UPDATES

ട്രെന്‍ഡിങ്ങ്

രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ കൊണ്ടുവരുന്നതുവഴി എന്തു സന്ദേശമാണ് കോണ്‍ഗ്രസ് രാജ്യത്തിനു നല്‍കുന്നതെന്നു മുഖ്യമന്ത്രി

തങ്ങളുടെ മത്സരം ബിജെപിയോടല്ല, ഇടതുപക്ഷത്തോടാണ് എന്നാണോ കോണ്‍ഗ്രസ് പറയുന്നതെന്നും മുഖ്യമന്ത്രിയുടെ ചോദ്യം

രാഹുല്‍ ഗാന്ധി കേരളത്തിലേക്കു വരുന്നതിലൂടെ കോണ്‍ഗ്രസ് എന്തു സന്ദേശമാണ് നല്‍കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉത്തര്‍ പ്രദേശിലെ പ്രധാന ശക്തി ബിഎസ്പിയും എസ്പിയുമാണ്. കേരളത്തിലെ പ്രധാന ശക്തി ഇടതുപക്ഷജനാധിപത്യ മുന്നണിയാണ്. രാഹുല്‍ ഗാന്ധി കേരളത്തില്‍ ബിജെപിയോടു മത്സരിക്കാനല്ല വരുന്നത്. ഇടതുപക്ഷത്തോട് മത്സരിക്കാനാണ്. ഈയൊരു നില ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിന്റെ സത്തയ്ക്കു ചേര്‍ന്നതാണോ എന്നത് കോണ്‍ഗ്രസ് സ്വയം ആലോചിക്കേണ്ട കാര്യമാണ്; എന്നായിരുന്നു പിണറായിയുടെ വാക്കുകള്‍.

രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ; തെരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ വഴിക്കു നടക്കും. രാഹുല്‍ ഗാന്ധി ഇവിടെ വന്നതുകൊണ്ട് ആ പോരാട്ടത്തിന് എന്തെങ്കിലും പ്രത്യേക ഉണ്ടാകുമെന്നു കരുതുന്നില്ല. പക്ഷേ കേരളത്തില്‍ വന്ന് ഇടതുപക്ഷത്തോട് മത്സരിച്ചുകൊണ്ട് എന്തു സന്ദേശമാണ് നല്‍കുന്നതെന്നാണ് ചോദ്യം. ഇവിടെ വന്നു ഇടതുപക്ഷത്തെ നേരിടുന്ന കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവ് രാജ്യത്തിന് നല്‍കുന്ന സന്ദേശമെന്താണ്. ബിജെപിയെ അല്ല, ഇടതുപക്ഷത്തെയാണ് തകര്‍ക്കേണ്ടത് എന്ന സന്ദേശം രാജ്യത്ത് നല്‍കുന്നതിന് ഇടയാകും. അതു ശരിയാണോ? സ്വയം ആലോചിക്കട്ടേ.

ആരു സ്ഥാനാര്‍ത്ഥിയായി വന്നാലും നേരിടുമെന്നും തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്നുള്ളത് മത്സരിച്ചശേഷമേ പറയാന്‍ പറ്റൂ എന്നുമാണ് പിണറായി വിജയന്‍ നിലപാടായി പറയുന്നത്. ഇവിടം കേരളമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നല്ലരീതിയില്‍ ജയസാധ്യതയുള്ള മണ്ഡലങ്ങളാണ് എല്ലാം. അതുകൊണ്ട് ബാക്കി കാര്യങ്ങളൊക്കെ തെരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കാം എന്നു കൂടി അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍