UPDATES

ട്രെന്‍ഡിങ്ങ്

യുവമോര്‍ച്ച നേതാവ് പൊള്ളലേറ്റ് മരിച്ച സംഭവം: മരണമൊഴി നിര്‍ണായകമാവും

യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിന്‍രാജിനെയാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്

തിരുവനന്തപുരത്ത് ദേശീയപാതയില്‍ യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിന്‍രാജിനെ (34) പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രത്യക്ഷത്തില്‍ ആത്മഹത്യയെന്ന നിഗമനത്തിലാണ് പോലീസെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് ഇയാള്‍ നല്‍കിയ മരണമൊഴിയാണ് പോലീസിന് തലവേദനയായിരിക്കുന്നത്. തലയൊഴികെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെല്ലാം ഇയാള്‍ക്ക് പൊള്ളലേറ്റിരുന്നു. കാര്‍ തടഞ്ഞു നിര്‍ത്തിയ ഒരു സംഘം തന്നെ പെട്രോള്‍ ഒഴിച്ച് കത്തിച്ചെന്നാണ് മരണമൊഴി. ഇന്നലെ രാവിലെ ആറ് മണിയോടെ ആറ്റിങ്ങലില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. മാമം പാലമൂട് ജംഗ്ഷനും മാമം പാലത്തിനുമിടയില്‍ ആളൊഴിഞ്ഞ കടയുടെ തിണ്ണയില്‍ നിന്നും ഞെരക്കം കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് പൊള്ളലേറ്റ നിലയില്‍ ഇയാളെ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മെഡിക്കല്‍ കോളേജിലെത്തിക്കുകയും ചെയ്തു.

ശബ്ദം കേട്ടപ്പോള്‍ തന്നെ താന്‍ ഓടിയെത്തിയെങ്കിലും സംശയകമായ സാഹചര്യത്തില്‍ യാതൊന്നും കണ്ടില്ലെന്നാണ് സെക്യൂരിറ്റി ജീവനക്കാരന്‍ പറയുന്നത്. ആസമയത്ത് മറ്റ് വാഹനങ്ങളൊന്നും പോകുന്ന ശബ്ദം കേട്ടില്ലെന്നും ഇയാള്‍ പറയുന്നു. കൂടാതെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തു നിന്നും കണ്ടെത്തിയ കരമന സ്വദേശിയുടെ പേരിലുള്ള കാറില്‍ നിന്നും ഒരു കുപ്പിയില്‍ പകുതിയോളം തീര്‍ന്ന പെട്രോളും ലഭിച്ചു. ഈ കാര്‍ മൂന്ന് മാസം മുമ്പ് കരമന സ്വദേശിയില്‍ നിന്നും ഇയാള്‍ തന്നെ വാടകയ്‌ക്കെടുത്ത ടാക്‌സി കാറാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാറിനുള്ളില്‍ നിന്നും ലഭിച്ച ഒരു കവറിന് പുറത്ത് ഒറ്റപ്പാലം സ്വദേശി, അച്ഛന്‍ രാജന്‍, ലാലു 30 എന്നും അമ്പിളി എന്നെ ചതിച്ചു എന്നും മണ്ണൂര്‍ക്കാവ് ശിവക്ഷേത്രം 3 ലക്ഷം എന്നും എഴുതിവച്ചിട്ടുണ്ടായിരുന്നു. ഒറ്റപ്പാലത്തെ ബിആര്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന സ്ഥാപനത്തിന്റെ വിസിറ്റിംഗ് കാര്‍ഡും പോലീസിന് ലഭിച്ചു. അതേസമയം ഈ കാര്‍ഡിലെ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ അത് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ലാലു എന്നത് ഇയാള്‍ അറിയപ്പെടുന്ന പേരാണ്. ഈ സാഹചര്യത്തിലാണ് ആത്മഹത്യയെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേരുന്നത്.

കാറിലെത്തി ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി പുറത്തിറങ്ങി സ്വയം പെട്രോള്‍ ഒഴിച്ച് കത്തിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്. തലയില്‍ പെട്രോള്‍ വീഴാത്തതും കാറില്‍ തീപിടിത്തമുണ്ടാകാത്തതും ഈ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടത്. മരണമൊഴി പ്രകാരം കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നെങ്കില്‍ മല്‍പ്പിടിത്തമുണ്ടാകുകയും തലയിലും കാറിലും തീപടരുകയും ചെയ്യുമായിരുന്നു. ആത്മഹത്യക്കുറിപ്പിന് സമാനമായി തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ കാറിനുള്ളില്‍ സൂക്ഷിച്ചതും ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയുന്നു. ആക്രമിക്കപ്പെടുമെന്ന മുന്‍ധാരണയില്‍ ഒറ്റപ്പാലത്തു നിന്നും തിരുവനന്തപുരം വരെ ഒരാള്‍ ഒറ്റയ്ക്ക് വരുമോയെന്ന സംശയമാണ് ഉയരുന്നത്. എന്നാല്‍ മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്കും ഔട്ട്‌പോസ്റ്റ് ജീവനക്കാര്‍ക്കും നല്‍കിയ മരണമൊഴി കണക്കിലെടുക്കാതിരിക്കാനും ആകാത്ത അവസ്ഥയിലാണ് പോലീസ്.

ഇതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു. കാരണം, മരിച്ചത് യുവമോര്‍ച്ചയുടെ ജില്ലാ നേതാവായതിനാല്‍ മരണത്തിന് പിന്നിലെ രാഷ്ട്രീയ സാധ്യതയും തള്ളിക്കളയാനാകില്ല. മരിക്കുന്നതിന് തലേദിവസവും ഇയാള്‍ ഒറ്റപ്പാലത്ത് ബിജെപിയുടെ സമരപരിപാടിയില്‍ പങ്കെടുത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. ബുധനാഴ്ച ഉച്ചവരെ ഒറ്റപ്പാലത്തു തന്നെയുണ്ടായിരുന്ന ഇയാള്‍ രാത്രി വൈകിയും വീട്ടിലെത്താതിരുന്നതോടെയും ഫോണില്‍ ലഭിക്കാതാകുകയും ചെയ്തതോടെയാണ് ഇന്നലെ രാവിലെ ബന്ധുക്കള്‍ ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കിയത്. കാറില്‍ നിന്നും ലഭിച്ച വിസിറ്റിംഗ് കാര്‍ഡിലെ വിവരം അനുസരിച്ച് ആറ്റിങ്ങല്‍ പോലീസ് ഒറ്റപ്പാലം പോലീസില്‍ ബന്ധപ്പെട്ടതോടെയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.

സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞതും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് എത്തിച്ചേര്‍ന്ന നിഗമനവും സത്യമാണെങ്കില്‍ എന്തിനാണ് സജിന്‍രാജ് മരണമൊഴിയായി ആക്രമണത്തിന്റെ കഥ പറഞ്ഞതെന്ന സംശയമാണ് ഇവിടെ ഉയരുന്നത്. ഒറ്റപ്പാലത്ത് രാജപ്രസ്ഥം എന്ന സ്ഥാപനം നടത്തുന്ന സജിന്‍രാജ് നിരവധി പേരില്‍ നിന്നും വലിയ തുകകള്‍ കടം വാങ്ങിയിരുന്നുവെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ എന്തെങ്കിലും ഇയാളുടെ മരണത്തിന് കാരണമായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അവിവാഹിതനായ ഇയാള്‍ അമ്പിളിയെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നതും പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നു. മണ്ണൂര്‍ക്കാവ് ക്ഷേത്രം, 3 ലക്ഷം എന്ന് എഴുതിവച്ചിരിക്കുന്നതും അമ്പിളിയെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നതും എന്ത് ഇടപാടാണെന്നും കേസ് അന്വേഷിക്കുന്ന ആറ്റിങ്ങല്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. ഇനി അഥവാ ഇയാള്‍ ആക്രമിക്കപ്പെട്ടതാണെങ്കില്‍ മല്‍പ്പിടിത്തമില്ലാതെ തന്നെ ഇയാളെ കാറില്‍ നിന്നും പുറത്തെത്തിക്കാന്‍ അടുപ്പമുള്ള ആരെങ്കിലുമാകും കൃത്യം നിര്‍വഹിച്ചിട്ടുണ്ടാകുകയെന്നാണ് പോലീസ് കരുതുന്നത്. ഇയാള്‍ ഒറ്റയ്ക്കാണോ തിരുവനന്തപുരത്ത് എത്തിയതെന്ന് അറിയാന്‍ ദേശീയപാതയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഉള്‍പ്പെടെ ഇയാളുമായി അടുപ്പമുള്ളവരെയും പോലീസ് അന്വേഷിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍