UPDATES

ട്രെന്‍ഡിങ്ങ്

ഭൂമി കുംഭകോണത്തില്‍ കര്‍ദിനാള്‍ ആലഞ്ചേരിയെ പ്രതിയാക്കി കേസ് എടുക്കണം; ഐജിക്ക് പരാതി

കാനോനിക നിയമങ്ങള്‍ ലംഘിച്ച പ്രതികള്‍ കോടികള്‍ കൊള്ളയടിക്കുകയും അതിരൂപതയ്ക്ക് 84 കോടി രൂപ ബാധ്യത ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു

സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു കീഴില്‍ നടന്ന ഭൂമിയിടപാട് വിവാദത്തില്‍ നാളെ നിര്‍ണായക വൈദിക സമിതി യോഗം ചേരാനിരിക്കെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ പൊലീസില്‍ പരാതി. കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റീസ് പ്രസിഡന്റ് അഭിഭാഷകന്‍ പോളച്ചന് പുതുപ്പാറയാണ് എറണാകുളം റെയ്ഞ്ച് ഐജിക്ക് പരാതി നല്‍കിയിരിക്കുന്നത്. അതിരൂപത ഫിനാന്‍സ് കമ്മിറ്റി അധ്യക്ഷനായിരുന്ന ഫാദര്‍ ജോഷി പുതുവ, എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റിയന്‍ വടക്കുംപാടന്‍ എന്നിവരെയും പ്രതികളായി ചേര്‍ത്താണ് പരാതി നല്‍കിയിരിക്കുന്നത്.

ഭൂമിയടപാടില്‍ പ്രതികളായ ആര്‍ച്ച് ബിഷപ്പും മറ്റു രണ്ടുപേരും സഭയ്ക്കകത്ത് കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെടുന്നത്. കാനോനിക നിയമങ്ങള്‍ ലംഘിച്ച പ്രതികള്‍ കോടികള്‍ കൊള്ളയടിക്കുകയും അതിരൂപതയ്ക്ക് 84 കോടി രൂപ ബാധ്യത ഉണ്ടാക്കി വച്ചിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

ഭൂമി വില്‍പ്പന കുംഭകോണത്തില്‍ ഇന്ത്യന്‍ ശിക്ഷ നിയമം 403,405,409,415 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നത്. അതിരൂപതയുടെ വസ്തുവകകള്‍ വിറ്റതിലൂടെ കോടികള്‍ കൈവശപ്പെടുത്തിയിരിക്കുകയാണ് പ്രതികളെന്നും ആലഞ്ചേരിക്കെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നു. ഇതിനെതിരേ 403 വകുപ്പ് പ്രകാരം ആര്‍ച്ച് ബിഷപ്പിനെതിരേ കേസ് എടുക്കണമെന്നാണ് ആവശ്യം. സഭയുടെ ഉന്നത സ്ഥാനങ്ങളില്‍ ഇരുന്ന് കൊണ്ട് ക്രിമിനല്‍ വിശ്വാസവഞ്ചനയാണ് പ്രതികള്‍ നടത്തിയിരിക്കുന്നതെന്നും ഇത് 405 വകുപ്പ് പ്രകാരമുള്ള കുറ്റമാണെന്നും പരാതിയില്‍ പറയുന്നു. സഭയുടെ പ്രതിനിധിയെന്ന നിലയിലാണ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വിവാദമായ വസ്തുവില്‍പ്പന ആധാരങ്ങളില്‍ ഒപ്പു വച്ചിരിക്കുന്നത്. ഇത് 409 വകുപ്പ് പ്രകാരമുള്ള കുറ്റമാണ്. 36 പ്ലോട്ടുകളായി തിരിച്ച് കാക്കനാട്ടുള്ള വസ്തു വിറ്റ നടപടി 415 വകുപ്പ് പ്രകാരമുള്ള കുറ്റമായി കണക്കാക്കാവുന്നതാണെന്നും പരാതിയില്‍ പറയുന്നു.

അതിരൂപതാദ്ധ്യക്ഷനായ ആലഞ്ചേരിയും മറ്റു രണ്ടു വൈദികരും ചേര്‍ന്നു നടത്തിയിരിക്കുന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങളും സഭയുടെ സമ്പത്ത് കൊള്ളയടിക്കലും ടാക്‌സ് വെട്ടിപ്പും കള്ളപ്പണത്തിന്റെയും ഹവാലയുടെയും ഉപയോഗവും സ്റ്റാമ്പ് ഡ്യൂട്ടിയിലുള്ള കോടികളുടെ വെട്ടിപ്പും അന്വേഷണത്തില്‍ കൊണ്ടു വരണമെന്നും അഡ്വക്കേറ്റ് പോളച്ചന്‍ പുതുപ്പാറ പരാതിയില്‍ ആവശ്യപ്പെടുന്നു.

"</p "</p

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍