗതി ഉയര്‍ന്നിട്ടുണ്ട്. ആ വാദഗതി കോണ്‍ഗ്രസും ഉയര്‍ത്തുന്നുണ്ട്. എല്ലാത്തിലുമുപരി വിശ്വാസമാണ് പ്രധാനം ഭരണഘടനാ മൂല്യങ്ങളല്ല, നിയമങ്ങളല്ല എന്നതാണ് അത്. ഈ വാദത്തോടൊപ്പം നില്‍ക്കുന്നവര്‍ അതിന്റെ ആപത്ത് ശരിയായ രീതിയില്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ? മുസ്ലിംലീഗും മറ്റും ഇതിനെ ആവേശപൂര്‍വം സ്വീകരിക്കുന്നതായാണ് വാര്‍ത്തകള്‍ കാണുന്നത്. ഈ വാദം ഒന്നങ്ങ് നീട്ടിക്കൊടുക്ക്. ബാബറി മസ്ജിദിന്റെ കാര്യത്തില്‍ എവിടെയെത്തും. വിശ്വാസമാണ് പ്രധാനമെങ്കില്‍ രാമക്ഷേത്രമാണ് അതെന്ന വിശ്വാസത്തിന്റെ കൂടെയല്ലേ നില്‍ക്കേണ്ടത്.

ആര്‍എസ്എസ് അവിടെയാണ് ബിജെപി അവിടെയാണ് കോണ്‍ഗ്രസ് നല്ലതുപോലെ അവിടെ നിന്നതാണ് എന്നെല്ലാവര്‍ക്കും അറിയാം. ഈ വാദത്തിന്റെ ശരിയായ രീതിയില്‍ ആരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ? നമ്മുടെ നാട്ടിലെ ഒരു ബാബറി മസ്ജിദി്‌ന്റെ മേല്‍ മാത്രമല്ല സംഘപരിവാറിന്റെ അവകാശവാദം. ഇന്ത്യയിലെ നിരവധി ആരാധനാലയങ്ങളുടെ മേല്‍ അവരുടെ അവകാശവാദമുണ്ട്. എ്ല്ലാം വിശ്വാസത്തില്‍ അധിഷ്ഠിതമാണെങ്കില്‍ എന്താണ് നാളത്തെ ഭാവിയെന്ന് ചിന്തിക്കണം. നാം കാണേണ്ട ഒരു കാര്യം എന്താണ് ഉന്നം. സര്‍ക്കാരിനെ തെറി പറയലോ എല്‍ഡിഎഫിനെ തെറി പറയലോ അല്ല. യഥാര്‍ത്ഥ ഉന്നം കേരളത്തിന്റെ മതനിരപേക്ഷ മനസ് തകര്‍ക്കലാണ് അത് അനുവദിക്കരുത്. ഇത്തരം നീക്കങ്ങളെ നാം ശക്തമായി പ്രതിരോധിച്ചതാണ്. മതനിരപേക്ഷ മനസിനെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ മതവിശ്വാസികളടക്കമുള്ളവര്‍ രംഗത്ത് വരണമെന്ന് ഈ ഘട്ടത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.

‘പന്തളം കൊട്ടാരം കൈയേറിയതാണ് ശബരിമല’; അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന മലംപണ്ടാരം ആദിവാസികള്‍ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍