UPDATES

അന്ന മിനി

കാഴ്ചപ്പാട്

അലഞ്ഞു തിരിഞ്ഞ്

അന്ന മിനി

സേവ് മൂന്നാര്‍ ക്യാമ്പയിന്‍

പൊമ്പിളൈ ഒരുമൈയ്ക്ക് നേരേ വിരല്‍ ചൂണ്ടുന്ന ആണധികാരപ്രയോഗങ്ങള്‍

ഇടുക്കിയില്‍ വലിയ പ്രസക്തിയൊന്നും ഇല്ലാത്ത സംഘപരിവാര്‍ രാഷ്ട്രീയത്തിന് ഇടം നേടിക്കൊടുക്കുകയാണ് സിപിഎം ഇപ്പോള്‍ ചെയ്യുന്നത്

അന്ന മിനി

ഏകദേശം ഒന്നര വര്‍ഷത്തിന് ശേഷം പൊമ്പിളൈ ഒരുമൈ വീണ്ടും കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ഇടങ്ങളിലേക്ക് തിരിച്ചെത്തുകയാണ്. തോട്ടം മേഖലയിലെ വ്യവസ്ഥാപിത തൊഴിലാളി യൂണിയനുകള്‍ ഇന്നു വരെ ഉന്നയിച്ചിട്ടില്ലാത്ത വിധത്തില്‍ ”ഓരോ തൊഴിലാളി കുടുംബത്തിനും ഒരേക്കര്‍ ഭൂമി” എന്ന അവകാശ പ്രഖ്യാപനവുമായാണ് പൊമ്പിളൈ ഒരുമൈ സമരമുഖത്ത് എത്തുന്നത്. തോട്ടം ഭൂമിയുടെ പുനര്‍വിതരണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സമരം പുനരാരംഭിക്കുമ്പോള്‍ തൊഴില്‍, ഭൂമി, പാര്‍പ്പിടം എന്നിവയുമായി ബന്ധപെട്ട് പ്രസക്തമായ ചില ചോദ്യങ്ങള്‍ ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട്.

ആണ്‍ മേധാവിത്വ ട്രേഡ് യൂണിയനുകളെയും മറ്റ് ആണത്ത അധികാരങ്ങളെയും തിരസ്‌കരിച്ച് മുന്നോട്ടുവന്ന ഈ സമര കൂട്ടായ്മക്ക് കുടുംബം, തൊഴിലിടം, പൊതുസമൂഹം, മാധ്യമങ്ങള്‍, ട്രേഡ് യൂണിയനുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സ്റ്റേറ്റ് എന്നീ പുരുഷാധികാര വ്യവസ്ഥിതികളോട് പലതരത്തിലുള്ള നീക്കുപോക്കുകളും (negotiations) ഒത്തുതീര്‍പ്പുകളും നടത്തേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളം പൊതു വേദികളില്‍ നിന്ന് അകറ്റി നിര്‍ത്തപെട്ട പൊമ്പിളൈ ഒരുമൈയുടെ തിരിച്ച് വരവ് ആണധികാരത്തിന്റെയും ജാത്യാധികാരത്തിന്റെയും മേല്‍ക്കോയ്മയോടുള്ള ശക്തമായ ചെറുത്തു നില്‍പ്പ് കൂടിയാണ്.

2015 സെപ്റ്റംബറില്‍ ഒന്‍പത് ദിവസം നീണ്ടുനിന്ന ആവേശോജ്വലമായ പോരാട്ടത്തോടെ ആയിരുന്നു പൊമ്പിളൈ ഒരുമൈ സമരത്തിന്റെ തുടക്കം. കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റെഷന്‍ കമ്പനിയുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് എതിരെയുള്ള ശക്തമായ ഒരു പ്രതികരണമായിരുന്നു ഇത്. ഈ സമരത്തിലൂടെ ന്യായമായ ബോണസ് നേടിയെടുത്ത പൊമ്പിളൈ ഒരുമൈ, ശമ്പള വര്‍ദ്ധനവിനും മറ്റു അടിസ്ഥാന അവകാശങ്ങള്‍ക്കും വേണ്ടി ഒക്ടോബര്‍ മാസം 15 ദിവസം നീണ്ടു നിന്നിരുന്ന സമരവും സംഘടിപ്പിച്ചിരുന്നു. 301 രൂപ ദിവസ ശമ്പളവും 20 ശതമാനം ബോണസും യാതൊരു സംഘടനാസംവിധാനവും ഇല്ലാതെ നേടിയെടുക്കാന്‍ കഴിഞ്ഞു എന്നുള്ളത് പൊമ്പിളൈ ഒരുമൈയുടെ വന്‍വിജയമാണ്.

മുഖ്യധാര മാധ്യമങ്ങളും പൊതു സമൂഹവും ആവേശത്തോടെ ചര്‍ച്ച ചെയ്ത ഈ സമരത്തെ വ്യത്യസ്തമാക്കിയത് സംഘടിത മേഖലയുടെ പരിധിക്കുള്ളിലായിരുന്നിട്ടു പോലും വ്യവസ്ഥാപിത ട്രേഡ് യൂണിയനുകളെ നിരാകരിച്ചു കൊണ്ടുള്ള ഇവരുടെ നിലപാടാണ്. അയ്യായിരത്തില്‍ അധികം സ്ത്രീ തൊഴിലാളികള്‍ പങ്കെടുത്ത സമരം യാതൊരു സംഘടനാസംവിധാനങ്ങളും ഭൗതിക ഉപാധികളും ഇല്ലാതെ സംഘടിപ്പിക്കപെട്ടതും കേരള സമൂഹത്തിലെ മുന്‍ സമരശീലങ്ങളെ ഉടച്ചുവാര്‍ക്കുന്നതുമായിരുന്നു.

തൊഴിലാളിയുടെ പരിചിതമുഖം ട്രേഡ് യൂണിയനുകളാല്‍ നിര്‍വചിക്കപ്പെട്ടിട്ടുള്ള പുരുഷ തൊഴിലാളിയുടെതാകുമ്പോള്‍, അതില്‍നിന്ന് വ്യത്യസ്തമായി ഇവിടെ സ്ത്രീ, ദളിത്, തൊഴിലധിഷ്ടിത കുടിയേറ്റത്തിന് വിധേയരായ തമിഴ് ജനത എന്നീ തിരസ്‌കൃത സ്വത്വങ്ങള്‍ കൂടി തൊഴിലാളി എന്ന തന്മയിലേക്ക് ചേര്‍ത്തു വായിക്കാന്‍ ഈ സമരത്തിനായി. ചരിത്രപരമായി തന്നെ തൊഴിലാളി സമരങ്ങളില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന സ്വത്വങ്ങളെ ഒരൊറ്റ സമര പന്തലിലേക്ക് കൊണ്ടുവന്നതിലൂടെ, കേരളത്തിലെ തൊഴില്‍ സമരങ്ങളെ വിമര്‍ശനാത്മകമായ ഒരു പുനര്‍വായനക്ക് വിധേയമാക്കാന്‍ സഹായിച്ച ഒരു മുന്നേറ്റം കൂടിയാണിത്.

ആദ്യ സമരകാലത്തും തുടര്‍ന്നുണ്ടായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും അതിന് ശേഷവും പലരീതിയിലുള്ള എന്നാല്‍ നേരിട്ടല്ലാത്ത പുരുഷാധിപത്യ പ്രയോഗങ്ങള്‍ക്ക് സമരകൂട്ടായ്മ വിധേയമായിട്ടുണ്ട്. പുരുഷാധിപത്യ സമൂഹം, കുടുംബം എന്നീ അധികാര ഘടനകള്‍ സ്ത്രീക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളെ കൃത്യമായും അവസരോചിതമായും ട്രേഡ് യൂണിയനുകള്‍ മുതലെടുത്തിരുന്നു. ഭര്‍ത്താക്കന്മാരുടെ വിലക്കും കുടുംബാന്തരീക്ഷത്തിലെ അസ്വസ്ഥതകളും ഭയന്ന് പല സ്ത്രീകളും ട്രേഡ് യൂണിയന്‍ സമര പന്തലിലേക്ക് ചേരിതിരിയുകയോ കുടുംബത്തിലേക്ക് ഒതുങ്ങി, സമരമുഖത്ത് നിന്ന് വിട്ട് നില്‍ക്കുകയോ ചെയ്ത സാഹചര്യം ആദ്യ സമര കാലത്ത് നിലനിന്നിരുന്നു. അവകാശങ്ങള്‍ക്കായി തെരുവിലേക്ക് ഇറങ്ങിയ സ്ത്രീപോരാളികളെ കുടുംബത്തിന്റെ ‘സ്വാഭാവിക’ അധികാര പ്രയോഗങ്ങള്‍ ഉപയോഗിച്ച് തളച്ചിടുകയാണ് ആണ്‍ മേധാവിത്വ ട്രേഡ് യൂണിയനുകള്‍ ഈ കാലയളവില്‍ ചെയ്തത്. ആദ്യ സമരത്തെ അടിച്ചമര്‍ത്തുന്നത്തിലും വീര്യം കുറയ്ക്കുന്നതിലും പ്രധാന പങ്ക് വഹിച്ചത് മേഖലയിലെ പ്രധാന ട്രേഡ് യൂണിയനുകളായ ഐഎന്‍ടിയുസി, എഐടിയുസി എന്നിവയാണ്.

പിതൃമേധാവിത്വത്തില്‍ അധിഷ്ഠിതമായ സ്റ്റേറ്റിന്റെ അധികാര വാഹകരായിരുന്നു ആദ്യ സമരകാലത്ത് സ്ഥലത്ത് നിയോഗിക്കപ്പെട്ട പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും. സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള നിര്‍ദേശങ്ങളുടെയും ഉപദേശങ്ങളുടെയും ഭാഷയിലൂടെയാണ് പോലീസ് അന്ന് സമരക്കാരെ നിയന്ത്രിച്ചിരുന്നത്. സമര പന്തലിലേക്ക് ആര് സ്വീകരിക്കപ്പെടണം എന്നതു പോലും ചിലപ്പോഴെങ്കിലും പോലീസ് നയപരമായി തീരുമാനിച്ചിരുന്നു. സമരത്തിന് പൂര്‍ണ പിന്തുണയും പ്രചാരവും നല്‍കുകയും ജനശ്രദ്ധ നേടിക്കൊടുക്കുകയും ചെയ്ത മുഖ്യധാര മാധ്യമങ്ങള്‍ പോലും പലപ്പോഴും മുന്‍ധാരണകളോട് കൂടിയാണ് സമരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകളെ നോക്കി കണ്ടത്. നേതാക്കളെ മെനഞ്ഞെടുക്കുന്നതിലും പ്രധാന തീരുമാനങ്ങളിലും മാധ്യമങ്ങളുടെ നേരിട്ടല്ലാത്ത ഇടപെടലുകള്‍ ഉണ്ടായിരുന്നു.

പുരുഷ-ജാതി മേധാവിത്വ വ്യവസ്ഥിതിയുടെ അധികാര ഘടനകള്‍ തന്നെയാണ് വലിയ ഒരു അളവ് വരെ ആദ്യ സമരത്തിനും തെരഞ്ഞെടുപ്പിനും ശേഷം പൊമ്പിളൈ ഒരുമൈയില്‍ ഉണ്ടായ രൂപാന്തരങ്ങള്‍ക്കും ഭിന്നതകള്‍ക്കും കാരണമായത്. പൂര്‍ണമായും ദളിത് തൊഴിലാളി സ്ത്രീയുടെ കര്‍തൃത്വത്തില്‍ നടന്ന സമരത്തെ കുടുംബം അടക്കമുള്ള പിതൃമേധാവിത്വത്തില്‍ അധിഷ്ടിതമായ അധികാര ഘടനകളെ ഉപയോഗിപ്പിച്ച് ട്രേഡ് യുണിയനുകള്‍ ക്ഷയിപ്പിച്ചത് കാണാം. പൊമ്പിളൈ ഒരുമൈയുടെ സംഘബലം കുറയ്ക്കുക വഴി അവരില്‍ ഉണ്ടാക്കിയ ഈ അരക്ഷിതാവസ്ഥയാണ് പൊമ്പിളൈ ഒരുമൈയില്‍ പിന്നീടുണ്ടായ പല തീരുമാനങ്ങള്‍ക്കും ഉടച്ചുവാര്‍ക്കലിനും ഭിന്നതയ്ക്കും വരെ നിര്‍ണ്ണായക കാരണമായത്.

ഒന്നര വര്‍ഷത്തിന് ശേഷം പൊമ്പിളൈ ഒരുമൈ വീണ്ടും സമരം ആരംഭിക്കുമ്പോള്‍ ആദ്യസമര കാലത്ത് നേരിട്ടല്ലാതെ നടന്നിരുന്ന ആണധികാര പ്രയോഗങ്ങള്‍ പ്രത്യക്ഷമായ ആക്രമണങ്ങളിലേക്ക് വഴിതിരിയുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തിലുള്ള കേരളത്തില്‍ എന്തുകൊണ്ടാണ് ഒരു തൊഴിലാളി സമരം ഇത്തരത്തില്‍ അടിച്ചമര്‍ത്തപെടുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്.

ചെങ്ങറയില്‍ നിന്നും വ്യത്യസ്തവും സങ്കീര്‍ണവുമാണ് നിയമപരമായി ടാറ്റായുടെ കൈവശമുള്ള മൂന്നാര്‍ തോട്ടം മേഖല. കമ്പനി ഭൂമി ഏറ്റെടുക്കുന്നതില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ട്. എന്നിരുന്നാലും കേരളത്തിലെ വോട്ടര്‍മാരായ ഈ വലിയ വിഭാഗം തൊഴിലാളികളുടെ ഭൂമിയ്ക്ക് വേണ്ടിയുള്ള അവകാശത്തെ എന്തുകൊണ്ടാണ് വലത്-ഇടത് സര്‍ക്കാരുകള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്? എന്തുകൊദ്നാണ് പൊമ്പിളൈ ഒരുമൈ അധികാര കേന്ദ്രങ്ങില്‍ അസ്വസ്ഥത ഉണ്ടാക്കുന്നത്? ഇടത് സര്‍ക്കാര്‍ കുടിയേറ്റ കര്‍ഷകര്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍, സ്വന്തമായി ഭൂമി ഇല്ലാതെ കമ്പനിവക ലയങ്ങളില്‍ തലമുറകളായി താമസിക്കുന്ന തോട്ടം തൊഴിലാളി കുടുംബങ്ങളുടെ ഭൂപ്രശ്‌നം എന്തുകൊണ്ടാണ് പരിഗണിക്കപ്പെടാത്തത്? എഴുപത് ശതമാനത്തില്‍ ഏറെ സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്ന തോട്ടം മേഖലയില്‍ അവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്കടക്കം പരിഹാരം കാണാനോ കമ്പനിയുടെ ചൂഷണ നയങ്ങള്‍ അവസാനിപ്പിക്കണോ എന്തുകൊണ്ടാണ് സര്‍ക്കാര്‍ മുന്‍കൈ എടുക്കാത്തത്? ഇടതുപക്ഷത്തിന്റെ ‘തൊഴിലാളി’ ഭാവനകള്‍ക്ക് ഉള്ളില്‍ നില്‍ക്കാത്ത ‘സ്ത്രീ-ദളിത്-തമിഴ് തൊഴിലാളി’ സ്വത്വത്തിന് നേരെയുള്ള വിവേചനമായി മാത്രമേ ഈ നിലപാടിനെ കാണാന്‍ സാധിക്കുകയുള്ളൂ.

പൊമ്പിളൈ ഒരുമൈയുടെ ആഭ്യന്തര വിഷയങ്ങളില്‍ അടക്കം ഇടപെട്ട് അതിനെ തകര്‍ക്കാനും അശ്ലീലചുവയോടെ സംസാരിക്കുന്ന പാര്‍ട്ടി നേതാക്കളെ ന്യായികരിച്ചും ഒരു തൊഴിലാളി മുന്നേറ്റത്തെ എതിര്‍ക്കാനും അടിച്ചമര്‍ത്താനും സിപിഎം നേതൃത്വം ശ്രമിക്കുമ്പോള്‍ ആരാണ് ഇവിടെ നേട്ടം കൊയ്യുന്നത്? പുരുഷാധികാത്തിന്റെയും സദാചാര ഫ്യൂഡലിസത്തിന്റെയും ഭാഷയാണ് എംഎം മണിയില്‍ നിന്നും കേട്ടത്. ഇടത് തൊഴിലാളി പ്രസ്ഥാനങ്ങളാണ് കേരളത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക് അന്തസും തുല്യതയും നേടിയെടുക്കാന്‍ പ്രയത്‌നിച്ചിട്ടുള്ളത്. എംഎം മണിയെ പോലെ തോന്ന്യവാസം വിളിച്ച് പറയുന്ന നേതാക്കളെ ന്യായീകരിച്ച് ഇടതുപക്ഷ പ്രസ്ഥാനത്തെ മൊത്തത്തില്‍ അപമാനിക്കുന്ന തീരുമാനം ആയിരുന്നില്ല സര്‍ക്കാര്‍ സ്വീകരിക്കേണ്ടിയിരുന്നത്.

നേതാവിന് ഔദ്യോഗിക വിദ്യാഭ്യാസം കുറവാണെന്ന് തന്നെ ഇരിക്കട്ടെ, പാര്‍ട്ടി വിദ്യാഭ്യാസവും രാഷ്ട്രീയ അനുഭവവും വേണ്ടുവോളം കൈവശമുള്ള ഒരു നേതാവ് ഇങ്ങനെ പ്രതികരിക്കുമ്പോള്‍, പാര്‍ട്ടി വിദ്യാഭാസം സ്ത്രീവിരുദ്ധമാണെന്ന് തന്നെ കരുതേണ്ടി വരും. നേതാക്കന്മാരുടെ സ്ത്രീ വിരുദ്ധതയെയും അശ്ലീല-ദ്വയാര്‍ത്ഥ പ്രയോഗങ്ങളേയും താങ്ങാന്‍ പാര്‍ട്ടി നേതൃത്വവും അണികളും തയ്യാറാവുന്നിടത്തോളം മാറ്റങ്ങള്‍ പ്രായോഗികമല്ല.

ന്യായീകരണവാദങ്ങളില്‍ നിന്ന് പുറത്ത് വന്ന് തെറ്റുകള്‍ തിരുത്താനും മാറ്റങ്ങളെ സ്വീകരിക്കാനും ഇടതുപക്ഷം തയ്യാറായില്ലെങ്കില്‍ ഇന്ത്യയെ മുഴുവനായി വിഴുങ്ങാന്‍ ഒരുങ്ങി നില്‍ക്കുന്ന ഹിന്ദുരാഷ്ട്രീയത്തിന് വഴിതെളിച്ച് കൊടുക്കലാവും അത്. ആണധികാരം വിളിച്ചോതുന്ന ധാര്‍ഷ്ട്യം ആകരുത് ഇനിയെങ്കിലും പാര്‍ട്ടിയുടെ അടിസ്ഥാനം, മറിച്ച് പിതൃമേധാവിത്വ പാര്‍ട്ടി ഘടന ജനാധിപത്യവല്‍ക്കരിക്കേണ്ടതുണ്ട്. പിതൃമേധാവിത്വത്തില്‍ അധിഷ്ടിതമായതും പുരുഷകേന്ദ്രികൃതവുമായ പാര്‍ട്ടി ഘടനയിലും ആശയത്തിലും മാറ്റം വരുത്താതെ ഇടതുപക്ഷത്തിന് മുന്നോട്ട് പോകല്‍ സാധ്യമാകില്ല. സംഘടിക്കാനും പ്രതിരോധിക്കാനും ഉള്ള ഇടം കേരളത്തില്‍ നേടിയെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഇടതുപക്ഷ പ്രസ്ഥാനം എന്തുകൊണ്ടാണ് സ്ത്രീയുടെ സംഘടനാ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്?

കേരളത്തിലെ തൊഴിലാളി സമരചരിത്രത്തില്‍ യാതൊരു പ്രാധാന്യവും അര്‍ഹിക്കാത്ത സംഘപരിവാര്‍ ഈ സമരത്തോട് ഐക്യപ്പെടുകയും രാഷ്ട്രീയപരമായി മുതലെടുപ്പ് നടത്തുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് ഇടതുപക്ഷത്തിന്റെ പരാജയമല്ലേ? ഇടുക്കിയില്‍ വലിയ പ്രസക്തിയൊന്നും ഇല്ലാത്ത സംഘപരിവാര്‍ രാഷ്ട്രീയത്തിന് ഇടം നേടിക്കൊടുക്കുകയാണ് ഇതിലൂടെ സിപിഎം ചെയ്യുന്നത്. മൂന്നാര്‍ വിഷയത്തില്‍ ഉണ്ടായ കേന്ദ്ര ഇടപെടലും ഇത് വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ അരാഷ്ട്രീയ മധ്യവര്‍ഗത്തെ വലിയ അളവില്‍ സ്വാധീനിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളില്‍ തുടങ്ങി, ഇപ്പോള്‍ ദളിത് – ആദിവാസി പ്രശ്‌നത്തില്‍ ബിജെപി കാണിക്കുന്ന അമിത താത്പര്യം ഇടതുപക്ഷം ഗൌരവമായി പ്രതിരോധിക്കേണ്ടതുമുണ്ട്.

(കടപ്പാട് : അനു കെ ആന്റണി, അന്ന മിനി എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കി XV National Conference on Women’s Studies-ല്‍ തെരഞ്ഞെടുക്കപെട്ട ‘Male Spaces Within a Women Movement: Tea Plantation Labourer’s Agitation in Kerala’ എന്ന റിസര്‍ച്ച് പേപ്പര്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അന്ന മിനി

അന്ന മിനി

ബാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇകണോമിക് ചേഞ്ചില്‍ ഗവേഷക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍