UPDATES

ട്രെന്‍ഡിങ്ങ്

റിയല്‍ എസ്റ്റേറ്റ്, ഫോണ്‍ വിളി, കത്തെഴുതല്‍; പൊലീസിന്‌ സംശയങ്ങള്‍ മാത്രം, തെളിവുകളില്ല

നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നതില്‍ ഇപ്പോഴും വ്യക്തമായ ഒരു തെളിവുമില്ല

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നറിയാനുള്ള അന്വേഷണം പൊലീസ് വ്യാപിപ്പിക്കുന്നു. സിനിമ മേഖലയുമായി ബന്ധമുള്ളവരെയും നടന്‍ ദിലീപിന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. ശനിയാഴ്ച കണ്ണൂരുള്ള ഒരു തിയേറ്റര്‍ ഉടമയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇയാള്‍ക്ക് ദിലീപുമായി അടുപ്പമുണ്ടെന്നും ഒട്ടേറെ തവണ നടന്റെ ഫോണിലേക്ക് വിളിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കാലയളവിലെ ദിലീപിന്റെ ഫോണ്‍ വിളികളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് പൊലീസ് മറ്റു പലരിലേക്കും എത്തുന്നതെന്നും വാര്‍ത്തകളില്‍ പറയുന്നു.

ഇതിനോടൊപ്പം ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് അറിയുന്നത്. ആക്രമിക്കപ്പെട്ട നടിക്കും ദിലീപിനും തമ്മില്‍ ഭൂമിസംബന്ധമായ തര്‍ക്കം നിലനിന്നിരുന്നതായ വാര്‍ത്തകളെ പൊലീസ് ഗൗരവത്തോടെയാണു കാണുന്നതെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ശനിയാഴ്ച ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് പങ്കാളിയെ ആലുവ പൊലീസ് ക്ലബ്ബില്‍ വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. പൊലീസിന് നടന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വാര്‍ത്തകള്‍ പുറത്തു വരുന്നു.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണത്തില്‍ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാത്തത് പൊലീസിന് തിരിച്ചടിയാകുന്നുണ്ട്. നിലവിലെ വിവാദങ്ങള്‍ അവസാനിപ്പിക്കണമെങ്കിലും കാര്യമായ എന്തെങ്കിലും കിട്ടണം. അതിനാലാണ് അന്വേഷണത്തിന്റെ ഗതി മാറ്റാന്‍ പൊലീസ് ഇപ്പോള്‍ തയ്യാറായിരിക്കുന്നത്. താരങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ പേരിലേക്കും അവരുടെ സിനിമയ്ക്കു പുറത്തുള്ള ഇടപാടുകളിലേക്കും അന്വേഷണം നീട്ടിയതും അതിനാലാണ്. സുനില്‍ കുമാര്‍(പള്‍സര്‍ സുനി) ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതായി പറയുമ്പോഴും അതുമായി ബന്ധപ്പെട്ട പരാതി എന്തുകൊണ്ട് പൊലീസിനു കൈമാറാന്‍ ദിലീപ് വൈകി എന്ന സംശയത്തെ പിന്തുടരനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും കേള്‍ക്കുന്നു.

കാക്കനാട് ജയിലില്‍ നിന്നും ഏപ്രില്‍ ആദ്യവാരത്തിലാണ് സുനി ദിലീപിന്റെ മാനേജര്‍ അപ്പുണിയേയും നാദിര്‍ഷായേയും ഫോണ്‍ ചെയ്യുന്നതായി പറയുന്നത്. തുടര്‍ച്ചയായി ഇവരെ സുനി വിളിച്ചതായും പൊലീസ് കണ്ടെത്തി. എന്നാല്‍ ഇങ്ങനെയൊരു ഭീഷണി ഉണ്ടായിട്ടും ആഴ്ചകള്‍ കഴിഞ്ഞു മാത്രമാണ് ദിലീപും നാദിര്‍ഷായും ഡിജിപിക്ക് ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കാന്‍ തയ്യാറായത്. ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്ത് തുടര്‍ച്ചയായി ഒരാള്‍ വിളിച്ചിട്ടും ദിലീപോ നാദിര്‍ഷായോ അതേക്കുറിച്ച് ആഴ്ചകളോളം ആരോടും പറയാതിരുന്നതില്‍ സംശയിക്കേണ്ട സാഹചര്യങ്ങളുണ്ടോ എന്നാണു പൊലീസ് അന്വേഷിക്കുന്നത്. എന്നാല്‍ ഇവയെല്ലാം സംശയങ്ങളായി മാത്രമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.

സുനി ദിലീപിന് എഴുതിയെന്നു പറയുന്ന കത്തിനെ സംബന്ധിച്ചുപോലും കൃത്യമായൊരു നിഗമനത്തിലെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. സുനിക്കുവേണ്ടി കത്തെഴുതിയെന്നു പറയുന്ന വിപിന്‍ ലാലിനേയും സുനിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിട്ടും കത്തില്‍ നിന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഒരു തെളിവും പൊലീസിന് കിട്ടിയിട്ടില്ലെന്നാണ് അറിയുന്നത്. എന്തെങ്കിലും തെളിവോ തുമ്പോ കിട്ടാതെ ഇനി ദിലീപിനേയോ നാദിര്‍ഷായേയോ ചോദ്യം ചെയ്യാനും കഴിയാത്ത അവസ്ഥയാണ് പൊലീസിനുള്ളതും. വെറും സംശയത്തിന്റെ പേരില്‍ ദിലീപിനെതിരേ നീങ്ങിയാല്‍ തങ്ങള്‍ക്കത് തിരിച്ചടിയാകുമെന്നും പൊലീസ് മനസിലാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍