UPDATES

ട്രെന്‍ഡിങ്ങ്

ഉപജാപകര്‍ക്ക് വീണ്ടും വീണ്ടും ആത്മപരിശോധനയുടെ നാളുകള്‍; തോമസ് ഐസക്

സമാനതകളില്ലാത്ത വ്യക്തിഹത്യയ്ക്കാണ് പിണറായി വിജയന്‍ ഇരയായത്- തോമസ് ഐസക്

ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ധനമന്ത്രി തോമസ് ഐസക്. ഉപജാപകവൃന്ദത്തിന്റെ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് കീഴടങ്ങിയാണ് സിബിഐ പിണറായി വിജയനെ ഈ കേസില്‍ പ്രതിയാക്കിയത് എന്ന സിപിഐഎം നിലപാട് ഹൈക്കോടതിയും ശരിവെച്ചിരിക്കുന്നുവെന്നാണ് ഐസക് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

തോമസ് ഐസകിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പിണറായി വിജയനെ ബലിയാടാക്കാന്‍ സിബിഐ ശ്രമിച്ചുവെന്ന വിധിന്യായത്തിലെ പ്രസ്താവനയും വിധി പറയാന്‍ മാറ്റിയശേഷം തനിക്ക് ഊമക്കത്തുകള്‍ ലഭിച്ചെന്ന ഹൈക്കോടതി ജഡ്ജിയുടെ വെളിപ്പെടുത്തലും ലാവലിന്‍ കേസില്‍ അരങ്ങേറിയ ഗൂഢാലോചനകളുടെ ആഴമാണ് വെളിപ്പെടുത്തുന്നത്. ഒരു ഉപജാപകവൃന്ദത്തിന്റെ രാഷ്ട്രീയ ഗൂഢാലോചനയ്ക്കു കീഴടങ്ങിയാണ് സിബിഐ പിണറായി വിജയനെ ഈ കേസില്‍ പ്രതിയാക്കിയത് എന്ന സിപിഐഎം നിലപാട് ഹൈക്കോടതിയും ശരിവെച്ചിരിക്കുന്നു.

ഹൈക്കോടതിയെപ്പോലും അവിഹിത മാര്‍ഗത്തിലൂടെ സ്വാധീനിക്കാന്‍ ശ്രമിച്ചവര്‍ അണിയറയ്ക്കുള്ളില്‍ ഇതേവരെ എന്തൊക്കെ കാട്ടിയിട്ടുണ്ട് എന്നും കേരള സമൂഹവും മാധ്യമങ്ങളും പരിശോധിക്കണം. സമാനതകളില്ലാത്ത വ്യക്തിഹത്യയ്ക്കാണ് സ. പിണറായി വിജയന്‍ ഇരയായത്. വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് ഉപജാപകര്‍ക്കു കീഴടങ്ങിയ മാധ്യമങ്ങള്‍ക്കും ഈ വിധി ആത്മപരിശോധനയ്ക്കും സ്വയംവിമര്‍ശനത്തിനുമുള്ള അവസരമാണ്. മാധ്യമപ്രവര്‍ത്തനം വസ്തുതാപരമായിരിക്കണം എന്ന പാഠമാണ് ലാവലിന്‍ കേസില്‍ നിന്ന് മാധ്യമങ്ങള്‍ ഉള്‍ക്കൊള്ളേണ്ടത്.

പിണറായിക്ക് ശേഷം വന്ന വൈദ്യുതി മന്ത്രിമാരും ക്യാന്‍സര്‍ സെന്ററിന് സഹായം ലഭിക്കാന്‍ കത്തിടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ പ്രതിപട്ടികയില്‍ വന്നത് പിണറായി മാത്രമാണ് ഇതില്‍ രാഷ്ട്രീയമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വിധിന്യായത്തില്‍ നിരീക്ഷണമുണ്ടെന്നാണ് വാര്‍ത്തകള്‍. ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ ഗൂഢാലോചനയോ അഴിമതിയോ പിണറായി വിജയനോ ഫ്രാന്‍സിസോ മോഹനചന്ദ്രനോ ചെയ്തതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ഹൈക്കോടതി വിധിയിലുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഫയല്‍ ക്യാബിനറ്റില്‍ വച്ച സന്ദര്‍ഭത്തില്‍ എന്തെങ്കിലും വിവരങ്ങള്‍ പിണറായി വിജയന്‍ മറച്ചു വച്ചിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഇക്കാര്യങ്ങളൊക്കെത്തന്നെയാണ് കേസ് ഉരുത്തിരിഞ്ഞ കാലം മുതല്‍ ഞങ്ങള്‍ പറയുന്നത്. ആ വാദങ്ങളില്‍ ഒന്നുപോലും ഞങ്ങള്‍ക്കു തിരുത്തിപ്പറയേണ്ടി വന്നിട്ടില്ല. ഓരോ കോടതികളുടെയും പരിശോധന കഴിയുമ്പോള്‍ സിപിഐഎമ്മിന്റെ നിലപാടിന് തിളക്കമേറുകയാണ്. ഇന്നേവരെ മാറ്റിപ്പറഞ്ഞിട്ടില്ല. ഈ കേസ് ഉരുത്തിരിഞ്ഞ നാള്‍ മുതല്‍ സിപിഐഎമ്മിന് ഒരു നിലപാടേ ഉണ്ടായിരുന്നുള്ളൂ. ആ നിലപാടാണ് ഇപ്പോള്‍ കേരള ഹൈക്കോടതിയും ശരിവെച്ചത്.

പണ്ടൊരിക്കല്‍ പറഞ്ഞതുതന്നെ വീണ്ടും പറയട്ടെ. ഉപജാപകര്‍ക്ക് വീണ്ടും വീണ്ടും ആത്മപരിശോധനയുടെ നാളുകള്‍..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍