UPDATES

ട്രെന്‍ഡിങ്ങ്

ഗുരുഗ്രാം സ്‌കൂള്‍ കൊലപാതകം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കൊലനടത്തിയത് പരീക്ഷ മാറ്റിവയ്ക്കാനായി?

പ്രദ്യുമാന്‍ കൊല്ലപ്പെട്ട ദിവസം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ പരിസരത്ത് ഒരു കത്തിയുമായി കണ്ടെന്നാണ് സിബിഐയ്ക്ക് ലഭിച്ച വിവരം

ഹരിയാനയിലെ ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഇന്നലെ രാത്രി സ്‌കൂളിലെ പതിനൊന്നാം ക്ലാസുകാരന്‍ അറസ്റ്റിലായിരുന്നു. കൊലക്കുറ്റം ചുമത്തിയാണ് അന്വേഷണം നടത്തുന്ന സിബിഐ സംഘം ഈ കുട്ടിയെ അറസ്റ്റ് ചെയ്തത്.

അതേസമയം പ്രദ്യുമാന്‍ താക്കൂര്‍ എന്ന രണ്ടാം ക്ലാസുകാരനെ ഈ കുട്ടി കൊലപ്പെടുത്തിയത് പരീക്ഷകളും സ്‌കൂളില്‍ നടക്കാനിരുന്ന പിടിഎ മീറ്റിംഗും മാറ്റിവയ്പ്പിക്കാനാണ് എന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കേസിന്റെ തുടക്കത്തില്‍ ഹരിയാന പോലീസ് സ്‌കൂള്‍ ബസിന്റെ കണ്ടക്ടര്‍ അശോക് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ലൈംഗിക പീഡനം ചെറുത്ത കുട്ടിയെ ഇയാള്‍ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്ത് അറുത്ത് കൊന്നുവെന്നായിരുന്നു കേസ്. സ്‌കൂളിലെ ബാത്ത്‌റൂമിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അശോക് കുമാര്‍ ആര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം സംശയിച്ചിരുന്നു. പ്രദ്യുമാന്‍ താക്കൂറിന്റെ മാതാപിതാക്കളും കൊലപാതകത്തിന് പിന്നില്‍ മറ്റാരോ ഉണ്ടെന്ന സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.

അതേസമയം തന്റെ മകന്‍ നിരപരാധിയാണെന്നും സംഭവ ദിവസം അവന്റെ വസ്ത്രങ്ങളില്‍ രക്തക്കറയൊന്നുമുണ്ടായിരുന്നില്ലെന്നുമാണ് ഇപ്പോള്‍ അറസ്റ്റിലായ കുട്ടിയുടെ പിതാവ് പറയുന്നത്. പ്രദ്യുമാന്‍ ബാത്ത്‌റൂമില്‍ കിടക്കുന്ന വിവരം തന്റെ മകനാണ് അധ്യാപകരെയും തോട്ടക്കാരനെയും അറിയിച്ചതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സിബിഐയ്ക്ക് തന്റെ മകനെ അറസ്റ്റ് ചെയ്യാന്‍ വേണ്ട തെളിവുകളന്നുമില്ലെന്നും മകനെ കാണാന്‍ തന്നെ അനുവദിച്ചില്ലെന്നും ഇദ്ദേഹം ആരോപിക്കുന്നു.

എന്നാല്‍ പ്രദ്യുമാന്‍ കൊല്ലപ്പെട്ട ദിവസം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ പരിസരത്ത് ഒരു കത്തിയുമായി കണ്ടെന്നാണ് സിബിഐയ്ക്ക് ലഭിച്ച വിവരം. അതേസമയം ഈ കുട്ടിയെ അന്വേഷണസംഘം ഇതുവരെയും ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയിട്ടില്ല.

സെപ്തംബര്‍ എട്ടിനാണ് റയാന്‍ അന്താരാഷ്ട്ര സ്‌കൂളിലെ ബാത്ത്‌റൂമില്‍ പ്രദ്യുമാന്റെ മൃതദേഹം കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുട്ടിയുടെ കഴുത്ത് അറുത്ത നിലയിലായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍