UPDATES

ട്രെന്‍ഡിങ്ങ്

കര്‍ണാടകയിലെ ആ ‘ഒരുത്തന്‍’ ബിജെപിക്കാരോട് ചോദിച്ച ചില ചോദ്യങ്ങള്‍

ജസ്റ്റ് ആസ്‌കിംഗ് എന്ന പേരില്‍ ട്വിറ്ററിലൂടെ പ്രകാശ് രാജ് തുടങ്ങി കാമ്പെയ്ന്‍ ഇപ്പോള്‍ ഇന്ത്യയിലെ ന്യൂസ് റൂമുകളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്

ഇവിടുത്തെ സംവിധാനങ്ങളുടെ തുടര്‍ച്ചയായ ചോദ്യങ്ങളാണ് പ്രകാശ് രാജ് എന്ന ചലച്ചിത്ര താരത്തെ മറ്റ് സഹപ്രവര്‍ത്തകരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അദ്ദേഹം പ്രതിനിധീകരിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയും നിരന്തരമുന്നയിക്കുന്ന ചോദ്യങ്ങള്‍ പ്രകാശ് രാജിനെ സംഘപരിവാറിന്റെ ശത്രുവുമാക്കിയിരിക്കുകയാണ്. ഇന്ന് കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ഫേസ്ബുക്കില്‍ പരാഹിസമുന്നയിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പേരെടുത്ത് പറയാതെ പ്രകാശ് രാജിനെയും പരിഹസിക്കുന്നുണ്ട്.

‘കര്‍ണ്ണാടകയില്‍ ഒരുത്തന്‍ സിനിമയെല്ലാം പൂട്ടിപ്പോയിട്ടും എന്നും മോദിയെ ചീത്ത വിളിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഇവിടേയും മാതൃകയാക്കാവുന്നതാണ്’ എന്നായിരുന്നു പ്രകാശ് രാജിന് നേരെയുള്ള സുരേന്ദ്രന്റെ പരിഹാസം. അതേസമയം പ്രകാശ് രാജ് വര്‍ഷങ്ങളായി ബിജെപിയുടെ കേന്ദ്രനേതൃത്വത്തിന് നേരെ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്കോ നാളിതുവരെ മറുപടി നല്‍കാന്‍ സാധിക്കാത്തവരാണ് ബിജെപിക്കാര്‍ എന്നത് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. അതിനാലാണ് കഴിഞ്ഞമാസം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകാശ് രാജ് പങ്കെടുത്ത ഒരു വേദിയില്‍ അദ്ദേഹം പോയതിന് ശേഷം ഗോമൂത്രം തെളിച്ച് ശുദ്ധമാക്കാനുള്ള ശ്രമം നടത്തിയതും. സിര്‍സിയിലേതിന് സമാനമായി താന്‍ പോകുന്ന എല്ലായിടത്തും ബിജെപി പ്രവര്‍ത്തകര്‍ ശുദ്ധികലശം നടത്തുമോയെന്നായിരുന്നു അന്നത്തെ ചോദ്യം. പ്രകാശ് രാജ് ഉന്നയിച്ച വിമര്‍ശനങ്ങളില്‍ ഏറ്റവും ശ്രദ്ധേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും എതിരെ നടത്തിയതായിരുന്നു. ‘ഞാന്‍ ഹിന്ദു വിരുദ്ധനാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഞാന്‍ മോദി വിരുദ്ധനും ഹെഡ്‌ഗെ വിരുദ്ധനും അമിത് ഷാ വിരുദ്ധനുമാണ്. കാരണം അവര്‍ ഹിന്ദുക്കളല്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു’. എന്നായിരുന്നു ആ വിമര്‍ശനം.

ദേശീയതയും ഹിന്ദുത്വവും രണ്ടല്ലെന്ന് പറഞ്ഞപ്പോഴാണ് പ്രകാശ് രാജ് കേന്ദ്രമന്ത്രി ഹെഡ്‌ഗെയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഡിസംബര്‍ ആറിന് അംബേദ്കര്‍ അനുസ്മരണം നടത്തുമ്പോഴാണ് മന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഹിന്ദുത്വയും ദേശീയതയും ഒന്നാണെന്ന് പറയുന്നത് പുതിയൊരു തെറ്റായ വിശ്വാസമാണെന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. അബ്ദുള്‍ കലാം, ബിആര്‍ അംബേദ്കര്‍, എആര്‍ റഹ്മാന്‍, കുശ്വന്ത് സിംഗ്, അമൃത പ്രിതം, ഡോ. വര്‍ഗ്ഗീസ് കുര്യന്‍ തുടങ്ങിയ ഹിന്ദുക്കളല്ലാത്ത പ്രമുഖ ഇന്ത്യക്കാരെല്ലാം ഇന്ത്യക്കാരല്ലെന്നും മന്ത്രി പറയുമോയെന്നും അദ്ദേഹം ചോദിച്ചു.

കുരീപ്പുഴ കേരളം മുഴുവന്‍ കവിത ചൊല്ലി നടക്കുമ്പോള്‍ സുരേന്ദ്രന്‍ നിക്കറിട്ട് ശാഖയില്‍ കോലു കളിക്കുകയായിരുന്നു

കന്നഡയിലെ പ്രശസ്ത ദിനപ്പത്രമായ ഉദയവാനി പ്രസിദ്ധീകരിച്ചിരുന്ന പ്രകാശ് രാജിന്റെ കോളം പിന്‍വലിച്ചപ്പോഴാണ് സമീപകാലത്ത് അദ്ദേഹം വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ സംഘപരിവാറിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ജനുവരി 5നാണ് അദ്ദേഹം ട്വിറ്ററിലൂടെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ‘ഇതൊരു മിന്നലാക്രമണമായിരുന്നു’, ‘പിന്നില്‍ അദൃശ്യമായ കരങ്ങളാണ്’ എന്നതായിരുന്നു ട്വിറ്ററിലൂടെയുള്ള ആരോപണം. അതിനെതിരെ വിശദീകരണം നല്‍കാന്‍ ബിജെപിയ്ക്ക് ഇനിയും സാധിച്ചിട്ടില്ല. ‘അദൃശ്യമായ ആ കൈകളേ, നിങ്ങള്‍ ഒരു ശബ്ദമില്ലാതാക്കാന്‍ ശ്രമിച്ചാല്‍ അത് ഉച്ചത്തിലാകും. വിശാലവും ശക്തവുമായ ഒരു പ്ലാറ്റ്‌ഫോം തെരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചതിന് നന്ദി. അടുത്തതെന്താണ്?’ എന്നായിരുന്നു പ്രകാശ് രാജ് അപ്പോള്‍ ചോദിച്ചത്.

സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ വധത്തില്‍ പ്രധാനമന്ത്രിയുടെ നിശബ്ദതയായിരുന്നു പ്രകാശ് രാജ് ചോദ്യം ചെയ്ത മറ്റൊരു കാര്യം. ‘ഗൗരിയുടെ ഘാതകരെ പിടികൂടിയില്ലെന്നതിനാക്കാള്‍ അലോസരപ്പെടുത്തുന്നത് അതിന്റെ പേരില്‍ നടക്കുന്ന ആഘോഷങ്ങളാണ്. ഗൗരിയുടെ മരണം ആഘോഷിക്കുന്നവരില്‍ പ്രധാനമന്ത്രി ഫോളോ ചെയ്യുന്നവരുമുണ്ട്. ഇതിന് നേരെ അദ്ദേഹം കണ്ണടച്ചിരിക്കുന്നതെന്താണ്?’ എന്നായിരുന്നു ആ ചോദ്യം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപിയുടെ മതരാഷ്ട്രീയത്തിന്റെ പുതിയ മുഖവുമായ യോഗി ആദിത്യനാഥിനെതിരെയായിരുന്നു മറ്റൊരിക്കല്‍ അദ്ദേഹത്തിന്റെ വിമര്‍ശനം. ‘ഞാനൊരു വിഡിയോ കണ്ടു. അദ്ദേഹം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാണോ ക്ഷേത്ര പൂജാരിയാണോയെന്ന് എനിക്ക് പറയാനാകുന്നില്ല. അദ്ദേഹം ഡബിള്‍ റോള്‍ ചെയ്യുന്നത് പോലെയാണ് തോന്നുന്നത്. ഇത്തരത്തിലുള്ള കഴിവുറ്റ നടന്മാരെ കാണുമ്പോള്‍ എനിക്ക് കിട്ടിയ അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍ അവര്‍ക്ക് കൊടുക്കാന്‍ തോന്നുന്നു’. എന്നായിരുന്നു യോഗിയ്ക്ക് നേരെയുള്ള വിമര്‍ശനം.

സെക്‌സി ദുര്‍ഗ സിനിമ വിവാദത്തില്‍ കേരളവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. ഒരു സിനിമയ്ക്ക് ദുര്‍ഗ എന്ന് പേരിടുമ്പോള്‍ മാത്രമാണ് ഇവര്‍ക്ക് പ്രശ്‌നങ്ങളുള്ളൂ. എന്നാല്‍ ദുര്‍ഗ വൈന്‍ എന്നോ ബാര്‍ എന്നോ പേരിട്ടാല്‍ ഇവര്‍ക്ക് യാതൊരു പ്രശ്‌നവുമുണ്ടാകുകയുമില്ല’ എന്നായിരുന്നു ആ പ്രതികരണം. ബിജെപിയെയും സംഘപരിവാറിനെയും മാത്രമല്ല, രാഷ്ട്രീയ പ്രവേശനം നടത്തിയ കമല്‍ഹാസന്‍, രജനികാന്ത് എന്നീ സഹപ്രവര്‍ത്തകരെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാതെ പൊതുതാല്‍പര്യത്തിലൂന്നിയാണ് തന്റെ പ്രതികരണങ്ങളെന്ന് പ്രകാശ് രാജ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സിനിമയ്ക്ക് പുറത്തുള്ള വിഷയങ്ങളില്‍ ഒരു ചലച്ചിത്ര നടന്‍ ശബ്ദമുയര്‍ത്തുന്നതും ഇന്ത്യയില്‍ തന്നെ പ്രകാശ് രാജിലൂടെയാണ് കാണാനായിട്ടുള്ളത്. ജസ്റ്റ് ആസ്‌കിംഗ് എന്ന പേരില്‍ ട്വിറ്ററിലൂടെ പ്രകാശ് രാജ് തുടങ്ങി കാമ്പെയ്ന്‍ ഇപ്പോള്‍ ഇന്ത്യയിലെ ന്യൂസ് റൂമുകളുടെ പ്രധാന ആകര്‍ഷണ കേന്ദ്രവുമാണ്. എന്നാല്‍ ഈ ചോദ്യങ്ങളില്‍ ഒന്നിന് പോലും മറുപടി പറയാന്‍ വിഷമിക്കുന്ന ബിജെപിയാണ് ഇപ്പോള്‍ അദ്ദേഹത്തെ പരിഹസിക്കുന്നതെന്നും ഒരു തമാശയാണ്.

നിശബ്ദത വിറ്റ് നേട്ടങ്ങള്‍ കൊയ്യുന്നവര്‍ക്കിടയില്‍ നമുക്ക് വേണം ഈ പ്രകാശ് രാജിനെ

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍