UPDATES

ട്രെന്‍ഡിങ്ങ്

കണക്കുകളില്‍ ചങ്കിടിച്ച് ബിജെപി; 2019 മോദി-അമിത് ഷാ ദ്വയത്തിന്റെ വാട്ടര്‍ ലൂവാകുമോ?

ഹിന്ദി ഹൃദയഭൂമിയില്‍ നേരിട്ട തിരിച്ചടിയുടെ തുടര്‍ച്ചയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ കാത്തിരിക്കുന്നതെന്നാണ് ഇപ്പോഴത്തെ സര്‍വേഫലങ്ങള്‍ പറയുന്നത്

ആസന്നമായിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്നാണ് അമിത് ഷാ മുതല്‍ ബിജെപിയുടെ സാധാരണ പ്രവര്‍ത്തകര്‍ വരെ ആവര്‍ത്തിച്ച് പറയുന്നത്. കൊല്ലം ദേശീയപാത ഉദ്ഘാടനത്തെ ചൊല്ലിയുണ്ടായ പിടിവലിയെക്കുറിച്ച് അന്വേഷിക്കാന്‍ വിളിച്ച അഴിമുഖം ലേഖകനോട് ബിജെപി ജില്ലാ പ്രസിഡന്റ് ജി ഗോപിനാഥ് ഉറപ്പിച്ച് പറഞ്ഞതും 2019ലും മോദി തന്നെ അധികാരത്തില്‍ വരുമെന്നാണ്. അവര്‍ അത്രമാത്രം അത് വിശ്വസിക്കുന്നുണ്ട്. അല്ലെങ്കില്‍ ആഗ്രഹിക്കുന്നുണ്ട്. കേരളത്തില്‍ കുറഞ്ഞത് മൂന്ന് സീറ്റുകളെങ്കിലും പിടിക്കാന്‍ സാധിക്കുമെന്നതാണ് അവരുടെ മറ്റൊരു പ്രതീക്ഷ. തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍ഗോഡ് മണ്ഡലങ്ങളിലാണ് അവരുടെ ഈ അടിയുറച്ച വിശ്വാസം നിലനില്‍ക്കുന്നത്. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രിംകോടതിക്ക് പിന്നാലെ ആദ്യം പത്തനംതിട്ടയിലും പിന്നീട് സംസ്ഥാന വ്യാപകമായും ബിജെപി സംഘടിപ്പിച്ച സമരങ്ങള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു. ശബരിമല സമരത്തെ മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതും എക്കാലത്തെയും പോലെ ഹിന്ദു മത വികാരം ഉണര്‍ത്തിവിട്ട് വോട്ട് തേടാനും നേടാനുമാണ്. ശബരിമലയെ മറ്റൊരു അയോധ്യയാക്കാമെന്ന പ്രതീക്ഷയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ അടുത്തകാലത്ത് പുറത്തുവന്ന പ്രധാന തെരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങള്‍ ബിജെപിയുടെ ചങ്കിടിപ്പ് കൂട്ടുന്നതാണ്.

എബിപി ന്യൂസ്- സി വോട്ടര്‍ ഫലങ്ങളാണ് ഇതില്‍ പ്രധാനം. എന്‍ഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടാകില്ലെന്നും ഫലത്തില്‍ ഒരു തൂക്ക് മന്ത്രിസഭയാണ് നമ്മെ കാത്തിരിക്കുന്നതെന്നുമാണ് ഈ സര്‍വെകളുടെ മൊത്തത്തിലുള്ള വിലയിരുത്തല്‍. 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. മോദി പ്രഭാവം ആഞ്ഞടിച്ച 2014ല്‍ 336 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ ഇക്കറി 233 സീറ്റുകള്‍ മാത്രമായിരിക്കും അവര്‍ക്ക് ലഭിക്കുകയെന്ന് എബിപി ന്യൂസ്-സീവോട്ടര്‍ സര്‍വേ പറയുന്നു. അതായത് 103 സീറ്റുകളുടെ കുറവ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 60 സീറ്റുകള്‍ നേടിയ യുപിഎ 107 സീറ്റുകള്‍ അധികമായി നേടി 167 സീറ്റുകള്‍ കരസ്ഥമാക്കുമെന്നും ഈ സര്‍വേ അവകാശപ്പെടുന്നത്. 143 സീറ്റുകളുമായി മറ്റ് കക്ഷികളും പിന്നാലെയുണ്ട്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ 113 സീറ്റുകളാണ് മറ്റ് കക്ഷികള്‍ നേടിയിരുന്നത്. ഈ കണക്കുകളാണ് 2019ലേത് ഒരു തൂക്ക് മന്ത്രിസഭയായിരിക്കുമെന്ന നിഗമനത്തിലെത്തിക്കുന്നത്. ബിജെപി വിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കുന്ന ധാരണയിലൂടെ യുപിഎയ്ക്ക് അധികാരത്തിലെത്താനുള്ള സാധ്യതകളാണ് ഏറെയും.

ഇന്ത്യ ടുഡേ-കാര്‍വി സര്‍വേയുടെ ഫലത്തിലങ്ങള്‍ രണ്ട് സാധ്യതകളാണ് പറയുന്നത്. ഇതില്‍ ആദ്യത്തേതില്‍ എന്‍ഡിഎ 237 സീറ്റുകള്‍ നേടുമെന്ന് പറയുമ്പോള്‍ യുപിഎ 167ഉം മറ്റുള്ളവര്‍ 143ഉം സീറ്റുകള്‍ വീതം നേടും. രണ്ടാമത്തെ സര്‍വേയില്‍ യുപിഎയ്ക്ക് വ്യക്തമായ മുന്‍തൂക്കമാണ് ഉള്ളത്. യുപിഎയുടെ സീറ്റ് നിലയില്‍ കാര്യമായ മാറ്റമില്ലെങ്കിലും മറ്റുള്ള കക്ഷികള്‍ക്ക് കാര്യമായ മുന്നേറ്റമുണ്ടാകില്ലെന്നാണ് ഈ സര്‍വേ പറയുന്നത്. യുപിഎ 272, എന്‍ഡിഎ 234, മറ്റുള്ളവര്‍ 37 എന്നാണ് ഈ സര്‍വേ ഫലം. ഡെക്കാണ്‍ ഹെറാള്‍ഡ്‌ നടത്തിയ സര്‍വേയുടെ ഫലത്തിലും ബിജെപിക്ക് നിരാശയാണ് 175 സീറ്റുകള്‍ മാത്രം എന്‍ഡിഎയ്ക്ക് ലഭിക്കുമ്പോള്‍ യുപിഎയ്ക്ക് 190ഉം മറ്റുള്ളവര്‍ക്ക് 178ഉം സീറ്റുകള്‍ ലഭിക്കുമെന്ന് ഈ സര്‍വേയില്‍ പറയുന്നു. വിഡിപി അസോസിയേറ്റ്‌സിന്റെ സര്‍വേയില്‍ പറയുന്നത് എന്‍ഡിഎ 225 സീറ്റുകളും യുപിഎ 167 സീറ്റുകളും മറ്റുള്ളവര്‍ 150 സീറ്റുകളും നേടുമെന്നാണ്. ഈമാസം നടത്തിയ സര്‍വേയുടെ ഫലങ്ങളാണ് ഇത്.

Read More: എന്തുകൊണ്ടാണ് യു പിയിൽ കോൺഗ്രസ് ഒറ്റയ്ക്കു നിൽക്കുന്നത്? ഈ കണക്കുകള്‍ ബിജെപിയുടെ ഉറക്കം കെടുത്തും

കേവല ഭൂരിപക്ഷത്തില്‍ നിന്നും നേരിയ തോതിലുള്ള കുറവുണ്ടായാലും അധികാരത്തിലെത്താമെന്ന പ്രതീക്ഷയായിരുന്നു കഴിഞ്ഞ മാസം വരെയുള്ള സര്‍വേഫലങ്ങള്‍ ബിജെപിക്ക് നല്‍കിയിരുന്നത്. അതേസമയം വോട്ട് ഷെയറിംഗില്‍ പുറത്തുവന്ന എല്ലാ സര്‍വേ ഫലങ്ങളിലും എന്‍ഡിഎയാണ് മുന്നില്‍. റിപ്പബ്ലിക് ടിവി-സി വോട്ടര്‍ സര്‍വേയില്‍ എന്‍ഡിഎ 37.6 ശതമാനം വോട്ടും യുപിഎ 32.2 ശതമാനം വോട്ടും മറ്റുള്ളവര്‍ 30.2 ശതമാനം വോട്ടും നേടുമെന്ന് പറയുന്നു. ഇന്‍ഡ്യ ടുഡേ-കാര്‍വി സര്‍വേയില്‍ ഇത് യഥാക്രമം 35, 33, 32 എന്നിങ്ങനെയാണ്.

സംസ്ഥാനങ്ങളില്‍ ഉത്തരേന്ത്യയില്‍ ബിജെപിയെ കാത്തിരിക്കുന്നത് വന്‍ തകര്‍ച്ചയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡിസംബര്‍ 11ന് അഞ്ച് സംസ്ഥാനങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ഹിന്ദി ഹൃദയഭൂമിയില്‍ നേരിട്ട തിരിച്ചടിയുടെ തുടര്‍ച്ചയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ കാത്തിരിക്കുന്നതെന്നാണ് ഇപ്പോഴത്തെ സര്‍വേഫലങ്ങള്‍ പറയുന്നത്. മധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ആധികാരികമായി തന്നെ അധികാരത്തിലേറിയിരുന്നു. കര്‍ണാടകത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ചു നിന്നപ്പോള്‍ ഭരണം പിടിച്ചെടുക്കാന്‍ സാധിച്ചതുമില്ല. തെലങ്കാനയിലാകട്ടെ 119 സീറ്റുകളില്‍ 88 ഇടത്തും വിജയിച്ച് തെലങ്കാന രാഷ്ട്രസമിതിയാണ് അധികാരത്തിലേറിയത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിലും ചത്തീസ്ഗഡിലും രാജസ്ഥാനിലും ഭരണതുടര്‍ച്ച നേടാമെന്നും കര്‍ണാടകവും തെലങ്കാനയും പിടിച്ചെടുക്കാമെന്നും പ്രതീക്ഷിച്ച ബിജെപിക്ക് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു ഈ പരാജയം. തെലങ്കാനയും കര്‍ണാടകയും പിടിച്ചെടുക്കാന്‍ സാധിക്കാത്തതിനൊപ്പം 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച മധ്യപ്രദേശും ചത്തീസ്ഗഡും 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും വിജയിച്ച രാജസ്ഥാനും നഷ്ടമാകുകയും ചെയ്തു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പില്‍ ഏതെങ്കിലും മൂന്നെണ്ണമെങ്കിലും കോണ്‍ഗ്രസിന് അനുകൂലമായാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും ചിത്രം മാറുമെന്നാണ് അന്ന് ഫലം വരുന്നതിന് മുമ്പ് തന്നെ വിലയിരുത്തപ്പെട്ടിരുന്നത്. അത് സത്യമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സര്‍വേ ഫലങ്ങള്‍. വടക്കന്‍ സംസ്ഥാനങ്ങളില്‍ യുപിഎയ്ക്ക് വന്‍തോതിലുള്ള സീറ്റ് നഷ്ടമുണ്ടാകുമെന്നാണ് ഇന്‍ഡ്യാ ടുഡേ-കര്‍വി സര്‍വേ ഫലം പറയുന്നത്. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് യുപിഎയെ കനത്ത നഷ്ടങ്ങള്‍ കാത്തിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ആകെയുള്ള 80 സീറ്റുകളില്‍ 51 സീറ്റുകളില്‍ ബി എസ് പി-എസ് പി സഖ്യം വിജയിക്കുമെന്ന് പറയപ്പെടുമ്പോള്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കുമായി കേവലം 25 സീറ്റുകള്‍ മാത്രമേ നേടാനാകൂവെന്നാണ് സര്‍വേ ഫലങ്ങളിലെ കണക്കു കൂട്ടല്‍. വടക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ആശ്വാസമുള്ളത് ബിഹാര്‍ മാത്രമാണ്. ഇവിടെയാണെങ്കില്‍ നിതീഷ് കുമാറുമായുള്ള സഖ്യമാണ് അവരെ മുന്നിലെത്തിക്കുന്നത്.

സിപിഎമ്മിന് പ്രസക്തി നഷ്ടപ്പെട്ട ബംഗാളിലും ബിജെപിയെ സംബന്ധിച്ച് പ്രതീക്ഷകള്‍ക്ക് പ്രസക്തിയില്ലെന്നാണ് പറയപ്പെടുന്നത്. 42 സീറ്റുകളില്‍ 34 എണ്ണം തൃണമൂല്‍ നേടുമ്പോള്‍ ഏഴ് സീറ്റുകള്‍ ബിജെപിയും യുപിഎ ഒരു സീറ്റും നേടുമെന്നാണ് പറയപ്പെടുന്നത്. കേരളത്തിലും ബിജെപിക്ക് പ്രതീക്ഷ വേണ്ടന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്. ആകെയുള്ള 20 സീറ്റുകളില്‍ 16ഉം യുഡിഎഫ് നേടുമ്പോള്‍ എല്‍ഡിഎഫിന്റെ സീറ്റ് നില 4 ആയി കുറയുമെന്നത് മാത്രമാണ് ബിജെപി ഉയര്‍ത്തിക്കൊണ്ട് വന്ന ശബരിമല സമരത്തിന്റെ അനന്തരഫലം. അതേസമയം ശബരിമല സമരം ആരംഭിച്ച ഒക്ടോബറില്‍ നടത്തിയ സര്‍വേയില്‍ യുഡിഎഫ് രണ്ടും എല്‍ഡിഎഫ് ആറും ബിജെപി രണ്ടും സീറ്റുകള്‍ നേടുമെന്നായിരുന്നു കണ്ടത്. എന്നാല്‍ ശബരിമലയുടെ പേരില്‍ ബിജെപി തുടര്‍ച്ചയായി നടത്തിയ ഹര്‍ത്താലുകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് തിരിച്ചടിയാകുമെന്നാണ് ഇപ്പോഴത്തെ സര്‍വേ ഫലങ്ങള്‍ തെളിയിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കരുതപ്പെട്ടിരുന്ന അഞ്ച് സംസ്ഥാനങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ നോട്ടുനിരോധം, ജി.എസ്.ടി, പെട്രോള്‍ വിലവര്‍ധനവ്, കാര്‍ഷിക മേഖലയിലെ വിലതകര്‍ച്ച, തൊഴിലില്ലായ്മ മുതലായ വിഷയങ്ങളില്‍ വോട്ടര്‍മാരുടെ അസംതൃപ്തി നേരിടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നില്ല. പകരം കോണ്‍ഗ്രസ് വിരുദ്ധ വികാരം സൃഷ്ടിച്ചെടുത്ത് തെരഞ്ഞെടുപ്പ് ജയിക്കാനാണ് ശ്രമിച്ചത്. ഇതുതന്നെയാണ് അവരെ ലോക്‌സഭ തെരഞ്ഞെടുപ്പിലും കാത്തിരിക്കുന്ന പ്രതിസന്ധി. അഭിപ്രായ സര്‍വേകളില്‍ ബിജെപിയുടെ ചങ്കിടിപ്പ് കൂട്ടുന്ന ഫലങ്ങള്‍ തെളിയുന്നത് ഈ സാഹചര്യത്തിലാണ്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍