UPDATES

ട്രെന്‍ഡിങ്ങ്

ഏതുതരം ഭക്ഷണം കഴിക്കുന്നതിനും നാട്ടുകാര്‍ക്കും വിദേശികള്‍ക്കും കേരളത്തില്‍ വിലക്കില്ലെന്ന് പിണറായി

തെക്കന്‍ കേരളത്തില്‍ പൂര്‍ണമായും സസ്യഭക്ഷണമാണ് ഓണസദ്യയ്‌ക്കെങ്കില്‍ വടക്കന്‍ കേരളത്തില്‍ മാംസഭക്ഷണം കൂടാതെ ഓണസദ്യ പൂര്‍ണമാകാത്ത അവസ്ഥയാണ്

നാട്ടുകാര്‍ക്കായാലും വിദേശികള്‍ക്കായാലും ഏതുതരം ഭക്ഷണം കഴിക്കുന്നതിനും കേരളത്തില്‍ വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സസ്യാഹാരമോ, മീനോ, ബീഫോ ആയിക്കൊള്ളട്ടെ അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യമാണെന്നും പിണറായി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അത് അനുവദിക്കാന്‍ മാത്രം ആധുനികവും മതേതരവും ആയ ഒരു ജനാധിപത്യ സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

ഓണത്തെക്കുറിച്ച് പറഞ്ഞാണ് പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഓണം മറ്റൊരു ആഘോഷവുമായി താരതമ്യം ചെയ്യാനാകില്ല. കാരണം അത് മതത്തിനും ജാതിക്കും അതീതമായുള്ള നാടിന്റെ ഉത്സവമാണ്. ഓണത്തിന്റെ ഭക്ഷണത്തിനും മലയാളിയുടെ സംസ്‌കാരത്തില്‍ വലിയ പ്രാധാന്യമുണ്ട്. ആ ഭക്ഷണത്തിലുമുണ്ട് കേരളത്തിലെ പ്രാദേശിക വൈവിധ്യവും സംസ്‌കാരത്തനിമയും. എല്ലായിടത്തും ഇലയിട്ട് വിളമ്പുമ്പോഴും വിഭവങ്ങളിലുമുണ്ടാകും വലിയ വൈവിധ്യങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെക്കന്‍ കേരളത്തില്‍ പൂര്‍ണമായും സസ്യഭക്ഷണമാണ് ഓണസദ്യയ്‌ക്കെങ്കില്‍ വടക്കന്‍ കേരളത്തില്‍ മാംസഭക്ഷണം കൂടാതെ ഓണസദ്യ പൂര്‍ണമാകാത്ത അവസ്ഥയാണ്. ഭക്ഷണത്തിന്റെ കാര്യത്തിലെ ഈ സവിശേഷത കേരള സമൂഹത്തിന്റെ ജനാധിപത്യവത്കരണത്തിലൂടെ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്നും പിണറായി പറയുന്നു.

ദേശീയ അവാര്‍ഡ് ജേതാവായ സുരഭി തിരുവോണ ദിവസം ബീഫ് കൂട്ടി ചോറുണ്ണുന്നതായി ചാനല്‍ പരിപാടിയിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍