UPDATES

ട്രെന്‍ഡിങ്ങ്

സാക്ഷരത മിഷന്‍ കലോത്സവ ഒരുക്കങ്ങള്‍ കഴിഞ്ഞ് മടങ്ങവെ ട്രാന്‍സ്‌ജെന്ററുകള്‍ക്ക് നേരെ പൊലിസ് മര്‍ദ്ദനം

കഴിഞ്ഞ ദിവസം രാത്രിയില്‍ സാക്ഷരതാമിഷന്‍ കലോത്സവത്തിന്റെ ഒരുക്കം കഴിഞ്ഞ് മടങ്ങവെ നിങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ച് പോലീസ് ലാത്തികൊണ്ട് അടിക്കുകയായിരുന്നു. കോഴിക്കോട് കസബ സറ്റേഷനിലെ പൊലീസുകാരാണ് തങ്ങളെ മര്‍ദ്ദിച്ചതെന്നും ട്രാന്‍സ്ജന്ററുകള്‍ പറയുന്നു.

ദീഷ്‌ണ സി.

ദീഷ്‌ണ സി.

കോഴിക്കോട് ട്രാന്‍സ്‌ജെന്റുറുകള്‍ക്ക് നേരെ വീണ്ടും പോലീസിന്റെ ആക്രമണം. ഇന്നലെ രാത്രി മിഠായി തെരുവിലെ താജ് റോഡില്‍ വച്ചാണ് ട്രാന്‍സ്‌ജെന്ററുകളായ സുസ്മിയ്ക്കും ജാസ്മിനും ലാത്തിച്ചാര്‍ജ് ഏല്‍ക്കേണ്ടി വന്നത്. ഗവ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ചു നടക്കുന്ന സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാഭ്യാസ കലോത്സവത്തിന്റെ ഭാഗമായി ഇന്ന് നടക്കാനിരിക്കുന്ന നൃത്ത പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തി മടങ്ങവെയാണ് കാരണമില്ലാതെ തങ്ങളെ പൊലീസുകാര്‍ മര്‍ദ്ദിച്ചതെന്ന് സുസ്മിയും ജാസ്മിനും പരാതിപ്പെടുന്നു. കൈകള്‍ക്കും കാലിനും പരിക്കേറ്റ ഇരുവരും കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

സമീപകാലങ്ങളില്‍ തുടര്‍ച്ചയായി പോലീസിന്റെ മര്‍ദ്ദനമേല്‍ക്കേണ്ടി വരുന്ന ഇവര്‍, തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന പോലീസിനെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അടിയന്തിര നടപടികള്‍ വേണമെന്നും, ജീവിക്കാനുള്ള അവകാശവും നിയമ സംരക്ഷണവും തങ്ങള്‍ക്കും അനുവദിച്ച് തരണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ആക്രമിക്കപ്പെട്ട സുസ്മിയുടെയും ജാസ്മിന്റെയും സുഹൃത്തും ട്രാന്‍സ്‌ജെന്ററുമായ അലീന അഴിമുഖത്തോട് സംസാരിക്കുന്നു:

‘ഇന്നലെ രാത്രി രണ്ടു മണിയോടെയായിരുന്നു സംഭവം. സാക്ഷരതാ മിഷന്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു മടങ്ങവെയാണ് സുസ്മിയ്ക്കും ജാസ്മിനും ലാത്തിച്ചാര്‍ജ് ഏല്‍ക്കേണ്ടി വന്നത്. കസബ സ്റ്റേഷനിലെ, കണ്ടാല്‍ അറിയാവുന്ന പോലീസുകാരാണ് മര്‍ദ്ദിച്ചത്. ഇരുവരോടും പേരുകള്‍ ചോദിച്ച പോലീസ്, പേരുകള്‍ കേട്ട ശേഷം കാരണം കൂടാതെ അടിക്കുകയായിരുന്നു. ഞങ്ങളെ അടിക്കുന്നത് എന്തിനാണെന്ന് ചോദിച്ച സുസ്മിയോട് നിങ്ങളെയൊന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു മര്‍ദ്ദനം. ചുരുങ്ങിയ പക്ഷം ഇവിടെ നില്‍ക്കുന്നതെന്തിനെന്നോ, ഇവിടെ നില്‍ക്കാന്‍ പടില്ലെന്നോ പോലും പറയാതെ, യാതൊരു കാരണവും കൂടാതെയായിരുന്നു ആക്രമണം. പോലീസുകാര്‍ക്ക് എന്തോ മുന്‍വൈരാഗ്യം ഉള്ളതു പോലെയാണ് പെരുമാറിയതെന്ന് സുസ്മിയും ജാസ്മിനും പറയുന്നു. രണ്ടു പേരും ഇപ്പോള്‍ ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

പരാതിയുമായി ജില്ലാ കളക്ടറെ സമീപിച്ചപ്പോള്‍ വളരെ നല്ല രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചത്.ഇന്ന് വൈകുന്നേരത്തിനകം കൃത്യമായ നിയമ നടപടികള്‍ സ്വീകരിച്ചു കൊള്ളാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്.കമ്മീഷണറുടെ അസാനിധ്യത്തില്‍ ഡിവൈഎസ്പിയുമായി ഇന്ന് വൈകീട്ട് നാലുമണിക്ക് ഒരു കൂടിക്കാഴ്ച്ചയുണ്ട്.പരാതിയുമായി മുന്നോട്ട് പോകാനാണ് എല്ലാവരും സംയുക്തമായി തീരുമാനിച്ചിരിക്കുന്നത്. ഇത് ആദ്യ സംഭവമല്ല. എന്തുകൊണ്ടാണ് ഞങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പോലീസ് നിഷേധിക്കുന്നതെന്ന് അറിയേണ്ടതുണ്ട്. ഒരു പുരുഷനെയോ സ്ത്രീയെയോ കാണുമ്പോള്‍ പ്രകോപനമില്ലാത്ത പൊലീസുകാര്‍ക്ക് ട്രാന്‍സ്‌ജെന്ഡറുകളെ കാണുമ്പോള്‍ എങ്ങനെയാണ് ഇത്രമാത്രം അസ്വസ്ഥതയുണ്ടാകുന്നത്? കേരളത്തിന്റെ പലഭാഗങ്ങളിലായി ഓരോ ട്രാന്‍സ്ജെന്റര്‍ സുഹൃത്തുക്കളും നിരന്തരം മര്‍ദ്ദനത്തിനിരയായിക്കൊണ്ടിരിക്കുന്നു. ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം.’ അലീന പറയുന്നു.

ട്രാന്‍സ്‌ജെന്‍ന്ററുകളുടെ പരാതിയെത്തുടര്‍ന്ന് കസബ സ്റ്റേഷനിലും, സംഭവം നടന്ന സ്ഥലത്തിനാസ്പദമാക്കി ടൌണ്‍ സ്റ്റേഷനിലും ബന്ധപ്പെട്ടപ്പോള്‍ പരാതികള്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും തങ്ങളുടെ ഭാഗത്തുനിന്നും അത്തരമൊരു ലാത്തിച്ചാര്‍ജ് ഉണ്ടായിട്ടില്ലെന്നും ഇരു സ്റ്റേഷനിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അഴിമുഖത്തോട് പറഞ്ഞു. എന്നാല്‍ കസബ സ്റ്റേഷനിലെ പൊലീസുകാര്‍ തന്നെയാണ് മര്‍ദ്ദിച്ചതെന്നും, രണ്ടുപേരെയും വീണ്ടും കണ്ടാല്‍ തിരിച്ചറിയുമെന്നും സുസ്മിതയും ജാസ്മിനും പറയുന്നു.

 

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍