UPDATES

ട്രെന്‍ഡിങ്ങ്

ബ്ലൂ വെയ്ല്‍ ഗെയിമിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

നമ്മുടെ പടിവാതിലില്‍ നില്‍ക്കുന്ന ഈ ഭീഷണിയെ കണ്ടില്ലെന്ന് നടിക്കരുത്

ബ്ലൂ വെയ്ല്‍ മൊബൈല്‍ ഗെയിം വ്യാപിക്കുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കുട്ടികളെ ലക്ഷ്യമാക്കിയുള്ള ഈ ഗെയിം ഇന്ത്യയില്‍ പലയിടത്തും ജീവനുകള്‍ അപഹരിച്ചു കഴിഞ്ഞതായാണ് മാധ്യമങ്ങളില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചത്.

ഗെയിം നിരോധിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമല്ലാതാക്കാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഈ ഗെയിമില്‍ പങ്കാളികളാകുന്നവര്‍ യഥാര്‍ത്ഥ ജീവിതത്തിലും സ്വയം മുറിവേല്‍പ്പിക്കുന്നതായാണ് കാണുന്നത്. ഇതൊരു വീഡിയോ ഗെയിം അല്ല പകരം അജ്ഞാതമായ ഒരു കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണെന്നും അന്തിമ ജോലിയായി ആത്മഹത്യ ചെയ്യാനാണ് ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു.

ഇവരുടെ ലക്ഷ്യം കൊച്ചുകുട്ടികളാണ്. നിരവധി പേര്‍ ഈ ഗെയിമിന്റെ സ്വാധീനത്തില്‍ ആത്മഹത്യ ചെയ്തു. എന്നിട്ടും ഇതിനുള്ള ജനപ്രീതി വര്‍ദ്ധിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ബ്ലൂവെയ്ല്‍ ഗെയിം ഈ സമൂഹത്തിന് ഭീഷണിയാണെന്നും മുഖ്യമന്ത്രിയുടെ കത്തില്‍ വിശദമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും ഈ ഗെയിമിനെതിരെ ഫലപ്രദമായ ബോധവല്‍ക്കരണം ജനങ്ങള്‍ക്കിടയില്‍ നടത്താന്‍ കേരളാ പോലീസിന്റെ സൈബര്‍ വിംഗിന് സാധിച്ചിട്ടുണ്ട്.

അതേസമയം ഇതിനെ പൂര്‍ണമായും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം കൂടിയേ തീരൂ. നമ്മുടെ പടിവാതിലില്‍ നില്‍ക്കുന്ന ഈ ഭീഷണിയെ കണ്ടില്ലെന്ന് നടിക്കരുത്. അതിനാല്‍ രാജ്യവ്യാപകമായി ഈ ഗെയിം നിരോധിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് കത്തിലെ ആവശ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍