UPDATES

കുപ്പു ദേവരാജ്, അജിത കൊലപാതകം അന്വേഷിച്ചപ്പോള്‍ തണ്ടര്‍ബോള്‍ട്ടിന് ക്ലീന്‍ ചിറ്റ്; വൈത്തിരി ‘ഏറ്റുമുട്ടല്‍കൊല’യിലും ഇതുതന്നെയാവര്‍ത്തിക്കുമോ?

2016ല്‍ സമാനരീതിയില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജ്, അജിത എന്നിവരുടെ കൊലപാതകത്തില്‍ മജിസ്റ്റീരിയല്‍, ക്രൈബ്രാഞ്ച് അന്വേഷണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ പോലീസിനും തണ്ടര്‍ബോള്‍ട്ടിനും ക്ലീന്‍ ചിറ്റ് നല്‍കിയാണ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു

സി പി ജലീലിന്റേത് ഏറ്റുമുട്ടല്‍ കൊലപാതകം തന്നെയോ? പൊതുപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ജലീലിന്റെ ബന്ധുക്കളുമുള്‍പ്പെടെ ഉയര്‍ത്തുന്ന സംശയങ്ങള്‍ ഈ വഴിക്കാണ്. ആസൂത്രിതമായ കൊലപാതകമാണ് ജലീലിന്റേതെന്ന് ജലീലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു. വൈത്തിരി ഉപവന്‍ റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകളാണ് ആദ്യം പോലീസിന് നേരെ വെടിയുതിര്‍ത്തതെന്നും പിന്നീട് പോലീസ് മാവോയിസ്റ്റുകളെ നേരിടുകയുമായിരുന്നു എന്ന പോലീസ് വിശദീകരണത്തില്‍ പലരും സംശയം പ്രകടിപ്പിക്കുന്നു. പോലീസാണ് ആദ്യം വെടിയുതിര്‍ത്തതെന്ന റിസോര്‍ട്ട് ജീവനക്കാരന്റെ വെളിപ്പെടുത്തലടക്കം ജലീലിനെ തണ്ടര്‍ ബോള്‍ട്ടും പോലീസും പിടിച്ചുവച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണം ശരിവക്കുന്ന തരത്തിലുള്ള സാഹചര്യത്തെളിവുകള്‍ ബന്ധുക്കളും പൊതുപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.

മാധ്യമപ്രവര്‍ത്തകരോട് വിവരങ്ങള്‍ പങ്കുവക്കരുതെന്ന നിര്‍ദ്ദേശമാണ് പോലീസ് നല്‍കിയിരിക്കുന്നത്. ഏറ്റുമുട്ടല്‍ സംബന്ധിച്ച് പോലീസ് പറയുന്നതിന് വിരുദ്ധമായ വെളിപ്പെടുത്തലുകള്‍ റിസോര്‍ട്ട് ജീവനക്കാരില്‍ നിന്നുണ്ടായതിന് പിന്നാലെയാണിത്. പോലീസ് വിശദീകരണങ്ങള്‍ വാസ്തവമെങ്കില്‍ റിസോര്‍ട്ട് ജീവനക്കാരെ മാധ്യമങ്ങളില്‍ നിന്ന് അകറ്റുന്നതെന്തിന്? ജലീലും മറ്റൊരാളും റിസോര്‍ട്ടിലേക്ക് വരുന്നതും റിസോര്‍ട്ട് ജീവനക്കാര്‍ പണം നല്‍കുന്നതുമുള്‍പ്പെടെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. എന്നാല്‍ പോലീസിന് നേരെ ആക്രമണമുണ്ടായെന്ന് പോലീസും അല്ല എന്ന് റിസോര്‍ട്ട് ജീവനക്കാരും പറയുമ്പോഴും എന്തുകൊണ്ട് ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിടുന്നില്ല? റിസോര്‍ട്ടിന് സമീപം വെടിയേറ്റ് കിടന്ന ജലീലിന്റെ മൃതദേഹം കണ്ടെത്താന്‍ എന്തുകൊണ്ട് താമസമുണ്ടായി? മുന്നേ കണ്ടിരുന്നുവെങ്കില്‍ എന്തുകൊണ്ട് ജലീലിന് ചികിത്സ നിഷേധിച്ചു? പോലീസ് വാഹനത്തിനല്ലാതെ പോലീസുകാര്‍ക്കോ തണ്ടര്‍ബോള്‍ട്ട് സ്ക്വാഡിലേയോ ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല. ആയുധധാരികളായ മാവോയിസ്റ്റുകള്‍ ആക്രമിച്ചു എന്ന് പറയുമ്പോഴും ഇത് ചോദ്യമായി അവശേഷിക്കുന്നു.

ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതനുസരിച്ച് മജിസ്റ്റീരിയല്‍ അന്വേഷണമുണ്ടാവുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ക്രൈബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണങ്ങളെല്ലാം പ്രഹസനമാണെന്ന വാദമാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും ബന്ധുക്കളും ഉന്നയിക്കുന്നത്. 2016ല്‍ സമാനരീതിയില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജ്, അജിത എന്നിവരുടെ കൊലപാതകത്തില്‍ മജിസ്റ്റീരിയല്‍, ക്രൈബ്രാഞ്ച് അന്വേഷണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ പോലീസിനും തണ്ടര്‍ബോള്‍ട്ടിനും ക്ലീന്‍ ചിറ്റ് നല്‍കിയാണ് അന്വേഷണം അവസാനിപ്പിച്ചതെന്നതിനാല്‍ ജലീലിന്റെ മരണത്തിലുള്ള അന്വേഷണവും അത്തരത്തില്‍ ഒരു നിഗമനത്തിലേക്കെത്താനുള്ള സാധ്യതകളാണ് പൊതുപ്രവര്‍ത്തകര്‍ പറയുന്നത്.

അജിത, കുപ്പുദേവരാജ്

2016ല്‍ നിലമ്പൂര്‍ കരുളായി വനത്തില്‍ വരയന്‍മലയുടെ താഴ്വാരത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളാണ് കുപ്പു ദേവരാജും അജിതയും. ഏറ്റുമുട്ടല്‍ കൊലപാതകമായിരുന്നു എന്ന് പോലീസ് വിശദീകരണം സംശയത്തോടെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നോക്കിക്കണ്ടത്. പോലീസ് ഏകപക്ഷീയമായി ഇരുവരെയും വെടിവച്ച് കൊന്നതാണെന്നായിരുന്നു പൊതുപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ആരോപണം. തമിഴ്‌നാട് ക്യൂബ്രാഞ്ച് ഉദ്യോഗസ്ഥരാണ് വനത്തിനുള്ളില്‍ മാവോയിസ്റ്റുകള്‍ ഉണ്ടെന്ന വിവരം കേരള പോലീസിന് കൈമാറിയത്. തുടര്‍ന്ന് സംഘം തിരിച്ചില്‍ നടത്തുകയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടാവുകയും ഏറ്റുമുട്ടലിനിടെ രണ്ട് മാവോയിസ്റ്റുകള്‍ മരണപ്പെടുകയുമായിരുന്നു- ഇതായിരുന്നു പോലീസ് വിശദീകരണം. അജിതയും കുപ്പു ദേവരാജനും വെടിയേറ്റ് വീണപ്പോള്‍ കൂടെയുണ്ടായിരുന്ന മറ്റു മാവോയിസ്റ്റുകള്‍ വരയന്‍മലകയറിപ്പോയെന്നും പോലീസ് പറഞ്ഞു.

അടുത്ത് നിന്ന് വെടിയേറ്റ മരിച്ച നിലയില്‍ കണ്ടെത്തിയ അജിതയേയും കുപ്പുരാജിനേയും പോലീസ് പിടിച്ച് നിര്‍ത്തി വെടിവച്ച് കൊല്ലുകയായിരുന്നു എന്നായിരുന്നു ഇവരുടെ കൊലപാതകത്തിലെ പ്രധാന ആരോപണം. കുപ്പു ദേവരാജും അജിതയും അസുഖബാധിതരായി കിടപ്പിലായിരുന്നുവെന്നും മാവോയിസ്റ്റുകള്‍ ക്യാമ്പ് ചെയ്തിരുന്നയിടത്ത് വിശ്രമിച്ചിരുന്ന ഇവരെ പോലീസ് വെടിവെക്കുകയായിരുന്നു തുടങ്ങിയ സംശയങ്ങള്‍ ആണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്നത്. കോണാകൃതിയിലുള്ള മുന്നേറ്റത്തില്‍ മാവോയിസ്റ്റുകള്‍ ചിതറിയോടിയെന്നും ആയുധങ്ങളുമായി രക്ഷപെട്ടുമെന്നുമായിരുന്നു പോലീസ് പറഞ്ഞത്. പോലീസ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തെന്നും പിന്നീട് മാവോയിസ്റ്റുകളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു എന്നുമാണ് ഔദ്യോഗിക ഭാഷ്യം. കുപ്പുവിന്റെ കൈവശമുണ്ടായിരുന്ന എ കെ സീരീസിലുള്ള തോക്കും കൂടെയുള്ള മാവോയിസ്റ്റുകള്‍ കൊണ്ടുപോയിരിക്കാം എന്ന നിഗമനത്തിലാണ് അന്ന് പോലീസ് എത്തിയത്. കുപ്പുവിന്റെ മൃതദേഹത്തിനടുത്ത് നിന്ന് ഒരു പിസ്റ്റള്‍ മാത്രമാണ് അന്ന് പോലീസ് കണ്ടെത്തിയത്. പനി ബാധിതയായി അവശയായ അജിതയ്ക്ക് രക്ഷപെടാന്‍ സാധിച്ചില്ലെന്നും പോലീസ് ഏകപക്ഷീയമായി ഇവരെ കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

സംഘടന കേന്ദ്ര കമ്മറ്റിയംഗമായിരുന്ന കുപ്പു ദേവരാജിന്റെയും തമിഴ്‌നാട് സംസ്ഥാന സമിതി അംഗം അജിതയുടേയും മരണത്തില്‍ പ്രതിഷേധങ്ങള്‍ നിരവധിയുണ്ടായി. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണവും മജിസ്റ്റീരിയല്‍ അന്വേഷണവും നടന്നു. എന്നാല്‍ മാവോയിസ്റ്റ്-പോലീസ് ഏറ്റുമുട്ടലുണ്ടായപ്പോള്‍ സ്വരക്ഷയെക്കരുതി പോലീസ് വെടിവക്കുകയും കുപ്പുവും അജിതയും കൊല്ലപ്പെട്ടെന്നുമായിരുന്നു അന്വേഷണ റിപ്പോര്‍ട്ടുകള്‍. പോലീസ് നടപടി ശരിവക്കുന്നതായിരുന്നു അവ. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉന്നയിച്ച സംശയങ്ങള്‍ അപ്രസക്തമാണെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.

എന്നാല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നടന്നത് ഏറ്റുമുട്ടല്‍ കൊലപാതകം തന്നെയോ എന്ന് സംശയം പ്രകടിപ്പിച്ചു. സാഹചര്യത്തെളിവുകള്‍ സംശയം ജനിപ്പിക്കുന്നതാണെന്നും കമ്മീഷന്‍ പരാമര്‍ശമുണ്ടായിരുന്നു. കരുളായി വനത്തില്‍ നടന്ന കാര്യങ്ങള്‍ സംബന്ധിച്ചും, ഏറ്റുമുട്ടല്‍ നടന്ന സമയം എത്ര പോലീസുകാരുണ്ടായിരുന്നു, മാവോയിസ്റ്റുകള്‍ എത്രപേര്‍, തുടങ്ങി വിശദാംശങ്ങള്‍ സംബനിന്ധിച്ചും സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എന്നാല്‍ സുരക്ഷാ സംബന്ധമായ കാര്യങ്ങളായതിനാല്‍ മനുഷ്യാവകാശ കമ്മീഷന് വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ മറുപടി. അതോടെ അന്വേഷണം അവിടെ അവസാനിച്ചു.

ഇക്കാര്യങ്ങള്‍ വൈത്തിരി ഏറ്റുമുട്ടലിലും ആവര്‍ത്തിക്കുമോ എന്നതാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആശങ്ക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍