UPDATES

സിനിമാ വാര്‍ത്തകള്‍

പാര്‍വതിയ്‌ക്കെതിരെ സൈബര്‍ അധിക്ഷേപം; അറസ്റ്റിലായ ആള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് കസബ നിര്‍മാതാവ്

ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ജോബി ജോര്‍ജ്ജ് ഫേസ്ബുക്കിലെ ഒരു പോസ്റ്റിന് മറുപടിയായി പിന്റോയ്ക്ക് ജോലി വാഗ്ദാനം ചെയ്തത്

നടി പാര്‍വതിയെ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി മുഴക്കുകയും അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തുവെന്ന പരാതിയില്‍ അറസ്റ്റിലായ വ്യക്തിക്ക് ജോലി വാഗ്ദാനം ചെയ്ത് കസബയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പിന്റോയ്ക്കാണ് ഇന്നലെ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധ രംഗങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചതോടെയാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളെന്ന് അവകാശപ്പെടുന്നവര്‍ പാര്‍വതിക്കെതിരെ തിരിഞ്ഞത്. സിനിമാ മേഖലയിലും പുറത്തുമുള്ള പ്രമുഖരും അല്ലാത്തവരുമായ നിരവധി പേര്‍ പാര്‍വതിയെ അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്തെത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ പാര്‍വതിയെ വ്യാപകമായി അസഭ്യം വിളിക്കുകയും സ്വഭാവഹത്യ നടത്തുകയും ചെയ്തവര്‍ ബലാത്സംഗ ആഹ്വാനം വരെ നടത്തിയതോടെയാണ് പാര്‍വതി സൈബര്‍ ഡോമിന് ഓണ്‍ലൈന്‍ വഴി പരാതി നല്‍കിയത്. ഈ പരാതിയിലാണ് പിന്റോ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തത്. 10,000 രൂപയ്ക്കും തുല്യ തുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിലുമാണ് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന ശനിയാഴ്ചകളില്‍ ഹാജരാകണമെന്നാണ് ജാമ്യ വ്യവസ്ഥ.

ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ജോബി ഫേസ്ബുക്കിലെ ഒരു പോസ്റ്റിന് മറുപടിയായി പിന്റോയ്ക്ക് ജോലി വാഗ്ദാനം ചെയ്തത്. ‘മോനേ, സാധിക്കുന്നത് പോലെ നിന്റെ നമ്പര്‍ തരുകയോ എന്റെ വീട്ടിലോ ഓഫീസിലോ വരികയോ ചെയ്യുക. ഞാന്‍ മരിക്കുന്നത് വരെ നിനക്ക് എപ്പോള്‍ വേണമെങ്കിലും ഇന്ത്യയിലോ, ദുബായിലോ, യുകെയിലോ ഒരു ജോലിയുണ്ടായിരിക്കും. നമ്പര്‍ തരിക, ഞാന്‍ വിളിക്കുന്നതാണ്’ എന്നായിരുന്നു ജോബിയുടെ കമന്റ്. പാര്‍വതി മൂലം ഒരു ചെറുപ്പക്കാരന് ജോലി കിട്ടിയെന്ന വിധത്തില്‍ അവരെ പരിഹസിച്ചുകൊണ്ട് ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പലരും പ്രചരിപ്പിക്കുകയും ചെയ്തു. പ്രമുഖ ട്രോള്‍ ഗ്രൂപ്പുകളില്‍ ഇപ്പോള്‍ ജോബിയുടെ ജോലി വാഗ്ദാനമാണ് ചര്‍ച്ച. ‘വെറുതെ സ്‌കൂളില്‍ പോയി, ഏതെങ്കിലും പ്രമുഖ നടിയെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ മതിയായിരുന്നു’ തുടങ്ങിയ വിധത്തില്‍ ജോബിയെയും പിന്റോയെയും പരിഹസിച്ചും ട്രോളുകള്‍ ഇറങ്ങുന്നുണ്ട്.

അതേസമയം ഒരാള്‍ ചെയ്ത കുറ്റകൃത്യത്തിന് നല്‍കുന്ന പ്രോത്സാഹനമാണ് ജോബി നടത്തിയിരിക്കുന്നതെന്നും ഇത് ക്രിമിനല്‍ കുറ്റകൃത്യമാണെന്നും കോഴിക്കോട് നിന്നുള്ള അഭിഭാഷകന്‍ എം സിജു അഴിമുഖത്തോട് പ്രതികരിച്ചു. ഒരാളുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ പേരില്‍ അയാളെ അഭിനന്ദിക്കുകയും ജോലി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നത് പ്രേരണക്കുറ്റമാണ്. ഐപിസി 107, 108 വകുപ്പുകള്‍ പ്രകാരം ജോബി ജോര്‍ജ്ജിനെതിരെ കേസെടുക്കാന്‍ സാധിക്കുമെന്നും സിജു വ്യക്തമാക്കി.

സൈബര്‍ റേപ്പിസ്റ്റുകളെ നെവര്‍ മൈന്‍ഡ്; കൊള്ളാം മമ്മൂട്ടി താങ്കളുടെ ഉപദേശം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍