UPDATES

പോസിറ്റീവ് സ്റ്റോറീസ്

നിനക്കൊരു ചുംബനമല്ലാതെന്തു തരാൻ, പ്രണവ്…?

കാലുകള്‍ കൊണ്ട് വരച്ച ചിത്രങ്ങള്‍ വിറ്റുകിട്ടിയ 5,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക്; പ്രണവിന് മന്ത്രി എകെ ബാലന്റെ ഉമ്മ

ഒരേ സമയം ആനന്ദവും നൊമ്പരവും സമ്മാനിക്കുന്ന ഒരുപാട് ദുരിതാശ്വാസ സഹായങ്ങൾ ഈ പ്രളയകാലം നമുക്ക് സമ്മാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സഹായനിധിയിലേക്കു കാൽ കൊണ്ടൊരു കൈ സഹായം ചെയ്തു പ്രണവ് ആ ശ്രേണിയിലെ മറ്റൊരു പേരുകാരൻ ആവുകയാണ്.

ജന്മനാ ഇരു കൈകളും ഇല്ലാത്ത പ്രണവ് എന്ന ബി.കോം വിദ്യാര്‍ത്ഥി, കാലുകള്‍ ഉപയോഗിച്ച് വരച്ച ചിത്രങ്ങള്‍ വിറ്റുകിട്ടിയ 5,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാണ് മാതൃകയായിരിക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്കുള്ള തുക മന്ത്രി എ.കെ ബാലന് പ്രണവ് കഴിഞ്ഞ ദിവസം കൈമാറി. ഗവ. ചിറ്റൂര്‍ കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് പ്രണവ്.

അച്ഛൻ ബാലസുബ്രഹ്മണ്യനുമായി മിനി സിവിൽ സ്റ്റേഷൻ ഹാളിൽ പ്രണവ് എത്തിയപ്പോൾ സദസ്സ് നിശ്ശബ്ദമായി. കാൽവിരലുകൾക്കിടയിൽ ചേർത്ത് 5000 രൂപയുടെ ചെക്ക് മന്ത്രി വാങ്ങിയതും വികാരവായ്പോടെയാണ്അദ്ദേഹം പ്രണവിനെ ആശ്ലേഷിച്ചതും, ആ വിശാലമനസ്കതയ്ക്കു സമ്മാനമായി നെറ്റിയിൽ ചുംബിച്ചതും

ചിറ്റൂർ ഗവ.കോളജിൽ ഫെബ്രുവരിയിൽ നടത്തിയ ബിസിനസ് സംരംഭകത്വ മേളയിൽ നടത്തിയ ചിത്രപ്രദർശനത്തിൽനിന്നു ലഭിച്ച തുകയാണു പ്രണവ് നൽകിയത്. ദുഃഖിക്കുന്ന മനുഷ്യരുടെ കണ്ണീരൊപ്പാനുള്ള എളിയ ശ്രമമാണിത്. അതിജീവനത്തിന് ഇത്തരം നന്മകൾ പ്രചോദനമാവുമെന്നും പ്രണവ് പറയുന്നു.പ്രണവിന്റെ വാക്കുകൾ സത്യമാവുകയാണെന്നാണ് നവമാധ്യമങ്ങളിൽ പ്രണവിന്റെ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത തെളിയിക്കുന്നത്.

പ്രണവിനെ കുറിച്ച് അഡ്വക്കേറ്റ് ജഹാംഗീർ ആമിന റസാഖ് എഴുതിയ ഹൃദയഹാരിയായ കുറിപ്പ്.

നിനക്കൊരു ചുംബനമല്ലാതെന്തു തരാൻ, പ്രണവ്…?

സഖാവ് എ കെ ബാലനാണ്. ജീവിതത്തിലെ അനുഭവങ്ങളിലും, വായനകളിലും, സിനിമ ദൃശ്യവിന്യാസങ്ങളിലും നിരവധി ചുംബനങ്ങൾ കണ്ടിട്ടുണ്ട്; അറിഞ്ഞിട്ടുണ്ട്..! പക്ഷേ ഇത്രമേൽ ഭാവദീപ്തമായ, അർത്ഥസാന്ദ്രമായ ഒരുമ്മ ഈ പ്രളയകാലത്തിന്റെ നീക്കിയിരുപ്പാണ്, ദീപ്തമായ ഓർമ്മകളിൽ…!!

ആലത്തൂർ മലമൽമുക്കിൽ താമസിക്കുന്ന ചിറ്റൂർ കോളേജ് വിദ്യാർത്ഥിയും ഇരു കൈകളുമില്ലാത്ത ശ്രീ. പ്രണവ് തന്റെ കാലുകൾ കൊണ്ട് വരച്ച ചിത്രങ്ങളുടെ പ്രദർശനം നടത്തി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബഹുമാനപ്പെട്ട മന്ത്രി ശ്രീ. എ. കെ. ബാലൻ മുഖേന സമർപ്പിക്കുന്നു.!

ദൂരെ ആലപ്പുഴയിലും കുട്ടനാട്ടിലും ആത്മാവുകളില്‍ നിന്നും, ജനിമൃതികളില്‍ നിന്നും ഊറിക്കൂടിയ ജീവിതം ഒരു തേങ്ങലിന്റെ രൂപം പൂണ്ടു അലതല്ലുന്ന കാഴ്ചകളും അവസാനിച്ചിട്ടില്ലെന്നറിയാം. സ്നേഹത്തിനു വേണ്ടിയുള്ള തീക്ഷ്ണസമരവും, ശുഭകരമായ ആകസ്മിതകള്‍ക്ക് വേണ്ടിയുള്ള തീരാകാത്തിരിപ്പുമാണ്‌ ജീവിതമെന്ന് നമ്മുടെ തലമുറയ്ക്കും നിർവചിക്കാനാവട്ടെ.

ഒരു പെരുമഴക്കാലത്തെ ഒരു തുള്ളി ഇരുട്ടില്‍ ഒറ്റിക്കൊടുക്കുന്ന മൗനത്തിനപ്പുറം ഇവിടെയീ കേരള മണ്ണിൽ, പ്രളയമഴയ്ക്ക്‌ ശേഷം പുറത്തു വെയില്‍ക്കനല്‍ കനക്കുന്നുണ്ട്. നിങ്ങൾക്ക് കാണാന്‍ ഒരു പൊൻകിനാവിനെ തുന്നുകയാണ് ഞങ്ങൾ. ചിത്രങ്ങളില്‍, നിറങ്ങള്‍ പതിപ്പിച്ച്. ഈ ഋതു ഒരു പ്രളയകാലത്തിലേതാണ്..! ഇവിടെ ജലം വഴിമാറിയ ഈ ഇടവഴികളിൽ നമ്മുടെ കാലത്തിന്റെ മനുഷ്യനന്മയുടെ ശരീരങ്ങൾ മാത്രം, മഴ നനഞ്ഞു മരിക്കാതെ കിടക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍