UPDATES

വായന/സംസ്കാരം

അമ്പതു വര്‍ഷം തങ്ങളെ പുറത്താക്കാനാകില്ലെന്ന് ഉറപ്പിച്ചു പറയാന്‍ ഇന്ത്യ അമിത്ഷായുടെ അച്ഛന്റെ സ്വത്തല്ല-പ്രകാശ് രാജ്

“നാളെ താന്‍ പാര്‍ലമെന്റിലെത്തിയാല്‍, അവര്‍ ഇല്ലാതാക്കി എന്നു കരുതുന്ന ഗൗരിയാണ് യഥാര്‍ത്ഥത്തില്‍ പാര്‍ലമെന്റിലെത്തുന്നത്”

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു വേണ്ടിയുള്ള ഒറ്റവോട്ടായി മാറാന്‍ തനിക്കു താല്‍പര്യമില്ലെന്ന് നടനും സംവിധായകനുമായ പ്രകാശ് രാജ്. ഇന്ത്യന്‍ ഭരണഘടനയില്‍ പാര്‍ട്ടികളെക്കുറിച്ചല്ല, മറിച്ച് പൗരന്മാരെക്കുറിച്ചാണ് പരാമര്‍ശങ്ങളുള്ളതെന്നും സ്വതന്ത്രനായി നിന്നുകൊണ്ട് തനിക്കു ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കാനാണ് താന്‍ ജനങ്ങളോടാവശ്യപ്പെടുന്നതെന്നും, തന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ ജനങ്ങളില്‍ നിന്നു തന്നെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളാണ് താന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ നടക്കുന്നതെന്നും അദ്ദേഹം തന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് സംസാരിക്കവേ പറഞ്ഞു. ഗൗരി ലങ്കേഷിന്റെ വധം വരെ നിശ്ശബ്ദനായിരുന്നിരുന്ന താന്‍ അതിനു ശേഷമാണ് മരണം തന്റെ വാതില്‍ക്കല്‍ എത്തിയെന്നു മനസ്സിലാക്കിയത്. ഗൗരിയെ മറവുചെയ്തപ്പോള്‍ തങ്ങള്‍ അവരെ വിതയ്ക്കുകയായിരുന്നുവെന്നാണ് തോന്നിയത്. നാളെ താന്‍ പാര്‍ലമെന്റിലെത്തിയാല്‍, അവര്‍ ഇല്ലാതാക്കി എന്നു കരുതുന്ന ഗൗരിയാണ് യഥാര്‍ത്ഥത്തില്‍ പാര്‍ലമെന്റിലെത്തുന്നത്, പ്രകാശ് രാജ് പറയുന്നു.

‘അവര്‍ പറയുന്നത് ചാണകത്തില്‍ മുപ്പത്തിമുക്കോടി ദേവതകള്‍ ഉണ്ടെന്നാണ്. ഞാനതില്‍ കാണുന്നത് മുപ്പത്തിമൂന്നു കോടി സൂക്ഷ്മജിവികളെയാണ്. ചാണകവും ഗോമൂത്രവുമൊക്കെ കൃഷിക്കു നല്ലതാണ്. അതല്ല, അത് അതിലേറെ വിശിഷ്ടമാണെന്നാണ് അവര്‍ പറയുന്നതെങ്കില്‍, അവരത് ഭക്ഷിക്കുകയോ സുഗന്ധദ്രവ്യമായി ഉപയോഗിക്കുകയോ ചെയ്യട്ടെ. ചാണകത്തെക്കുറിച്ച് ഞാന്‍ നടത്തിയ ഒരു പരാമര്‍ശം അവര്‍ക്ക് അത്രയേറെ മനഃപ്രയാസം ഉണ്ടാക്കി. ഞാന്‍ പ്രസംഗിച്ച വേദി അവര്‍ ചാണകവും ഗോമൂത്രവും ഉപയോഗിച്ച് ശുചിയാക്കി. ഞാന്‍ ചെല്ലുന്നിടത്തെല്ലാം സ്വച്ഛ ഭാരതുമായി അവരെത്തുമെങ്കില്‍ ഇന്ത്യയിലുടനീളം സഞ്ചരിക്കാന്‍ ഞാന്‍ തയ്യാറാണ്. അവര്‍ക്ക് അങ്ങിനെയെങ്കിലും ഒരു ജോലിയുണ്ടാകട്ടെ.’

രാഷ്ട്രീയപ്രവേശനവും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വവും ചര്‍ച്ചയായ സംവാദത്തില്‍ ശബരിമല യുവതീപ്രവേശനവും വിഷയമായി. സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന ആചാരങ്ങള്‍ നമുക്കു വേണോയെന്ന് തീരുമാനിക്കണമെന്ന് പ്രകാശ് രാജ് പറയുന്നു. ‘ഒരു പ്രളയം വന്നപ്പോള്‍ ഒന്നിച്ചവരാണ് മലയാളികള്‍. ഒരു ആചാരത്തിനെങ്ങനെയാണ് നിങ്ങളെ വിഭജിക്കാന്‍ സാധിക്കുന്നത്? ശബരിമല വിഷയം സുവര്‍ണാവസരമാണെന്നു പറഞ്ഞവരെ സൂക്ഷിക്കേണ്ടതുണ്ട്.’

താന്‍ ഹിന്ദുവാണോ എന്നത് ബി.ജെ.പിയെ ബാധിക്കുന്ന കാര്യമല്ലെന്നും, സര്‍ക്കാരിന്റെ ഉത്തരവാദിത്തം വികസനപ്രവര്‍ത്തനങ്ങളാണെന്നും പ്രകാശ് രാജ് പറയുന്നു. മതവും ആചാരങ്ങളും ഒരു വ്യക്തിയുടെ തീരുമാനമാണ്. അതില്‍ മറ്റാരും ഇടപെടേണ്ടതില്ല. അമ്പതു വര്‍ഷം ഇന്ത്യയില്‍ നിന്നും തങ്ങളെ പുറത്താക്കാനാകില്ലെന്നു പറഞ്ഞിരുന്ന അമിത് ഷാ ഇപ്പോള്‍ പറയുന്നത് 2019 തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത് പാനിപ്പത്ത് യുദ്ധത്തില്‍ തോല്‍ക്കുന്നതു പോലെയായിരിക്കുമെന്നാണ്. ഇന്ത്യയില്‍ നടക്കുന്നത് പാനിപ്പത്ത് യുദ്ധമല്ല, ബി.ജെ.പിക്കാര്‍ മറാത്തക്കാരല്ല, ഇന്ത്യയിലെ ജനങ്ങള്‍ അഫ്ഗാനികളുമല്ല. അമ്പതു വര്‍ഷം തങ്ങളെ പുറത്താക്കാനാകില്ലെന്ന് ഉറപ്പിച്ചു പറയാന്‍ ഇന്ത്യ അമിത്ഷായുടെ അച്ഛന്റെ സ്വത്തല്ല. 2019 വളരെ പ്രതീക്ഷ തരുന്ന വര്‍ഷമാണെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടുന്നു.

തന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വം രാജ്യത്തെ മറ്റുള്ളവരില്‍ സ്വാധീനം ചെലുത്താന്‍ സഹായിച്ചേക്കുമെന്നും പ്രകാശ് രാജ് സദസ്സിലുള്ളവരുടെ ചോദ്യത്തോട് പ്രതികരിക്കവേ പറഞ്ഞു. ‘നിലവിലെ പാര്‍ട്ടികളിലൊന്നും വിശ്വാസമില്ലെങ്കില്‍ സ്വതന്ത്രരായി പ്രവര്‍ത്തിക്കാമല്ലോ. അതിനുള്ള ഊര്‍ജ്ജം എന്റെ സ്ഥാനാര്‍ത്ഥിത്വം എല്ലാവര്‍ക്കും നല്‍കും എന്നാണ് പ്രത്യാശിക്കുന്നത്.’ ‘നമ്മെ വിഴുങ്ങുന്ന മൗനം’ എന്ന തന്റെ കൃതിയെ മുന്‍നിര്‍ത്തി മീന ടി പിള്ളയുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍