UPDATES

ട്രെന്‍ഡിങ്ങ്

2021ന് മുമ്പ് നൂറ് തികയ്ക്കണം; അമ്പതിലേറെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത പ്രവാസിയുടെ ആഗ്രഹം ഇതായിരുന്നു

ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന ഇയാള്‍ ഒരു വര്‍ഷം മുമ്പാണ് തിരിച്ചെത്തിയതെന്ന് കേസ് രജിസ്റ്റര്‍ ചെയ്ത ഏറ്റുമാനൂര്‍ പോലീസ് അഴിമുഖത്തോട് പറഞ്ഞു

അമ്പതിലധികം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത യുവാവ് കോട്ടയത്ത് അറസ്റ്റില്‍. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അരീപ്പറമ്പ് തോട്ടപ്പള്ളി പ്രതീഷ് കുമാര്‍ എന്ന ഹരിയെ(25) അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ ഒരു സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്. ഇയാളുടെ ലാപ്‌ടോപ്പില്‍ നിന്ന് 58 സ്ത്രീകളുടെ മോര്‍ഫ് ചെയ്ത് നഗ്‌ന ചിത്രങ്ങള്‍ കണ്ടെടുത്തതായും ഇവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും എസ്പിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന ഇയാള്‍ ഒരു വര്‍ഷം മുമ്പാണ് തിരിച്ചെത്തിയതെന്ന് കേസ് രജിസ്റ്റര്‍ ചെയ്ത ഏറ്റുമാനൂര്‍ പോലീസ് അഴിമുഖത്തോട് പറഞ്ഞു. ബിബിഎ ബിരുദധാരിയായ ഇയാള്‍ തിരിച്ചുവന്ന ശേഷം ഫോട്ടോഗ്രാഫി ജോലികള്‍ ചെയ്ത് വരികയായിരുന്നു. സ്വന്തമായി ഒരു സ്റ്റുഡിയോ നടത്തിയിരുന്നു. അതേസമയം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുള്ള സ്ത്രീകളെ സാമ്പത്തികമായും ചൂഷണം ചെയ്തതായും സംശയിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ ഒരു വീട്ടമ്മയുടെ പരാതി മാത്രമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

പരാതി ഉന്നയിച്ച സ്ത്രീയോട് അവര്‍ അറുപത്തിയെട്ടാമത്തെ ഇരയാണെന്നും 2021 നു മുന്‍പ് 100 സ്ത്രീകളെ തികയ്ക്കുക്കുമെന്നും ഇയാള്‍ പറഞ്ഞിരുന്നതായും പോലീസ് വ്യക്തമാക്കി. താല്‍പര്യം തോന്നുന്ന സ്ത്രീകളോട് യാദൃശ്ചികമായി എന്ന നിലയില്‍ പരിചയപ്പെടുന്ന പ്രതി ഫോണ്‍ നമ്പര്‍ കൈക്കാലാക്കും. തുടര്‍ന്ന് കുടുംബ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ഇടപെടാന്‍ തുടങ്ങും. പരിചയപ്പെടുന്ന സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ക്ക് പരസ്ത്രീബന്ധം ഉണ്ടെന്നു വരുത്തി തീര്‍ക്കാന്‍ ആവശ്യമായ വ്യാജ തെളിവുകളുണ്ടാക്കി ഭാര്യയെ അയച്ചുകൊടുക്കും. സ്ത്രീകളുടെ പേരില്‍ തുടങ്ങുന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നും ഭര്‍ത്താക്കന്മാരുമായി നടത്തുന്ന ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് അയച്ചുകൊടുക്കുന്നത്. ഇതോടെ ഭര്‍ത്താവുമായി അകലുന്ന സ്ത്രീകളുമായി ഇയാള്‍ ബന്ധം ദൃഢപ്പെടുത്തിയ ശേഷം വീഡിയോ ചാറ്റിങ്ങിലൂടെ സ്ത്രീകളുടെ ഫോട്ടോകള്‍ കൈക്കലാക്കും. ഈ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് അവരെ ചൂഷണം ചെയ്യുക.

ഇയാളുടെ നിയന്ത്രണത്തില്‍ നിന്ന് രക്ഷപ്പെടാനാകാത്ത വിധം അപ്പോഴേക്കും ഈ സ്ത്രീകള്‍ കെണിയിലകപ്പെട്ടു കഴിയും. പിന്നീട് ഇവരുടെ ജീവിതം പൂര്‍ണമായും ഇയാളുടെ വരുതിയിലാക്കും. ഇയാള്‍ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ പാലിച്ച് ആവശ്യപ്പെടുന്ന സ്ഥലത്തെല്ലാം എത്തി ഇയാളെ തൃപ്തിപ്പെടുത്തണം. അരീപ്പറമ്പിലെ ഇയാളുടെ കുടുംബ വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിലാണ് വീട്ടമ്മമാരെ എത്തിക്കുന്നത്. ഭര്‍ത്താവുമായി സഹകരിച്ച് ജീവിച്ചാല്‍ കുടുംബം കലക്കും എന്നാണ് മറ്റൊരു ഭീഷണി. എവിടെ പോകുന്നതിനും സ്ത്രീകള്‍ ഇയാളുടെ അനുവാദം വാങ്ങിയിരിക്കണം എന്നാണ് മറ്റൊരു ഭീഷണി. വീഡിയോ കോള്‍, ചാറ്റ് തുടങ്ങിയവ ഇയാളുടെ ദൗര്‍ബല്യങ്ങളാണ്. രാത്രി വൈകിയും ചാറ്റും വീഡിയോ കോളും ചെയ്യണമെന്ന് സ്ത്രീകളോട് ശഠിക്കും. അവര്‍ തന്നെയാണ് ചാറ്റ് ചെയ്യുന്നത് എന്ന് ഉറപ്പിക്കാന്‍ പ്രത്യേക കോഡ് ടൈപ്പ് ചെയ്യണം. വാട്‌സ്ആപ്പിലെ ചാറ്റുകള്‍ ഓരോ ദിവസവും ക്ലിയര്‍ ചെയ്ത് സ്‌ക്രീന്‍ഷോട്ടുകള്‍ അയയ്ക്കണം.

പ്രതിയുടെ സ്വഭാവ വൈകൃതങ്ങളുടെ പട്ടിക വെളിവായതോടെ അമ്പരന്നു നില്‍ക്കുകയാണ് പോലീസ് പോലും. ഇയാളുടെ പിന്നില്‍ മാഫിയാസംഘങ്ങള്‍ ഒന്നും ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സമാനമായ സൈബര്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നും പരാതിപ്പെടാനുള്ള സംവിധാനം ഒരുക്കുമെന്നും പോലീസ് പറഞ്ഞു.

read more:വെള്ളമില്ല, വീടുകള്‍ വിണ്ടുകീറുന്നു, ഗുണ്ടാഭീഷണി; ഒടുവില്‍ ക്വാറിക്കെതിരെ സമരം ചെയ്ത മുണ്ടത്തടം കോളനിയിലെ ദളിതരെയും ആദിവാസികളെയും തല്ലിച്ചതച്ച് പോലീസും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍