UPDATES

ട്രെന്‍ഡിങ്ങ്

മോദി വീണ്ടും വിദേശത്തേക്ക്; ഇത്തവണ അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടെ ഏഴു രാജ്യങ്ങള്‍

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് നോട്ട് നിരോധനം പ്രഖ്യാപിച്ചതിന്റെ തൊട്ടു പിന്നാലെ ജപ്പാനിലേക്ക് നടത്തിയതായിരുന്നു പ്രധാനമന്ത്രിയുടെ അവസാന വിദേശ യാത്ര

നാലു മാസത്തെ ഇടവേളയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശ യാത്രകള്‍ക്ക്. ഇത്തവണ ഏഴു രാജ്യങ്ങളിലേക്കാണ് യാത്ര. അടുത്ത മാസം തുടങ്ങുന്ന യാത്ര ജൂലൈ വരെയുള്ള സമയത്തിനുള്ളിലാണ്. ആദ്യമായി ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനും മോദിക്ക് പദ്ധതിയുണ്ട്. ഇന്ത്യയുടെ പ്രഖ്യാപിത വിദേശകാര്യ നയത്തില്‍ വ്യതിചലനമായും ഇത് കണക്കാക്കപ്പെടുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് നോട്ട് നിരോധനം പ്രഖ്യാപിച്ചതിന്റെ തൊട്ടു പിന്നാലെ ജപ്പാനിലേക്ക് നടത്തിയതായിരുന്നു പ്രധാനമന്ത്രിയുടെ അവസാന വിദേശ യാത്ര. ഇത്തവണ മെയ് മാസം രണ്ടാം വാരം ശ്രീലങ്കയിലേക്കാണ് ആദ്യ യാത്ര. ബുദ്ധിസ്റ്റ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 12-14 തീയതികളില്‍ കൊളംബോയില്‍ നടക്കുന്ന ചടങ്ങിലാണ് മോദി പങ്കെടുക്കുക. തുടര്‍ന്ന് ജാഫ്‌ന, കാന്‍ഡി തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിച്ചേക്കും. 2015-ല്‍ മോദി ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു.

അമേരിക്ക, ഇസായേല്‍, റഷ്യ, ജര്‍മനി, സ്‌പെയിന്‍, കസാക്കിസ്ഥാന്‍ എന്നിവയാണ് ജൂലൈയ്ക്കുള്ളില്‍ മോദി സന്ദര്‍ശിക്കുന്ന മറ്റു രാജ്യങ്ങള്‍. അമേരിക്ക, ഇസ്രായേല്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന തീയതികള്‍ തീരുമാനിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ജൂലൈ ആദ്യവാരം മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചനകള്‍. ഇതുവരെ ഇന്ത്യന്‍ പ്രധാനമന്ത്രിമാരാരും ഇസ്രായേല്‍ സന്ദര്‍ശിച്ചിട്ടില്ല. പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതിനൊപ്പം ഇസ്രായേലുമായി മികച്ച പ്രതിരോധ ബന്ധമടക്കം പുലര്‍ത്തുന്ന നിലപാടായിരുന്നു ഇതുവരെ ഇന്ത്യ സ്വീകരിച്ചിരുന്നത്. മോദി ഇസ്രായേല്‍ സന്ദര്‍ശിക്കുമെങ്കിലും പാലസ്തീനില്‍ പോകാന്‍ സാധ്യതയില്ല എന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷം മോദി അമേരിക്ക സന്ദര്‍ശിച്ചിട്ടില്ല. ജൂലൈയ്ക്കുള്ളില്‍ അദ്ദേഹം അമേരിക്കയും സന്ദര്‍ശിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍