UPDATES

ട്രെന്‍ഡിങ്ങ്

പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ കേന്ദ്രമന്ത്രാലയങ്ങളോട് മോദി; റീബ്രാന്‍ഡിങിനായി ബഹുജനമാധ്യമങ്ങളുടെ സഹായം തേടും

ഇത് കൂടാതെ വ്യക്തിപരമായ എസ്എംഎസുകള്‍, വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ തുടങ്ങിയ പ്രോത്സാഹിപ്പിക്കാനും വ്യാപക പ്രചാരണത്തിനായി ഫേസ്ബുക്കിനെ ഉപയോഗിക്കാനും നിര്‍ദ്ദേശമുണ്ട്. കാബിനറ്റ് തീരുമാനങ്ങളും നയങ്ങളും അതത് മന്ത്രാലയങ്ങള്‍ കൂടാതെ മറ്റ് മന്ത്രാലയങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്

മാധ്യമ പ്രചാരവേലയിലൂടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. പത്രമാധ്യമങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും സര്‍ക്കാര്‍ അനുകൂല അഭിപ്രായങ്ങള്‍ പരമാവധി പ്രചരിപ്പിക്കാനും സര്‍ക്കാര്‍ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അനുകൂലമായി പ്രതികരിക്കുന്ന സ്വതന്ത്രചിന്തകരുടെ അഭിപ്രായങ്ങള്‍ പരമാവധി പ്രചരിപ്പിക്കാനുമാണ് നീക്കം. സര്‍ക്കാര്‍ അനുകൂല സന്ദേശങ്ങള്‍ക്ക് പരമാവധി പ്രചാരം ലഭിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങളില്‍ സ്വാധീനമുള്ളവര്‍ക്ക് വേതനം നല്‍കാനും മന്ത്രായലയങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ ആവിഷ്‌കരിക്കുന്ന സാമൂഹിക സുരക്ഷ പദ്ധതികളുടെ പ്രചാരണത്തിനായി സ്വന്തമായി എസ്എംഎസുകളും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും ഫേസ്ബുക്ക് പോസ്റ്റുകളും കൂടി തയ്യാറാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് എല്ലാ മന്ത്രാലയങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. അതായത് അംഗീകാരത്തിനായി പദ്ധതി വിശദാംശങ്ങള്‍ തയ്യാറാക്കുന്നതും പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ കേന്ദ്ര മന്ത്രിസഭയ്ക്ക് ഉപദേശങ്ങള്‍ നല്‍കുന്നതും മാത്രമായിരിക്കില്ല ഇനി കേന്ദ്രത്തിലെ വിവിധ വകുപ്പുകളുടെ ചുമതലയെന്ന് സാരം.

സാമൂഹിക മാധ്യമങ്ങളെ ലക്ഷ്യം വച്ചുള്ള ഇത്തരം പ്രചാരണോപാധികള്‍ തയ്യാറാക്കി അംഗീകാരത്തിനായി പ്രധാനമന്ത്രിയുടെ ഓഫീസിനും കാബിനറ്റ് സെക്രട്ടറിയേറ്റിനും അയച്ചുകൊടുക്കണമെന്നും പുതിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതായി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. പൗരന്മാരുമായി സജീവമായ ഒരു പരസ്പരബന്ധം സ്ഥാപിക്കുന്നതിന് ഫലപ്രദമായ ഒരു ആശയവിനിമയ തന്ത്രം ആവശ്യമാണെന്നാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര സെപ്തംബര്‍ 15ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. സര്‍ക്കാര്‍ പദ്ധതികളും തീരുമാനങ്ങളും പ്രചരിപ്പിക്കുന്നതിന് മന്ത്രാലയങ്ങള്‍ക്ക് മേയ് 19ന് കാബിനറ്റ് സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങളും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതിനായി ബഹുമുഖ തന്ത്രം രൂപപ്പെടുത്താനാണ് നിര്‍ദ്ദേശം. ദേശീയ, പ്രാദേശിക പത്രങ്ങളിലും ടെലിവിഷനിലും പരസ്യങ്ങള്‍ നല്‍കുക, പദ്ധതിയുടെ നേട്ടങ്ങളെ കുറിച്ച് ദേശിയ, പ്രാദേശിക മാധ്യമങ്ങളെ ബോധവല്‍ക്കരിക്കുക, തീരുമാനങ്ങളുടെ സ്വഭാവത്തെയും സാധ്യതകളെയും കുറിച്ചും തീരുമാനം എങ്ങനെയാണ് ജനങ്ങളെ ബാധിക്കുക എന്നതിനെ കുറിച്ചും ഇംഗ്ലീഷ്, ഹിന്ദി, പ്രദേശിക ഭാഷ ദിനപത്രങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിപ്പിക്കുക, ആകാശവാണി വാര്‍ത്ത, ആകാശവാണി എഫ്എം, സ്വകാര്യ എഫ്്എം റേഡിയോ എന്നിവയെ ആശയപ്രചാരണത്തിന് ഫലപ്രദമായി ഉപയോഗിക്കുക, ഇലക്ട്രോണിക് മാധ്യമങ്ങള്‍, റേഡിയോ, ടിവി പരിപാടികള്‍ എന്നിവയില്‍ സര്‍ക്കാര്‍ ്അനുകൂലമായി അഭിമുഖങ്ങള്‍ സംഘടിപ്പിക്കുക, ഇവ കൂടാതെ പ്രത്യേക പൊതുമാധ്യമ പരിപാടികള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയെല്ലാം പുതിയ പ്രചാരണ തന്ത്രത്തിന്റെ ഭാഗമാണ്.

 

ഇത് കൂടാതെ വ്യക്തിപരമായ എസ്എംഎസുകള്‍, വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ തുടങ്ങിയ പ്രോത്സാഹിപ്പിക്കാനും വ്യാപക പ്രചാരണത്തിനായി ഫേസ്ബുക്കിനെ ഉപയോഗിക്കാനും നിര്‍ദ്ദേശമുണ്ട്. കാബിനറ്റ് തീരുമാനങ്ങളും നയങ്ങളും അതത് മന്ത്രാലയങ്ങള്‍ കൂടാതെ മറ്റ് മന്ത്രാലയങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. നിലനിന്നിരുന്ന നടപടിക്രമങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ് പുതിയ തന്ത്രം. ഇതിന് മുമ്പ് മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുന്നതിനായി പത്രപ്രസ്താവനകള്‍ മാത്രമാണ് വിവിധ മന്ത്രാലയങ്ങള്‍ തയ്യാറാക്കിയിരുന്നത്. ഇപ്പോള്‍ പദ്ധതിയുടെ ചിലവും നേട്ടങ്ങളും ഉള്‍പ്പെടെ മുഴുവന്‍ വിവരങ്ങളും പ്രചരിപ്പിക്കാനാണ് നിര്‍ദ്ദേശം. എന്നാല്‍ നവമാധ്യമങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്ത പല മന്ത്രാലയങ്ങളും പ്രചാരണ പരിപാടികള്‍ സ്വകാര്യമേഖലയ്ക്ക് മറിച്ചുവില്‍ക്കാനുള്ള ശ്രമത്തിലാണ്. കൃഷി, ഭക്ഷ്യസംസ്‌കരണ മന്ത്രാലയങ്ങള്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് ശേഷിയുള്ളവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിക്കുകയും ഇതുസംബന്ധിച്ച ടെന്‍ഡറുകള്‍ ക്ഷണിക്കുകയും ചെയ്തു കഴിഞ്ഞു. അതുപോലെ തന്നെ നീതി ആയോഗും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പ്പിക്കാനുള്ള ശ്രമത്തിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍