UPDATES

ട്രെന്‍ഡിങ്ങ്

കനക ദുര്‍ഗയും ബിന്ദുവും എവിടെ?

ഗണപതി ഹോമം നടക്കുന്ന സമയമായതിനാല്‍ ഇവരെത്തിയത്‌ തന്ത്രി, മേല്‍ശാന്തി, പരികര്‍മ്മികള്‍ എന്നിവരുടെ ശ്രദ്ധയില്‍ പെട്ടില്ല

ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് സുപ്രിംകോടതി ഉത്തരവിട്ടത് 2018 സെപ്തംബര്‍ 28നാണ്. അതിന് ശേഷം തുലാമാസ പൂജകള്‍ക്കും ചിത്തിര ആട്ടത്തിനും മണ്ഡലകാലത്തും നടതുറന്നപ്പോള്‍ വിവിധ സ്ത്രീകള്‍ ശബരിമലയില്‍ കയറാനെത്തുകയും സംഘപരിവാര്‍ അനുകൂലികള്‍ അവരെ തടയുകയും ചെയ്തു. ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് 2019 ജനുവരി രണ്ടിന് ബിന്ദു അമ്മിണി, കനകദുര്‍ഗ എന്നിവര്‍ ശബരിമല ദര്‍ശനം നടത്തി മടങ്ങിയത്. സംഘപരിവാറിന്റെയും മാധ്യമങ്ങളുടെയും കണ്ണുവെട്ടിച്ചാണ് പോലീസ് ഇരുവരെയും സന്നിധാനത്തെത്തിച്ചതും സുരക്ഷിതമായി തന്നെ മടക്കിക്കൊണ്ട് പോയതും. ഡിസംബര്‍ 24നാണ് ഇവര്‍ ശബരിമല ദര്‍ശനത്തിനായി ആദ്യമെത്തിയത്. തലശേരി പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ബിന്ദു അമ്മിണി. ഇവരുടെ ഭര്‍ത്താവ് ഹരിഹരന്‍ സിപിഐ എംഎല്‍ സജീവപ്രവകര്‍ത്തകനാണ്. ഹരിഹരനൊപ്പമാണ് ബിന്ദു ഇന്നലെ ശബരിമലയിലെത്തിയത്. ആനമങ്ങാട് മാവേലി സ്റ്റോറിലെ താല്‍ക്കാലിക ജീവനക്കാരിയാണ് കനക ദുര്‍ഗ. സിഐടിയു അംഗമാണ് ഇവര്‍. ആദ്യം വന്നപ്പോള്‍ പ്രതിഷേധം മൂലം തിരികെ പോയ ഇവര്‍ നാട്ടിലേക്ക് മടങ്ങുകയല്ല ചെയ്തത്. കോട്ടയം, പത്തനംതിട്ട ജില്ലകളിലും തമിഴ്‌നാട്ടിലുമായിട്ടാണ് ഇവരെ പോലീസ് പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ പോലീസിന്റെ നിര്‍ദ്ദേശത്തിന് കാത്തിരിക്കുകയായിരുന്നു ഇവര്‍. മുന്‍കൂട്ടി പ്രഖ്യാപിച്ച് യുവതികള്‍ എത്തുന്നതും യൂണിഫോമില്‍ പോലീസ് ഇവര്‍ക്ക് അകമ്പടി പോകുന്നതുമാണ് പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നതെന്ന് പോലീസ് വിലയിരുത്തി. അതിനാല്‍ തന്നെ ഇത് രണ്ടും പാടില്ലെന്ന് ആദ്യമേ നിര്‍ദ്ദേശം നല്‍കി.

ഇവരെ മലയാറ്റൂരിലെത്തിച്ച് അവിടെ നിന്നാണ് പമ്പയിലേക്ക് കൊണ്ടുവന്നത്. ഡിസംബര്‍ 30ന് നടതുറക്കുമ്പോള്‍ കോടതി വിധി നടപ്പാക്കാനായിരുന്നു ഉദ്ദേശം. എന്നാല്‍ അന്ന് തിരക്കായതിനാല്‍ പിറ്റേന്നത്തേക്ക് മാറ്റി. എന്നാല്‍ ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലിനെ ഇത് ബാധിച്ചേക്കുമെന്ന് ആശങ്കയുണര്‍ന്നതോടെ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ജനുവരി രണ്ടിലേക്ക് മാറ്റി. ഒന്നാം തിയതി രാത്രി 10.30ഓടെ ബിന്ദുവും കനദുര്‍ഗയും വടശേരിക്കര പിന്നിട്ട് പമ്പയിലേക്ക് വരികയാണെന്നും ആറ് പേര്‍ കൂടെയുണ്ടെന്നും അജ്ഞാത ഫോണ്‍ സന്ദേശം പമ്പ പോലീസ് സ്‌റ്റേഷനില്‍ എത്തി.

സ്വകാര്യ വാഹനത്തില്‍ പോലീസ് അകമ്പടിയോടെയാണ് യുവതികള്‍ പമ്പയിലെത്തിയത്. അവിടെ നിന്നും വനംവകുപ്പിന്റെ ആംബുലന്‍സില്‍ ചരല്‍മേട്ടിലേക്ക് തിരിച്ചു. സംശയം തോന്നാതിരിക്കാന്‍ കയ്യില്‍ ഡ്രിപ്പ് ഇട്ടിരുന്നു. സന്നിധാനത്തേക്ക് നടക്കുമ്പോള്‍ ആറ് പോലീസുകാര്‍ നിശ്ചിത അകലത്തില്‍ ഇവരെ പിന്തുടര്‍ന്നു. സംശയം തോന്നി ചില പോലീസുകാരും ദേവസ്വം ഗാര്‍ഡുകളും ചോദ്യം ചെയ്തപ്പോള്‍ ഐജിയുടെ ഗസ്‌റ്റെന്ന് മറുപടി പറഞ്ഞു. ചില തീര്‍ത്ഥാടകര്‍ ചോദിച്ചപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡറുകളാണെന്നാണ് പറഞ്ഞത്. അരവണ കൗണ്ടറിന് സമീപത്തെ അടിപ്പാതയിലൂടെ ജീവനക്കാര്‍ക്കുള്ള ഗേറ്റ് വഴിയാണ് സന്നിധാനത്ത് എത്തിച്ചത്. കൊടിമരച്ചുവട്ടില്‍ നിന്നും ബലിക്കല്‍പ്പുരയുടെ വാതിലിലൂടെ ഇവരെ കടത്തിവിടുകയും ചെയ്തു. സന്നിധാനം എസ്ഒ ജയദേവിനായിരുന്നു സുരക്ഷാ ചുമതല. 3.48ന് ശ്രീകോവിന്റെ മുന്നിലെ ക്യൂവില്‍ ഏറ്റവും പിന്നിലായി നിന്നാണ് ദര്‍ശനം നടത്തിയതും തൊഴുതതും. ഗണപതി ഹോമം നടക്കുന്ന സമയമായതിനാല്‍ തന്ത്രി, മേല്‍ശാന്തി, പരികര്‍മ്മികള്‍ എന്നിവരുടെ ശ്രദ്ധയില്‍ ഇത് പെട്ടില്ല.

മറ്റ് അയ്യപ്പന്മാര്‍ തിരിച്ചറിയുന്നതിന് മുമ്പ് പടിഞ്ഞാറേ നട വഴി ഇവരെ ഇറക്കുകയും ചെയ്തു. ഗണപതി കോവിലിന് സമീപത്തെ പാലത്തിലൂടെ താഴെ ഇറക്കി ആംബുലന്‍സില്‍ തന്നെ തിരികെ കൊണ്ടുപോകുകയുമായിരുന്നു. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍, മറ്റ് പോലീസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ കണ്ണ് വെട്ടിച്ചായിരുന്നു പോലീസിന്റെ നീക്കം.

ശബരിമലയില്‍ നിന്നുള്ള മടക്കയാത്രയില്‍ ബിന്ദുവിന്റെ സുഹൃത്ത് ജോണ്‍സന്റെ അങ്കമാലിയിലുള്ള വീട്ടിലാണ് ഇവര്‍ തങ്ങിയത്. യുവതികള്‍ എത്തുന്നതിന് മുമ്പ് ഒമ്പത് മണിയോടെ പോലീസ് വീടിന്റെ പരിസരത്ത് നിരീക്ഷണം നടത്തിയിരുന്നു. മൃഗസംരക്ഷ വകുപ്പില്‍ നിന്നും വിരമിച്ച ജോണ്‍സണ്‍ ഇടതുസഹയാത്രികനും പരിസ്ഥിതി പ്രവര്‍ത്തകനുമാണ്. ഇവരെ ഈ വീട്ടിലാക്കി ഒപ്പമുണ്ടായിരുന്നവര്‍ മടങ്ങി. എന്നാല്‍ ഇവര്‍ ഇവിടെയുണ്ടെന്ന വിവരം ചോര്‍ന്നതോടെ ഉച്ചയ്ക്ക് 12.15 ഓടെ ഇവരെ ഇവിടെ നിന്നും മാറ്റി. ജോണ്‍സണെയും കുടുംബത്തെയും ഇവിടെ നിന്ന് മാറ്റി പാര്‍പ്പിക്കുകയും വീടിന് കാവലേര്‍പ്പെടുത്തുകയും ചെയ്തു. ഇവര്‍ പോകാനിടയുള്ള വഴികളെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുകയും സംഘപരിവാര്‍ അനുകൂലികള്‍ വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തി പരിശോധന നടത്തുകയും ചെയ്തു.

ജോണ്‍സന്റെ വീട്ടില്‍ നിന്നും പോലീസ് ഏര്‍പ്പെടുത്തിയ കാറില്‍ ദേശീയപാത വഴി ചാലക്കുടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിച്ചതായി സ്ഥിരീകരിച്ചു. എന്നാല്‍ ഇവര്‍ തൃശൂരിലെത്തിയില്ല. പാലിയേക്കര ടോള്‍ പ്ലാസയില്‍ ബിജെപി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം നിന്ന് വാഹനങ്ങള്‍ തടഞ്ഞെങ്കിലും യുവതികളെ കണ്ടെത്താനായില്ല. ഇതിനിടെ ഇരുവരും കൊരട്ടിയിലെ വീട്ടിലെത്തിയെന്ന് വാര്‍ത്ത പരന്നതോടെ അവിടേക്കായി സംഘപരിവാര്‍ അനുകൂലികളുടെ നീക്കം. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. പോലീസ് അകമ്പടി അവസാനിപ്പിച്ച് സ്വകാര്യ കാറിലേക്ക് മാറ്റിയതായും ചാലക്കുടി കഴിഞ്ഞതായും സ്ഥിരീകരണമുണ്ടെങ്കിലും പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല. മലപ്പുറത്തേക്കോ കണ്ണൂരിലേക്കോ മാറ്റാനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും പോലീസ് സുരക്ഷയില്ലാതെ അത്രയും ദൂരം പോകുന്നത് അപകടമാണെന്ന് വിലയിരുത്തിയതിനെ തുടര്‍ന്ന് അത് ഉപേക്ഷിച്ചു. കുന്നംകുളം, പുഴയ്ക്കല്‍, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍