UPDATES

ട്രെന്‍ഡിങ്ങ്

‘നിന്നെ വീണ്ടും എന്റെ കയ്യില്‍ തന്നെ കിട്ടി’; മാധ്യമപ്രവര്‍ത്തകനോട് എസ് ഐ

സാമൂഹിക പ്രവര്‍ത്തക ബര്‍സയെ പോലീസ് തടഞ്ഞു വെച്ചത് സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യ വിഷയമാക്കി ഉയര്‍ത്തിയതിന് പ്രതീഷിനോട് പോലീസിന് വൈരാഗ്യമുണ്ടായിരുന്നു

നാരദ റിപ്പോര്‍ട്ടര്‍ പ്രതീഷ് രമയെ ഇന്നലെ രാത്രി വീട്ടില്‍ കയറി അറസ്റ്റ് ചെയ്തുകൊണ്ട് പോയ എറണാകുളം നോര്‍ത്ത് പോലീസിന്റെ നടപടി വ്യക്തി വൈരാഗ്യം തീര്‍ക്കലെന്ന് വ്യക്തമായി. കലൂര്‍ പോണോത്ത് റോഡില്‍ താമസിക്കുന്ന പ്രതീഷിനെ ലഹരി പാദാര്‍ത്ഥങ്ങള്‍ കഴിച്ച് നാട്ടുകാരെ ശല്യപ്പെടുത്തി എന്നാണ് നോര്‍ത്ത് പോലീസ് എസ്‌ഐ വിപിന്‍ ദാസ് അഴിമുഖത്തോട് പറഞ്ഞത്. കൂടാതെ പ്രതീഷിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ ദുര്‍ബലമായതിനാല്‍ നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് ബഹുജന പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്നും എംഎല്‍എ ഹൈബി ഈഡന്‍ കേസില്‍ ഇടപെട്ടുവെന്നുമൊക്കെയാണ് വിപിന്‍ ദാസ് പറഞ്ഞത്. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ നിന്നും ഇതുരണ്ടും തെറ്റാണെന്ന് വ്യക്തമായത്.

ആദ്യം എംഎല്‍എ സ്ഥലത്തെത്തിയെന്ന് പറഞ്ഞ എസ്‌ഐ അതേക്കുറിച്ച് വീണ്ടും ചോദിച്ചപ്പോള്‍ എംഎല്‍എ വിളിച്ചു എന്നാല്‍ താന്‍ പറഞ്ഞതുകൊണ്ട് വന്നില്ലെന്ന് മാറ്റി പറയുകയായിരുന്നു. എന്നാല്‍ താന്‍ ഇതില്‍ ഇടപെട്ടിട്ടില്ലെന്നാണ് ഹൈബി ഈഡന്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റായ ഗ്ലെന്‍ അതിനടുത്താണ് താമസം. പ്രശ്‌നമുണ്ടായപ്പോള്‍ ഗ്ലെന്‍ എന്നെ വിളിച്ച് വിവരം പറഞ്ഞിരുന്നു. എസ്‌ഐയെ ഒന്നു വിളിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സമയം ഒരുമണി കഴിഞ്ഞതിനാല്‍ ഞാന്‍ എസ്‌ഐയെ വിളിച്ചില്ല. മനുഷ്യാവകാശ കമ്മിഷനില്‍ ഒരു കേസ് നിലനില്‍ക്കെ ഇപ്പോഴത്തെ കേസ് ആസൂത്രിതവും വ്യക്തിവൈരാഗ്യം തീര്‍ക്കാനുമുള്ളതാണെന്ന് സംശയിക്കേണ്ടിരിക്കുന്നു. എറണാകുളത്തെ പോലീസിന്റെ മര്‍ദ്ദനത്തെക്കുറിച്ച് വേറെയും വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇതിനെ ഗൗരവകരമായി കാണേണ്ടതുണ്ട്. എളമക്കര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ജോണ്‍സണ്‍ എന്നയാള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വികലാംഗയായ ഭാര്യയും മൂന്ന് മക്കളുമുള്ള കുടുംബത്തിലെ ഏക വരുമാന ആശ്രയമായിരുന്നു ജോണ്‍സണ്‍. ഇയാളുടെ മരണം പോലീസ് മര്‍ദ്ദനം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിട്ടുണ്ട്. പോലീസിന്റെ ഈ കാട്ടാളത്തം ചര്‍ച്ചയാകേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഹൈബി ഈഡന്‍ പറഞ്ഞു.

പോണോത്ത് റോഡിലെ ചിലര്‍ മുമ്പും പ്രതീഷിന്റെ വീട്ടില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ എത്തുന്നതിനെ ചോദ്യം ചെയ്യാറുണ്ടായിരുന്നുവെന്നും ഇവരാണ് ഇന്നലെ രാത്രിയിലും പ്രശ്‌നമുണ്ടാക്കിയതെന്നുമാണ് നാരദ എഡിറ്റര്‍ ലാസര്‍ ഷൈന്‍ അഴിമുഖത്തോട് പറഞ്ഞത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് കൗണ്‍സിലറെ മര്‍ദ്ദിച്ചുവെന്നാണ് പ്രതീഷിനെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്ന മറ്റൊരു കുറ്റം. പ്രതീഷും സുഹൃത്തുക്കളും വീടിനുള്ളില്‍ ഇരിക്കുമ്പോള്‍ വീട്ടിലേക്ക് ഇരച്ചു കയറിയെത്തിയവരെ തടയുകയായിരുന്നു പ്രതീഷ് ചെയ്തത്. അതേസമയം ഇവര്‍ കഞ്ചാവ് പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചതിന്റെ വീഡിയോ തങ്ങള്‍ എടുത്തിട്ടുണ്ടെന്നാണ് വിപിന്‍ ദാസ് പറയുന്നത്. ഏതാനും പേരെ ഉപയോഗിച്ച് പോലീസ് പ്രതീഷിനെതിരെ വലവിരിക്കുകയായിരുന്നുവെന്ന് പോലീസ് സ്‌റ്റേഷനിലെത്തിയ പ്രതീഷിനോട് വിപിന്‍ ദാസ് പറഞ്ഞ ഒരു കമന്റ് മാത്രം മതിയെന്നും ലാസര്‍ ചൂണ്ടിക്കാട്ടുന്നത്. ‘ദൈവം ഉണ്ടെന്ന് തെളിഞ്ഞു, നിന്നെ വീണ്ടും എന്റെ കയ്യില്‍ തന്നെ കിട്ടി’ എന്നാണ് വിപിന്‍ പ്രതീഷിനോട് പറഞ്ഞത്. പാതിരാത്രി സഞ്ചരിച്ചതിന് പ്രതീഷിന്റെ സുഹൃത്ത് ബര്‍സയെ ഈമാസം ആദ്യം പോലീസ് തടഞ്ഞു നിര്‍ത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത പ്രതീഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയും അടിവസ്ത്രത്തില്‍ മാത്രം സ്‌റ്റേഷനില്‍ നിര്‍ത്തുകയും ചെയ്തത് വാര്‍ത്തയായിരുന്നു. ഇതേത്തുടര്‍ന്ന് സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം ചര്‍ച്ചയാകുകയും ചെയ്തു. കൊച്ചിയില്‍ യുവതീ, യുവാക്കള്‍ രാത്രിയില്‍ ഒത്തുചേര്‍ന്നാണ് ഇതിനെതിരെ പ്രതിഷേധിച്ചത്. സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യ വിഷയം ചര്‍ച്ചയാക്കിയ പ്രതീഷിനോട് അന്നേ പോലീസിന് പ്രത്യേകിച്ച് അന്നും കേസ് രജിസ്റ്റര്‍ ചെയ്ത വിപിന്‍ദാസിന് വൈരാഗ്യമുണ്ടായിരുന്നുവെന്നും ആ വൈരാഗ്യമാണ് ഇന്നലത്തെ കേസില്‍ തീര്‍ക്കുന്നതെന്നുമാണ് ലാസര്‍ ചൂണ്ടിക്കാട്ടുന്നത്.

മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രതികരിച്ച ഒരു മാധ്യമ പ്രവര്‍ത്തകനെയാണ് നോര്‍ത്ത് പോലീസ് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ തുടര്‍ച്ചയായി വേട്ടയാടുന്നത്. ഇവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അപമാനമാണെന്നും, ഇവനു വേണ്ടിയൊന്നും നിങ്ങള്‍ സംസാരിക്കാന്‍ നിക്കരുതെന്നുമാണ് എസ് ഐ വിപിന്‍ ദാസ് അഴിമുഖത്തോട് പ്രതികരിച്ചത്. ഇതില്‍ നിന്നും വിപിന് പ്രതീഷിനോടുള്ള വൈരാഗ്യം വ്യക്തമാണ്.

പോലീസിന്റെ ഭീഷണിയ്ക്ക് വഴങ്ങാതെ കേസുമായി മുന്നോട്ട് പോയ പ്രതീഷിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉള്‍പ്പെടെ കേസെടുത്തിരിക്കുകയായിരുന്നു. ഈ കേസില്‍ വിപിന്‍ ദാസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കെയാണ് പുതിയ കേസ്. പഴയ കേസിനെ ദുര്‍ബലപ്പെടുത്താന്‍ പോലീസ് പുതിയ കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്നാണ് പ്രതീഷിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. അത് വ്യക്തമാകാന്‍ പ്രതീഷിനെതിരെ ചുമത്തപ്പെട്ട വകുപ്പുകള്‍ മാത്രം പരിശോധിച്ചാല്‍ മതി. ഐപിസി 294 ബി, 341, 323, 324, 506 എന്നീ വകുപ്പുകളാണ് പ്രതീഷിനെതിരെ ചുമത്തിയിരിക്കുന്നത്. പൊതുസ്ഥത്ത് അശ്ലീലപദങ്ങള്‍ ഉപയോഗിക്കുകയോ അശ്ലീല ഗാനം ആലപിക്കുകയോ ചെയ്യുന്നതിനെതിരെ എടുക്കുന്ന വകുപ്പാണ് 294ബി. നിയമവിരുദ്ധമായ പ്രതിരോധം തീര്‍ക്കലെനിതെരെയുള്ളതാണ് 341-ാം വകുപ്പ്. അന്യായമായി മറ്റൊരാളെ പരിക്കേല്‍പ്പിക്കുന്നതിനെതിരെയുള്ള വകുപ്പാണ് 323. മാരാകായുധങ്ങള്‍ ഉപയോഗിച്ച് ഒരാളെ പരിക്കേല്‍പ്പിച്ചാലാണ് 324-ാം വകുപ്പ് ചുമത്തുന്നത്. വധഭീഷണി പോലുള്ള അപകടകരമായ ഭീഷണികള്‍ മുഴക്കുന്നതിനെതിരെയാണ് 506 ചുമത്തുന്നത്. ഈ കുറ്റങ്ങളെല്ലാം കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ അഞ്ച് വര്‍ഷം വരെ പ്രതീഷിനെ കോടതി തടവിന് ശിക്ഷിക്കാനാണ് സാധ്യത. എന്നിട്ടും ദുര്‍ബലമായ വകുപ്പുകളാണ് തങ്ങള്‍ ചുമത്തിയതെന്നാണ് നോര്‍ത്ത് എസ്‌ഐ വിപിന്‍ അവകാശപ്പെടുന്നത്. അതും ഒരു സദാചാര വിഷയത്തിന്. ഇതില്‍ നിന്നുതന്നെ പോലീസ് പ്രതീഷിനെ കേസില്‍ കുരുക്കുകയാണെന്ന് വ്യക്തമാണ്.

ഷോ പോര ഡിസിപി മെറിന്‍; മാഡം പോയി ബര്‍സയെ കേള്‍ക്കൂ…

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍