UPDATES

ട്രെന്‍ഡിങ്ങ്

നമ്പര്‍ 1361, ഹീറോ പാഷന്‍ പ്രോ, പരിശോധിച്ചത് 72,000 ബൈക്കുകള്‍; ഐപിഎസ് ട്രയിനിയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ചയാളെ ഒടുവില്‍ പിടികിട്ടി

തിരുവല്ലം സ്റ്റേഷനിലെ എസ്എച്ച്ഒ കൂടിയായ ഐശ്വര്യ പ്രശാന്ത് ദോംഗ്രേയുടെ മാല പൊട്ടിക്കാനാണ് പ്രതി ശ്രമിച്ചത്

വനിത ഐപിഎസ് ട്രയിനിയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ പിടികൂടിയത് 72,000 ബൈക്കുകളുടെ രജിസ്‌ട്രേഷന്‍ പരിശോധിച്ച്. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ സലീമാണ് പിടിയിലായത്. പ്രഭാത സവാരിക്കിറങ്ങിയ തിരുവല്ലം പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയും ഐപിഎസ് ട്രയിനിയുമായ ഐശ്വര്യ പ്രശാന്ത് ദോംഗ്രെയുടെ മാല പൊട്ടിക്കാനാണ് സലീം ശ്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ എഴുമണിക്കായിരുന്നു സംഭവം. കോവളം-പാച്ചല്ലൂര്‍ ബൈപാസിലെ സര്‍വീസ് റോഡില്‍ കൊല്ലന്തറയ്ക്ക് സമീപത്തുവച്ച് ബൈക്കില്‍ എത്തിയ സലീം ഐശ്വര്യയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ സലീമിന്റെ കൈ ഉടന്‍ തന്നെ തട്ടിമാറ്റിക്കൊണ്ട് മാലപൊട്ടിക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയെങ്കിലും പ്രതിയെ പിടികൂടാന്‍ ഐശ്വര്യക്ക് കഴിഞ്ഞില്ല. ബൈക്കില്‍ രക്ഷപ്പെട്ട സലീമിന്റെ പിറകെ ഐശ്വര്യ ഓടിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു പോവുകയായിരുന്നു. എന്നാല്‍ ബൈക്കിന്റെ നമ്പരും ഏത് ബൈക്ക് ആണെന്നതും ഐശ്വര്യക്ക് മനസിലാക്കിയിരുന്നു.

സമീപത്തുള്ള കടകളിലെ സിസി ടീവി കാമറകളില്‍ പ്രതിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. കറുത്ത ടീഷര്‍ട്ടും നീല ട്രാക്‌സ് സ്യൂട്ടുമായിരുന്നു ഇയാള്‍ ധരിച്ചിരുന്നത്. പ്രതിയെ തിരിച്ചറിയുന്നവര്‍ വിവരം നല്‍കാന്‍ വേണ്ടി സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിടുകയും ചെയ്തു. എന്നാല്‍ ഇതുവഴി വിവരങ്ങളൊന്നും കിട്ടാതെ വന്നതോടെയാണ് പ്രതി സഞ്ചരിച്ച ബൈക്ക് കണ്ടെത്താനുള്ള ശ്രമം തുടങ്ങിയത്. ഹീറോ പാഷന്‍ പ്രോ ബൈക്കും 1361 എന്ന നമ്പരും വച്ചാണ് ഈ ബൈക്ക് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയത്.

നമ്പര്‍ കിട്ടിയെങ്കിലും ഏത് രജിസ്‌ട്രേഷന്‍ ആണെന്നറിയാതെ വന്നത് പൊലീസിനെ കുഴക്കി. തുടര്‍ന്ന് 1361 എന്ന മ്പരിലുള്ള ബൈക്ക് കണ്ടെത്താന്‍ തിരുവനന്തപുരത്തും കൊല്ലത്തമായ 72,000 ഓളം ഹീറോ പാഷന്‍ പ്രോ ബൈക്കുകളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു. തിരുവനന്തപുരത്തു നിന്നും ഇതേ നമ്പരിലുള്ള ബൈക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് കൊല്ലത്തും പരിശോധന നടത്തിയതോടെയാണ് പ്രതി കുടുങ്ങിയത്. KL-02-AF-1361 എന്ന നമ്പരിലുള്ള ബൈക്കിന്റെ രജിസ്‌ട്രേഷന്‍ കണ്ടെത്തിയ പൊലീസിന് അതിന്റെ ഉടമസ്ഥനായ സലീമിന്റെ മേല്‍വിലാസവും കിട്ടി. അങ്ങനെയാണ് ഇയാള്‍ പൂന്തുറ മാണിക്കവിളാകം സ്വദേശിയാണെന്നു മനസിലായത്.

സ്വകാര്യ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സലീമിന് പക്ഷേ താന്‍ ഐപിഎസ് ട്രയിനിയുടെ മാല മോഷ്ടിക്കാനാണ് ശ്രമിച്ചതെന്ന കാര്യം അറിയില്ലായിരുന്നു. പൊലീസ് പുറത്തുവിട്ട സിസി ടിവി ദൃശ്യങ്ങളും സലീമിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ പൊലീസ് തന്നെ അന്വേഷിച്ചു നടക്കുകയാണെന്ന് അറിയാതെ സാധാരണപോലെ കഴിയുകയായിരുന്നു സലീം. ഒടുവില്‍ തിങ്കളാഴ്ച്ച രാത്രി പൊലീസ് എത്തുമ്പോഴാണ് താന്‍ കുടുങ്ങിയെന്നു മനസിലാകുന്നത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇത്തവണയത് വിജയിച്ചില്ല. അന്വേഷണ ചുമതലയുണ്ടായിരുന്ന ഫോര്‍ട്ട് അസി. കമ്മിഷണര്‍ പ്രതാപ് ചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് സംഘമാണ് സലീമിനെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍