UPDATES

ട്രെന്‍ഡിങ്ങ്

കെവിന്റെ മരണം സംഭവിക്കാന്‍ പാടില്ലാത്തതെന്ന്‌ പിണറായി വിജയന്‍; തനിക്കെതിരെയുള്ളത് രാഷ്ട്രീയ ആരോപണം

മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് സുരക്ഷയൊരുക്കുന്നതിന് വേണ്ടി നടപടി വൈകിച്ചുവെന്നത് രാഷ്ട്രീയ ആരോപണമാണെന്നും മുഖ്യമന്ത്രി

കോട്ടയം മാന്നാനത്ത് പ്രണയിച്ച് വിവാഹം കഴിച്ച കെവിന്‍ പി ജോസഫ് എന്ന യുവാവിന്റെ മരണം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം മുഖ്യമന്ത്രിയുടെ യാത്ര നടപടി വൈകുന്നതില്‍ കാരണമാകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രണയത്തിലായിരുന്ന കെവിനും പെണ്‍കുട്ടിയും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ഇതില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നെന്നുമാണ് താന്‍ അറിഞ്ഞത്. ഇതേ തുടര്‍ന്ന് അവര്‍ ആസൂത്രണം ചെയ്ത് നടത്തിയ കൃത്യമാണിതെന്നുമാണ് മനസിലാകുന്നത്. പ്രതികളെയെല്ലാവരെയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് സുരക്ഷയൊരുക്കുന്നതിന് വേണ്ടി നടപടി വൈകിച്ചുവെന്നത് രാഷ്ട്രീയ ആരോപണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സാധാരണ നിലയ്ക്ക് ഇത്തരം പരാതി ലഭിച്ചാല്‍ പോലീസ് നടപടിയെടുക്കണം. അതില്‍ വീഴ്ച വരുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. കെവിനെ തട്ടിക്കൊണ്ടു പോയതായി പരാതി നല്‍കാന്‍ ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തിയ തന്നോട് മുഖ്യമന്ത്രിയുടെ ജില്ലയിലെ യാത്രകള്‍ക്ക് ശേഷം അന്വേഷണം നടത്താമെന്ന് എസ്‌ഐ എംഎസ് ഷിബു പറഞ്ഞെന്ന് ഭാര്യ നീനു അറിയിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നീനു പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്നിരുന്നു.

രാവിലെ ആറിന് കെവിന്റെ പിതാവ് ജോസഫ് ജേക്കബും ഗാന്ധി നഗര്‍ സ്റ്റേഷനില്‍ പരാതിയുമായി എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. തട്ടിക്കൊണ്ട് പോയവരോട് ഫോണില്‍ സംസാരിച്ച പോലീസ് അവരെത്തിയ ശേഷം ആലോചിക്കാമെന്ന് പറഞ്ഞ് ഇവരെ മടക്കി അയയ്ക്കുകയായിരുന്നെന്നാണ് ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍