UPDATES

റസീന കെ കെ

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

റസീന കെ കെ

ട്രെന്‍ഡിങ്ങ്

പ്രശാന്ത് നായര്‍ കളക്ടര്‍ ബ്രോ, താങ്കളുടെ ഫ്രാങ്കോ ട്രോള്‍ പൊട്ടിയൊലിക്കുന്ന ആണ്‍ഭാഷ്യ വ്രണം

ആദിപാപം ചെയ്ത ഹവ്വ എന്ന സങ്കൽപം ആ ആപ്പിളിനകത്തിരുന്നു പതിനാലു വർഷത്തെ ഒരു സ്ത്രീശരീരത്തിന്റെ സഹനത്തിനു നേരെ കൊഞ്ഞനം കുത്തുന്നുണ്ട്

റസീന കെ കെ

സ്ത്രീ വിരുദ്ധത എന്നാൽ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ മാത്രമാണ് എന്ന ധാരണയ്ക്ക് ചെറിയ മാറ്റം വന്നതിന് പിന്നിൽ നവമാധ്യമങ്ങളിൽ നടക്കുന്ന ലിംഗാധിഷ്ഠിത ചർച്ചകൾക്ക് വലിയ പങ്കുണ്ട്.

ഓരോ ചിന്തയും കാഴ്ചയും വാക്കും അനുഭവവും ശബ്‌ദം പോലും സാമൂഹ്യ നിർമിതിയിൽ പങ്കുകൊള്ളുന്നുണ്ട്. ഇത്തരത്തിൽ നിർമ്മിക്കപ്പെട്ട ചില വാർപ്പുമാതൃകകൾ തല്ലിയുടയ്ക്കുക എന്നത് ലിംഗ രാഷ്ട്രീയത്തിന്റെ ആദ്യ പടിയാണ്. അവിടെയാണ് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെടുന്ന ട്രോളുകൾ തുടർച്ചയായി വിശകലനം ചെയ്യപ്പെടേണ്ടതിന്റെ പ്രസക്തി.

ട്രോളന്മാർ എന്ന വിളിപ്പേരിന് കുറേക്കൂടി ബുദ്ധിജീവി മാനം നൽകിക്കൊണ്ടാണ് കോഴിക്കോട് ജില്ലാ കളക്ടർ ആയിരുന്ന പ്രശാന്ത് നായർ ഐ.എ. എസ് ഫേസ്ബുക്കിൽ മുഖ്യ ട്രോളർ ആയി മാറുന്നത്. സ്വർഗസ്ഥനായ ഫ്രാങ്കോയെ കൗശലക്കാരൻ ഫ്രാങ്കോ ആക്കിക്കൊണ്ട് പ്രശാന്ത് നായർ പോസ്റ്റ്‌ ചെയ്ത ട്രോളിന് സാധ്യമായ മൂന്നു വായനകൾ ഇപ്രകാരം ആണ്.

1.പാപം ചെയ്തിട്ടില്ല എന്നാവർത്തിച്ചു കൊണ്ട് പാപം ചെയ്തു എന്ന് കുറ്റസമ്മതം നടത്തുന്ന മഹാ കൗശലക്കാരൻ ആയ ഫ്രാങ്കോ.

2. നൺ = കന്യാസ്ത്രീ. വാക്കുകൾക്ക് പിറകിലുള്ള, വെള്ളത്തുള്ളികൾ ഒട്ടിപിടിച്ച ആപ്പിൾ, കൂടി ചേർത്ത് വായിക്കുമ്പോൾ ഞാൻ കന്യാസ്ത്രീയെ പ്രാപിച്ചിട്ടുണ്ട് എന്ന് ദൈവസമക്ഷം സമ്മതിക്കുന്ന ഫ്രാങ്കോ.

3. നൺ=none. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ദൈവത്തിനു മുമ്പിൽ ആണയിടുന്ന ഫ്രാങ്കോ.

ഒരു ടെക്സ്റ്റ്‌ വായിക്കപ്പെടുന്നത് വായനക്കാരന്റെ മനോനിലയ്ക്കും സാമൂഹിക പരിസരത്തിനും അനുസരിച്ചാണ് എന്നും താനുദ്ദേശിച്ചത് സർകാസം ആണ് എന്നും സ്വന്തം വാളിൽ ഈ പോസ്റ്റിന് ന്യായീകരണം ആയി പ്രശാന്ത് നായർ തന്നെ പറയുന്നുണ്ട്. അതുപോലെ തന്നെ ഈ ടെക്സ്റ്റ്‌ രൂപപ്പെടുത്തിയെടുത്ത ആളുടെ മനോനിലയും, സാമൂഹിക പരിസരവും ചേർത്ത് വെച്ച് മാത്രമേ ടെക്സ്റ്റിന്റെ പൂർണമായ വിശകലനം സാധ്യമാവൂ. ഒരു മൊബൈൽ സ്ക്രീൻ വലുപ്പം മാത്രമുള്ള ഈ ട്രോളിലടക്കം ചെയ്തിരിക്കുന്ന മനുഷ്യത്വ വിരുദ്ധതയെ തിരിച്ചറിയാൻ അതുല്പാദിപ്പിക്കുന്ന വ്യക്തി പേറുന്ന ബിംബങ്ങൾ കൂട്ടി ചേർത്തുവായിക്കുന്ന ഈ ശ്രമം അദ്ദേഹത്തിന്റെ ന്യായീകരണ പോസ്റ്റിന്റെ പ്രായോഗിക തലം തന്നെ ആണ്.

Also Read: ഫ്രാങ്കോ മുളയ്ക്കല്‍ മുളപ്പിച്ചതും പഠിപ്പിച്ചതും

ഒരു കൂട്ടം മനുഷ്യസ്നേഹികൾ ഒരു ക്രിമിനലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് തെരുവിൽ സമരം നടത്തുന്ന ദിവസമാണ് ഈ ‘തമാശ’ രൂപപ്പെടുത്തി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇവിടെ പരാതിക്കാരി, അവരുടെ സ്ഥാനപ്പേരുകൂടി ഉൾപ്പെടുത്തിക്കൊണ്ട് തമാശയ്ക്ക് പാത്രമാവുന്നത് വെറും ജാഗ്രതക്കുറവല്ല; അങ്ങനെ എങ്കിൽ സൂചിപ്പിക്കപ്പെടുമ്പോളെങ്കിലും അത് പിൻവലിക്കപ്പെട്ടേനെ. അധികമാരും ചോദ്യം ചെയ്യാൻ ഇടയില്ലാത്ത ചില ആൺ ബോധ്യങ്ങൾ ആണ് ഇത്തരം ‘കലാസൃഷ്ടി’ക്ക് പിറകിൽ.

ഈ പുരുഷാധിപത്യ ബോധ്യങ്ങൾ അദ്ദേഹത്തിൽ രൂപപ്പെടുന്നത് ചില പ്രത്യക്ഷ ഉദാഹരണങ്ങൾ സഹിതം പഠിക്കുവാനും അദ്ദേഹമതിനെ എങ്ങനെ നിരുപദ്രവകരം എന്ന് തോന്നും വിധം പ്രസരണം ചെയ്യുന്നു എന്ന് വായിച്ചെടുക്കാനും, സാധിച്ചാൽ ലിംഗ രാഷ്ട്രീയത്തിൽ ഭാഷ വഹിക്കുന്ന പങ്ക് വ്യക്തമാവും.

ആദിപാപം എന്ന് വേഗത്തിൽ ആർക്കും വായിച്ചെടുക്കാവുന്ന വെള്ളത്തുള്ളികൾ പൊതിഞ്ഞ ആപ്പിൾ എന്ന ഒറ്റ ബിംബ/ചിഹ്നത്തിലേക്ക് കന്യാസ്ത്രീ, ലോർഡ്, പാപം എന്നീ ബിബ്ലിക്കൽ പദങ്ങൾ ചേർത്ത് വെക്കുകയാണ് പ്രശാന്ത് നായർ ചെയ്തിരിക്കുന്നത്. വളരെ പെട്ടന്ന് വായിച്ചെടുക്കാവുന്ന ആപ്പിൾ എന്ന പഴകി പതിഞ്ഞ ആദിപാപത്തിന്റെ പ്രതീകാത്മക പ്രാതിനിധ്യം (symbolic representation), ആപ്പിൾ ഒന്ന് കടിക്കാൻ കിട്ടുമോ എന്ന അറു വഷളൻ ചോദ്യമായി ആ പോസ്റ്റിനു കീഴെ കമന്റ്‌ ചെയ്യപ്പെടുന്നത് എത്ര വേഗത്തിലാണ്!

ആപ്പിൾ എന്ന പ്രീടെക്സ്റ്റിന്റെ സംവേദനക്ഷമത കൊണ്ടാണ് അത് സാധ്യമാവുന്നത്. ആദിപാപം ചെയ്ത ഹവ്വ എന്ന സങ്കൽപം ആ ആപ്പിളിനകത്തിരുന്നു പതിനാലു വർഷത്തെ ഒരു സ്ത്രീശരീരത്തിന്റെ സഹനത്തിനു നേരെ കൊഞ്ഞനം കുത്തുന്നുണ്ട്. ഇങ്ങനെ പ്രീ ടെക്സ്റ്റുകൾ അതിവിദഗ്ധമായി പുനഃക്രമീകരിച്ചു ഹാസ്യം ചമയ്ക്കുന്ന ഒരാൾ അയാൾ പ്രതിനിധാനം ചെയ്യുന്ന പ്രീടെക്സ്റ്റുകൾ മുൻ നിർത്തി തന്നെ വായിക്കപ്പെടേണ്ടതുണ്ട്. പ്രശാന്ത് എന്ന നായർ, ബ്രോ എന്ന കളക്ടർ, കൊളോണിയൽ വിദ്യാഭ്യാസത്തിന്റെ ഉത്പന്നം, ഇതിന്റെയൊക്കെ എല്ലാ മേന്മകളും ആസ്വദിച്ചു ജീവിക്കുന്ന ഒരാൾ. താൻ പ്രതിനിധീകരിക്കുന്ന ഈ ആധിപത്യ അടയാളങ്ങൾ അതേപടി മറ്റൊരു കൂട്ടം പരമ്പരാഗത ചിഹ്നങ്ങളിലൂടെ അദ്ദേഹം പുനരാവിഷ്കരിച്ചിരിക്കുന്നു. അദ്ദേഹം ഉപയോഗിച്ച ആപ്പിൾ എന്ന പ്രീടെക്സ്റ്റിനോളം വരും നായർ എന്ന് അദ്ദേഹം ഒട്ടിച്ചു വെച്ച വാലും. ആപ്പിൾ ആ ട്രോളിന് കൊടുക്കുന്ന പോപ്പുലാരിറ്റിയും നായർ എന്ന വാല് പ്രശാന്ത് എന്ന വ്യക്തിക്ക് നൽകുന്ന പോപ്പുലാരിറ്റിയും ഒന്ന് തന്നെയാണ്.

Read More: ഞങ്ങളുടെ ഭാവി ഇനി എന്താകുമെന്ന് അറിയില്ല, എന്തും നേരിടും’: ചരിത്ര സമരവിജയത്തിന്റെ ആത്മവിശ്വാസത്തോടെ അവര്‍ മടങ്ങി

സമൂഹവും പ്രശാന്ത് നായരും ചുമക്കുന്ന ജാതി, ലിംഗ ആധിപത്യ അടയാളങ്ങൾ ഒരുമിച്ച് അതേപടി മറ്റൊരു കൂട്ടം പരമ്പരാഗത ചിഹ്നങ്ങളിലൂടെ ഒരു പുതിയ ടെക്സ്റ്റ്‌ ആയി മാറുന്നു. ബോധപൂർവമോ അബോധപൂർവമോ നടക്കുന്ന ഈ ആശയ സംയോജനം വീണ്ടും അതേ ആധിപത്യ ചിഹ്നങ്ങളെ തന്നെ സമൂഹത്തിലേക്ക് തള്ളിവിടുന്നു. ഇത് കാലാകാലങ്ങൾ ആയി ആവർത്തിക്കുന്ന ഒന്നിന്റെ തുടർച്ചയാണ്.

നിരന്തരം നിർമിക്കപ്പെടുന്ന, ആവർത്തിക്കപ്പെടുന്ന ഇത്തരം സ്ത്രീവിരുദ്ധ ചമത്കാരങ്ങൾ സഘടിതമായ ഒരെതിർപ്പിന് കാരണമാവാറില്ല. പക്ഷെ നിരന്തരം സ്ക്രോൾ ചെയ്യപ്പെടുന്നെങ്കിലും, പെട്ടെന്ന് തിരിച്ചറിയപ്പെടാതെ പോവുന്ന ആൺകോയ്മ സങ്കേതങ്ങൾ സൂഷ്മ തലത്തിൽ തിരിച്ചറിയേണ്ടതും ചെറുക്കപ്പെടേണ്ടതും ഈ ലോകം എന്റേതു കൂടിയാണ് എന്ന് ചിന്തിക്കുന്ന ഓരോ വ്യക്തിയുടെയും കടമയാണ്. ലോകം അവളുടേതു കൂടിയാണ് എന്ന് അംഗീകരിക്കാനുള്ള വൈമനസ്യം ഉൾക്കോണിൽ സൂക്ഷിക്കുന്ന ട്രോളർമാർ, വിമർശിക്കുന്നവരെ ബ്ലോക്ക് ചെയ്തു ഓടിപ്പോവേണ്ടതായി വരും.

കന്യാസ്ത്രീ പരിഹസിക്കപ്പെടേണ്ടവർ ആണ് എന്ന് താൻ കരുതുന്നില്ലെന്ന് പ്രശാന്ത് നായരും അദ്ദേഹത്തിന്റെ ആരാധകരും ആണയിടുന്നതും താൻ എഴുതിയുണ്ടാക്കിയ ക്രൂരത അദ്ദേഹത്തിന് സ്വയം തിരുത്താനാവാത്തതും ഈ ആധിപധ്യത്തിന്റെ അടരുകളെ സ്വയം മറികടക്കാൻ സാധിക്കാത്തതു കൊണ്ടാണ്. ഇത് പോലെ തന്നെയാണ് ബലാത്സംഗം /ഇതര കുറ്റകൃത്യങ്ങൾ എന്ന പുരുഷാധിപത്യ സമൂഹത്തിന്റെ പൊതു നിലപാടും. അത്രയൊന്നും ഗൗരവമർഹിക്കാത്ത എന്ന മനോനിലയുടെ സൃഷ്ടിയാണ് ഇത്തരം റേപ്പ് ജോക്കുകൾ.

സൂര്യനെല്ലി പെൺകുട്ടിയോട് ഓടി രക്ഷപെടാഞ്ഞതെന്ത് എന്ന് ചോദിക്കുന്ന കോടതിയും നിർഭയ കേസിൽ രാത്രി പുറത്തിറങ്ങിയതിന്റെ കാരണം അന്വേഷിച്ച രാഷ്‌ടീയക്കാരും, പെമ്പിളൈ ഒരുമൈ പോരാളികളെ ദ്വയാർത്ഥ പ്രയോഗം കൊണ്ട് ഊറ്റംകൊണ്ട ആശാൻമാരും നിരന്തരം കന്യാസ്ത്രീകളെ കുറിച്ച് അപകീർത്തിപരമായ പ്രസ്താവങ്ങൾ ഇറക്കുന്ന പൂഞ്ഞാർ ജോർജുമാരും എല്ലാം ഈ സാമൂഹിക നിർമിതിയുടെ ഉപോൽപന്നങ്ങളാണ്.

സ്വകാര്യ ഇടങ്ങളിൽ പറഞ്ഞു പഴകിയ ആൺ ഭാഷ്യങ്ങൾ ഇതുപോലെ ചിലപ്പോഴൊക്കെ വ്രണം പൊട്ടി പൊതുമണ്ഡലത്തിലേക്ക് ഒലിക്കും. ഇംഗ്ലീഷിൽ, ഐ. എ. എസ് ഉണ്ടയിൽ പൊതിഞ്ഞാവുമ്പോൾ നാറ്റം പുറത്തെത്തില്ലന്ന് സ്വയം അങ്ങു തീരുമാനിച്ചാൽ പിന്നെ ആർക്കും തിരുത്താനാവില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഫ്രാങ്കോ മുളയ്ക്കല്‍ മുളപ്പിച്ചതും പഠിപ്പിച്ചതും

‘ഞങ്ങളുടെ ഭാവി ഇനി എന്താകുമെന്ന് അറിയില്ല, എന്തും നേരിടും’: ചരിത്ര സമരവിജയത്തിന്റെ ആത്മവിശ്വാസത്തോടെ അവര്‍ മടങ്ങി

‘സ്ഥലത്തെ പ്രധാന കോഴി’; ഡോ. ഫ്രാങ്കോ അറസ്റ്റില്‍; ട്രോളില്‍ നിലതെറ്റി ദീപിക

റസീന കെ കെ

റസീന കെ കെ

മലപ്പുറത്ത് ഇംഗ്ലീഷ് സാഹിത്യ അധ്യാപിക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍