UPDATES

ട്രെന്‍ഡിങ്ങ്

കര്‍ദിനാള്‍ ആലഞ്ചേരിയെ വിശ്വാസികള്‍ ബലമായി തടഞ്ഞു; ചരിത്രത്തില്‍ ആദ്യമായി വൈദിക സമിതി യോഗം ഉപേക്ഷിച്ചു

വൈദിക സമിതി യോഗത്തില്‍ ഭൂമിയിടപാട് വിവാദം ചര്‍ച്ച ചെയ്യാനിരുന്നതാണ്

സീറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപത വൈദിക സമിതിയോഗം ഉപേക്ഷിച്ചു. അതിരൂപതയെ വന്‍ വിവാദത്തിലേക്ക് തള്ളിയിട്ട ഭൂമിയിടപാടുമായി ബന്ധപ്പെട്ട് രൂപീകരിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനിരുന്ന വൈദിക സമിതിയോഗമാണ് ഉപേക്ഷിച്ചത്.അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കേണ്ടിയിരുന്ന യോഗത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് യോഗം ഉപേക്ഷിച്ചത്. അതിരൂപതയുടെ ചരിത്രത്തില്‍ ആദ്യമായാണ് വൈദിക സമിതി യോഗം തടസ്സപ്പെടുന്നത്.

അല്‍മായ പ്രതിനിധികളായ മൂന്നുപേര്‍ കര്‍ദിനാളിനെ ബലമായി തടഞ്ഞുവച്ചതോടെ അദ്ദേഹത്തിന് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് വൈദിക സമിതിയോഗം ഉപേക്ഷിക്കേണ്ടി വന്നതെന്ന്ു സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ അറിയിച്ചു.

ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ നല്‍കിയ പത്രക്കുറിപ്പില്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്; എറണാകുളം അങ്കമാലി അതിരൂപത വൈദിക സമിതി യോഗം 2018 ജനുവരി നാലാം തീയതി ഉച്ച കഴിഞ്ഞ് 2.30 ന് മേജര്‍ ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് വിളിച്ചു കൂട്ടിയിരുന്നു. ഒരു രൂപതയിലെ ഏറ്റവും പ്രധാനപപെട്ട കാനോനിക സമിതിയാണ് വൈദിക സമിതി. ഈ രൂപതയിലെ 458 വൈദികരുടെ പ്രതിനിധികളായ 57 പേരാണ് ഇപ്പോള്‍ ഈ സമിതിയിലുള്ളത്. യോഗം തുടങ്ങേണ്ട സമയമായപ്പോള്‍ പതിവുപോലെ വൈദിക സമിതി സെക്രട്ടറി പിതാവിനെ ക്ഷണിക്കാന്‍ മുറിയില്‍ പോയി. പക്ഷേ വിവി അഗസ്റ്റിന്‍, സാബു ജോസ്, കെന്നഡി കരിമ്പുംകാലയില്‍ എന്നിവര്‍ വൈദിക സമിതി യോഗത്തില്‍ പിതാവ് വരുന്നതിനെ തടസപ്പെടുത്തും വിധം മുറിയില്‍ തടഞ്ഞുവച്ചു. സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും മാര്‍ ജോസ് പുത്തന്‍വീട്ടിലും വൈദിക സമിതിയിലെ ഏതാനും സീനിയര്‍ വൈദികരും കര്‍ദിനാളിന്റെ മുറിയില്‍ ചെന്ന് വൈദിക സമിതി ഇന്ന് നടത്തേണ്ടതിന്റെ ആവശ്യം ബോധിപ്പിച്ചു. പക്ഷേ അല്‍മായരുടെ സമ്മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ സമിതിയോഗം മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള അറിയിപ്പ് രേഖാമൂലം സഹായമെത്രാന്മാര്‍ക്ക് കൈമാറി. അതല്‍ കര്‍ദിനാള്‍ പിതാവ് എഴുതിയിരിക്കുന്നത്; ‘അല്‍മായരുടെ ഒരു സംഘം നമ്മുടെ സമ്മേളനത്തിലേക്ക് വരുവാന്‍ എന്നെ ബലം പ്രയോഗിച്ചു തടസ്സപ്പെടുത്തിയതിനാല്‍ ഇന്നത്തെ വൈദിക സമ്മേളനം മാറ്റിവയ്ക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു.’ പിതാവിന്റെ ഈ അറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തെ വൈദിക സമിതി യോഗം മാറ്റിവച്ചത്.

ഈ അടുത്ത കാലത്ത് അതിരൂപതയില്‍ ഉടലെടുത്ത ഗൗരവമായ ചില പ്രശ്‌നങ്ങളെക്കുറിച്ച് വൈദിക സമിതിയില്‍ ആലഞ്ചേരി പിതാവിന്റെ അധ്യക്ഷതയില്‍ തക്കതായ പരിഹാരം കണ്ടെത്താന്‍ കഴിയുമായിരുന്നുവെന്നായിരുന്നു പ്രതീക്ഷയെന്നും ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ പത്രക്കുറിപ്പില്‍ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍