UPDATES

ട്രെന്‍ഡിങ്ങ്

ഉസ്മാന്റെ കവിളെല്ല് പൊട്ടിയത് മുഖമിടിച്ച് വീണിട്ടല്ല; മുഖ്യമന്ത്രി, താങ്കളൊരു സാധാ ന്യായീകരണ തൊഴിലാളിയായി അധഃപതിക്കരുത്

ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ പോലീസിനെ പിന്തുണയ്ക്കാനുള്ള കടമ അദ്ദേഹത്തിനുണ്ടെങ്കിലും പോലീസുകാര്‍ കാണിക്കുന്ന ഗുണ്ടായിസത്തെ ഇങ്ങനെ ന്യായീകരിക്കാമോ എന്ന ചോദ്യമാണ് ഉയരുന്നത്.

സോഷ്യല്‍ മീഡിയ സജീവമായതോടെയാണ് ന്യായീകരണ തൊഴിലാളി എന്ന പ്രയോഗവും പ്രസിദ്ധമായത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കന്മാര്‍ക്കും ന്യായീകരണ തൊഴിലാളികളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട് ന്യായീകരണ തൊഴിലാളികള്‍. എന്നാല്‍ അവരേക്കാളെല്ലാം വലിയ ന്യായീകരണ തൊഴിലാളി താന്‍ തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹമിന്ന്. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ പോലീസിനെ പിന്തുണയ്ക്കാനുള്ള കടമ അദ്ദേഹത്തിനുണ്ടെങ്കിലും പോലീസുകാര്‍ കാണിക്കുന്ന ഗുണ്ടായിസത്തെ ഇങ്ങനെ ന്യായീകരിക്കാമോ എന്ന ചോദ്യമാണ് ഉയരുന്നത്.

പോലീസിന്റെ വീഴ്ചയെപ്പറ്റി മാത്രമാണ് കുറച്ചുകാലമായി പിണറായി വിജയന് പറയാനുള്ളത്. ഇനിയും അതിന് വയ്യാത്തതുകൊണ്ടായിരിക്കും ഇത്തവണ അദ്ദേഹമൊന്ന് മാറ്റിപ്പിടിച്ചത്. ആലുവ എടത്തല പോലീസ് മര്‍ദ്ദനത്തിലാണ് മുഖ്യമന്ത്രി വീണ്ടും ന്യായീകരണവുമായി എത്തിയിരിക്കുന്നത്. പോലീസിന് വീഴ്ച പറ്റിയെന്നാണ് അദ്ദേഹം പറയുന്നതെങ്കിലും മര്‍ദ്ദനത്തിന് കാരണക്കാരന്‍ മര്‍ദ്ദനമേറ്റ ഉസ്മാനാണെന്നാണ് ആ വാക്കുകളുടെ അര്‍ത്ഥം. ഉസ്മാനും പ്രതിപക്ഷത്തിനും അന്‍വര്‍ സാദത്ത് എംഎല്‍എയ്ക്കുമെതിരെ രൂക്ഷമായ ഭാഷയാണ് ഇന്ന് അദ്ദേഹം സഭയില്‍ പ്രയോഗിച്ചത്. പോലീസുകാരോട് തട്ടിക്കയറിയതും ആദ്യം മര്‍ദ്ദിച്ചതും ഉസ്മാനാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആണെന്ന് വെക്കുക. ഉസ്മാന്റെ കവിളെല്ല് പൊട്ടിയത് എവിടെയെങ്കിലും മുഖമിടിച്ച് വീണിട്ടല്ല. ഉദ്യോഗസ്ഥര്‍ പറയുന്നത് തൊണ്ടതൊടാതെ വിഴുങ്ങി അത് തന്നെ സഭയില്‍ ആവര്‍ത്തിക്കേണ്ട ആവശ്യം അദ്ദേഹത്തിനുണ്ടായത് ആഭ്യന്തര മന്ത്രിയെന്ന നിലയിലെ ഗതികേട് തന്നെയാണ്.

ഒരു യുവാവിന്റെ കവിളെല്ല് വരെ തല്ലിപ്പൊട്ടിച്ചതിനെതിരെ പ്രതിഷേധിച്ചവര്‍ തീവ്രവാദികളാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്നും മുഖ്യമന്ത്രി പറയുന്നു. സ്റ്റേഷന്‍ മാര്‍ച്ചില്‍ കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളും പങ്കെടുത്തിരുന്നുവെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ആരോപണം. അതേസമയം സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്തവരെല്ലാം തീവ്രവാദ സ്വഭാവമുള്ളവരാണെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ മുഴച്ചു നില്‍ക്കുന്നത്. ആലുവക്കാര്‍ മുഴുവന്‍ തീവ്രവാദികളാണെന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്.

പോലീസിന്റെ ഭാഗത്തു നിന്നും തുടര്‍ച്ചയായ അതിക്രമങ്ങള്‍ സംഭവിക്കുമ്പോള്‍ സംഭവത്തെ നിസാരവല്‍ക്കരിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുമുണ്ടായത്. വാഹനമിടിച്ചതില്‍ പ്രതിഷേധിച്ചതിനാണ് ഉസ്മാനെ പോലീസ് മര്‍ദ്ദച്ചത്. ഒരു മുഖ്യമന്ത്രിയ്ക്ക് ചേര്‍ന്ന വാക്കുകളല്ല ഇന്ന് സഭയില്‍ പിണറായി വിജയനില്‍ നിന്നുമുണ്ടായത്. പോലീസ് അതിക്രമത്തെ ജനകീയ സര്‍ക്കാരെന്ന് അവകാശപ്പെടുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ന്യായീകരിക്കുമ്പോള്‍ പ്രതീക്ഷ നഷ്ടപ്പെടുന്നത് ഇവിടുത്തെ ജനങ്ങള്‍ക്കാണ്. ഏറെ വിവാദമായ ഒരു കേസിന് മുഖ്യമന്ത്രി തന്നെ തീവ്രവാദ മുഖം നല്‍കുമ്പോള്‍ രക്ഷപ്പെടുന്നത് കുറ്റക്കാരായ പോലീസുദ്യോഗസ്ഥരാണെന്ന് അദ്ദേഹം ഓര്‍ക്കേണ്ടതുണ്ട്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍