കുരങ്ങന് മനുഷ്യനാകുന്നതിന് ആരും സാക്ഷ്യം വഹിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ പരിണാമ സിദ്ധാന്തം തെറ്റാണെന്നുമായിരുന്നു മന്ത്രിയുടെ വാദം
ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം അശാസ്ത്രീയമാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി സത്യപാല്‍ സിംഗിനെ രൂക്ഷമായി വിമര്‍ശിച്ച് നടന് പ്രകാശ് രാജ് രംഗത്തെത്തി. പ്രാചീന കാലം ചികഞ്ഞ് മനുഷ്യനെ കുരങ്ങനാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് പ്രകാശ് രാജ് ട്വിറ്ററിലൂടെ വിമര്‍ശിച്ചത്.
കുരങ്ങന് മനുഷ്യനാകുന്നതിന് ആരും സാക്ഷ്യം വഹിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ പരിണാമ സിദ്ധാന്തം തെറ്റാണെന്നുമായിരുന്നു മന്ത്രിയുടെ വാദം. ‘കുരങ്ങന് മനുഷ്യനാകുന്നത് നമ്മുടെ പൂര്‍വികര്‍ കണ്ടിട്ടില്ലെന്ന് മന്ത്രി പറയുന്നു. പക്ഷെ പ്രിയപ്പെട്ട സര്, അതിന് വിപരീതമായ കാഴ്ചയ്ക്ക് നമ്മള് സാക്ഷ്യം വഹിക്കുന്നുവെന്നത് നിങ്ങള്‍ക്ക് നിഷേധിക്കാനാകുമോ, അതായത് മനുഷ്യന് കുരങ്ങനായി പരിണമിക്കുകയും ഭൂതകാലം ചികഞ്ഞ് ശിലായുഗത്തിലേക്ക് നമ്മെ കൊണ്ടുപോകുകയും ചെയ്യുകയാണ്’. പ്രകാശ് രാജ് തന്റെ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്നും രാജ്യത്തെ മുഴുവന്‍ സ്കൂളുകളിലെയും കോളേജുകളിലെയും പാഠ്യപദ്ധതിയില്‍ നിന്നും ഇത് മാറ്റണമെന്നും സത്യപാല്‍ സിംഗ് പറഞ്ഞത്. ഡാര്‍വിന്റെ സിദ്ധാന്തം മിത്ത് ആണെന്നും അടിസ്ഥാനമില്ലാതെ തനിക്കൊരു കാര്യം പറയാനാകില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.
താന്‍ ഒരു ശാസ്ത്ര പുരുഷനാണെന്നും കലാമേഖലയില്‍ നിന്നല്ല താന്‍ വരുന്നതെന്നും രസതന്ത്രത്തിലാണ് പിഎച്ച്ഡി എടുത്തതെന്നും പിന്നീട് വിവാദ പ്രസ്താവനയെ ന്യായീകരിച്ച് മന്ത്രി പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രകാശ് രാജ് ട്വിറ്ററിലൂടെ പ്രതികരിച്ചത്.
“ our ancestors have not seen ape evolving in to man” says minister. But dear sir,..can you deny that we are witnessing..the reverse….man evolving into ape by digging the past and trying to take us back into STONE AGE……#justasking
— Prakash Raj (@prakashraaj) January 22, 2018