UPDATES

ട്രെന്‍ഡിങ്ങ്

പോലീസിനെതിരായ കവിത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു; മാവോയിസ്റ്റാക്കി അകത്തിടുമെന്ന് എസ്എഫ്ഐ നേതാവിന് ഭീഷണി

വെനസ്വേലന്‍ കവി മിഗ്വാല്‍ ജെയിംസിന്റെ കവിതയുടെ വിവര്‍ത്തനം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് വിദ്യാര്‍ത്ഥിക്ക് പോലീസിന്റെ പരസ്യഭീഷണി

വെനസ്വേലന്‍ കവി മിഗ്വാല്‍ ജെയിംസിന്റെ കവിതയുടെ വിവര്‍ത്തനം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് വിദ്യാര്‍ത്ഥിക്ക് പോലീസിന്റെ പരസ്യഭീഷണി. എസ്.എഫ്.ഐ കുണ്ടറ ഏരിയ കമ്മറ്റിയംഗവും ബേബി ജോണ്‍ മെമ്മോറിയല്‍ കോളജിലെ എസ്.എഫ്.ഐ മുന്‍ യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദ് ഹനീനാണ് ഈ അവസ്ഥ. ഡല്‍ഹിയിലെ കിസാന്‍ മാര്‍ച്ചുമായി ബന്ധപ്പെട്ട ഫോട്ടോയോടൊപ്പം ഒക്ടോബര്‍ അഞ്ചാം തിയ്യതിയാണ് ഹനീൻ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ കവിത പോസ്റ്റ് ചെയ്തത്.

പോലീസിനെ അപമാനിച്ചെന്ന് ആരോപിച്ച് അന്ന് മുതല്‍ തന്നെ ഇയാള്‍ സൈബര്‍ ആക്രമണത്തിന് വിധേയനായിരുന്നു. ഇതിന് ശേഷമാണ് പോലീസുകാരുടെ വക നേരിട്ട് തന്നെ സൈബര്‍ ആക്രമണവും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തലും ആരംഭിച്ചത്. കേരള പോലീസ് ഉദ്യോഗസ്ഥരെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാക്കുന്ന, യൂണിഫോം ധരിച്ച പ്രെഫൈലുകളില്‍ നിന്ന് തന്നെയാണ് ആക്രമണങ്ങള്‍ നടത്തുന്നത്. മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ വാങ്ങിയ ഓഫീസര്‍മാര്‍ വരെ ഈ സൈബര്‍ ആക്രമണത്തില്‍ മുന്നിലുണ്ടെന്നതും പ്രെഫൈലുകളില്‍ നിന്നും വ്യക്തമാണ്.

“കവിത പോസ്റ്റ് ചെയ്ത ശേഷം ആദ്യത്തെ സൈബര്‍ ആക്രമണത്തെ തുടർന്ന് അവര്‍ ഫോണില്‍ വിളിച്ചു. നിന്റെ വീട് കുണ്ടറയല്ലെയെന്നും മുമ്പുണ്ടായ സമരത്തില്‍ പോലീസിനെ ഉപദ്രവിച്ച കേസില്‍ രണ്ട് ദിവസം ജയിലില്‍ കിടന്നത് നിനക്കോര്‍മയില്ലെ…? ഒന്നുകില്‍ കവിത ഡിലീറ്റ് ചെയ്യുക അതല്ലെങ്കില്‍ കേരള പോലീസിനെതിരെയല്ലെന്ന് വ്യക്തമാക്കണമെന്നുമാണ് അവരുടെ ആവശ്യം.” ഹനീൻ അഴിമുഖത്തോട് പറഞ്ഞു.

പോലിസുകാരായ പല ഐഡികളില്‍ നിന്നും മാവോയിസ്റ്റ് ബന്ധം ചാര്‍ത്തി അകത്താക്കും എന്ന ധ്വനിയിലുള്ള കമന്റുകള്‍ വരെ വന്നിട്ടുണ്ടെന്നും ഹനീൻ കൂട്ടിച്ചേര്‍ത്തു.

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായ ഹനീന്‍ കോളേജ് യുനിയന്‍ തിരഞ്ഞെടുപ്പിന്റെ സജീവ പ്രവര്‍ത്തനത്തിലാണ്. “എന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നപ്പോള്‍ വരെ സുഹൃത്താണെന്ന വ്യാജേന വാട്സ് ആപ്പില്‍ മെസ്സെജ് അയക്കുകയും തിരിച്ച് വിളിക്കാനാവശ്യപെടുകയുമാണ് അവര്‍ ചെയ്തത്. തിരിച്ച് വിളിച്ചപ്പോള്‍ പോലീസുകാരാണെന്ന് പരിചയപെടുത്തിയ അഞ്ചിലധികം പേരാണ് എന്നോട് സംസാരിച്ചത്. കവിത പിന്‍വലിക്കണമെന്നും നിന്നെ പോലൂള്ള പലരെയും ഞങ്ങള്‍ അകത്താക്കിയിട്ടുണ്ടെന്നും, നിന്റെ ബുദ്ധിജീവി ചമയൽ ഞങ്ങളോട് വേണ്ടെന്നുമൊക്കെയാണ് അവര്‍ പറഞ്ഞത്. വിളിച്ചവരില്‍ രണ്ട് സ്ത്രീകളുമുണ്ടായിരുന്നു. ഇനി മേലാൽ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഇടരുതെന്നും എന്നെ പോലുള്ളവരെ നന്നാക്കാന്‍ അവര്‍ക്ക് നന്നായി അറിയാമെന്നും, പണ്ടു നടന്ന പല കേസുകളും കേട്ടിട്ടില്ലെയെന്നുമെല്ലാം പറഞ്ഞ് അവര്‍ ഭീഷണിപ്പെടുത്തുന്നു. കവിതയുടെ കൂടെ പോസ്റ്റ് ചെയ്ത ചിത്രത്തെ കുറിച്ചും അവര്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ സംസാരിക്കുന്നത് ഒന്നും തന്നെ മനസ്സിലാക്കാനോ മുഴുമിപ്പിക്കാനോ അവര്‍ തയ്യാറായില്ല.” തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് ഹനീൻ വിവരിച്ചതിങ്ങനെയാണ്.

സാധാരണക്കാരെ തങ്ങളെ പോലുള്ളവര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇതിനുള്ള നടപടി പ്രതീക്ഷിക്കുന്നതിലും ഗുരുതരമായിരിക്കുമെന്നും അവര്‍ പറഞ്ഞതായി ഹനീൻ പറഞ്ഞു. പല സമരങ്ങളിലും പോലീസിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന തനിക്ക് പോലും ഭീഷണി ഭയപ്പാടുണ്ടാക്കിയെന്നും എന്നാല്‍ നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ തന്നെയാണ് തീരുമാനമെന്നും ഹനീന്‍ പറഞ്ഞു. എന്നാല്‍ സാധാരണ ഇത്തരം സംഭവങ്ങളില്‍ പരാതിപ്പെടേണ്ട ഇടങ്ങളില്‍ നിന്നു തന്നെ സൈബര്‍ ആക്രമണമുണ്ടാകുന്നത് ഞെട്ടിക്കുന്നതാണെന്ന് എസ് എഫ് ഐ നേതാവ് കൂട്ടിച്ചേര്‍ത്തു.

ജാസ്മിന്‍ പി കെ

ജാസ്മിന്‍ പി കെ

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍