UPDATES

ട്രെന്‍ഡിങ്ങ്

ഗൗരി ലങ്കേഷ് വധത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി; ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിലുള്ള വിരോധമെന്ന് പ്രതി നവീന്‍ കുമാര്‍

നവീന്‍ കുമാറിന് ഏതാനും തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുമായി അടുത്തബന്ധം ഉണ്ടെന്ന് പൊലീസ്

ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് കസ്റ്റഡിയില്‍ എടുത്ത കെ ടി നവീന്‍ കുമാറിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഹോട്ടെ മഞ്ജ എന്നു വിളിപ്പേരുള്ള നവീന്‍ കുമാറിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. ഇയാള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റഡിയില്‍ എടുക്കുന്നത്. ഇയാള്‍ക്ക് ഹിന്ദുത്വസംഘടനകളുമായി ബന്ധമുണ്ടെന്നും പറയുന്നു.

കഴിഞ്ഞ ആഴ്ച കസ്റ്റഡിയില്‍ എടുത്ത നവീന്‍ കുമാറിനെ ഇന്നു വരെ പൊലീസ് ചോദ്യം ചെയ്തു വരികയായിരുന്നു. ചോദ്യം ചെയ്യലില്‍ ഗൗരിയുടെ കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന വിവരങ്ങള്‍ കിട്ടിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നു പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 15 വരെ നവീനെ കസ്റ്റഡിയില്‍ വയ്ക്കാന്‍ കോടതി പൊലീസിനെ അനുവദിച്ചിട്ടുണ്ട്.

ഒരു ബസ് ടെര്‍മിനലിനു സമീപത്തു നിന്നാണ് ലോക്കല്‍ പൊലീസ് നവീന്‍ കുമാറിനെ അറസ്റ്റ് ചെയ്യുന്നത്. പിന്നീടിയാളെ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറുകയായിരുന്നു.

നവീന്‍ കുമാറിന് ഏതാനും തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുമായി അടുത്തബന്ധം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഗൗരി നിരന്തരം ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്നായിരുന്നു നവീന്‍ കുമറിന്റെ ആക്ഷേപം, ഇതിന്റെ പേരില്‍ ഇയാള്‍ ഗൗരിയോട് കടുത്ത അമര്‍ഷം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ദക്ഷിണ കര്‍ണാടകയിലെ ചിക്കമംഗ്ലൂര്‍ ജില്ലയിലുള്ള ബിരുര്‍ സ്വദേശിയായ നവീന്‍ കുമാര്‍ തോക്ക് ഉപയോഗത്തില്‍ പരിശീലനം നേടിയ ആളാണെന്നും തോക്കുകള്‍ വാങ്ങാനും വില്‍ക്കാനുമായി ഇയാള്‍ പുനെയിലും മുംബൈയിലും സ്ഥിരം പോകാറുണ്ടെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഒരുപക്ഷേ നവീന്‍ കുമാര്‍ നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തിട്ടില്ലെങ്കില്‍ ഇയാള്‍ ഗൗരിയെ കൊല്ലാനുള്ള ആയുധം നല്‍കിയിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു. പക്ഷേ, ഗൗരിയുടെ കൊലപാതക സമയം പതിഞ്ഞ സിസിടിവി കാമറദൃശ്യങ്ങളില്‍ കാണുന്ന കൊലയാളിക്ക് നവീന്‍ കുമാറിനോടാണ് സാമ്യതയെന്നും പൊലീസ് പറഞ്ഞതായി ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കസ്റ്റഡിയില്‍ എടുത്ത നവീന്‍ കുമാറില്‍ നിന്നും.32 ബോര്‍ റൈഫിളും 15 വെടിയുണ്ടകളും പൊലീസ് പിടിച്ചെടുത്തിരുന്നു.

അതേസമയം ഗൗരി ലങ്കേഷ് വധത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുദ്രവച്ച് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നവീന്‍ കുമാറിനെ നുണപരിശോധനയ്ക്കും നാര്‍ക്കോ ടെസ്റ്റ്, ബ്രെയിന്‍ മാപ്പിംഗ് തുടങ്ങിയ പരിശോധനകള്‍ക്കും വിധേയനാക്കാനുള്ള അനുമതി പൊലീസ് കോടതിയില്‍ തേടിയിട്ടുണ്ട്. മാര്‍ച്ച് 12 ന് ഇക്കാര്യത്തില്‍ തീരുമാനം പറയാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നതെന്നും ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം നവീന്‍ കുമാറിന് ഹിന്ദുത്വ സംഘടനകളുമായി ബന്ധമുണ്ടെന്നത് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വ്യാജപ്രചാരണമാണെന്നാണ് ബിജെപി പറയുന്നത്. തെരഞ്ഞെടുപ്പിനു മുമ്പായി ബിജെപിയെ കരിവാരി തേയ്ക്കാന്‍ വേണ്ടിയാണ് നവീന്‍ കുമാറിനെ സിദ്ദരാമയ്യ സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്നു ബിജെപി എംപി ശോഭ കരന്തലജെ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍