UPDATES

ട്രെന്‍ഡിങ്ങ്

വെള്ളാപ്പള്ളിയുടെ ക്ഷേത്രത്തിന് 4 കോടി; ഉദ്ഘാടകന്‍ പിണറായി; ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയോ?

വെള്ളാപ്പള്ളിയുടെ നാട്ടില്‍ മുഖ്യമന്ത്രി നേരിട്ടെത്തി ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കുന്നതും നന്ദിയറിയിക്കലിന്റെ ഭാഗമെന്നാണ് വിമര്‍ശകരുടെ പക്ഷം

കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ബഹുനിലക്കെട്ടിട ശിലാസ്ഥാപനത്തിന് മുഖ്യമന്ത്രിയെത്തും. വെള്ളാപ്പള്ളി നടേശന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ തീര്‍ഥാടക വിനോദ സഞ്ചാര കേന്ദ്രം നിര്‍മ്മിക്കാന്‍ നാല് കോടിയോളം രൂപ അനുവദിച്ചിരുന്നു. ശിലാസ്ഥാപനത്തിന് മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്കും ജി സുധാകരനും പങ്കെടുക്കും. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നിന്ന വെള്ളാപ്പള്ളിയോടുള്ള ഉപകാരസ്മരണയാണ് സര്‍ക്കാര്‍ തീരുമാനം എന്ന് വിമര്‍ശകര്‍ ആക്ഷേപമുന്നയിക്കുന്നു. വെള്ളാപ്പള്ളിയുടെ നാട്ടില്‍ മുഖ്യമന്ത്രി നേരിട്ടെത്തി ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കുന്നതും നന്ദിയറിയിക്കലിന്റെ ഭാഗമെന്നാണ് വിമര്‍ശകരുടെ പക്ഷം.

കണിച്ചുകുളങ്ങരയില്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ തീര്‍ഥാടക വിനോദ സഞ്ചാര കേന്ദ്രം നിര്‍മ്മിക്കാനാണ് പദ്ധതി. നാല് കോടിയോളം രൂപ ചെലവുള്ള ബഹുനിലക്കെട്ടിടത്തിന്റെ ശിലാസ്ഥാപനം വരുന്ന 25ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിന് പടിഞ്ഞാഫ് ദേവസ്വത്തിന്റെ സ്ഥലത്താണ് കേന്ദ്രം വരുന്നത്. മൂന്ന് നിലകളിലായി 33 താമസ മുറികളും നാല് കടമുറികളും ഉള്‍പ്പെടുന്നതാണ് പദ്ധതി. ആദ്യഘട്ടത്തില്‍ രണ്ട് നിലകളില്‍ 21 താമസമുറികള്‍ക്കും നാല് കടമുറികള്‍ക്കുമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. കണിച്ചുകുളങ്ങര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ചിക്കരക്കുട്ടികള്‍ക്ക് താമസ സൗകര്യമുണ്ടാക്കുക എന്നതാണ് പ്രധാന ഉദ്ദേശം.

മുമ്പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 25 ലക്ഷം രൂപ ചെലവില്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് കെട്ടിടം അനുവദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ സര്‍ക്കാര്‍ നാല് കോടി രൂപ കണിച്ചുകുളങ്ങര തീര്‍ഥാടക വിനോദ കേന്ദ്രത്തിനായി അനുവദിച്ചിരുന്നു. ഈ തുകയാണ് ഇപ്പോള്‍ ബഹുനിലക്കെട്ടിട നിര്‍മ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. പ്രളയകാലത്ത് കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ കെട്ടിടങ്ങള്‍ ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവര്‍ത്തിച്ചിരുന്നു.

ക്ഷേത്ര വികസനത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുക സാധാരണമാണെങ്കിലും ശിലാസ്ഥാപനത്തിന് മുഖ്യമന്ത്രിയെത്തുന്നതാണ് ചര്‍ച്ചയായിരിക്കുന്നത്. ശബരിമല യുവതീ പ്രവശേന വിഷയങ്ങളില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായപ്പോഴെല്ലാം കൂടെ നിന്നത് വെള്ളാപ്പള്ളിയാണ്. എസ്എന്‍ഡിപി യോഗം സര്‍ക്കാര്‍ നടപടികളില്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ബിജെപിയെയും എന്‍എസ്എസിനേയും പരസ്യമായി വിമര്‍ശിച്ച് കൊണ്ടുള്ള വെള്ളാപ്പള്ളിയുടെ നിലപാട് പ്രഖ്യാപനങ്ങള്‍ സര്‍ക്കാരിനെ ഒരു പരിധിവരെ സഹായിച്ചിട്ടുമുണ്ട്. നവോഥാന സംഘടനകളുടെ നേതൃത്വത്തില്‍ വനിതാ മതില്‍ എന്ന ആശയം സര്‍ക്കാര്‍ വച്ചപ്പോള്‍ അതിന് മുന്നിട്ടിറങ്ങി വിജയമാക്കിയതില്‍ വെള്ളാപ്പള്ളിയ്ക്ക് വലിയ പങ്കുണ്ട്. നവോഥാന സംരക്ഷണ സമിതി ചെയര്‍മാനാണ് വെള്ളാപ്പള്ളി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും വെള്ളാപ്പള്ളി ഇടതുപക്ഷത്തിനൊപ്പമാണ് നിലകൊണ്ടത്. സമുദായം ഇടതുപക്ഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം നല്‍കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്‍എസ്എസ് ഇടത് വിരുദ്ധ നിലപാടെടുത്ത് നീങ്ങുമ്പോള്‍ വെള്ളാപ്പള്ളിയും സംഘവും തങ്ങളെ പിന്താങ്ങുമെന്ന പ്രതീക്ഷയാണ് ഇടതുപക്ഷത്തിനുള്ളത്. സര്‍ക്കാരിന് നല്‍കിയ സഹായങ്ങള്‍ക്കുള്ള പ്രത്യുപകാരമായാണ് കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ പദ്ധതി വിലയിരുത്തപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍