UPDATES

ട്രെന്‍ഡിങ്ങ്

കൈവെട്ടു സംഘങ്ങള്‍ കഠാരയുമായി കലാലയങ്ങളിലേക്കിറങ്ങുമ്പോള്‍

അഭിമന്യുവിന്റെ കൊലപാതകത്തെ കേരളത്തിലെ കലാലയ രാഷ്ട്രീയ ചരിത്രത്തിലിന്നേവരെയില്ലാത്ത ഒന്നായി അടയാളപ്പെടുത്തുന്നത് അതിന് പിന്നിലുള്ള വര്‍ഗ്ഗീയ സംഘടനയുടെ സാന്നിധ്യമാണ്

ഏറെക്കാലമായി കേരളത്തിന് അപരിചിതമായി മാറിയ വാക്കായിരുന്നു കലാലയ രാഷ്ട്രീയ കൊലപാതകമെന്നത്. കലാലയങ്ങള്‍ക്കുള്ളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ ഇക്കാലത്തും തുടരുന്നുണ്ടെങ്കിലും അതൊരു കൊലപാതകത്തിലെത്തിയ സംഭവം അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ ഇന്നലെ രാത്രി മഹാരാജാസ് കോളേജിലുണ്ടായ സംഭവം കേരളത്തെ ആ പഴയ കലാലയ രാഷ്ട്രീയ കൊലപാതകങ്ങളുടെ കാലത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ്. മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും ഇടുക്കി വട്ടവട സ്വദേശിയുമായ അഭിമന്യൂവിന്റെ കൊലപാതകം ചില ചരിത്രപരമായ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

അതേസമയം അഭിമന്യുവിന്റെ കൊലപാതകത്തെ കേരളത്തിലെ കലാലയ രാഷ്ട്രീയ ചരിത്രത്തിലിന്നേവരെയില്ലാത്ത ഒന്നായി അടയാളപ്പെടുത്തുന്നത് അതിന് പിന്നിലുള്ള വര്‍ഗ്ഗീയ സംഘടനകളുടെ സാന്നിധ്യമാണ്. പോപ്പുലര്‍ ഫ്രണ്ട് എന്ന തീവ്രവാദ സ്വഭാവമുള്ള സംഘടനയിലുള്ളവരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. ഇവരുടെ വിദ്യാര്‍ത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടും എസ്എഫ്‌ഐയും തമ്മില്‍ പോസ്റ്റര്‍ പതിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ടും കാമ്പസ് ഫ്രണ്ടും രക്തദാഹവുമായി ഇറങ്ങിയിരിക്കുകയാണെന്നാണ് അതിന് ശേഷം വരുന്ന റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തിനിടെ എസ്ഡിപിഐയുടെ കൊടിമരം നശിപ്പിച്ചതോടെയുണ്ടായ സംഘടനത്തില്‍ ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകന് വെട്ടേല്‍ക്കുകയായിരുന്നു. കോളേജിലെ ചില ചുവരുകള്‍ എസ്എഫ്‌ഐ കയ്യടക്കി വച്ചിരിക്കുന്നതാണ് അഭിമന്യുവിന്റെ കൊലപാതകത്തിന് കാരണമെന്ന ന്യായീകരണവുമായി വര്‍ഗ്ഗീയവാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം മഹാരാജസിന്റെ മുന്‍വശത്തെ മതിലിന്റെ ഒരു ചിത്രം പുറത്തു വരുന്നത് അനുസരിച്ച് ക്യാമ്പസ് ഫ്രണ്ട് എന്ന ചുവരെഴുത്തിന് മുകളില്‍ വര്‍ഗ്ഗീയത തുലയട്ടേയെന്ന് എഴുതിയിട്ടുണ്ട്. കേരളത്തിലെ ക്യാമ്പസുകളില്‍ മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടി വളര്‍ന്നാലും വര്‍ഗ്ഗീയ സ്വഭാവമുള്ള പാര്‍ട്ടികളെ ചുവടുറപ്പിക്കാനാകില്ലെന്നത് എല്ലാ കാലവും എസ്എഫ്‌ഐയുടെ നിലപാടാണ്. അത് പലപ്പോഴും എബിവിപിയുമായുമുള്ള സംഘര്‍ഷങ്ങളും സൃഷ്ടിച്ചിട്ടുമുണ്ട്. എന്നാല്‍ ക്യാമ്പസ് ഫ്രണ്ടുമായുള്ള ഏറ്റുമുട്ടലുകള്‍ കാര്യമായൊന്നും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അതേസമയം എസ്എഫ്‌ഐയുടെ നിലപാടുകള്‍ തന്നെയാണ് ക്യാമ്പസ് ഫ്രണ്ടിനെ വളര്‍ത്തുന്നതെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ ആരോപണം. സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ പോപ്പുലര്‍ ഫ്രണ്ടിനെ വളര്‍ത്തിയെടുത്തത് സിപിഎം ആണെന്ന തരത്തിലാണ് ഇന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. പാലുകൊടുത്ത കൈക്ക് തന്നെ പോപ്പുലര്‍ ഫ്രണ്ട് തിരിഞ്ഞു കൊത്തുകയായിരുന്നുവെന്നാണ് സുരേന്ദ്രന്‍ ആരോപിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടും ആര്‍എസ്എസും വര്‍ഗ്ഗീയതയെന്ന നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നിരിക്കെ ആരും ആരെയും ന്യായീകരിക്കാനോ എതിര്‍ക്കാനോ വരേണ്ടതില്ലെന്നാണ് നാം ആദ്യം പറയേണ്ടത്.

2010 ജൂലൈ നാലിന് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയെടുത്ത കേസോടെയാണ് പോപ്പുലര്‍ ഫ്രണ്ട് കേരള സമൂഹത്തില്‍ വര്‍ഗ്ഗീയതയുടെ പുതിയ ഭീതി വിതച്ചത്. ഇദ്ദേഹം തയ്യാറാക്കിയ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു പോപ്പുലര്‍ ഫ്രണ്ട് താലിബാന്‍ മോഡല്‍ ശിക്ഷ നടപ്പാക്കിയത്. മതത്തിന്റെ പേരില്‍ അവര്‍ നടത്തിയ വേറെയും ആക്രമണങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന് ഐഎസുമായി ബന്ധമുണ്ടെന്നും മറ്റുമുള്ള ആരോപണം ശക്തമാണ്. ഈ സാഹചര്യത്തില്‍ അവരുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കാമ്പസ് ഫ്രണ്ട് കോളേജുകളില്‍ ചുവടുറപ്പിക്കുന്നതിനെ ആശങ്കയോടെ മാത്രമേ കാണാനാകൂ. അതു തന്നെയാണ് അഭിമന്യുവിന്റെ കൊലപാതകവും തെളിയിക്കുന്നത്.

മതത്തിന്റെ പേരില്‍ മനുഷ്യര്‍ പരസ്പരം ഏറ്റുമുട്ടുകയും വര്‍ഗ്ഗീയവാദം ഈ മണ്ണില്‍ അശാന്തി നിറയ്ക്കുകയും ചെയ്യുമ്പോള്‍ മതത്തെ അടിസ്ഥാനമാക്കിയുള്ള സംഘടനകളെ ഇവിടുത്തെ കാമ്പസുകളില്‍ നിന്നെങ്കിലും അകറ്റി നിര്‍ത്തേണ്ടതുണ്ട്. കൈവെട്ടു സംഘങ്ങള്‍ കാമ്പസുകളിലേക്ക് പ്രവേശിക്കുന്നത് ഈ സമൂഹത്തെ നയിക്കുന്നത് പിന്നോട്ട് മാത്രമായിരിക്കും.

നിങ്ങള്‍ കൊന്നു കളഞ്ഞത്, വയറു നിറച്ച് ആഹാരം കഴിക്കുന്നൊരു ദിവസം കൂടി സ്വപ്‌നം കണ്ടു നടന്നവനെയായിരുന്നു…

അഭിമന്യുവിനെ കുത്തിയത് കരുതിക്കൂട്ടി; ഇല്ലാതാക്കിയത് ദാരിദ്ര്യത്തിലും പൊരുതിക്കയറിയ ഒരു ജീവിതം

‘നിരായുധനായ ഒരു കൗമാരക്കാരനെ പച്ചക്ക് തീര്‍ത്ത പോപ്പുലര്‍ ഫ്രണ്ട് എന്തു തരം വിഷമാണ്?’

യെന്‍ മകനേ.. നാന്‍ പെറ്റ മകനേ: അഭിമന്യുവിന് മഹാരാജസിന്റെ വിട

മറ്റൊരു രക്തസാക്ഷിക്കായി അഭിമന്യൂ എഴുതിയ പോരാട്ടവീറുള്ള വാക്കുകൾ

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍