UPDATES

സിനിമ

ദുബായ് ബന്ധം, കള്ളപ്പണം, ബിനാമി; പോലീസിനു പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റും ദിലീപിനെക്കുറിച്ച് അന്വേഷിക്കുന്നു

നടന്റെ ബാങ്ക് അകൗണ്ടുകളും സ്വത്തുക്കളും മരവിപ്പിക്കുമെന്നും അറിയുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റത്തിന് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്‌തെങ്കിലും പൊലീസിന് സംശയങ്ങള്‍ ബാക്കിയാണ്. വ്യക്തി വൈരാഗ്യമാണ് ആക്രമിക്കാനുള്ള കാരണമെന്നു പറയുമ്പോഴും ഇത്തരമൊരു കാരണത്തിന്റെ പേരില്‍ ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ നല്‍കാന്‍ ദിലീപ് തയ്യാറാകുമോ എന്നാണു പൊലീസ് സ്വയം ചോദിക്കുന്നത്. പദ്ധതിയനുസരിച്ച് കാര്യങ്ങള്‍ നടന്നാല്‍ ദിലീപിന് 62 കോടി രൂപയുടെ ലാഭമുണ്ടാവുമെന്ന സുനിയുടെ മൊഴിയും പൊലീസ് ഗൗരവത്തോടെ തന്നെയാണു കാണുന്നത്. എന്നാല്‍ ഏതുതരത്തിലാണ് നടനു സാമ്പത്തികലാഭം ഉണ്ടാകുകയെന്നത് പൊലീസിനു വ്യക്തമായിട്ടില്ല. എന്നാല്‍ നടി ഇതു സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങള്‍ പൊലീസിന് നല്‍കിയിട്ടുണ്ടെന്ന സൂചനയുമുണ്ട്. ദിലീപിന്റെ കുറ്റസമ്മതം ഒരു തന്ത്രമാണോയെന്ന സംശയവും ഇപ്പോള്‍ പൊലീസിനുണ്ട്. തന്റെ മറ്റു സാമ്പത്തിക സ്രോതസുകളിലേക്കും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലേക്കും പൊലീസിനെ എത്തിക്കാതിരിക്കാന്‍ വേണ്ടിയാവണം കുടുംബപ്രശ്‌നമെന്ന കാരണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നുമാണ് സംശയം.

ദിലീപിന്റെ രഹസ്യബന്ധങ്ങളെക്കുറിച്ച് മഞ്ജു വാര്യര്‍ക്ക് ചില വിവരങ്ങള്‍ കൈമാറിയതും ഇതുമൂലം തന്റെ കുടുംബബന്ധം തകര്‍ന്നതിലുള്ള വൈരാഗ്യവുമാണ് നടിയെ ക്രൂരമായൊരു കെണിയില്‍പ്പെടുത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ദിലീപ് പറയുമ്പോഴും വിവാഹമോചനത്തിനു പിന്നാലെ ചില സാമ്പത്തിക ഇടപാടുകളില്‍ ഉണ്ടായ തര്‍ക്കവും ഇതില്‍ നടിയും ഒരു കഥാപാത്രമായിരുന്നതും ആക്രമിക്കപ്പെടാനുള്ള കാരണമായി മാറിയിട്ടുണ്ടാകാം. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഒരിക്കല്‍ ഈ നടി. സിനിമയില്‍ മാത്രമല്ല, കുടുംബപരമായും ഏറെ അടുപ്പവും വിശ്വാസവും ഈ നടിയുടെ മേല്‍ ഉണ്ടായിരുന്ന കാലത്ത് ചില ഭൂമിയിടപാടുകള്‍ ഇവരുടെ പേരില്‍ ദിലീപ് നടത്തിയിരുന്നതായും പിന്നീട് തെറ്റിയപ്പോള്‍ ഇതേ ഇടപാടുകള്‍ തന്നെ വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായതായും പറയപ്പെടുന്നു.

"</p

പൊലീസിനു വന്നിരിക്കുന്ന ഈ സംശയങ്ങളുടെ പുറത്താണ് ദിലീപിന്റെ സാമ്പത്തിക ഇടപാടുകളിലേക്ക് പൊലീസ് കണ്ണു തിരിച്ചിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് മനോരമ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമ നിര്‍മാണം, റിയല്‍ എസ്റ്റേറ്റ്, മറ്റു ബിസിനസുകള്‍ എന്നിവയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷിക്കും. ദിലീപിന്റെ സ്വത്തുകളും ബാങ്ക് അക്കൌണ്ടുകളും മരവിപ്പിക്കുമെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

മലയാള സിനിമയില്‍ വ്യാപകമായി നടക്കുന്ന ബിനാമി കള്ളപ്പണ ഇടപാടില്‍ ദിലീപിന്റെ പങ്ക് പൊലീസ് മനസിലാക്കിയിട്ടുണ്ടെന്നും വാര്‍ത്തയില്‍ പുറത്തുവരുന്നുണ്ട്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണത്തിനായാണ് എന്‍ഫോഴ്‌സ്‌മെന്റ് എത്തിയിരിക്കുന്നത്. ദിലീപിനെ ഇവരും ചോദ്യം ചെയ്യുമെന്നാണു കരുതുന്നത്. ഇപ്പോഴത്തെ കേസില്‍ അന്വേഷണം പൂര്‍ത്തിയായശേഷമായിരിക്കും എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യല്‍. എന്നാല്‍ സിനിമയിലെ കള്ളപ്പണവും ബിനാമി ഇടപാടുകളും ദിലീപില്‍ മാത്രം ഒതുക്കി നിര്‍ത്തി അന്വേഷിക്കുകയായിരിക്കില്ല, മൊത്തത്തില്‍ തന്നെ വലവിരിക്കാനാണ് അന്വേഷണ ഏജന്‍സികള്‍ തയ്യാറെടുക്കുന്നത്. വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടും സര്‍ക്കാരിന്റെയോ അന്വേഷണ ഏജന്‍സികളുടെയോ കണ്ണ് സിനിമ മേഖലയില്‍ പതിയുന്നില്ല എന്ന പരാതി കുറെനാളായി കേള്‍ക്കുന്നതാണ്. എന്നാല്‍ സിനിമാക്കാര്‍ക്ക് ഭരണതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള ബന്ധം പലപ്പോഴും അന്വേഷണങ്ങള്‍ അവര്‍ക്കു നേരെ വരാതിരിക്കാന്‍ ഉപയോഗിക്കുകയാണ്.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ നടന് ദുബായ് കേന്ദ്രീകരിച്ചുള്ള കള്ളപ്പണ റാക്കറ്റുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസിന് കണ്ടെത്താനായെന്നും മനോരമയുടെ വാര്‍ത്തയില്‍ പറയുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ദിലീപ് നേതൃത്വം നല്‍കിയ വിദേശ സ്റ്റേജ് ഷോകള്‍, വന്‍കിട റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍, പള്‍സര്‍ സുനി പങ്കാളിയാണെന്നു കരുതുന്ന ദുബായ് മനുഷ്യക്കടത്ത് എന്നിവയിലും അന്വേഷണം നടക്കുമെന്നും മനോരമ വാര്‍ത്തയില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍