UPDATES

‘ജനുവരി ഒന്ന് ഹിന്ദുക്കളുടെ പുതുവര്‍ഷമല്ല’: ന്യൂ ഇയര്‍ ആഘോഷത്തിനെതിരെയും സംഘപരിവാര്‍

ക്രിസ്മസ് ആഘോഷിക്കുന്നതിനെതിരെ രാജ്യവ്യാപകമായി ഭീഷണി ഉയര്‍ത്തിയതിന് പിന്നാലെയാണ് ന്യൂഇയര്‍ ആഘോഷത്തിനെതിരെയും സംഘപരിവാര്‍ തിരിഞ്ഞിരിക്കുന്നത്‌

ഹിന്ദുക്കള്‍ ക്രിസ്മസ് ആഘോഷിക്കരുതെന്ന് രാജ്യവ്യാപകമായി പ്രചരണം നടത്തിയ സംഘപരിവാര്‍ സംഘടനകള്‍ ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കെതിരെയും രംഗത്ത്. ഹിന്ദു ജനജാഗൃതി സമിതിയുടെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററുകളിലാണ് ഈ ആഹ്വാനം നടത്തുന്നത്.

നേരത്തെ ക്രിസ്മസിനെതിരെ സോഷ്യല്‍ മീഡിയ വഴി ആരംഭിച്ച പ്രചരണം പിന്നീട് ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും ഭീഷണിപ്പെടുത്തി നടപ്പാക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചിരുന്നു. എന്നാല്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ തുടങ്ങിയ ഇടതുപക്ഷ സംഘടനകള്‍ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയതോടെ കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും ഈ പ്രചരണം പരാജയപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മലയാളത്തില്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ സംസ്ഥാനത്തെ പലയിടങ്ങളിലും പതിച്ചിരിക്കുന്നത്.

ജനുവരി ഒന്ന ഹിന്ദുക്കളുടെ പുതുവര്‍ഷാരംഭമല്ലെന്നാണ് ഹിന്ദുക്കളെ അഭിസംബോധന ചെയ്ത് തയ്യാറാക്കിയിരിക്കുന്ന പോസ്റ്ററുകളില്‍ പറയുന്നത്. ‘ഹിന്ദുക്കളേ, പുതുവര്‍ഷാരംഭം പാശ്ചാത്യരെ പോലെ ഡിസംബര്‍ 31ന് രാത്രി കുടിച്ച് കൂത്താടി ആഘോഷിക്കുന്നത് ഉപേക്ഷിക്കുക. ജനുവരി 1-ന് പുതുവത്സരാശംസകള്‍ നല്‍കുകയോ സ്വീകരിക്കുകയോ ചെയ്യാതിരിക്കുക. മറ്റുള്ളവരെയും ഇക്കാര്യം ബോധ്യപ്പെടുത്തുക. പുതുവര്‍ഷം ഹിന്ദു വര്‍ഷാരംഭ ദിനത്തില്‍ ആഘോഷിക്കുക’ എന്നാണ് ഹിന്ദു ജനജാഗൃതി സമിതിയുടെ പേരില്‍ തയ്യാറാക്കിയിരിക്കുന്ന പോസ്റ്ററില്‍ പറയുന്നത്.

ഈമാസം ആദ്യം മുതലാണ് ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ സംഘടനകള്‍ ക്രിസ്മസിനെതിരെ രാജ്യവ്യാപകമായി പ്രചരണം നടത്തിയത്. രാജസ്ഥാനില്‍ ക്രിസ്മസ് കരോള്‍ പോയ പുരോഹിതര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ മതപരിവര്‍ത്തനം ആരോപിച്ച് മര്‍ദ്ദിച്ചിരുന്നു. ഉത്തര്‍പ്രദേശിലും സ്‌കൂളുകളില്‍ ഹിന്ദു കുട്ടികള്‍ ക്രിസ്മസ് ആഘോഷിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഹിന്ദു ജാഗരണ്‍ മഞ്ച് രംഗത്തെത്തിയിരുന്നു. ക്രിസ്മസ് മാത്രമല്ല, പുതുവര്‍ഷവും ആഘോഷിക്കരുതെന്ന് നേരത്തെ തന്നെ ആന്ധ്രയില്‍ ഹിന്ദു ധര്‍മ്മ പരിരക്ഷണ ട്രസ്റ്റ് നിര്‍ദ്ദേശം നല്‍കിയിരുന്നു. അലിഗഡിലെ സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷിക്കരുതെന്നും ഇവരുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. കേരളത്തില്‍ തിരുവനന്തപുരത്തെ എംജി കോളേജിലാണ് ക്രിസ്മസ് ആഘോഷത്തിനെതിരെ നീക്കമുണ്ടായത്. ആര്‍എസ്എസിന്റെ ഭീഷണിയെ തുടര്‍ന്ന് കോളേജ് അധികൃതര്‍ ആഘോഷം റദ്ദാക്കിയെങ്കിലും എസ്എഫ്‌ഐ കോളേജിന് പുറത്ത് ക്രിസ്മസ് ആഘോഷിച്ച് ഇതിന് തിരിച്ചടി നല്‍കി.

കേരളത്തില്‍ പൊതുവെ ക്രിസ്മസ് ആഘോഷിക്കാത്തവര്‍ പോലും സംഘപരിവാര്‍ ക്രിസ്മസ് ആഘോഷിക്കരുതെന്ന ഭീഷണി മുഴക്കിയപ്പോള്‍ വലിയ തോതിലുള്ള ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്. ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പലയിടങ്ങളിലും ആഘോഷങ്ങള്‍ നടന്നത്.

ഹിന്ദു വീടുകളില്‍ ക്രിസ്മസ് സ്റ്റാര്‍ തൂക്കാന്‍ പാടില്ല എന്നു സൈബര്‍ സംഘികള്‍; കരോൾ അമ്പലത്തിൽ നിന്ന് തന്നെ തുടങ്ങട്ടെ എന്ന് അമ്പല കമ്മിറ്റി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍