UPDATES

വായന/സംസ്കാരം

ആര്‍ക്കു വേണം ബാബുഭായിക്കും കുടുംബത്തിനും പാടാനുള്ള തെരുവുകള്‍ ഇല്ലാത്ത കേരളം?

ബാബുഭായിയും അദ്ദേഹത്തിന്റെ കുടുംബവും തെരുവിൽ പെട്ടിയും ഡോലക്കും വെച്ച്‌ പാടുന്നത്‌ കേട്ടാണു ഞങ്ങളൊക്കെ വളരുന്നത്‌

നഗരം മോടി പിടിപ്പിക്കുന്ന തിരക്കിൽ, നവ കേരളം സൃഷ്ടിക്കുന്ന ആവേശത്തിൽ ചിലതു മറന്നു പോകുന്നുണ്ടോ എന്ന് സമീപകാല സംഭവ വികാസങ്ങൾ സംശയം ജനിപ്പിക്കുന്നു. കോഴിക്കോടിന്റെ തെരുവീഥികൾക്കു ഏറെ സുപരിചിതമാണ് തെരുവ് ഗായകരായ ബാബു ഭായിയും കുടുംബവും. കോഴിക്കോടിന്‍റെ തെരുവുകളില്‍ 35 വര്‍ഷത്തിലധികമായി പാട്ട് പാടുന്ന ഇവര്‍ക്ക് നാലഞ്ചു മാസമായി പൊലീസ് വിലക്കാണ് നഗരത്തില്‍ പാടാന്‍. മിഠായിത്തെരുവിലോ ബീച്ചിലോ മാനാഞ്ചിറയിലോ എവിടെയും ഇരുന്നു പാടാന്‍ പോലീസ് സമ്മതിക്കുന്നില്ല.

പ്രസ്തുത വിഷയത്തിൽ പ്രതികരണവുമായി ഗായകൻ ഷഹബാസ് അമൻ രംഗത്തെത്തിയിരിക്കയാണ്. തന്റെ ഫെയ്സ്ബൂക് കുറിപ്പിലാണ് ഷഹബാസ് പ്രതിഷേധമറിയിച്ചത്. (ഒരു സുഹൃത്തിന്റെ കുറിപ്പ് ഷെയർ ചെയ്തു കൊണ്ടാണ് ഷഹബാസ് പ്രതികരിച്ചിരിക്കുന്നത് )

ഷഹബാസ് അമൻ എഴുതുന്നു…

സുഹൃത്ത്‌ ഷെറീഫ്‌ ചെരണ്ടത്തൂരിന്റെ പോസ്റ്റ്‌ വായിച്ച്‌ ഞെട്ടിപ്പോയി. വ്യക്തിബന്ധത്തിൽ ‌ഉള്ള ഉന്നത അധികാരികളിൽ ചിലർക്ക്‌ ഈ പോസ്റ്റും ചിത്രങ്ങളും നേരിൽ കൈമാറിയിട്ടുണ്ട്‌…. തുടർന്നും ഫലപ്രദമായി എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ഉറപ്പായിട്ടും ചെയ്യാൻ ശ്രമിക്കും! തെരുവുകളിലൂടെയും വീടുവീടാന്തരങ്ങളും പാടി നടന്നിരുന്നവരും ഇപ്പോഴും അങ്ങനെ പാടിനടക്കുന്നവരുമൊക്കെത്തന്നെയാണു തീർച്ചയായിട്ടും ഞങ്ങളുടെ മുൻഗാമികൾ! അതിൽ അഭിമാനം മാത്രമേയുള്ളു! അവരെ അവിടെ നിന്ന് ആട്ടിപ്പായിക്കാൻ ഞങ്ങൾ സമ്മതിക്കില്ല! കാരണങ്ങൾ പലതുണ്ടാകാം.അതിൽ മിക്കതും “ഇത്‌ ഇവിടെ ശരിയാവില്ല” എന്ന സ്ഥിരം സംഗതികൾ ആവാനേ തരമുള്ളു! പക്ഷേ ബാബുഭായിയും അദ്ദേഹത്തിന്റെ കുടുംബവും തെരുവിൽ പെട്ടിയും ഡോലക്കും വെച്ച്‌ പാടുന്നത്‌ കേട്ടാണു ഞങ്ങളൊക്കെ വളരുന്നത്‌! പാട്ടുപാടാൻ അവർക്ക്‌ കംഫർട്ടബിൾ ആയ വെന്യൂ സ്ട്രീറ്റ്‌ ആണെങ്കിൽ അത്‌ അനുവദിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്! അവരെയൊക്കെ അവിടുന്ന് ഒഴിവാക്കിക്കൊണ്ടല്ല,പുതിയ കേരള സങ്കൽപ്പം മെനയേണ്ടതും മെടയേണ്ടതും‌! ഇതിന്റെ പിന്നിലെ സംഗതികൾ എന്തൊക്കെയാണെന്ന് തീർച്ചയായും അന്വേഷിക്കപ്പെടേണ്ടതുണ്ട്‌! നമുക്ക്‌ നോക്കാം.

ഇപ്പോൾ ഈ പോസ്റ്റൊന്ന് വായിക്കു

ഷെറീഫ്‌ എഴുതുന്നു.

ചിത്രത്തില്‍ കാണുന്നത് തെരുവ് പാട്ടുകാരന്‍ ബാബു ഭായിയും കുടുംബവുമാണ്. കോഴിക്കോടിന്‍റെ തെരുവുകളില്‍ 35 വര്‍ഷത്തിലധികമായി പാട്ട് പാടുന്ന ഇവര്‍ക്ക് നാലഞ്ചു മാസമായി പൊലീസ് വിലക്കാണ് നഗരത്തില്‍ പാടാന്‍. മിഠായിത്തെരുവിലോ ബീച്ചിലോ മാനാഞ്ചിറയിലോ എവിടെയും ഇരുന്നു പാടാന്‍ സമ്മതിക്കുന്നില്ല. ആധുനിക നഗരത്തിന്‍റെ ചരിത്രത്തേക്കാള്‍ പഴക്കമുണ്ട് ഇവരുടെ സംഗീത ജീവിതത്തിന് കോഴിക്കോട്. നഗരം മോഡി പിടിപ്പിച്ച് കൂടുതല്‍ പുതുമ അണിയുമ്പോള്‍ മേല്‍വിലാസമില്ലാത്തവര്‍ നഗരത്തിനു അധികപ്പറ്റാണെന്ന് അധികൃതര്‍ക്ക് തോന്നിക്കാണും. ഇവരെ മാത്രമല്ല ക്ലീന്‍ സിറ്റി പദ്ധതിയുടെ ഭാഗമായി മറ്റ് നാടോടി കലാകാരന്‍മാരെയൊക്കെ നഗരത്തില്‍ നിന്ന് നിഷ്ക്കാസിതമാക്കുകയാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. മാധ്യമ ശ്രദ്ധയൊന്നും കിട്ടാത്ത അത്തരം മനുഷ്യര്‍ എതിര്‍ക്കാന്‍ കെല്‍പ്പില്ലാതെ ഉപജീവനം ഉപേക്ഷിച്ച് മെല്ലെ നഗരം വിടുകയാണ്.

പരിഷ്കൃത രാജ്യങ്ങള്‍ ഇത്തരം കലാകാരന്‍മാരെ നിധി പോലെ സംരക്ഷിക്കുമ്പോള്‍ നമ്മള്‍ നമ്മളുടെ ആധുനിക പരിസരത്ത് നിന്ന് ഇത്തരം മനുഷ്യരെ തന്നെ ക്ലീനാക്കുകയാണ്. ബാബു ഭായിയെയും കുടുംബത്തെയും കരുണ ഖത്തര്‍ ദോഹയില്‍ പാടാന്‍ കൊണ്ടുവന്നപ്പോള്‍ ഒരു സംഗീത പരിപാടിക്കും പങ്കെടുക്കാത്തത്രയും ജനങ്ങളാണ് ഇവരെ കേള്‍ക്കാന്‍ വന്നത്. ഗുജറാത്തില്‍ നിന്ന് കേരളത്തിലേക്ക് പത്തറുപതു വര്‍ഷം മുന്‍പ് വന്ന തെരുവ് ഗായക കുടുംബമാണ്. കോഴിക്കോട് ബസ്സ്‌സ്റ്റാന്‍ഡിലോ ബീച്ചിലോ ഒക്കെ ബാബു ഭായി ഡോലക്ക് കൊട്ടി റാഫിയുടെയും കിഷോര്‍കുമാറിന്‍റെയുമൊക്കെ പാട്ട് പാടുന്നത് നമ്മള്‍ കണ്ടിട്ടുണ്ടാവും. തൊട്ടടുത്ത്‌ റാഫിയുടെ ചിത്രമൊട്ടിച്ച പൊട്ടിപ്പൊളിഞ്ഞ ഹാര്‍മോണിയത്തില്‍ തന്‍റെ കൈവേഗങ്ങള്‍ കൊണ്ട് മാസ്മരികത തീര്‍ക്കുന്ന അദ്ദേഹത്തിന്‍റെ ജീവിത പങ്കാളി ലതയെ കാണാം. മകള്‍ കൌസല്യയെ കാണാം. ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായമൊന്നുമില്ലാതെ തിരക്ക് പിടിച്ച നഗരത്തിന്‍റെ ശബ്ദത്തേക്കാള്‍ ഉച്ചസ്ഥായിയില്‍ തൊണ്ടപൊട്ടുന്ന ഇവരുടെ ജീവസംഗീതം കേള്‍ക്കാം. ഇങ്ങനെ കിട്ടുന്ന നാണയത്തുട്ടുകളില്‍ നിന്നാണ് ഇവര്‍ വര്‍ഷങ്ങളായി ദൈനംദിന ജീവിതം പുലര്‍ത്തുന്നത്. വേറെ ഒരു ജോലിയും ഇവര്‍ക്കറിയില്ല.

അധികൃതരോടാണ്.. നിങ്ങള്‍ പാടാന്‍ അനുവദിച്ചില്ലെങ്കില്‍ ഇവര്‍ പട്ടിണിയാണ്. നാടോടി ജീവിതാനുഭവങ്ങളില്‍ സ്ഫുടം ചെയ്ത ജീവ സംഗീതം നമ്മളെ കേള്‍പ്പിക്കാന്‍ നമുക്ക് ഇത്തരം അപൂര്‍വ്വം ചിലരെയുള്ളൂ. എലാവര്‍ക്കും കല എന്നതു ആഡംബരമല്ല. അതിജീവനവും ജീവിതവുമാണ്. ഓര്‍ത്തില്ലെങ്കില്‍ നിങ്ങള്‍ ഖേദിക്കേണ്ടി വരും.

(ഫോട്ടോ ക്രെഡിറ്റ്-തത്സമയം)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍