UPDATES

ചുവന്ന ഷര്‍ട്ടിട്ട് പി കെ ശശി, സഭയില്‍ കയറാന്‍ പറ്റാതെ കെ എം ഷാജി; ജനാധിപത്യത്തിന്റെ ‘ശ്രീകോവില്‍’ ഇന്ന്

ജനപ്രതിനിധികള്‍ എന്ന നിലയില്‍ രണ്ട് പേരും ചെയ്തത് ഗുരുതരമായ കുറ്റം

പതിനാലാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം ഇന്ന് ആരംഭിച്ചിരിക്കുകയാണ്. മഞ്ചേശ്വരം എംഎല്‍എയായിരുന്ന അബ്ദുള്‍ റസാഖിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഭ ഇന്ന് പിരിയുകയും ചെയ്തു. അതേസമയം ഇന്ന് സഭയിലുണ്ടായിരുന്ന ഒരു സാന്നിധ്യവും ഒരു അസാന്നിധ്യവും ശ്രദ്ധേയമാണ്. അസാന്നിധ്യം അഴിക്കോട് എംഎല്‍എ കെ എം ഷാജിയുടെയും സാന്നിധ്യം ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയുടെയുമാണ്.

സഭ നാളെ വീണ്ടും ചേരാനിരിക്കെ ഈ രണ്ട് എംഎല്‍എമാരും ലൈംലൈറ്റിലാണ്. ശബരിമല, കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം തുടങ്ങിയവ ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷം ഒരുങ്ങുന്നതിനിടെയാണ് പികെ ശശിയുടെ പ്രശ്‌നവും സര്‍ക്കാരിന് തലവേദനയാകുന്നത്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ പെണ്‍കുട്ടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഇന്നലെ പാര്‍ട്ടി അദ്ദേഹത്തിന്റെ പ്രാഥമികാംഗത്വം ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ നടപടി ഒരുപോലെ പ്രകീര്‍ത്തിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തു. എത്ര വലിയ നേതാവാണെങ്കിലും കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന സിപിഎം നിലപാടാണ് ഇതോടെ വ്യക്തമായിരിക്കുന്നതെന്ന് അനുകൂലിക്കുന്നവര്‍ പറയുന്നു. എന്നാല്‍ നാല് മാസം വൈകിപ്പിച്ചാണ് നടപടിയെടുത്തതെന്നത് നാണക്കേടാണ്. അതോടൊപ്പം ലൈംഗിക പീഡന കേസ് ഫോണില്‍ വിളിച്ച് അനാവശ്യം പറഞ്ഞു എന്ന് ലഘൂകരിച്ചുവെന്നതാണ് ഉയരുന്ന ആരോപണം.

പാര്‍ട്ടി നടപടി എടുത്ത സാഹചര്യത്തില്‍ ശശി സഭയിലെത്തുമോയെന്ന് പലരും ആകാംഷയോടെ നോക്കിയിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം സഭയിലെത്തുക തന്നെ ചെയ്തു. അതും ട്രേഡ് മാര്‍ക്കായ ഒരു ചുവന്ന ഷര്‍ട്ടും ധരിച്ച്. സഭയിലേക്ക് തിരിക്കുന്നതിന് മുമ്പ് എംഎല്‍എ ഹോസ്റ്റലിന് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. താന്‍ ക്രിമിനല്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ് ശശി ഇന്നും പറഞ്ഞത്. തന്റെ പ്രവര്‍ത്തനത്തിലോ ശൈലിയിലോ ഏതെങ്കിലും തരത്തിലുള്ള തെറ്റ് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പരിപൂര്‍ണമായി അംഗീകരിക്കുമെന്നും പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ രണ്ട് കൈ നീട്ടി സ്വീകരിക്കുമെന്നുമാണ് ശശി പറയുന്നത്. പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് സൂക്ഷ്മമായി പരിശോധിച്ചാല്‍ ആരോപണം സംബന്ധിച്ച് വ്യക്തമാകുമെന്നും പറയുന്നു.

പാര്‍ട്ടി നേതാവ് എന്ന നിലയില്‍ ശശി ഒരു പ്രവര്‍ത്തകയോട് അത്തരത്തില്‍ സംസാരിക്കാന്‍ പാടില്ലെന്നായിരുന്നു അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഒരു ജനപ്രതിനിധി എന്ന നിലയിലും പൗരന്‍ എന്ന നിലയിലും ശശി ചെയ്തത് തെറ്റ് തന്നെയാണ്. പാര്‍ട്ടി നടപടിയല്ല, നിയമനടപടിയാണ് സ്വീകരിക്കേണ്ടതെന്ന ആരോപണം ഉയരുന്നത് അതിനാലാണ്. എന്നാല്‍ പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ ശശിയുടെ കുറ്റത്തെ ലഘൂകരിച്ച് ആ കുറ്റം അനുസരിച്ചുള്ള കടുത്ത നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ശശിയോട് എംഎല്‍എ സ്ഥാനം രാജിവയ്ക്കാനും നിയമനടപടിക്ക് വിധേയനാകാനും പാര്‍ട്ടി ആവശ്യപ്പെടുമോയെന്നാണ് ഉയരുന്ന ചോദ്യം. സഭയില്‍ ഇനിയുള്ള ദിവസങ്ങളില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യവും ഇതായിരിക്കും.

അഴിക്കോട്ടെ മുസ്ലിംലീഗ് എംഎല്‍എയായ കെ എം ഷാജിയെ ഹൈക്കോടതി വിധിയാണ് ചതിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന എംവി നികേഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി ഇദ്ദേഹത്തെ അയോഗ്യനായി പ്രഖ്യാപിച്ചത്. ആറ് വര്‍ഷത്തേക്ക് മത്സരിക്കുന്നതിനും വിലക്കുണ്ട്. തെരഞ്ഞെടുപ്പില്‍ ജയിക്കാനായി വര്‍ഗ്ഗീയ പ്രചരണം നടത്തിയെന്നതാണ് ഷാജിയുടെ കുറ്റം. നികേഷ് കുമാര്‍ ഇത് തെളിവുകള്‍ സഹിതം തെളിയിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഷാജിയെ കുറ്റക്കാരനായി പ്രഖ്യാപിച്ചത്. സുപ്രിംകോടതി ഈ വിധി സ്റ്റേ ചെയ്താലും ഷാജി കുറ്റക്കാരനല്ലെന്ന് സുപ്രിംകോടതി പ്രഖ്യാപിച്ചുവെന്ന് അര്‍ത്ഥമില്ല.

രണ്ട് പേരും ചെയ്തത് ഗുരുതരമായ കുറ്റം തന്നെയാണ്. ഒരു പൗരനെന്ന നിലയില്‍ പോലും ചെയ്യാന്‍ പാടില്ലാത്ത കുറ്റമാണ് ശശിയുടേത്. അത് കണ്ടെത്തിയാണ് പാര്‍ട്ടി നടപടിയെടുത്തത്. അങ്ങനെയെങ്കില്‍ ജനപ്രതിനിധി എന്ന പദവി രാജിവയ്ക്കാനും പാര്‍ട്ടി തന്നെ ഇയാളോട് ആവശ്യപ്പെടേണ്ടതുണ്ട്. ഷാജിയ്ക്ക് നിയമപരമായി നിരപരാധിത്വം തെളിയിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ മുസ്ലിം സമുദായത്തിന്റെ വോട്ടുകള്‍ നേടാന്‍ ഇയാള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉപയോഗിച്ച പോസ്റ്ററുകള്‍ ആ നിരപരാധിത്വം നിഷേധിക്കാന്‍ ശേഷിയുള്ളതാണ്.

മറ്റൊരു ശശിയെ നാട്ടിലേക്കയക്കുന്ന ‘പാര്‍ട്ടി പീനല്‍ കോഡ്’

പാർട്ടി സിപിഎമ്മാണ്, അത് തന്നെയാണ് പ്രശ്നവും പ്രതീക്ഷയും; വീണ്ടും വീണ്ടും പി കെ ശശി ആകരുത്

നമ്മുടെ നാട്ടിലെ ‘ശശി’ക്കേസുകളില്‍ സംഭവിക്കുന്നത്

പാര്‍ട്ടിയിലെ ശശിമാരെയും സഭയിലെ ഫ്രാങ്കോമാരെയും ഇങ്ങനെ നേരിട്ടാല്‍ മതിയോ?

‘അന്ത്യനാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല’: കെഎം ഷാജിയെ കുടുക്കിയത് ഈ വാക്കുകള്‍

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍