UPDATES

ട്രെന്‍ഡിങ്ങ്

‘പാപ്പാസ് എയ്ഞ്ചല്‍’ പിടിയില്‍

റാം റഹീമിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാനെതിരേ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്

പീഢനക്കേസില്‍ ശിക്ഷിക്കപ്പെട്ട ജയിലില്‍ കഴിയുന്ന വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ വളര്‍ത്തു പുത്രി ഹണിപ്രീത് ഇന്‍സാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഛണ്ഡീഗഡ് ഹൈവേയ്ക്ക് സമീപത്തുവച്ചാണ് ഹണിപ്രീതിനെ അറസ്റ്റ് ചെയ്യുന്നത്. രാജ്യദ്രോഹം കുറ്റം ചുമത്തപ്പെട്ട ഹണിപ്രീത് ഏറെ നാളായി ഒളിവിലായിരുന്നു. ഇന്നു രാവിലെ ഹണിപ്രീത് ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് അഭിമുഖം കൊടുത്തിരുന്നുവെങ്കിലും പൊലീസിന് ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ‘പാപ്പാസ് എയ്ഞ്ചല്‍’ എന്നറിയപ്പെടുന്ന ഹണിപ്രീത് ഇന്‍സാന്‍ പിടിയിലാകുന്നത്. പഞ്ച്കുള പൊലീസ് കമ്മിഷണര്‍ എ എസ് ചൗള അറസ്റ്റ് വിവരം സ്ഥിരീകരിച്ചിട്ടുണ്ടെന്നു പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹണിപ്രീതിനെ നാളെ കോടതിയില്‍ ഹാജരാക്കും.

ഹണിപ്രീത് ഇന്നു കീഴടങ്ങുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താനാകെ തകര്‍ന്നിരിക്കുകയാണെന്നും നിരാശയിലാണെന്നും ഹണിപ്രീത് ന്യൂസ് 24 ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തനിക്കും പാപ്പയ്ക്കും( റാം റഹീം സിംഗ്) എതിരേയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും തങ്ങള്‍ക്കിടയില്‍ പിതൃ-പുത്രി ബന്ധമാണുണ്ടായിരുന്നുതെന്നും തെറ്റായ ആരോപണങ്ങളാണ് തന്നെ തളര്‍ത്തിയിരിക്കുന്നതെന്നും കോടതിയില്‍ കീഴടങ്ങുന്നതിനു മുമ്പായി നല്‍കിയ അഭിമുഖത്തില്‍ ഹണിപ്രീത് പറയുന്നു.

പാപ്പ ജയിലില്‍ പോയതോടെ തന്റെ ലോകം തകര്‍ന്നുപോയി. തനിക്കും പാപ്പായ്ക്കും എതിരേ ഉള്ളത് കള്ളക്കേസുകളാണെന്നും ഹണിപ്രീത് ചാനലിനോടു പറഞ്ഞു.

36 കാരിയായ ഹണിപ്രീത് ആയിരുന്നു റാം റഹീമിന്റെ ഏറ്റവും അടുത്ത അനുയായി അറിയപ്പെട്ടിരുന്നത്. റാം റഹീം ജയിലിലായതോടെ ഹണിപ്രീത് ദേര സച്ച സൗദയുടെ നേതൃത്വം ഏറ്റെടുക്കുമെന്നും സിംഗിന്റെ മകന്‍ ആ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്നതുവരെ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. വളര്‍ത്തു പുത്രിയായാണ് ഹണിപ്രീതിനെ റാം റഹീം അവതരിപ്പിച്ചിരുന്നെങ്കിലും അവര്‍ക്കിടയില്‍ അങ്ങനെയൊരു ബന്ധമായിരുന്നില്ലെന്നും റാം റഹീമിന്റെ ലൈംഗികപങ്കാളായായിരുന്നു ഹണിപ്രീതെന്നും വെളിപ്പെടുത്തി രംഗത്തു വന്നത് അവരുടെ ആദ്യഭര്‍ത്താവ് തന്നെയായിരുന്നു. ഈ വിവരം താന്‍ കണ്ടുപിടിച്ചതോടെ ഹണിപ്രീതും റാം റഹീമും ചേര്‍ന്ന് തന്നെ കൊല്ലാന്‍ പദ്ധതിയിട്ടതായും മുന്‍ ഭര്‍ത്താവ് വെളിപ്പെടുത്തിയിരുന്നു.

റാം റഹീമിനെ കോടതി കുറ്റക്കാരനായി വിധിച്ചയുടനെ കലാപം ഉണ്ടാക്കാന്‍ പദ്ധതിയിട്ടു എന്നതാണ് ഹണിപ്രീതിനെതിരേയുള്ള കുറ്റം. കോടതിയില്‍ നിന്നും റാം റഹീം പുറത്തു വരുന്ന സമയത്ത് വിധി എതിരണെങ്കില്‍ ചുവന്ന് ബാഗ് ഉയര്‍ത്തുമെന്നും ഈ സമയം അക്രമം അഴിച്ചുവിട്ട് ആള്‍ദൈവത്തെ രക്ഷപ്പെടുത്താമെന്നുമായിരുന്നു ഹണിപ്രീതിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതിയെന്നു പൊലീസ് പറഞ്ഞു. അത്തരമൊരു വിഫലശ്രമം നടന്നിരുന്നതായും പൊലീസ് വ്യക്തമാക്കിയിരുന്നു. ചില പൊലീസുകാര്‍ വരെ അവര്‍ക്കൊപ്പം കൂടിയതായും വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു.

റാം റഹീമിനെതിരായ കോടതി വിധിക്കു പിന്നാലെ ഹരിയാനയിലും പഞ്ചാബിലും ഡല്‍ഹിയിലുമെല്ലാം കലാപം പൊട്ടിപുറപ്പെട്ടിരുന്നു. 38 ഓളം പേരാണ് കൊല്ലപ്പെട്ടത്. കലാപത്തിനു പിന്നില്‍ ദേരസച്ച സൗദയിലെ ഉന്നതരാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
ഹണി പ്രീതിനെതിരേ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ ഇവര്‍ ഒളിവില്‍ പോയി. നേപ്പാളിലേക്ക് കടന്നതായി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പൊലീസ് അതു നിഷേധിച്ചിരുന്നു. ഹണിപ്രീത് ഇന്ത്യയില്‍ തന്നെ ഉണ്ടായിരിക്കുമെന്നായിരുന്നു പ്രത്യേക അന്വേഷണസംഘം പ്രതികരിച്ചിരുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍