UPDATES

പ്രധാനമന്ത്രിയെ ഉയര്‍ത്തിപ്പിടിക്കേണ്ട ആവശ്യമില്ലെന്ന് ചെന്നിത്തല, തന്നെ ആരും പഠിപ്പിക്കേണ്ടെന്ന് തരൂർ; മോദിയെ ചൊല്ലി കോൺഗ്രസില്‍ അടി മുറുകുന്നു

നേതാക്കളുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടിയുടേതല്ലെന്നും കെ സി വേണുഗോപാൽ

നരേന്ദ്ര മോദി അനുകൂല നിലപാടിനെ ചൊല്ലി സംസ്ഥാന കോൺഗ്രസിൽ വീണ്ടും തർക്കം. പാർട്ടി ദേശീയ നേതാക്കളായ ജയറാം രമേശ്, അഭിഷേക് സിംഗ്വിക്കും പിന്തുണ പ്രഖ്യാപിച്ച തിരുവനന്തപുരം എംപി ശശി തരൂരിന്റെ പരാമർശമാണ് സംസ്ഥാനത്ത് നേതാക്കൾ തമ്മിൽ വാക് പോരിന് ഇടയാക്കിയത്. ശശി തരൂരിനെതിരെ തള്ളിക്കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തുകയും തരൂരിന്റെ മറുപടിയുമാണ് വിവാദമാവുന്നത്.

ആരുപറഞ്ഞാലും മോദിയുടെ ദുഷ്‌ചെയ്തികള്‍ മറച്ചുവെക്കാനാവില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ആയിരം തെറ്റുകള്‍ ചെയ്തതിന് ശേഷം ഒരു ശരി ചെയ്തുവെന്ന് പറഞ്ഞ് മോദിയെ ഉയര്‍ത്തിപ്പിടിക്കേണ്ട ആവശ്യമില്ല. ജനങ്ങള്‍ക്ക് പൊതുവെ അസ്വീകാര്യമായ നിലപാടാണ് മോദി സ്വീകരിക്കുന്നത്. അദ്ദേഹത്തിന്റെ നയങ്ങള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മോദിയുടെ ഭരണവും അദ്ദേഹത്തിന്റെ നടപടികളും ഇന്ത്യയിലെ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് നമ്മുടെ സമൂഹത്തില്‍ അസ്വീകാര്യമായവയാണ്. ഇത്തരം നിലപാടുകളെ പര്‍വതീകരിച്ച് കാണിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ നിലപാട്.

എന്നാൽ തന്നെ ആരും പഠിപ്പിക്കേണ്ടതില്ലെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ മറ്റാരെക്കാളും ബിജെപിയെ എതിര്‍ക്കുന്നയാളാണ് താനെന്നും തരൂർ വ്യക്തമാക്കുന്നു. ജയ്‌റാം രമേശും അഭിഷേക് മനു സിങ്‌വിയും പറഞ്ഞത് തെറ്റല്ലെന്നാണ് താൻ പറഞ്ഞത്. മോദി എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ അത് അംഗീകരിച്ചില്ലെങ്കില്‍ ജനങ്ങളുടെ ഇടയില്‍ വിശ്വാസ്യത കുറയുമെന്നാണ് തന്റെ നിലപാട്, ആവശ്യം വരുമ്പോള്‍ മോദിയെ കഠിനമായി വിമര്‍ശിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

ഇതിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും വിഷയത്തിൽ നിലപാട് വ്യക്തമാക്കുന്നു. നേതാക്കളുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടിയുടേതല്ലെന്നും വേണുഗോപാൽ പ്രതികരിച്ചു. മോദിക്ക് നല്ല സർട്ടിഫിക്കറ്റ് നൽകൽ അല്ല കോൺഗ്രസിന്റെ പണി. സർക്കാരിന്റെ നല്ല കാര്യം പറയരുതെന്ന് പറഞ്ഞിട്ടില്ല, എന്നാൽ നിലവിലെ സാമ്പത്തിക തകർച്ച അടക്കമുള്ളത് കൂടി കാണേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

2014നും 2019നും ഇടയില്‍ മോദി നടത്തിയ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കേണ്ട സമയമായെന്നാണ് ഒരു പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് കഴിഞ്ഞദിവസം ജയ്റാം രമേശ് പറഞ്ഞത്. ആ പ്രവര്‍ത്തനം കൊണ്ടാണ് 30 ശതമാനത്തിലേറെ വോട്ടര്‍മാരുടെ പിന്തുണയുമായി അദ്ദേഹം അധികാരത്തിലെത്തിയതെന്നും ജയറാം രമേശ് പറഞ്ഞു. “മോദിയുടെ ഭാഷ ജനങ്ങളുമായി സംവേദിക്കാന്‍ ശേഷിയുള്ളതാണ്. മുന്‍ കാലങ്ങളില്‍ ചെയ്യാത്ത കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. ഈ വസ്തുത അംഗീകരിച്ചില്ലെങ്കില്‍ അദ്ദേഹത്തെ നേരിടാന്‍ കഴിയില്ല. മോദിയെ പുകഴ്ത്തണമെന്നല്ല ഞാന്‍ പറയുന്നത്. ഭരണത്തില്‍ അദ്ദേഹം കാണിക്കുന്ന ചില സവിശേഷതകളെ രാഷ്ട്രീയ നേതൃത്വം അംഗീകരിക്കേണ്ടതുണ്ട്. ഭരണത്തിന്റെ രാഷ്ട്രീയം തീര്‍ത്തും വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ ഭരണ രീതിയില്‍ നിന്നുണ്ടായ സാമൂഹ്യ ബന്ധങ്ങളും തീര്‍ത്തും ഭിന്നമാണ്. ഇതിന് ഉദാഹരണമാണ് പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന. 2019ല്‍ നമ്മള്‍ എല്ലാവരും അദ്ദേഹത്തിന്റെ പദ്ധതികളെ കളിയാക്കുകയായിരുന്നു. എന്നാല്‍ പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന എന്ന പദ്ധതിക്ക് വലിയ അംഗീകാരമാണ് ജനങ്ങളില്‍ നിന്ന് കിട്ടിയത്. കോടിക്കണക്കിന് ജനങ്ങളെ ആകര്‍ഷിക്കാന്‍ ആ പദ്ധതിക്ക് കഴിഞ്ഞു. ഇതിനെയൊക്കെ തള്ളിക്കളഞ്ഞുകൊണ്ട് നമുക്ക് അദ്ദേഹത്തെ നേരിടാന്‍ കഴിയില്ല,” എന്നായിരുന്നു ജയ്റാം രമേശിന്റെ പ്രസ്താവന.

 

Also Read- കെ.എം മാണിയില്ലാത്ത പാലാ കേരള രാഷ്ട്രീയത്തിലെ ദിശാമാറ്റത്തിന്റെ സൂചനയാകുന്നത് ഇങ്ങനെ

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍